അമ്പലവയൽ : ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തോളമായി പൂട്ടിയിട്ടിരുന്ന അമ്പലവയൽ വാതക ശ്മശാനം ഒടുവിൽ നാടിനു സമർപ്പിച്ചു. പ്രവർത്തനക്ഷമമാകാത്തതിനെത്തുടർന്ന് പ്രതിഷേധമുയർന്നതോടെയാണ് ശ്മശാനം തുറന്നുകൊടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ സ്വിച്ച് ഓൺ ചെയ്തു.
കുടുംബാരോഗ്യകേന്ദ്രത്തിനുസമീപം വികാസ്കോളനി പാതയോരത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആധുനികരീതിയിലുള്ള ഈ ശ്മശാനം നിർമിച്ചിരിക്കുന്നത്. 1.06 കോടി രൂപ ചെലവഴിച്ച് 500 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിതിട്ടുള്ളത്. 2025 ഒക്ടോബറിൽ അന്നത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചെങ്കിലും വൈദ്യുതി, ഗ്യാസ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ വൈകിയതാണ് പദ്ധതി അനന്തമായി നീളാൻ കാരണമായത്.
ആറുമാസത്തോളം കെട്ടിടം നോക്കുകുത്തിയായി നിന്നത് നാട്ടുകാരിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ അധികൃതർ ഇടപെട്ട് എല്ലാസൗകര്യങ്ങളും ഏർപ്പെടുത്തിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായി സംവിധാനം യാഥാർഥ്യമായത്.
റെയ്ഡ്കോയാണ് ക്രിമിറ്റോറിയത്തിലേക്കാവശ്യമായ അത്യാധുനിക മെഷിനറികൾ സ്ഥാപിച്ചിരിക്കുന്നത്. 32 ലക്ഷം രൂപയാണ് യന്ത്രത്തിന്റെ മാത്രം ചെലവ്.
ഒരു മൃതദേഹം പൂർണമായി ദഹിപ്പിക്കാൻ ഏകദേശം രണ്ടുമണിക്കൂർ സമയം വേണ്ടിവരും. അമ്പലവയൽ പഞ്ചായത്തിന് പുറത്തുള്ളവർക്കും ഇവിടെ മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ, മരിച്ച വ്യക്തി വസിക്കുന്ന പ്രദേശത്തെ വാർഡ് മെമ്പറുടെ സാക്ഷ്യപത്രവും മുൻകൂട്ടി പഞ്ചായത്തിൽ പണമടച്ചുള്ള ബുക്കിങ്ങും നിർബന്ധമാക്കിയിട്ടുണ്ട്. 5000 രൂപയാണ് ഒരു മൃതദേഹം ദഹിപ്പിക്കാൻ പഞ്ചായത്തിൽ അടയ്ക്കേണ്ട തുക.
മീനങ്ങാടിയിലും തിരുനെല്ലിയിലുമാണ് ജില്ലയിൽ ഇതിനുപുറമേ മറ്റു ഗ്യാസ് ക്രിമിറ്റോറിയങ്ങളുള്ളത്.
അമ്പലവയലിൽ പുതിയ ക്രിമിറ്റോറിയം കൂടി പ്രവർത്തനമാരംഭിച്ചതോടെ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കും ആശ്വാസമാകും.
Published: 17 Oct 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented