പെരിയ: അപകടമേഖലയായ മൂന്നാംകടവ് റോഡിലൂടെയുള്ള സുരക്ഷിതയാത്രയ്ക്ക് അലൈൻമെന്റ് മാറ്റുകയല്ലാതെ മറ്റ് മാർ ഗങ്ങളില്ലെന്ന് പൊതുമരാമത്ത് വിഭാഗം ഡിസൈൻ വിഭാഗത്തിന്റെ കണ്ടെത്തൽ. അപകട പരമ്പരകൾക്ക് ശേഷംആറ് മാസം മുമ്പ് ആർ.ഡി.ഒ. യുടെ സാന്നിധ്യത്തിൽ നടന്ന കർമ്മസമിതി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംയുക്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരത്ത് നിന്നുള്ള ഡിസൈനിങ് സംഘം സ്ഥലം സന്ദർശിച്ചത്.
പെരിയയിൽ നിന്നെത്തുന്ന വാഹനങ്ങൾ രണ്ട് എസ് വളവുകളും കുത്തനെയുള്ള ഇറക്കവും കഴിഞ്ഞ് നേരിട്ട് പാലത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. വളവിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ഈ രണ്ടു വളവുകളെയും ഒഴിവാക്കി പുതിയ അലൈൻമെന്റ് വേണമെന്നാണ് ഡിസൈൻ വിഭാഗം നിർദേശിക്കുന്നത്. ആർ.ഡി.ഒ. യുടെ സാന്നിധ്യത്തിൽ ചേർന്ന തീരുമാനപ്രകാരം ഇത് സംബന്ധിച്ച റിപ്പോർട്ട് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. പുതിയ അലൈൻമെന്റ് നടത്തണമെങ്കിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാൽ മാത്രമേ ഇവിടെ പുതിയ പാത നിർമ്മിക്കുന്നതിനുള്ള മാർഗം തുറക്കുകയുള്ളൂ.
നഷ്ടപരിഹാരംലഭിച്ചാൽസ്ഥലം നൽകും
മൂന്നാംകടവിൽ പുതിയ റോഡ് നിർമിക്കുന്നതിനും അപകടഭീതി ഒഴിവാക്കുന്നതിനും ആവശ്യമായ ഭൂമി വിട്ടു നൽകാൻ ഒരുക്കമാണെന്ന് ഭൂവുടമകൾ. ഉള്ള റോഡിന്റെ എസ് വളവുകൾ ഒഴിവാക്കുന്നതിനായി ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സമീപിച്ചാൽ ഭൂമി വിട്ടു നൽകുന്നതിന് തടസ്സമില്ലെന്ന് അവർ പറയുന്നു. ഉചിതമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന് ഭൂവുടമകളായ മുഹമ്മദ് കുഞ്ഞി, സുനിൽകുമാർ എന്നിവർ.സമീപസ്ഥരായ ആളുകളും ഭൂമി വിട്ടു നൽകുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്.
മൂന്നാംകടവ് അപകടം സമഗ്രാന്വേഷണം വേണം-യൂത്ത് കോൺഗ്രസ്
:മൂന്നാംകടവ് റോഡിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ റോഡ് നിർമാണത്തിൽ അപാകമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ നിർമാണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ മൂന്നാംകടവ് റോഡ് നിർമാണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റോഡിന്റെ നിർമാണപ്രവർത്തനത്തിലെ അപാകം കണ്ടെത്തുന്നതിനും പുതിയ സംവിധാനം ഉണ്ടാക്കാൻ ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനും ആവശ്യപ്പെട്ട് നിവേദനം നൽകാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജതീഷ് കായകുളം അധ്യക്ഷനായി.ബബിന പുല്ലൂർ, അനൂപ് ആയമ്പാറ, രാഗേഷ് നിടുവോട്ട്പാറ, അനിൽ കായക്കുളം, റഷീദ് നാലക്ര, ശ്രീജിത്ത് പെരിയ, പദ്മകുമാർ കൊടവലം, മനോജ് ചാലിംങ്കാൽ. എന്നിവർ സംസാരിച്ചു.
Published: 16 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented