മഞ്ചേശ്വരം : ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്യുന്ന വോർക്കാടി ഗ്രാമപഞ്ചായത്തിലെ പെർമനഞ്ഞി–മുടിമാറു റോഡിൽ വാഹനങ്ങൾ ഓടിച്ച്കയറ്റി റോഡ് നശിപ്പിച്ചു.

To advertise here,

ബുധനാഴ്ച രാത്രിയാണ് സംഭവം. കോൺക്രീറ്റ് പ്രവൃത്തി നടന്നുകൊണ്ടിരുന്ന റോഡിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ നീക്കം ചെയ്ത് ഓട്ടോറിക്ഷയും ഇന്നോവ കാറും റോഡിലൂടെ ഓടിച്ച് കോൺക്രീറ്റ് പ്രവൃത്തിക്ക് കേടുപാടുകൾ വരുത്തുകയായിരുന്നു.

പ്രവൃത്തി നടക്കുന്ന സമയത്ത് വാഹനങ്ങൾ കടന്നുപോകാതിരിക്കുന്നതിനായി റോഡ് അടച്ചിരുന്നു. എന്നാൽ, ഇവ നീക്കംചെയ്താണ് വാഹനങ്ങൾ കയറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു. നാല് ദിവസമായി ഈ റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടന്നുവരികയാണ്. വാഹനങ്ങൾ കടന്നുപോകരുതെന്ന നിർദേശമുള്ള ബോർഡും ഇവിടെ സ്ഥാപിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഉന്നത അധികാരികൾക്കും പരാതി നൽകിയതായി ജില്ലാ പഞ്ചായത്ത് അംഗം ഹർഷാദ് വൊർക്കാടി പറഞ്ഞു കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ സാബു എബ്രഹാം ആവശ്യപ്പെട്ടു.