പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതം
ആശ്രയം ഹോട്ടലുകൾ
കല്പറ്റ : പഴയ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം അടഞ്ഞുകിടക്കുന്നതുകാരണം മൂത്രമൊഴിക്കാൻപോലും സൗകര്യമില്ലാതെ വലയുകയാണ് യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം. ദിവസേന ഒട്ടേറെ യാത്രക്കാരെത്തുന്നയിടമാണ് പഴയ ബസ് സ്റ്റാൻഡ്. പൊതുശൗചാലയം ഉണ്ടെങ്കിലും തുറക്കാത്തതാണ് പ്രശ്നം. ദീർഘദൂര ബസുകളിൽ വരുന്നവരെല്ലാം ബസ്സിറങ്ങി ശൗചാലയത്തിലേക്ക് കയറിക്കഴിയുമ്പോഴാണ് അടച്ചിട്ടിരിക്കുന്ന വിവരമറിയുക. പിന്നെ ആശ്രയം സമീപത്തെ ഹോട്ടലുകളാണ്. അല്ലെങ്കിൽ കല്പറ്റ ഹെഡ് പോസ്റ്റോഫീസിന് സമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ശൗചാലയത്തിലോ പുതിയ ബസ് സ്റ്റാൻഡിലോ പോകണം. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകുമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ചോദ്യം.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം മഴവെള്ളത്തോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് ഒഴുകിയതോടെയാണ് നഗരസഭ പൊതുശൗചാലയം അടച്ചിട്ടത്. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസും പഴയ ബസ് സ്റ്റാൻഡിലാണ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് സ്റ്റേഷൻ ഓഫീസിന്റെ പ്രവർത്തനം. പൊതുശൗചാലയം ഇല്ലാത്തതുകാരണം ഇവരും വലിയ പ്രതിസന്ധിയിലാണ്. പൊതുശൗചാലയം തുറക്കാത്തതെന്താണെന്ന് യാത്രക്കാർ ചോദിക്കുന്നതും സ്റ്റേഷൻ മാസ്റ്റർ ഓഫീസിലുള്ളവരോടാണ്. പൊതുശൗചാലയം തുറക്കാത്തതിന്റെ കാരണം വിശദീകരിച്ചുതന്നെ മടുത്ത അവസ്ഥയിലാണ് ജീവനക്കാർ. ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന വനിതാ കണ്ടക്ടർമാരും വലിയ പ്രയാസത്തിലാണ്. ചൂരൽമല, സുഗന്ധഗിരി പോലുള്ള പ്രദേശങ്ങളിലും ശൗചാലയങ്ങളില്ല. തിരിച്ചെത്തിയാൽ പഴയ ബസ് സ്റ്റാൻഡിലും ശൗചാലയമില്ലാത്ത അവസ്ഥയാണ്. ഇതുകാരണം വലിയപ്രതിസന്ധിയാണെന്നും ജീവനക്കാർ പറഞ്ഞു. പൊതുശൗചാലയം നന്നാക്കുംവരെ സ്റ്റേഷൻമാസ്റ്റർ ഓഫീസ് പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
രാത്രി ഇരട്ടിദുരിതം
ശൗചാലയം തുറക്കുംവരെ പോസ്റ്റ് ഓഫീസിന് സമീപമുള്ള ശൗചാലയം ഉപയോഗിക്കാനാണ് നഗരസഭയുടെ നിർദേശം. എന്നാൽ, പത്തുമിനിറ്റിൽ താഴെമാത്രം സ്റ്റാൻഡിൽ നിർത്തുന്ന ബസിൽനിന്ന് ഹെഡ് പോസ്റ്റോഫീസിനു സമീപംവരെ പോയിവരാൻ സാധിക്കില്ലെന്ന് യാത്രക്കാരും ബസ് ജീവനക്കാരും പറയുന്നു. രാത്രിയായാൽ ദുരിതം ഇരട്ടിയാവും. ഹോട്ടലുകൾ അടയ്ക്കുകയും ചെയ്താൽ പിന്നെ മറ്റൊരുസൗകര്യവും ഇല്ല. ദീർഘദൂരയാത്രക്കാർ അടക്കമുള്ളവർ ബസ് സ്റ്റാൻഡിന് പുറത്താണ് ബസ് കാത്തുനിൽക്കുന്നത്. ഇവർക്ക് ബാഗ് ഉൾപ്പെടെയുള്ള സാധനസാമഗ്രികളുമായി ദൂരെയുള്ള ശൗചാലയങ്ങളിലേക്ക് പോകാനും പ്രയാസമാണ്. പൊതുശൗചാലയം ഇല്ലാത്തതുകാരണം സ്ത്രീകളാണ് ഏറ്റവുംകൂടുതൽ ദുരിതം നേരിടുന്നത്.
മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ചാൽമാത്രമേ പൊതുശൗചാലയം തുറക്കാൻ സാധിക്കുകയുള്ളൂ. മഴ മാറിയ സമയത്ത് അതിനുള്ള നടപടികൾ എത്രയുംവേഗം തുടങ്ങണമെന്നാണ് ആവശ്യം.
നിർമാണം വൈകാൻ കാരണം ഡി.പി.ആറിലെ പോരായ്മ
മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ കരാറെടുത്ത കമ്പനി നൽകിയ ഡി.പി.ആറിൽ പോരായ്മ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രവൃത്തി വൈകിയത്. പോരായ്മയുള്ളതിനാൽ ആദ്യത്തെ ഡി.പി.ആർ. ശുചിത്വമിഷൻ തിരിച്ചയച്ചു. പുതിയ ഡി.പി.ആർ. ഉടൻ കിട്ടും. പ്രവൃത്തിയും ഉടൻ തുടങ്ങും.
പി. വിശ്വനാഥൻ, കല്പറ്റ നഗരസഭാധ്യക്ഷൻ
Published: 17 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented