വെള്ളമുണ്ട : പോലീസ് ബാൻഡിന്റെ ഡ്രംബീറ്റുകളുടെ താളത്തിൽ ഒരേ മനസ്സും ഒരേ ചുവടുമായി കുട്ടിപ്പോലീസിന്റെ പാസിങ് ഔട്ട് പരേഡ്. വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ്., തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസ്.എസ്., തരുവണ ജി.എച്ച്.എസ്.എസ്., പുളിഞ്ഞാൽ ജി.എച്ച്.എസ്. എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കെഡേറ്റുകളുടെ (എസ്.പി.സി.) 2024-2026 വർഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്.

To advertise here,

വെള്ളിയാഴ്ച രാവിലെ വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിൽ നടന്ന പരേഡിൽ ജില്ലാ അഡീഷണൽ എസ്.പിയും എസ്.പി.സി. പ്രോജക്ടിന്റെ ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ് സല്യൂട്ട് സ്വീകരിച്ചു. തരുവണ സ്‌കൂളിലെ കെ.പി. മുഹമ്മദ്‌ ഷിനാസ് പരേഡ് കമാൻഡറും എസ്. ആകർശ് നാഥ്‌ സെക്കൻഡ് ഇൻ കമാൻഡറുമായി പരേഡ് നയിച്ചു. എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോജക്ട്‌ അസിസ്റ്റന്റുമാരായ ടി.കെ. ദീപ, അർജുൻ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ തുടങ്ങിയവർ പരേഡ് ഏകോപിപ്പിച്ചു. പരേഡിന് താളമേകാൻ എസ്.എസ്.ബി. എ.എസ്.ഐ. എൻ. ബഷീറിന്റെ നേതൃത്വത്തിലുള്ള ബാൻഡ് ടീമും ഉണ്ടായിരുന്നു.

വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാമർ ലൈല, വാർഡംഗം റംല മുഹമ്മദ്‌, വെള്ളമുണ്ട സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.കെ. മിനിമോൾ, തൊണ്ടർനാട് എസ്.എച്ച്.ഒ. അമൽപ്രസാദ്, വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബിന്ദു കെ. വർക്കി, വൈസ് പ്രിൻസിപ്പൽ സി.ടി. ബീന, തരുവണ ജി.എച്ച്.എസ്.എസിലെ വൈസ് പ്രിൻസിപ്പൽ നിഷ ആൻ. ജോയ്, പുളിഞ്ഞാൽ ജി.എച്ച്.എസ്. പ്രധാനാധ്യാപിക സ്മിത കെ. പൗലോസ്, തൊണ്ടർനാട് എം.ടി.ഡി. എം.എച്ച്.എസ്.എസ്. വൈസ് പ്രിൻസിപ്പൽ പി.ടി. ബിജു തുടങ്ങിയവർ സംസാരിച്ചു. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ നാല് സ്‌കൂളിലെ 161 കെഡേറ്റുകളാണ് പരേഡിൽ അണിനിരന്നത്.