അമ്പലത്തറ : ജില്ലയുടെ മലയോരമേഖല കേന്ദ്രീകരിച്ച് അനധികൃത ചെങ്കൽഖനനം വ്യാപകം. മിന്നൽപരിശോധനയുമായി വിജിലൻസ് വിഭാഗം. അമ്പലത്തറ വില്ലേജ് പരിധിയിലെ വെള്ളൂട സൗരോർജ പാർക്കിന് സമീപം സർക്കാർ അധീനതയിലുള്ള സർവേ നമ്പർ 100-ൽ ഉൾപ്പെട്ട സ്ഥലത്തുനിന്നടക്കം വലിയ തോതിൽ അനധികൃത ചെങ്കൽഖനനം നടത്തുന്നതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

To advertise here,

വെള്ളൂടയിൽ തന്നെയുള്ള സർവേ നമ്പർ 86/1A യിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും സമാനമായി ഖനനം നടത്തിയതായി സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഖനനവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിജിലൻസ് സംഘമെത്തുന്നതറിഞ്ഞ് റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു. റവന്യൂ-ജിയോളജി വകുപ്പുകളിൽനിന്ന്‌ വിജിലൻസ് വിഭാഗം വിശദീകരണം തേടിയിട്ടുണ്ട്. അതിനുശേഷമായിരിക്കും അനന്തര നടപടികളിലേക്ക് കടക്കുക. മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരൻ നായർ, ഇൻസ്പെക്ടർ എം.വി.ശ്രീദാസൻ എന്നിവർ നേതൃത്വം നൽകി. എ.എസ്.ഐ.മാരായ എം.ജയചന്ദ്രൻ, ഇ.വി.രമേശൻ, എസ്.സി.പി.ഒ. വി.എം.പ്രദീപ് കുമാർ, ടി.വി.രാഹുൽ, എ.വി.രതീഷ്, ടി.വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലയോരത്ത് ചെങ്കൽഖനനത്തിന് സാധ്യതയുള്ള കോടോം-ബേളൂർ, മടിക്കൈ തുടങ്ങിയ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വലിയ തോതിൽ അനധികൃത ചെങ്കൽഖനനം നടക്കുന്നതായാണ് വിവരം. പ്രദേശത്ത് വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന തുടരും.