കൊടക്കാട് : കൊടക്കാട് നാടൻകലാഗ്രാമം (ഫോക്‌ലോർ വില്ലേജ്) പദ്ധതിക്കായി കൊടക്കാട് കളത്തേരയിൽ നീക്കിവെച്ച സ്ഥലം ഫോക്‌ലോർ അക്കാദമി ഭാരവാഹികൾ സന്ദർശിച്ചു. പദ്ധതിക്കായി 2022-ലെ ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിക്കുകയും ഒരുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കാൻ റവന്യൂവകുപ്പ് കൊടക്കാട് കളത്തേരയിൽ മൂന്ന് ഏക്കർ സാംസ്കാരികവകുപ്പിന് കൈമാറിയിരുന്നു. പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഫോക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, സെക്രട്ടറി എം. പ്രദീപ്‌കുമാർ, വൈസ് ചെയർമാൻ ശ്രീധരൻ കോയ്യോൻ എന്നിവർ സ്ഥലം സന്ദർശിച്ചത്.

To advertise here,

ബജറ്റിൽ തുക അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്ത പദ്ധതി നടപ്പാക്കാൻ തീരദേശവികസന കോർപ്പറേഷനെ സാംസ്കാരികവകുപ്പ് ചുതലപ്പെടുത്തിയിരുന്നു. എസ്.പി.വി. മുഖാന്തരം ടെൻഡർ നടപടിയിലേക്ക് നീങ്ങിയ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ അപാകത്തെ തുടർന്ന് നടക്കാതെ പോയെന്നാണ് അധികൃതരിൽനിന്ന്‌ ലഭിക്കുന്ന വിവരം.

തെയ്യംകലയ്ക്ക് രൂപഭാവം നൽകിയ മണക്കാടൻ ഗുരുക്കൾ, തെയ്യംകലയെ പരിപോഷിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത കണ്ണൻ പെരുവണ്ണാൻ എന്നിവർക്ക് ഉചിതമായൊരു സ്മാരകം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊതുപ്രവർത്തകരായ രവീന്ദ്രൻ കൊടക്കാട്, സി. മാധവൻ, കെ. സുരേശൻ, സ്പാർക്ക് ചെറുവത്തൂർ ഭാരവാഹികളായ സജീവൻ വെങ്ങാട്ട്, വീരമണി ചെറുവത്തൂർ, ടി. രാജൻ എന്നിവരും ഫോക്‌ലോർ അക്കാദമി ഭാരവാഹികളോടൊപ്പം കൊടക്കാട് കളത്തേരയിലെ പദ്ധതി പ്രദേശത്തെത്തി. സാംസ്കാരികവകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നതിലെ സാങ്കേതികതടസ്സങ്ങൾ നീക്കുമെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂരും സെക്രട്ടറി എം. പ്രദീപ്‌കുമാറും പറഞ്ഞു.