ചെറുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർച്ചിൽ പൊളിച്ചിട്ട രാജഗിരി-ജോസ്ഗിരി റോഡിന്റെ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ചുകോടിയുടെ നവീകരണ പ്രവൃത്തി തിരഞ്ഞെടുപ്പിന് മുൻപാണ് തുടങ്ങിയത്. അന്നത്തെ എം.എൽ.എ. ടി.ഐ.മധുസൂദനൻ ഉദ്ഘാടനവും നടത്തി. വലിയ കുഴപ്പമില്ലാതിരുന്ന ടാറിങ് റോഡ് മണ്ണുമാന്തി ഉപയോഗിച്ച് മാന്തിയിട്ടു. ഇതോടെ ഇളകിയ മെറ്റലിനും കരിങ്കൽ കഷണങ്ങൾക്കും മുകളിൽ കൂടിയായി യാത്ര. നിലവിലുള്ള റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർചെയ്ത് ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കുന്നതായിരുന്നു പദ്ധതി.

To advertise here,

ഓഗസ്റ്റ് ഒന്നിന് പ്രളയം വന്നതോടെ റോഡിന്റെ വശങ്ങളിൽ വലിയ കുഴികളായി. പൊളിച്ചിട്ട റോഡിലെ മെറ്റൽ ഒഴുകിപ്പോയി റോഡിന് നടുവിൽ വലിയ ചാലുകൾ കീറി. മാസങ്ങളായി തുടരുന്ന ദുരിതയാത്രയിൽ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു

​പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നശേഷം പ്രവൃത്തി പുനരാരംഭിക്കാനായി നിരന്തരശ്രമങ്ങൾ നടത്തിവരികയായിരുന്നു. പ്രവൃത്തി പുതുവത്സരത്തിന് മുൻപ് പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി പഞ്ചായത്ത് പ്രസിഡന്റ്‌ ലൈസമ്മ തോമസ്, വൈസ് പ്രസിഡന്റ്‌ സതീശൻ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ.യും വകുപ്പ് മന്ത്രിയും ഇടപെട്ടതിനെത്തുടർന്നാണ് ചൊവ്വാഴ്ച പ്രവൃത്തി പുനരാരംഭിച്ചത്. പുതുവത്സരത്തിന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു.