ശ്രീകണ്ഠപുരം : മലയോരമേഖലയിലെ കുടിയേറ്റ പൈതൃകറോഡായ കൂട്ടുംമുഖം-ചുണ്ടക്കുന്ന്-ചെമ്പേരി റോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗതം ദുരിതമയം. മലബാർ കുടിയേറ്റക്കാലത്ത് ചെമ്പേരിമേഖലയിൽ എത്തിപ്പെടാനായി കർഷകർ ശ്രമദാനമായി പണിത ഏരുവേശ്ശി പഞ്ചായത്തിലെ ആദ്യത്തെ പി.ഡബ്ല്യു.ഡി. റോഡുകളിലൊന്നാണിത്.
ശ്രീകണ്ഠപുരം-പയ്യാവൂർ റൂട്ടിലെ കൂട്ടുംമുഖത്തുനിന്നാരംഭിക്കുന്ന റോഡ് കാവുമ്പായി-ചുണ്ടക്കുന്ന് വഴിയാണ് ചെമ്പേരിയിലേക്ക് പോകുന്നത്. വീതികുറഞ്ഞ ഈ റോഡിൽ കുഴികളും നിറഞ്ഞതോടെ യാത്ര ദുസ്സഹമായി. കൂട്ടുംമുഖം-ചുണ്ടപ്പറമ്പ്-ചെമ്പേരി റോഡ് വീതികൂട്ടി നവീകരിക്കാനായി ആസൂത്രണം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ല. 1995-ൽ കെ.സി. ജോസഫ് എം.എൽ.എ. ആയിരുന്ന കാലത്ത് ചുണ്ടക്കുന്ന് ഭാഗത്തെ കയറ്റം കുറയ്ക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് ശിലാസ്ഥാപനം നടത്തിയിരുന്നു.
എന്നാൽ, പദ്ധതി പ്രവർത്തികമായില്ല. വർഷങ്ങളോളം ചർച്ചചെയ്യപ്പെട്ട പദ്ധതി പിന്നീട് ഒരിക്കലും നടന്നില്ല. റോഡിനോടുള്ള അവഗണന അവസാനിപ്പിച്ച് നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ബജറ്റിൽ ഇരിക്കൂർ മണ്ഡലത്തിലെ ടോക്കൺ പദ്ധതികളിൽ ശ്രീകണ്ഠപുരം-കൂട്ടുംമുഖം-ചുണ്ടപ്പറമ്പ്-ചെമ്പേരി റോഡ് നവീകരണമുണ്ടെങ്കിലും എന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നിലവിൽ താത്കാലിക അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
റോഡ് നവീകരിക്കുന്നതിനായി നേരത്തേ പൊതുമരാമത്ത് വകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ടുണ്ട്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വഴിയരികിൽ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
ദുരിതയാത്രയിൽ പ്രിയദർശിനിയും
ഒരുകാലത്ത് 10 ബസുകൾ സർവീസ് നടത്തിയിരുന്ന റോഡിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി രണ്ട് ട്രിപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
റോഡിന്റെ ശോച്യാവസ്ഥയോടൊപ്പം ചുണ്ടക്കുന്ന് ഭാഗത്തെ കുത്തനെയുള്ള കയറ്റം മൂലം ബസുകൾ എല്ലാം ഈ വഴി ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, ചെമ്പേരിയിലേക്ക് ചുണ്ടപ്പറമ്പ്-ഏരുവേശ്ശി വഴിയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തി വികസിപ്പിച്ചതോടെ ബസുകൾക്ക് കൂടുതൽ യാത്രക്കാരെ കിട്ടുന്ന റൂട്ടായി മാറി.
ഇതോടെ ചുണ്ടക്കുന്ന് വഴിയുള്ള ബസുകളുടെ എണ്ണം കുറയാൻ തുടങ്ങി.
ശ്രീകണ്ഠപുരത്തുനിന്ന് ചേപ്പറമ്പ് വഴി ചെമ്പേരിയിലേക്കുള്ള റോഡും മെക്കാഡം ടാറിങ് നടത്തിയതോടെ ചുണ്ടക്കുന്ന് റോഡിൽ വാഹനങ്ങളേ ഇല്ലാതായി. ഏറെനാളായി ഈ മേഖലയിലെ ജനങ്ങൾ യാത്രാദുരിതം നേരിടുകയാണ്. ബസ് രണ്ട് ട്രിപ്പ് മാത്രം ഓടുന്നതുകൊണ്ട് മറ്റുള്ള സമയങ്ങളിൽ ഇവിടെനിന്ന് ടൗണുകളിലേക്ക് പോകേണ്ടവർക്ക് ഓട്ടോകളും ടാക്സികളും മാത്രമായിരുന്നു ഏക ആശ്രയം. ഇതേത്തുടർന്നാണ് സജീവ് ജോസഫ് എം.എൽ.എ. ഇടപെട്ട് ഈ മാസം ആദ്യം ഇതുവഴി കണ്ണൂരിലേക്ക് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസ് ആരംഭിച്ചത്.
രാവിലെ 4.30-ന് ചെമ്പേരിയിൽ, ഇതുവഴി കണ്ണൂരിലേക്കും രാത്രി 8.30-ന് തിരിച്ചും ആണ് സർവീസ്. റോഡിൽ മുഴുവൻ കുഴികളായതിനാൽ പ്രിയദർശിനിയും ദുരിതയാത്രയിലാണ്.
Published: 25 Nov 2026, 03:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented