പരിയാരം : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖഛായ മാറ്റുന്നതിനുള്ള പദ്ധതി വന്നിട്ടും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുമുന്നിൽ കെട്ടിക്കിടക്കുന്നത് നിരവധി വാഹനങ്ങൾ.

To advertise here,

വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചും കാട് കയറിയും ഈ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ കിടക്കുകയാണ്. ദേശീയപാതയോരത്തെ പുതിയ സ്റ്റേഷൻ കെട്ടിടത്തിന് ഈ കാഴ്ച അഭംഗിയാകുന്നതോടൊപ്പം ഇത്തരം തൊണ്ടിമുതലുകൾ ഉദ്യോഗസ്ഥർക്കും തലവേദനയാണ്.

ഉപേക്ഷിക്കപ്പെട്ടവയും അപകടത്തിൽപ്പെട്ടവയും മതിയായ രേഖകൾ ഇല്ലാത്തവയും അനധികൃത കടത്തുകളിൽ പിടിക്കപ്പെട്ടതുമായ എഴുപത്തഞ്ചോളം വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കുമിഞ്ഞുകൂടി.

ആൾപ്പൊക്കത്തിൽ പടർന്നുകയറുന്ന കാട് അധികൃതർ ഇടയ്ക്ക് വൃത്തിയാക്കിയിടും.പോലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ നീക്കംചെയ്യുന്നതിനും വണ്ടിക്കൂമ്പാരങ്ങൾ നീക്കി ശുചീകരിക്കുന്നതിനുമായി ആഭ്യന്തര വകുപ്പ് സ്പേസ് പദ്ധതി ആവിഷ്കരിച്ചിരുന്നു.

വാഹനങ്ങൾ കുന്നുകൂടി കുടിയാന്മല സ്റ്റേഷനും!

ഒറ്റനോട്ടത്തിൽ ആൾക്കാരെ കൺഫ്യൂഷനാക്കുന്ന ഒരു കുടിയാന്മല പോലീസ് സ്റ്റേഷനും പരിയാരം പോലീസ് സ്റ്റേഷന് തൊട്ടടുത്തുണ്ട്. സന്തോഷ് മണ്ടൂർ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ ലൊക്കേഷനാണ് ഇപ്പോൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പഴയ കെട്ടിടവും പരിസരവും. കുടിയാന്മല പോലീസ് സ്റ്റേഷൻ എന്ന കവാടവും ഉണ്ട്. പഴയ സ്റ്റേഷൻ പരിസരത്തെ കാടുകയറി തുരുമ്പെടുത്ത ടിപ്പർ ലോറികൾ സിനിമാ ചിത്രീകരണത്തിന് സഹായകമായേക്കും.കണ്ണൂർ റൂറൽ എസ്പി‌യുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ ലേലത്തിൽ നൽകാനും അല്ലാത്തവ നീക്കംചെയ്യാനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും സ്റ്റേഷൻ അധികൃതർ അറിയിച്ചു.