ഇരിട്ടി : ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന ഫിഷറിസ് വകുപ്പ് പഴശ്ശി റിസർവോയറിൽ രണ്ട് ഘട്ടങ്ങളിലായി 8,42,400 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
10 മാസത്തിനുള്ളിൽ പൂർണവളർച്ചയെത്തുന്ന കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കേരള റിസർവോയർ ഫിഷറീസ് ഡിവലപ്മെന്റ് പദ്ധതി പ്രകാരമാണ് മത്സ്യം വളർത്തൽ.
ജില്ലയിൽ പഴശ്ശി റിസർവോയർ മാത്രമാണ് ഇതിനായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് റിസർവോയറുമായി ബന്ധപ്പെട്ട് മീൻപിടിത്തം ഉപജീവനമായി കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇവരുടെ ജീവിതനിലവാരം ഉയർത്തുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പായം പഞ്ചായത്തിലെ കല്ലുമുട്ടി കടവിലും പെരുംപറമ്പിലുമായി രണ്ടാം ഘട്ടത്തിൽ 4,21,200 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച നിക്ഷേപിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പഴശ്ശി റിസർവോയറിലെ പടിയൂർ-കല്യാട് ഗ്രാമപ്പഞ്ചായത്തിലെ പൂവം, നിടിയോടി കടവുകളിൽ 4,21,200 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിവിഹിതം ഉപയോഗിച്ച് നേരത്തെ പൂവ്വം കടവിൽ ഒരു ലക്ഷ്യം കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഫിഷറീസ് വകുപ്പിന് കീഴിൽ മലമ്പുഴയിലെ നാഷണൽ ഫിഷ് സീഡ് ഫാമിൽ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് പഴശ്ശി റിസർവോയറിൽ വളരുക.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ചടങ്ങ് പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ് കുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.എൻ. ജെസി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരിയിൽ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. വി. രാധാകൃഷ്ണൻ, സ്മിത രജിത്, തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. മുഹമ്മദ് സജീർ, ഫിഷറീസ് ഓഫീസർ എസ്. സീന എന്നിവർ സംസാരിച്ചു.
Published: 25 Nov 2026, 03:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented