കാസർകോട് : വിരലുകൾക്ക് വാക്കുകളും ചുവടുകൾക്ക് ഇന്ദ്രജാലവും വഴങ്ങി. പറയാനുള്ള വലിയ വിശേഷത്തിന് ഭാഷ വിലങ്ങുതടിയായില്ല. അറിഞ്ഞിട്ടില്ലാത്ത ശബ്ദത്തിന്റെ കൂട്ടില്ലാതെ അവർ പറഞ്ഞു, നീലേശ്വരം മടിക്കൈയിലൊരുങ്ങുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി.) പദ്ധതിയുടെ ആദ്യഘട്ടം സമർപ്പണത്തിനൊരുങ്ങുന്നെന്ന വലിയ സന്തോഷം.

To advertise here,

തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിൽ നിന്ന് പരിശീലനം നേടുന്ന ആർദ്ര അനിലും അപർണ സുരേഷും അധ്യാപകനായ പി.കെ. സനലുമാണ് ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം ആംഗ്യഭാഷയിലൂടെയും ജാലവിദ്യയിലൂടെയും മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്. കേൾവി-സംസാര പരിമിതിയുള്ളവരാണ് മൂവരും. അപർണയും ആർദ്രയുമാണ് പദ്ധതിയുടെ ലക്ഷ്യവും സമർപ്പണ തീയതിയും ആദ്യം ആംഗ്യത്തിലൂടെയും പിന്നീട് ജാലവിദ്യയിലൂടെയും അവതരിപ്പിച്ചത്. ചിത്രകലാധ്യാപകനായ സനൽ പദ്ധതിയുടെ മാതൃക പശയും മിനുക്കുമുപയോഗിച്ച് തത്സമയം ക്യാൻവാസിൽ പകർത്തി. മാന്ത്രികനായ പി.സി. സർക്കാരിന്റെ ജന്മദിനമായതിനാലാണ് ഫെബ്രുവരി 23 പദ്ധതിയുടെ സമർപ്പണത്തിന് തിരഞ്ഞെടുത്തതെന്നും അവർ ജാലവിദ്യയിലൂടെ വെളിപ്പെടുത്തി. കുട്ടികളുടെ 'വാക്കുകൾ' പരിഭാഷകയായ വത്സ ഹേമന്ത് വിശദീകരിച്ചു.

30 കോടിയിലേറെ രൂപ ചെലവിൽ 35,000 ചതുരശ്ര അടിയിൽ പൂർത്തിയാക്കുന്ന ഒന്നാംഘട്ടമാണ് പദ്ധതി പ്രഖ്യാപിച്ചതിന്റെ രണ്ടാം വാർഷികത്തിൽ തുറന്നു നൽകുന്നത്. 2025 ഫെബ്രുവരി 23-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 30 ഏക്കർ സ്ഥലത്ത് മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്കായി ആദ്യകാല ഇടപെടൽ കേന്ദ്രം, ഏഴു മുതൽ 22 വയസ്സുവരെയുള്ളവർക്ക് തെറാപ്പി-പുനരധിവാസ കേന്ദ്രം, കലാപരിശീലന കേന്ദ്രം എന്നിവയുണ്ടാകും. ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് ആൻഡ് ഓഡിയോ തെറാപ്പി, സെൻസറി തെറാപ്പി തുടങ്ങി ഒമ്പതോളം ചികിത്സാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. മാജിക്, സംഗീതം, നൃത്തം, ചിത്രകല, കായികം തുടങ്ങിയവയിലും പരിശീലനം നൽകും.

തുടർഘട്ടങ്ങളിൽ സഹായക ഉപകരണ നിർമാണ യൂണിറ്റുകൾ, തൊഴിൽപരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കും. പദ്ധതിക്ക് ആകെ 120 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നെന്നും എല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും പദ്ധതിയുടെ സൂത്രധാരനും ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. സർക്കാരിൽ നിന്നു സഹായധനമൊന്നും സ്വീകരിക്കാതെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. ജനുവരി മുതൽ കുട്ടികളുടെ പ്രവേശന നടപടികൾ ആരംഭിക്കും. പത്രസമ്മേളനത്തിൽ ഡിഫറന്റ് ആർട് സെന്റർ ഡയറക്ടർ രാധാകൃഷ്ണനും പങ്കെടുത്തു.