പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ പുളിയനമ്പ്രത്തെ ശിവസൂര്യ (17) എന്ന വിദ്യാർഥി ഓഗസ്ത് എട്ടിന് കാണാതായ സംഭവത്തിൽ വിവിധതലങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ മറുപടി നൽകി. രണ്ടരമാസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻകഴിയാത്ത വിഷയം പി.കെ. പ്രവീൺ എം.എൽ.എ.യാണ് നിയമസഭയിൽ ഉന്നയിച്ചത്.

To advertise here,

ചൊക്ലി പോലീസ് ആദ്യം കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. തുടർന്ന് തലശ്ശേരി എ.എസ്.പി. ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കുട്ടിയുടെ വീടിനും പരിസരപ്രദേശങ്ങൾക്കും പുറമെ പെരിങ്ങത്തൂർ ടൗൺ, ചൊക്ലി, തലശ്ശേരി റെയിൽവേ സ്റ്റേഷൻ, തലശ്ശേരി, പാനൂർ, നാദാപുരം ബസ്‌സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഓഗസ്ത് 11-ന് കുട്ടിയെ ഒറ്റപ്പാലം ഭാഗത്ത് കണ്ടതായി ലഭിച്ച വിവരത്തെ തുടർന്ന് തിരച്ചിൽനടത്തുകയും ബസ് ഗ്രൂപ്പുകളിൽ വിവരങ്ങൾ പ്രചരിപ്പിക്കുകയുംചെയ്തു. മംഗളൂരൂ, കോഴിക്കോട്, മലപ്പുറം, കൊല്ലം, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിയെ കണ്ടതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളുമായി ഏകോപിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു.

വിവിധ ഭാഷകളിൽ ഒട്ടേറെ സ്ഥലങ്ങളിൽ ലുക്കൗട്ട് നോട്ടീസും പതിച്ചു. വാരാണസി കമ്മിഷണറേറ്റ്, പളനി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും പ്രത്യേകമായി വിവരങ്ങൾ നൽകി. ആഭ്യന്തര മന്ത്രി അറിയിച്ചു.

ഇത്രയും വിപുലമായ അന്വേഷണം നടന്നിട്ടും ശിവസൂര്യയെ കണ്ടെത്താൻ കഴിയാത്തതിൽ ബന്ധുക്കൾ ആശങ്കയിലാണ്.