ശ്രീകണ്ഠപുരം : സുരക്ഷാവേലി ഇല്ലാത്തതിനാൽ കൊയ്യം റോഡിൽ അപകടങ്ങൾ പതിവാകുന്നു. കൊയ്യം വളവിലെ ഇറക്കത്തിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കഴിഞ്ഞവർഷം കൊയ്യം മർക്കസിന്റെ ബസ് ഇവിടെ മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷം പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
വളവിന്റെ താഴെ ഭാഗത്ത് അങ്കണവാടിയും നിരവധി വീടുകളുമുണ്ട്. സുരക്ഷാവേലിപോലും ഇല്ലാത്തതിനാൽ അപകടഭീതിയിലാണ് ഇവർ കഴിയുന്നത്. ഇതേ റോഡിലെ കൊയ്യം മർക്കസ് വളവും അപകടമേഖലയാണ്. ഇവിടെയും സുരക്ഷാവേലി ഇല്ല. കഴിഞ്ഞദിവസം മർക്കസ് വളവിൽ തോട്ടത്തിലേക്ക് കാർ മറിഞ്ഞെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.
അടുത്ത കാലത്തായി 11 കോടി ചെലവിൽ മൈക്കാടം ടാറിങ് നടത്തി വികസിപ്പിച്ച റോഡണിത്. അതുകൊണ്ടുതന്നെ സ്കൂൾ ബസുകൾ, ഭാരം കയറ്റിയ വാഹനങ്ങൾ എന്നിവയെല്ലാം അതിവേഗം ഓടുന്ന റോഡുകൂടിയാണിത്.
തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽനിന്ന് കണ്ണൂർ വിമാനത്താവളം, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമായതുകൊണ്ട് ദിനംപ്രതി നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, പി.ഡബ്ല്യു.ഡി. അധികൃതർ അവഗണിക്കുകയാണുണ്ടായത്. പാറക്കാടിയിലും കൊയ്യത്തിനും ഇടയിൽ രണ്ടുവളവുകളിൽ അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സംസ്ഥാനപാതയിലും വേണം സുരക്ഷ
സുരക്ഷാവേലി ഇല്ലാത്തതിനാൽ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലും അപകടങ്ങൾ പതിവാണ്. ശ്രീകണ്ഠപുരം മേഖലയിലെ സംസ്ഥാനപാതയിലെ വളവുകളിൽ ഉൾപ്പെടെ സുരക്ഷാവേലികൾ ഇല്ലാത്ത സ്ഥിതിയാണ്. ശ്രീകണ്ഠപുരം കോട്ടൂർ വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ സംഭവമുണ്ടായി. റോഡിന് സമീപത്തുള്ള വീടിന്റെ സൺഷെയിഡിലും വീടിന്റെ ഭിത്തിയിലും ഇടിച്ച് ചെരിഞ്ഞ് മുറ്റത്തേക്ക് മറിയുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് സ്കൂട്ടർയാത്രികൻ ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കണിയാർവയൽ വളവിലും വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് മറിയുന്നത് പതിവാണ്.
ഈ ഭാഗങ്ങളിൽ നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രികരും അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ട്. വളവുകളിൽ ഇരുവശങ്ങളിലും വീതികൂട്ടി നടപ്പാതയും സുരക്ഷാവേലിയും സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
Published: 28 Oct 2026, 04:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented