'ഈസ്റ്റേഡിയത്തിലിരുന്ന് കളികാണാൻ എനിക്ക് ധൈര്യമില്ല, കാരണം എപ്പോഴാണ് ഇത് ഇടിഞ്ഞുപൊളിഞ്ഞ് തലയിൽ വീഴുന്നതെന്ന് അറിയില്ല. സ്റ്റേഡിയത്തിന് എന്റെ വയസ്സുണ്ട്, 48. കണ്ണൂരിന്റെ 'മരക്കാന' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിന്റെ പുറത്തുനിന്ന് ഇങ്ങനെ പറഞ്ഞത് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത കണ്ണൂരിലെ പ്രമുഖ കായികതാരമാണ്. കാലാന്തരത്തിൽ ജവാഹർ സ്റ്റേഡിയം എങ്ങനെ അവഗണിക്കപ്പെട്ടോ ഏതാണ്ട് അതുപോലെയാണ് സുവർണ ഏടുകൾ രചിച്ച കണ്ണൂരിന്റെ കായികരംഗത്തിന് പോയ വർഷങ്ങളിലുണ്ടായ തളർച്ചയും
കേരളത്തിന്റെ കായികചരിത്രത്തിൽ ക്രിക്കറ്റിന്റെ പിറവിതൊട്ട് എഴുതപ്പെട്ട സുവർണ ഏടുകളിലെല്ലാം കണ്ണൂരിന്റെ വിയർപ്പുമുണ്ട്. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി (സി.കെ. ലക്ഷ്മണൻ, 1924 പാരീസ് ഒളിമ്പിക്സ്), ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി (മാനുവൽ ഫെഡറിക്- 1972 മ്യൂണിക് ഒളിമ്പിക്സ്, ഹോക്കി, വെങ്കലം), കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടികൊടുത്ത ക്യാപ്റ്റൻ മണിയുടെ നാട് അങ്ങനെ ട്രാക്കിലും ഫീൽഡിലുമെല്ലാം തിളങ്ങിയ കേരളക്കാരുടെ കൂട്ടത്തിൽ തലപ്പൊക്കമുള്ള ഒരുപിടി കണ്ണൂരുകാരുണ്ട്. സി.കെ. ലക്ഷ്മണിൽ തുടങ്ങി ബാഡ്മിന്റണിലെ ഇന്ത്യയിലെ നിലവിലെ മിന്നുംതാരമായ ട്രീസ ജോളിവരെ നീളുന്ന ആ പട്ടികയിൽ ഒരുപാട് സുവർണതാരങ്ങളും അവർ എഴുതിയ വീേരതിഹാസങ്ങളുമുണ്ട്.
എന്നാൽ കേരളം പിറന്ന് 70 വർഷങ്ങൾക്കിപ്പുറം കണ്ണൂരിന്റെ കായികരംഗത്തുണ്ടായ മുന്നേറ്റം നോക്കിയാൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും അതുപയോഗിച്ച് കൃത്യമായ പരിശീലനം നൽകി കായികതാരങ്ങളെ വളർത്തിയെടുക്കാൻ നാം ഓരോ വർഷവും നമ്മോടുതന്നെ തോറ്റുപോകുകയാണ്.
ട്രാക്കിലെ കരുത്തർ
പയ്യോളി എക്സ്പ്രസ് എന്ന് വിശേഷിപ്പിക്കുന്ന, ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി. ഉഷ ഓടിത്തുടങ്ങിയത് കണ്ണൂരിൽനിന്നാണ്. കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ വിദ്യാർഥിയായിരുന്നു ഉഷ. 1984-ൽ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ പങ്കെടുത്ത ആലക്കോട് സ്വദേശി എം.ഡി. വത്സമ്മ, ഹൈജംപിലെ റെക്കോർഡുകാരി ചെമ്പേരി സ്വദേശി ബോബി അലോഷ്യസ്, ഒളിമ്പിക്സുവരെ കുതിച്ചെത്തിയ ഇരിട്ടി കരിക്കോട്ടക്കരി വാളത്തോട് സ്വദേശി ടിന്റു ലൂക്ക, കണ്ണൂരിന്റെ മരുമകളായ ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് തുടങ്ങി ട്രാക്കിൽ ചരിത്രംരചിച്ചവരെല്ലാം കണ്ണൂരിന് അഭിമാന നേട്ടങ്ങൾ കൊയ്തുകൊടുത്തവരാണ്.
മാങ്ങാട്ടുപറമ്പ്, തലശ്ശേരി നഗരസഭാ സ്റ്റേഡിയം, തലശ്ശേരി ബ്രണ്ണൻ കോളേജ്, കണ്ണൂർ പോലീസ് മൈതാനം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകളുണ്ട്. മലയോരത്തെ കുട്ടികൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവിടെയത്തി പരിശീലനംനടത്തുക ബുദ്ധിമുട്ടാണ്. അത്ലറ്റിക്സിൽ മികച്ച ഫലം സമ്മാനിക്കുന്നതിൽ വലിയൊരുശതമാനം മലയോരമേഖലയിലെ സ്കൂളുകൾ കുട്ടികളാണ്. ചെറുപുഴ, ഇരിട്ടി, ശ്രീകണ്ഠപുരം പോലെയുള്ള മലയോര മേഖലകളിലും സിന്തറ്റിക് ട്രാക്കുകൾ വന്നുകഴിഞ്ഞാൽ ഈഭാഗത്തുള്ള കായികതാരങ്ങൾക്കും പരിശീലനം എളുപ്പമാകും.
കണ്ണൂർ സ്പോർട്സ് ഡിവിഷനും തലശ്ശേരി ‘സായി’യുമാണ് ജില്ലയിലെ കായികമുന്നേറ്റത്തിന് ചുക്കാൻപിടിക്കുന്നത്. രണ്ടിടങ്ങളിലും കായിക പരിശീലനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പരിശീലനവുമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമാണ്.
വോളിബോൾ ഗാഥ...
ഗെയിംസ് ഇനങ്ങളിൽ കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ സുവർണതാരങ്ങൾക്ക് പിറവിനൽകുന്നത് വോളിബോളാണ്. അന്താരാഷ്ട്ര വോളി കോർട്ടുകളെ ത്രസിപ്പിച്ച ഇതിഹാസം എന്ന വിളിക്ക് അർഹനായ മലയാളി, കണ്ണൂർ പേരാവൂരുകാരൻ ജിമ്മി ജോർജാണ് അക്കൂട്ടത്തിലെ പ്രധാനി. വളരെ ചെറിയപ്രായത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രശസ്തിനേടിയ ജിമ്മി രാജ്യാന്തര പ്രൊഫഷണൽ വോളി കളിച്ച ആദ്യ ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങളും വോളിബോളിലെ തിളക്കമുള്ള നേട്ടങ്ങൾകൊയ്തു. വി.പി. കുട്ടിക്കൃഷണൻ, സലോമി രാമു, മിനി മോൾ എബ്രഹാം തുടങ്ങി നിലവിലെ ഇന്ത്യൻ വോളിബോൾ ടീമംഗമായ കണ്ണൂർ മാതമംഗലം സ്വദേശി ആനന്ദ് വരെ നീളുന്നു കണ്ണൂരിന്റെ വോളിബോൾ പ്രൗഡി. പേരാവൂർ, മാതമംഗലം, മക്രേരി അടക്കമുള്ള ഗ്രാമങ്ങളിലെ മികച്ച വോളിബോൾ ക്ലബുകളും അക്കാദമികളുമാണ് ഇതിന് പിറകിൽ.
ഫുട്ബോളിന്റെ തിരിച്ചുവരവ്...
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ വി.പി. സത്യൻ മുതൽ പുതുതലമുറയിലെ മുഹമ്മദ് സിനാൻവരെ നീളുന്ന മികച്ച താരങ്ങൾ കണ്ണൂരിന്റെ കാൽപ്പന്ത് ഖ്യാതിയുടെ കൊടിയടയാളങ്ങളാണ്. പേരുകേട്ട സെവൻസ് ഫുട്ബോൾ ജ്വരംപോലെ പടർന്ന ഗ്രാമങ്ങൾ. സ്പിരിറ്റഡ് യൂത്ത്സ്, ബ്രദേഴ്സ്, ലക്കിസ്റ്റാർ, ജിംഖാന തുടങ്ങി പേരുകേട്ട ക്ലബുകൾ എന്നിവയെല്ലാം കണ്ണൂരിനെ കേരളത്തിന്റെ കാൽപ്പന്ത് ഭൂപടത്തിലെ മിന്നും നക്ഷത്രമാക്കി മാറ്റിയിരുന്നു. അന്നെല്ലാം കൊൽക്കത്തയിൽനിന്നടക്കം വിവിധ ക്ലബുകൾ കളിക്കാരെ അന്വേഷിച്ച് കണ്ണൂരിലെ സെവൻസ് കളിക്കളങ്ങളിലേക്ക് പറന്നിറങ്ങിയിരുന്നു. ശ്രീനാരായണ ഫുട്ബോളായിരുന്നു ഒരുകാലത്ത് കണ്ണൂരിന്റെ മുഖം. ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, നായനാർ കപ്പ് എന്നിവയ്ക്കെല്ലാം കണ്ണൂർ വേദിയായിട്ടുണ്ട്. കെ.വി. ധനേഷ്, നജീബ്, ഡെൻസൺ ദേവദാസ്, രാഹുൽ, സി.കെ. വിനീത്, സഹൽ അബ്ദുൾ സമദ് തുടങ്ങി ഓരോ കാലത്തും കണ്ണൂരിൽനിന്ന് മിന്നുന്ന താരങ്ങൾ ഫുട്ബോൾ ലോകത്ത് തിളങ്ങി.
പ്രതിസന്ധികളിൽ കുടുങ്ങി പ്രധാന ടൂർണമെന്റുകളെല്ലാം നിർത്തുകയും ഫുട്ബോളിന്റെ അടിസ്ഥാനസൗകര്യങ്ങളിലെ തളർച്ചയുമെല്ലാം കണ്ണൂരിൽ ഫുട്ബോളിന്റെ തിളക്കം കുറച്ചു. 1978-ൽ ഭാഗ്യക്കുറി വിറ്റ് സ്വരൂപിച്ച പണംകൊണ്ട് നിർമിച്ച കണ്ണൂർ ജവാഹർ സ്റ്റേഡിയം കളിയും ആരവങ്ങളുമില്ലാതെ ശ്മശാനംപോലെ കിടന്നു. കാലപ്പഴക്കത്താൽ ഗാലറികളും നശിച്ചു. എന്നാൽ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ക്ലബിന്റെ വരവ് അപ്രതീക്ഷിതമായി കണ്ണൂരിന്റെ കാൽപ്പന്ത് കാലത്തിന് ജീവൻനൽകി. രണ്ടാം സീസൺ ഫൈനലിന് കണ്ണൂർ ജവാഹർ സ്റ്റേഡിയം ആതിഥേയത്വംവഹിച്ചപ്പോൾ പഴയ പ്രതാപകാലം അകലെയല്ല എന്ന് കാണികൾ തിരിച്ചറിഞ്ഞു. കണ്ണൂരിന്റെ കീരിട നേട്ടം കൂടിയായതോടെ വീണ്ടും കാൽപ്പന്ത് കളരികൾക്ക് ജീവൻവെച്ചു. വാരിയേഴ്സിന്റെ നേതൃത്വത്തിൽ മികച്ച കോച്ചിങ് ക്യാമ്പുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. സ്റ്റേഡിയം ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിയുമെന്ന് കോർപ്പറേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
വേണം മാസ്റ്റർ പ്ലാൻ..
പലപ്പോഴും നേട്ടങ്ങൾകൊയ്ത താരങ്ങൾക്കെല്ലാം മികച്ച പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത് അവരുടെ മാതാപിതാക്കളും പരിശീലകരുമാണ്. ഈവർഷത്തെ അർജുന അവാർഡ് ജേതാവായ ചെറുപുഴക്കാരി ട്രീസ ജോളിക്ക് വീട്ടിൽ മികച്ച ബാഡ്മിന്റൺ കോർട്ട് തീർത്തതും പിന്നീട് പുല്ലേല ഗോപിചന്ദ് അക്കാദമിയിലെത്തിച്ചതുമെല്ലാം പിതാവ് ജോളി മാത്യുവിന്റെ പരിശ്രമംണ്ടാണ്. കുട്ടികളിലെ കായികാഭിരുചിയെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്താനും മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നമുക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കായികമേളയിൽ തിളക്കമുള്ള നേട്ടങ്ങൾ കൊയ്യുന്ന ജില്ലയിലെ പ്രധാന സ്കൂളുകളിൽനിന്ന് താരങ്ങൾ കൂടുതൽ മികച്ച പരിശീലനത്തിനും സൗകര്യങ്ങൾക്കുമായി മലപ്പുറമടക്കമുള്ള ജില്ലകളിലെ മികച്ച കായിക വിദ്യാലയങ്ങളിലേക്ക് പഠനം മാറ്റുന്ന അവസ്ഥയും നിലവിലുണ്ടെന്ന് കായികാധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
Published: 28 Oct 2026, 04:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented