കുമ്പള : അപകടാവസ്ഥയിലായിരുന്ന മീൻമാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റി, അതേസ്ഥലത്ത് പുതിയ കെട്ടിടം പണിതുവെങ്കിലും തുറന്നുകൊടുക്കുന്നില്ല. കുമ്പള നഗരത്തിൽ പുതുക്കിപ്പണിത മീൻമാർക്കറ്റ് ഇനിയും തുറന്നുകൊടുക്കാൻ നടപടിയായില്ലെന്ന് തൊഴിലാളികളും വ്യാപാരികളും പരാതിപ്പെടുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് മീൻമാർക്കറ്റ് പുതുക്കിപ്പണിതത്. കെട്ടിടനിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മറ്റ്‌ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കാലതാമസംനേരിടുന്നതാണ് തുറന്നുകൊടുക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ നോക്കുകുത്തിയായി കെട്ടിടം നിൽക്കാൻതുടങ്ങിയിട്ട്‌ നാളുകളേറെയായി. പുതിയ കെട്ടിടത്തിന്റെ പരിസരംനിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടനിലയിലുമാണ്. മലിനജലവും ഒഴുകുന്നുണ്ട്. മീൻമാർക്കറ്റിലെ മലിനജലം ഒഴുക്കിവിടാനുള്ള ശാസ്ത്രീയമായ ഓവുചാൽ സംവിധാനം ഇതുവരെ തയ്യാറായിട്ടില്ല. നിലവിലുള്ള ചെറിയ ഓവുചാൽ സംവിധാനം അപര്യാപ്തമാണെന്ന് മീൻ വില്പനത്തൊഴിലാളികൾ പറയുന്നു. ഇതിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഇത് തൊട്ടടുത്ത വ്യാപാരികൾക്ക് ദുരിതവുമാവുന്നുണ്ട്. തൊഴിലാളികൾക്കുള്ള ശൗചാലയം, ശുചീകരണത്തിനുള്ള ശുദ്ധജലം, വെളിച്ചം ഇതൊക്കെ പൂർണമായും ഒരുക്കിയാലേ കെട്ടിടം തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂ. നടപടികളിൽ കാലതാമസംനേരിടുന്നത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.മീൻ വില്പന തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും, റോഡരികിലും മീൻ വില്പനനടത്തുന്നത് പൊതുജനത്തിനും, വ്യാപാരികൾക്കും പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മീൻ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ കാസർകോട് വികസനപാക്കേജിലൂടെ 1.1 കോടി രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. തുറമുഖ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലെ മീൻ വില്പന വ്യാപാരികളും തൊഴിലാളികളും തമ്മിൽ നേരത്തെ വാക്കേറ്റങ്ങൾക്കും സംഘർഷത്തിനുമിടയാക്കാറുണ്ട്. പലപ്പോഴും പോലീസ് ഇടപെട്ടാണ് മുൻകാലങ്ങളിൽ രംഗം ശാന്തമാക്കാറുള്ളത്. മീൻ, മാംസം, പച്ചക്കറി വില്പനകൾ ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു ഇത്. നിലവിലെ കെട്ടിടം മത്സ്യത്തൊഴിലാളികൾക്ക്‌ മുഴുവനായും മീൻവില്പനനടത്താൻ തികയില്ലെന്ന് തൊഴിലാളികൾ പറയുന്നുണ്ട്. മീൻമാർക്കറ്റ് തുറന്നുകൊടുക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സൂചിപ്പിക്കുന്നു. തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് മാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

To advertise here,