ഉദുമ : തെങ്ങോല ഉപയോഗിച്ച് വൈവിധ്യമാർന്ന കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനവുമായി ഓല ശില്പശാല സംഘടിപ്പിച്ചു. അരവത്ത് കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സും ചേർന്നാണ് കുട്ടികൾക്കും മുതിർന്നവർക്കുമായി പരിശീലനപരിപാടി സംഘടിപ്പിച്ചത്.

To advertise here,

തെങ്ങോല ഉപയോഗിച്ച് 25-ലേറെ വ്യത്യസ്ത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം പങ്കെടുത്തവർക്ക് നൽകി. പ്രകൃതിവിഭവങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അറിവും നൈപുണിയും പകരുകയായിരുന്നു ലക്ഷ്യം.

ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവസമ്പത്തിന്റെ 70 ശതമാനത്തിലധികവും ബയോമാസ് എന്ന നിലയിൽ ഉപയോഗപ്പെടുത്താതെ പാഴാക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യത്തെ സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനുള്ള അറിവ് യുവതലമുറയ്ക്ക് പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

സത്യൻ അരവത്ത്, സജി കുളത്തൂർ, അനിരുദ്ധൻ മുളിയാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ് ചെയർമാൻ ശ്യാം പുറവങ്കര, മുഹമ്മദ് സാബിക്ക്, സത്യൻ, സജി, അനിരുദ്ധൻ, മധു പണിക്കർ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.