വെള്ളരിക്കുണ്ട്: വലിയ കുഴികളിൽ വെള്ളം തളംകെട്ടിക്കിടക്കുന്നു. വഴിമുടക്കി കൂറ്റൻ പാറകളും മൺകൂനയും. മലയോര ഹൈവേയിലൂടെ മരുതോം വഴി പോകുന്ന വാഹനയാത്രക്കാർ, ഇത് മലയോര ഹൈവേ തന്നെയാണോയെന്ന് സംശയിച്ചുപോകും. അത്ര ദയനീയമാണ് 250 കോടിയിലധികം മുടക്കി എട്ടുവർഷം കൊണ്ട് നിർമിച്ച മലയോര ഹൈവേയുടെ ഇപ്പോഴത്തെ അവസ്ഥ.

To advertise here,

നാലാം റീച്ചിൽ കോളിച്ചാലിനും ചെറുപുഴയ്ക്കും ഇടയിൽ മരുതോം വനത്തിലൂടെയാണ് റോഡ് പൂർണമായും തകർന്നിരിക്കുന്നത്. അതിദുർഘടമായ ഈ വഴിയിലൂടെയാണ് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നത്.

ഹൈവേ പൂർത്തിയാകാത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. ചർച്ചയാക്കി. കോൺഗ്രസ് പ്രത്യക്ഷ സമരവുമായും രംഗത്തിറങ്ങിയിരുന്നു.

മലയോര ഹൈവേയുടെ വനത്തിലൂടെയുള്ള ഭാഗം വികസിപ്പിക്കാനാകാത്തതിൽ എൽ.ഡി.എഫ്. പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ഏതാനും ദിവസം മുമ്പ് കിഫ്ബി 30.79 കോടിയുടെ പദ്ധതി അംഗീകരിച്ച് ഉത്തരവിറക്കി.

കിഫ്ബി പദ്ധതികൾക്ക് സർക്കാർ കുരുക്കിട്ടതോടെ ഹൈവേ നാലാം റീച്ച് പൂർത്തിയാക്കൽ അനിശ്ചിതത്വത്തിലായി. ഹൈവേ നിർമിതിയിലെ പോരായ്മകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയവർ വാക്ക് പാലിക്കണമെന്ന നിലപാടിലാണ് എൽ.ഡി.എഫ്. ജില്ലയിലെ യു.ഡി.എഫ്. എം.എൽ.എ.മാർ പ്രശ്നത്തിൽ ഇടപെടാത്തതിൽ കോൺഗ്രസിനുള്ളിൽ പ്രാദേശികതലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

കാറ്റാംകവലയിലും മരുതോത്തുമാണ് ഹൈവേ വനത്തിലൂടെ കടന്നുപോകുന്നത്. രണ്ടിടത്തും യാത്രാക്കുരുക്കുണ്ട്. എതിരെ വാഹനം വന്നാൽ കടന്നുപോകാനാവില്ല.

മലനാടിന്റെ സമഗ്രപുരോഗതിയിലേക്ക് വഴിതുറക്കുന്ന സ്വപ്‌നപാതയായ മലയോര ഹൈവേ എന്നു പൂർത്തിയാകുമെന്ന് അധികാരികളോട് നാട്ടുകാർ ചോദിച്ചുതുടങ്ങിയിട്ട് വർഷങ്ങളായി. നിർമാണം തുടങ്ങി എട്ടാംവർഷത്തിലും വനക്കുരുക്കിൽ ഇഴയുകയാണ് മലയോരഹൈവേ.

നന്ദാരപ്പദവ് മുതൽ കണ്ണൂർ ജില്ലാ അതിർത്തിവരെ നാല് റീച്ചുകളിൽ 127.42 കിലോമീറ്ററാണ് ജില്ലയിൽ മലയോരഹൈവേയുടെ ദൈർഘ്യമായി ആദ്യം കണക്കാക്കിയത്. 298 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 2018 നവംബറിൽ നന്ദാരപ്പദവിലായിരുന്നു നിർമാണോദ്ഘാടനം.

ഒന്നാം റീച്ചിൽ നന്ദാരപ്പദവ് മുതൽ ചേവ്വാർ വരെ 23 കിലോമീറ്റർ ദൂരം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചുവർഷം പിന്നിടുന്നു. ബാക്കിമൂന്ന് റീച്ചുകളിലാണ് തടസ്സം. രണ്ടാംറീച്ച് ചേവ്വാറിനും എടപ്പറമ്പിനുമിടയിൽ 27.97 കിലോമീറ്റർ നിർമാണം പൂർത്തിയായി. ഇതിൽ നാല് കിലോമീറ്റർ വികസനം ബാക്കിയാണ്.

​പരിവേഷ് പോർട്ടലിൽ കുരുങ്ങി

മൂന്നാം റീച്ചായ എടപ്പറമ്പ് മുതൽ കോളിച്ചാൽ വരെയുള്ള 24.4 കിലോമീറ്റർ ദൂരത്ത് 85 കോടിയുടെ നിർമാണം തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ഭാഗത്ത് രണ്ടിടത്തായി 3.61 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ്. 4.33 ഹെക്ടർ സ്ഥലം വനംവകുപ്പ് വിട്ടുനൽകണം.

വിട്ടുനൽകുന്ന ഭൂമിക്ക് പകരം ഭൂമി നൽകാനുള്ള നടപടിക്രമങ്ങളിൽ വന്ന വീഴ്ച ഇനിയും പരിഹരിക്കാനായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് വനം, റവന്യൂ വകുപ്പുകളും കെ.ആർ.എഫ്.ബി.യും കുഴങ്ങുകയാണ്.

ആദ്യഘട്ടത്തിൽ റവന്യൂവകുപ്പ് ഭൂമി കണ്ടെത്തി കേന്ദ്രവനം പരിസ്ഥിതമന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്തിരുന്നു. മറ്റൊരു പദ്ധതിക്കായി നൽകിയ ഭൂമിതന്നെ വീണ്ടും കൈമാറിയെന്ന അബദ്ധത്തിൽ ഇത് തള്ളി.

റവന്യൂവകുപ്പ് അഞ്ചിടങ്ങളിലായി വേറെ ഭൂമി കണ്ടെത്തിയെങ്കിലും അപ്‌ലോഡ് ചെയ്തതിൽ സാങ്കേതികപ്പിഴവുവന്നതിനാൽ വനം-പരിസ്ഥിതി മന്ത്രാലയത്തിൽ കുടുങ്ങി.

2022-ലെ പരിഷ്‌കരിച്ച പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് നടപടി പൂർത്തിയാക്കാൻ പിന്നെയും വൈകി. ഭൂമി കണ്ടെത്തിയ വില്ലേജുകളുടെ പേരിൽവന്ന പിഴവും തടസ്സമായി. പനത്തടി പത്തനാടിയും ആദൂർ അഡൂർ ആയും മാറിയത് പ്രതിസന്ധി വിളിച്ചുവരുത്തി.

ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് അടുത്തിടെ ബന്ധപ്പെട്ടവർ വില്ലേജുകൾക്ക് കത്തയച്ചിരുന്നു. വനത്തിലൂടെ 1980-നു മുമ്പ് റോഡുണ്ടായിരുന്നോ എന്നന്വേഷിച്ചുള്ളതായിരുന്നു കത്ത്. ഉണ്ടായിരുന്നെങ്കിൽ അത്രയും ദൂരം റോഡിന് പകരംഭൂമി നൽകേണ്ടതില്ല എന്ന വ്യവസ്ഥയുണ്ട്. അധികമായി ഇപ്പോൾ എടുക്കുന്ന ഭൂമിക്ക് മാത്രം പകരം ഭൂമി നൽകിയാൽ മതിയാകും. എന്നാൽ ഇതുസംബന്ധിച്ച് രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.