തളിപ്പറമ്പ് : കൂവേരിക്കടവിൽനിന്ന് നാടുകാണിയിലേക്ക് പോകുന്ന റോഡ് തകർന്ന് യാത്ര ബുദ്ധിമുട്ടിൽ. കൂവേരി ഭാഗത്തുള്ളവർക്ക് ആലക്കോട്- തളിപ്പറമ്പ് റോഡിലെത്താനുള്ള എളുപ്പവഴിയാണിത്. ചപ്പാരപ്പടവ്- കൂവേരി-പൂവ്വം റോഡ് വരുന്നതിനു മുൻപേയുള്ള പ്രധാന പാതയാണിത്. കുടിയേറ്റക്കാലം മുതൽ ആളുകൾ ഏറ്റവുംകൂടുതൽ ഉപയോഗിച്ചുവന്നിരുന്നതാണ് നാടുകാണിയിൽനിന്ന് കൂവേരി ബോട്ടുജെട്ടിയിൽ എത്താനുള്ള ഈ വഴി.
വെളിച്ചമില്ല, ഓവുചാലില്ല
സമീപപ്രദേശത്തെ റോഡുകളെല്ലാം നവീകരിച്ചപ്പോഴും ഈ വഴി വലിയ മാറ്റമില്ലാതെ കിടക്കുകയാണ്. ടാർചെയ്തെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി. റോഡിന്റെ പല ഭാഗവും തകർന്നുകിടക്കുന്നു. ഇവിടെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
രാത്രിയായാൽ റോഡിൽ വെളിച്ചമില്ല. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു. മുൻപ് ആൾപ്പെരുമാറ്റമില്ലാതെ കാടുപിടിച്ചുകിടന്ന സ്ഥലമായിരുന്നു റോഡിന് ഇരുഭാഗത്തുമുള്ള പ്രദേശം. പിന്നീട്, ചപ്പാരപ്പടവ് പഞ്ചായത്ത് മുൻകൈയെടുത്താണ് ടാർചെയ്തത്. എന്നാൽ, വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി റോഡിനില്ല.കുറച്ചുദിവസം മുൻപാണ് തൊഴിലുറപ്പ് തൊഴിലാളികൾ കാടുപിടിച്ച റോഡരിക് വെട്ടിത്തെളിച്ചത്. ഓവുചാൽ സൗകര്യമില്ലാത്തതിനാൽ മഴ പെയ്താൽ റോഡിലൂടെയാണ് വെള്ളം ഒഴുകുക. ഇതും റോഡ് തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. നാടുകാണിയിലും എളമ്പേരത്തും ധാരാളം സ്ഥാപനങ്ങളും വീടുകളുമുണ്ട്. ഇതുവഴി ജോലി ആവശ്യത്തിനും മറ്റുമായി പോകുന്നവർ ഒട്ടേറെയുണ്ട്. കൂവേരിക്കടവിലെ തൂക്കുപാലം കാണാൻ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്. സഞ്ചാരികളടക്കം ഉപയോഗിക്കുന്ന റോഡ് നവീകരിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 10 Sept 2026, 04:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented