സ്കൂളുകളിലെ പരിശോധന തുടങ്ങി

To advertise here,

കണ്ണൂർ : പഠനത്തിൽ പിന്നാക്കംനിൽക്കുക, കുട്ടികളിൽ ഉയരവും ഭാരവും ശരിയായരീതിയിൽ വർധിക്കാതിരിക്കുക, കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി വലുതാവുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ അയഡിൻ പരിശോധന നടത്തണം. കുട്ടികളുടെ ആരോഗ്യവും പഠനവുമെല്ലാം ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. അതിനാലാണ് അയഡിൻ ഡെഫിഷെൻസി ഡിസോർഡർ സെല്ലിന്റെ നേതൃത്വത്തിൽ (ഐ.ഡി.ഡി. സെൽ) ദേശീയ ആരോഗ്യ വകുപ്പും ആരോഗ്യ സേവനവകുപ്പും ചേർന്ന് എല്ലാ വർഷവും സ്കൂളുകളിൽ പരിശോധനയും ഗോയിറ്റർ സർവേയും നടത്തുന്നത്. ഓരോ വർഷവും പരിശോധനയ്ക്കായി ഓരോ ജില്ലയെ തിരഞ്ഞെടുക്കും. ഇത്തവണ കണ്ണൂർ ജില്ലയിലാണ് പരിശോധന.

500-ലധികം വിദ്യാർഥികളുള്ള ജില്ലയിലെ 10-സ്കൂളുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യ പരിശോധന ബുധനാഴ്ച തളാപ്പ് ഗവ. മിക്സഡ് യു.പി. സ്കൂളിൽ നടന്നു. ആറ് മുതൽ 12 വയസ്സു വരെയുള്ള വിദ്യാർഥികളിലാണ് പരിശോധനനടത്തുന്നത്. ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തിയാണ് പരിശോധന നടത്തിയത്. കുട്ടികളിലെ തൊണ്ടയിലെ തൈറോയിഡ് ഗ്രന്ഥിക്ക് വീക്കമുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ആദ്യഘട്ടം. കുട്ടികൾക്ക് ശരിയായ അളവിൽ അയഡിൻ ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി മൂത്രപരിശോധനയും നടത്തുന്നുണ്ട്. ഇതിനുപുറമെ കുട്ടികളോട് വീടുകളിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ സാമ്പിളും കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. അയഡിന്റെ അളവ് പരിശോധിക്കാൻ തിരുവനന്തപുരത്തേക്ക് അയക്കും. വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ പരിശോധന നടക്കും. വ്യാഴാഴ്ച ചെറുമാവിലായി യു.പി., മമ്പറം യു.പി. എന്നിവിടങ്ങളിൽ പരിശോധന നടത്തും.

ഡോക്ടർമാരായ എം.വി. മാനസ്, കെ.വി. ഗായത്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് നഴ്‌സുമാർ, ഓരോ റിസർച്ച് അസിസ്റ്റന്റ്, ലാബ്‌ടെക്‌നീഷ്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കുട്ടികളിലെ ശാരീരിക-മാനസിക വളർച്ചയെയും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന അയഡിന്റെ കുറവ് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.