കൂത്തുപറമ്പ്: ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കൂത്തുപറമ്പ് ഗവ. താലൂക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി. പത്ത് മാസങ്ങൾക്കിപ്പുറവും ആസ്പത്രി പൂർണമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിലവിൽ രണ്ട് നിലകൾ മാത്രമാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. 22 ഡോക്ടർമാർ വേണ്ട ആസ്പത്രിയിൽ സൂപ്രണ്ടും ഡെന്റൽ സർജനുമടക്കം 11 ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരില്ലാത്തതിനാൽ നിലവിലുള്ള ഡോക്ടർമാർക്ക് അധിക ഡ്യൂട്ടി എടുക്കേണ്ടി വരുന്നു.
ആസ്പത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസർ-മൂന്ന്, അസിസ്റ്റന്റ് സർജൻ-രണ്ട്, ജനറൽ മെഡിസിൻ-ഒന്ന്, പീഡിയാട്രീഷൻ-ഒന്ന്, അനസ്തീസീസ്റ്റ്-രണ്ട്, സർജൻ-ഒന്ന്, ഓർത്തോ-ഒന്ന് തുടങ്ങി 11-ഓളം ഒഴിവുകളുണ്ട്. പോസ്റ്റിങ് ലഭിച്ച ഡോക്ടർമാർ ചാർജെടുക്കാൻ തയ്യാറാകുന്നില്ല. അതിനാൽ കാഷ്വാലിറ്റി നടത്താൻ പോലും ഡോക്ടർമാരില്ല. ജില്ലയിൽതന്നെ ട്രയാജ് സംവിധാനവുള്ള താലൂക്ക് ആസ്പത്രി കൂടിയാണിത്.
മലയോര മേഖലയിലെ ജനങ്ങൾക്ക് സമ്പൂർണ ചികിത്സാസൗകര്യം ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊണ്ടുവന്ന പദ്ധതിയാണ് താലൂക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി. ജില്ലയിൽ സർക്കാർ മേഖലയിൽ താലൂക്കുതലത്തിൽ നിർമിച്ച വലിയ ആസ്പത്രി കെട്ടിടമാണിത്. 2020-ൽ പുതിയ കെട്ടിടത്തിന് കല്ലിട്ടു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 2025 നവംബർ മൂന്നിന് ആസ്പത്രി ഉദ്ഘാടനം ചെയ്തു. രണ്ട് ബേസ്‌മെന്റ് ഉൾപ്പെടെ പന്ത്രണ്ട് നിലകളോടുകൂടിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 59.23 കോടി ചെലവിലാണ് ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കെട്ടിടം നിർമിച്ചത്. 52.30 കോടി രൂപ നബാർഡ് വായ്പയും ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്.
തടസ്സം എൻ.ഒ.സി.
പുതിയ കെട്ടിടത്തിൽ പൂർണമായും അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി. ലഭിക്കാത്താണ് പ്രവർത്തനസജ്ജമാവാത്തതിന് പ്രധാന കാരണം. ഒക്ടോബറോടെ ഇത് ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ആസ്പത്രി അധികൃതർ. എൻ.ഒ.സി. ലഭ്യമാവുന്ന മുറയ്ക്ക് കൂടുതൽ ഡോക്ടർമാരും ജീവനക്കാരും എത്തുന്നതോടെ ആസ്പത്രി പൂർണമായും പ്രവർത്തന സജ്ജമാവും.
എന്താണ് ട്രയാജ്
ട്രയാജ് എന്നത് പ്രധാനമായും ആസ്പത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളെ അവരുടെ രോഗാവസ്ഥയുടെ തീവ്രതയനുസരിച്ച് തരംതിരിക്കുന്ന ഒരു ശാസ്ത്രീയ ചികിത്സാസമ്പ്രദായമാണ്. ആസ്പത്രിയിൽ ഒരേസമയം ഒന്നിലധികം രോഗികൾ എത്തുമ്പോൾ, ആർക്കാണ് അടിയന്തരമായി ജീവൻരക്ഷാ ചികിത്സ നൽകേണ്ടത് എന്ന് നിശ്ചയിക്കാൻ ഇത് സഹായിക്കുന്നു. രോഗിയുടെ അവസ്ഥ വിലയിരുത്തി അവരെ പ്രധാനമായും അഞ്ച് കളർ കോഡുകളായി തിരിക്കുന്നു
ചുവപ്പ് (റെഡ്): ഉടനടി ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന അതീവ ഗുരുതരാവസ്ഥയിലുള്ളവർ (ഉദാഹരണത്തിന്: ഹൃദയാഘാതം, കഠിനമായ ശ്വാസതടസ്സം).
മഞ്ഞ (യെല്ലോ): ഗുരുതരമായ അവസ്ഥയിലാണെങ്കിലും ഏതാനും മിനിറ്റുകൾ കാത്തിരിക്കാൻ സാധിക്കുന്നവർ. പച്ച (ഗ്രീൻ): ചെറിയ പരിക്കുകളോ നിസ്സാരമായ രോഗലക്ഷണങ്ങളോ ഉള്ളവർ. ഇവർക്ക് പതുക്കെ ചികിത്സ നൽകിയാലും കുഴപ്പമില്ല.
Published: 10 Sept 2026, 04:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented