കടന്നപ്പള്ളി-പാണപ്പുഴയിലെ ഡബിൾ ചേംബർ ഇൻസിനറേറ്റർ
കണ്ണൂർ : കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സാനിറ്ററി മാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്ന് കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. യോഗ തീയതി പിന്നീട് അറിയിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭിച്ച 50 സെന്റിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ ഭരണകൂടം ഇടപെടണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് ക്ലീൻ കേരള കമ്പനി പ്രതിനിധി ഫൗസിയ ജലാലുദ്ധീൻ വിശദീകരിച്ചു. ഒരു ദിവസം ഇരുപത് ടൺ സാനിറ്ററി മാലിന്യം രണ്ട് ചേംബറുകളിലൂടെ അത്യുഷ്മാവിൽ എരിയിച്ച് കളയുന്നതാണ് പദ്ധതി. അന്തരീക്ഷ മലിനീകരണം, മറ്റ് തരത്തിലുള്ള മലിനീകരണ പ്രശ്നങ്ങൾ എന്നിവ തടയാനുതകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതി സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്കകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിലെ സീവേജ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നവും സാനിറ്ററി മാലിന്യ സംസ്കരണപദ്ധതിയും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും ഇരുപ്രശ്നങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും കളക്ടർ ഉറപ്പ് നൽകി. സീവേജ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നം പ്രത്യേകമായി പരിശോധിക്കും. സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ജില്ലാ ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും സമവായ വിശദീകരണ യോഗം വിളിച്ച് ചേർക്കുമെന്നും കളക്ടർ അറിയിച്ചു. അസിസ്റ്റന്റ് കളക്ടർ എസ.് സ്വാതി, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, സ്ഥിരം സമിതി ചെയർമാൻ ടി.വി. മോഹനൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ധനീഷ്, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Published: 09 Sept 2026, 04:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented