ശ്രീകണ്ഠപുരം : മലപ്പട്ടം മേഖലയിലെ കുരങ്ങുശല്യത്തിൽ വലഞ്ഞ് കർഷകർ. പതിവായി കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കർഷകരുടെയും നാട്ടുകാരുടെയും ഉറക്കംകെടുത്തുകയാണ്. പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി വീടിനകത്തുവരെ കുരങ്ങുകളെത്തുന്ന സ്ഥിതിയാണ്.
മലപ്പട്ടം പഞ്ചായത്തിലെ പൂക്കണ്ടം, പതിനാറാംപറമ്പ്, കൊവുന്തല, ചൂളിയാട് കടവ്, ചെപ്പന കൊഴുമ്മൽ, തേക്കിൻകൂട്ടം, മുനമ്പ്, കത്തിയണക്ക്, കുരുളോളി, ഇഡൂൽ, കാനം, കാപ്പാട്ടുകുന്ന്, കുപ്പം മേഖലകളിലാണ് കുരങ്ങുശല്യം രൂക്ഷമായിട്ടുള്ളത്.
കരിക്ക്, വാഴ, പപ്പായ, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, പേരയ്ക്ക, സപ്പോട്ട, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങി എല്ലാ വിളകളും ഇവ നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. പല വിളകളും മൂപ്പെത്തുന്നതിന് മുൻപേ പറിച്ചെറിഞ്ഞ് നശിപ്പിക്കുന്നു. ചക്ക, മാങ്ങ സീസണായാൽ ഇവയും കർഷകർക്ക് ലഭിക്കാറില്ല. വർഷങ്ങളായുള്ള കുരങ്ങുശല്യത്തിനെതിരേ പലതവണ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.
പല സ്ഥലങ്ങളിലെയും തെങ്ങിൻതോപ്പുകൾ പൂർണമായും കുരങ്ങുകളുടെ നിയന്ത്രണത്തിലാണ്. ഇളനീരുകളും തേങ്ങകളുമെല്ലാം കൂട്ടമായെത്തി പറിച്ചെറിഞ്ഞ് നശിപ്പിക്കുന്നു.
പല തെങ്ങുകളുടെയും വിരിയാറായ കൂമ്പുകൾവരെ വാനരക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ് നാളികേര കർഷകർ.
പതിനാറാംപറമ്പിലെ വീടുകളിലെത്തിയ കുരങ്ങുകൾ അടുക്കളയിൽ കയറി ഭക്ഷണസാധനങ്ങളെടുത്ത് തിന്നുകയും നശിപ്പിക്കുകയുംചെയ്തു. ഓടുമേഞ്ഞ വീടുകളിലെ ഓടുകൾ എറിഞ്ഞ് നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്. റബ്ബർത്തോട്ടത്തിലെ ചിരട്ടകളും പാലും നശിപ്പിക്കുന്നതിനാൽ റബ്ബർ കർഷകരും ദുരിതത്തിലാണ്.
പരിഹരിക്കാൻ പദ്ധതിയില്ല
മലപ്പട്ടത്തെ കുരങ്ങുശല്യം പരിഹരിക്കാൻ അധികൃതരുടെ കൈയിൽ യാതൊരു പദ്ധതിയും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാർഷികവിളകൾ മാത്രമല്ല വീട്ടുമുറ്റത്തും റോഡരികിലും നിർത്തിയിടുന്ന വാഹനങ്ങളുടെ കണ്ണാടികൾ തകർക്കുന്ന സംഭവങ്ങൾവരെ ഉണ്ടായി. പോർച്ചിൽപ്പോലും വാഹനങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിവെക്കേണ്ട അവസ്ഥയാണ്.
കുരങ്ങുശല്യം തടയാൻ അഞ്ച് വർഷം മുൻപ് കുരുളോളി, കാനം ഭാഗങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. നിലവിൽ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കുരങ്ങുകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് വനം വകുപ്പ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപ്പായില്ല. കുരങ്ങുകൾ വരാതിരിക്കാൻ വനാതിർത്തിയിൽ ഫലവൃക്ഷങ്ങൾ നടാനുള്ള പദ്ധതി നേരത്തെ പഞ്ചായത്ത് ആസൂത്രണംചെയ്തെങ്കിലും നടപ്പായില്ല.
Published: 09 Sept 2026, 04:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented