ചെറുപുഴ : ചെറുപുഴ പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പഞ്ചായത്ത് കൃഷിഭവൻ ഗ്രൂപ്പിൽ ദിവസവും കർഷകരുടെ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാതികളാണ്. ഇവയെ നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. വേലി കെട്ടിയും കമ്പി വലിച്ചും നെറ്റ്കൊണ്ട് മതിൽ തീർത്തും ഫ്ലാഷ് ലൈറ്റുകൾ പിടിപ്പിച്ചും കാട്ടുപന്നികളെ അകറ്റിയിരുന്നു. എന്നാൽ ഇതെല്ലാം പരിചിതമായതോടെ കാട്ടുപന്നികൾക്ക് പേടിയില്ലാതായി. കപ്പ, ചേമ്പ്, ചേന, വാഴ, കവുങ്ങിൻ തൈകൾ, തെങ്ങിൻതൈകൾ തുടങ്ങിവയെല്ലാം ഇവ നശിപ്പിക്കുന്നു.

To advertise here,

സന്ധ്യമയങ്ങുന്നതോടെ ഒളിയിടങ്ങളിൽനിന്ന് കൂട്ടത്തോടെ പുറത്തിറങ്ങുന്ന കാട്ടുപന്നികൾ ഒറ്റദിവസംകൊണ്ട് കൃഷിയിടം മുഴുവൻ ഉഴുതുമറിക്കും. ജൈവവളം ഉപയോഗിച്ചാൽ ശല്യം കൂടുമെന്നതിനാൽ കർഷകർക്ക്‌ ജൈവകൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

വന്യമൃഗശല്യം രൂക്ഷമായതിനാൽ മലമുകളിലെ കൃഷിയിടങ്ങൾ കർഷകർ ഉപേക്ഷിക്കുകയാണ്. ഒരുവർഷംകൊണ്ട് കാടുമൂടുന്ന കൃഷിയിടങ്ങളിൽ അവ പെറ്റുപെരുകുന്നു.

കഴിഞ്ഞദിവസം പാക്കഞ്ഞിക്കാട്ടെ മാളിയേക്കൽ സണ്ണിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികൾ ചേമ്പ്, കവുങ്ങ്, കപ്പ, കൈത, ഇഞ്ചി തുടങ്ങിയ വിളകളാണ് കുത്തിനശിപ്പിച്ചത്. വിളവെടുപ്പിനു തയ്യാറായ 75 ചുവട് ചേമ്പാണ് ഒറ്റരാത്രികൊണ്ട് കാട്ടുപന്നികൾ

കുത്തിനിരത്തിയത്. രാത്രി 11-ന് ശേഷമാണ് കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങിയതെന്ന് സണ്ണി പറഞ്ഞു. സമീപപ്രദേശങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ രാത്രിയിൽ കൃഷിയിടങ്ങളിലെത്തി പരിശോധിക്കാറുണ്ട്. കഴിഞ്ഞദിവസവും ഇതുപോലെ പരിശോധന നടത്തി തിരിച്ചുവന്നതിനുശേഷമാണ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. അടുത്തവർഷം മുതൽ കൃഷി ഉപേക്ഷിക്കാനുളള തീരുമാനത്തിലാണെന്നും സണ്ണി പറഞ്ഞു.

തിരുമേനിയിലും കോറാളിമലയിലുമുള്ള തിരുമേനിയിലെ കൊച്ചുപറമ്പിൽ ജിനോപ്പന്റെ കൃഷിയിടത്തിന് ചുറ്റും അരയടി വ്യത്യാസത്തിൽ ആറ് വരി മുള്ളുകമ്പി വലിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിരോധത്തെയും തകർത്ത് കാട്ടുപന്നികൾ കയറി ഈ കൃഷിയിടത്തിലും കവുങ്ങിൻ തൈകൾ നശിപ്പിച്ചു.

തെങ്ങിൻതൈകളും കവുങ്ങിൻതൈകളും വാഴയും ഇടതൂർന്ന് വളരുന്ന കൃഷിയിടത്തിൽ കാട്ടുപന്നികൾ കയറിയതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ജിനോ.

ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടാനുള്ള ശ്രമവും വിജയിച്ചില്ല. നേരത്തെ ചെറുപുഴ പഞ്ചായത്തിൽ വനംവകുപ്പ് നിയോഗിച്ച എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി വേട്ട നടത്തിയിരുന്നെങ്കിലും മൂന്ന് പന്നികളെ മാത്രമേ കിട്ടിയുള്ളൂ. കുത്തനെയുള്ള മലമ്പ്രദേശങ്ങളിൽ കാട്ടുപന്നിവേട്ട ദുഷ്കരമാണ്. പകൽ സമയത്ത് നടത്തുന്ന പന്നിവേട്ട ഫലപ്രദമല്ല. മലയോര മേഖലയിൽ

ലൈസൻസ് തോക്കുകളുള്ള കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നു. വേട്ടക്കാർ കാട്ടുപന്നികളെ പിടിക്കാൻ രാത്രി മുഴുവൻ കാവലിരിക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ പന്നികളെ കിട്ടൂ. കാട്ടുപന്നികളെ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മലയോരത്തെ കൃഷി പാടേ നശിക്കും.