ചെറുവാഞ്ചേരി : ജനവാസ മേഖലയായ പൂവത്തൂരിൽ പകൽ സമയത്ത് കാട്ടുപോത്തിനെ കണ്ടെത്തി. പൂവത്തൂർ കുമാരനാശാൻ നഗറിലെ കോട്ടായി മാധവിയുടെയും പന്നിയോടൻ അനീഷിന്റെയും വീട്ടുപറമ്പിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റപ്പെട്ട നിലയിൽ ഒരു കാട്ടുപോത്തിനെ കണ്ടത്. മൂന്ന് മാസത്തിനിടെ ചെറുവാഞ്ചേരിയുടെ പരിസരപ്രദേശങ്ങളിൽ പല സ്ഥലങ്ങളിലായി കാട്ടുപോത്തുകളെ കണ്ടെത്തി. രണ്ടുമാസം മുന്നേ കണ്ണാടിച്ചാലിൽ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി ചെയ്യുന്ന പറമ്പിൽ കാട്ടുപോത്തുകൾ എത്തുകയും തൊഴിലാളികൾ ഓടി രക്ഷപ്പെടുകയും കണ്ണവം വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടുപോത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. മുമ്പ് ചെറുവാഞ്ചേരി ടൗണിന് അടുത്തുള്ള പെട്രോൾ പമ്പിന് സമീപത്തെ പറമ്പിൽ സധൈര്യം വിഹരിച്ചിരുന്ന നാല് കാട്ടുപോത്തുകളെ വനം വകുപ്പ് അധികൃതരെത്തി നാട്ടുകാരുടെ സഹായത്തോടെ കാട്ടിലേക്ക് ഓടിച്ചു വിട്ടിരുന്നു. രാത്രിയിലും സന്ധ്യയ്‌ക്കും മാത്രം പുറത്തിറങ്ങിയിരുന്ന കാട്ടുപോത്തുകൾ പകൽ ജനവാസമേഖലയിൽ വീടുകളുടെ പരിസരത്തു കൂടി സഞ്ചരിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

To advertise here,