ധർമടം: പ്രവർത്തനം ആരംഭിച്ച് ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോഴേക്കും നാശത്തിന്റെ വക്കിലാണ് ധർമടം ടൂറിസം ഫെസിലിറ്റേഷൻ സെന്റർ. അനാസ്ഥയുടെയും അലംഭാവത്തിന്റെയും മാത്രം അടയാളമാണ് ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ ഇന്നത്തെ സ്ഥിതി. കൂടാതെ, പ്രാരംഭഘട്ടത്തിലെ ആവേശവും പരിപാലനവും തുടർന്ന് അങ്ങോട്ടില്ലെന്ന സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേട് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നത് ഇവിടെ കാണാം. കോടികൾ മുടക്കി മനോഹരമായി നിർമിച്ച പൊതുമുതൽ നശിക്കുന്നത് നിസ്സംഗതയോടെയാണ് അധികൃതർ നോക്കിനിൽക്കുന്നത്. കുട്ടികളുടെ പാർക്കിലെ കളിയുപകരണങ്ങൾ, റെയിൻ ഷെൽട്ടറുകളുടെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങൾ, കിയോസ്കുകൾ തുടങ്ങിയവയിൽനിന്ന് തകർന്നുവീഴുന്ന ഭാഗങ്ങൾ ദിനംപ്രതി കൂടുകയാണ്.

To advertise here,

ആദ്യഘട്ടങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുകയും നൂറുകണക്കിനാളുകൾ എന്നും സന്ദർശിക്കുകയും ചെയ്ത ധർമടം ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ ഇന്ന് ഓരോ ദിവസവും ആൾപ്പെരുമാറ്റം കുറഞ്ഞുവരുന്ന സ്ഥിതിയിലാണുള്ളത്.

കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ നിരവധി ആളുകളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായിരുന്ന ഇവിടെ ഇന്ന് എത്തുന്നവർ ഭയപ്പാടോടെയാണ് സെന്ററിനുള്ളിലൂടെ സഞ്ചരിക്കുന്നത്. അപകടാവസ്ഥയിലായ കെട്ടിടഭാഗങ്ങളും മേൽക്കൂരകളും ഏതുനിമിഷവും തങ്ങളുടെ മേലും പതിക്കാം എന്ന് ഇത് നോക്കിക്കാണുന്ന ആർക്കും മനസ്സിലാകും.

കൂടാതെ, തുരുമ്പെടുത്ത് ജീർണിച്ച പല കെട്ടിടഭാഗങ്ങളും സമീപങ്ങളിലായി കൂട്ടിയിട്ടിട്ടുമുണ്ട്. അവധിദിവസങ്ങളും ഒഴിവുസമയങ്ങളും ചെലവഴിക്കാനും കുട്ടികളുമായി പാർക്കിൽ വിനോദത്തിൽ ഏർപ്പെടാനും മുൻകാലങ്ങളിൽ നിരന്തരം ഇവിടെ സന്ദർശിച്ചവർക്ക് ഇന്ന് വരാൻ മടിയാണ്. ജീർണിച്ച കെട്ടിടഭാഗങ്ങളുടെ അഭംഗിയും പരിപാലനത്തിന്റെ അഭാവവും അപകടാവസ്ഥയും തന്നെ പ്രധാന കാരണങ്ങൾ. കെട്ടിടങ്ങളുടെ ജീർണാവസ്ഥ മൂലം ഉണ്ടായ സഞ്ചാരികളുടെ അഭാവം ഒരുപറ്റം സാധാരണക്കാരെക്കൂടിയാണ് നേരിട്ട് ബാധിച്ചത്. ഓട്ടോ തൊഴിലാളികൾ, സമീപത്തെ ചെറുകിട കച്ചവടക്കാർ, ബോട്ടിങ് ഉൾപ്പെടെ ജലവിനോദങ്ങൾ നടത്തിയിരുന്നവർ എന്നിവരെല്ലാം സംവിധാനത്തിന്റെ അനാസ്ഥ കാരണം പലരീതിയിൽ ജീവിതം വഴിമുട്ടിയവരാണ്. പലരും മറ്റു മേഖലയിലേക്കും കടന്നു. മുതൽമുടക്കിയ പലർക്കും വലിയ സാമ്പത്തികനഷ്ടമുണ്ടായി. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണത്തിൽ ധർമടം മണ്ഡലത്തിൽ മുഴപ്പിലങ്ങാട്-ധർമടം ബീച്ചുകളെ ബന്ധിപ്പിച്ച് എടക്കാട് മുതൽ ധർമടം വരെയുള്ള തീരദേശപ്രദേശത്ത് ടൂറിസം സർക്യൂട് നിർമിക്കാൻ തീരുമാനമുണ്ടായിരുന്നു. 240 കോടിയോളം രൂപയുടെ അടങ്കലും തയ്യാറാക്കി. വിവിധ വിനോദസഞ്ചാര പദ്ധതികൾ ഉൾപ്പെടുത്തി നാല് ഘട്ടങ്ങളായാണ് ടൂറിസം സർക്യൂട്ട് വികസിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നാംഘട്ട വികസനം മാത്രമാണ് പൂർത്തിയായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ടതാണ് ധർമടം ടൂറിസം ഫെസിലിറ്റേഷൻ സെന്ററും. എന്നാൽ, നവീകരണ പ്രവർത്തനവും വികസനവും എന്നിവിടെ നടക്കുമെന്ന് ആർക്കും നിശ്ചയമില്ല. വിവിധ ഘട്ടങ്ങളിൽ ക്രമപ്രകാരം നടന്നുവരേണ്ട വികസനപ്രവർത്തനങ്ങൾക്കായി ധർമടം ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കാത്തുനിന്നാൽ ആണ്ടുകൾ എത്ര താണ്ടുമെന്ന് മാത്രമാണ് ചോദ്യം.