മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി. തിങ്കളാഴ്ച രാവിലെ 11.30-ഓടെ ബസിലിക്കയിൽ നടന്ന ചടങ്ങിൽ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കാർമികത്വം വഹിച്ചു. ടി. അശോക് കുമാർ എം.എൽ.എ. ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിശ്വാസികളും പങ്കെടുത്തു.
കൊടിയേറ്റത്തിനുശേഷം അൾത്താരയിലെ രഹസ്യഅറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം റെക്ടറുടെ കാർമികത്വത്തിൽ പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് മുല്ല, ജമന്തി മാലകൾ തിരുസ്വരൂപത്തിൽ ചാർത്തി ആയിരങ്ങൾ പ്രാർഥനനടത്തി. സെയ്‌ന്റ് മേരീസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ വൈകുന്നേരം ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയുമുണ്ടായി. ഫാ. ബിനോയ് അബ്രഹാം, ഫാ. മാത്യു കൊട്ടാരം എന്നിവർ സഹകാർമികനായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഫാ. ഷാജു ആന്റണിയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. എട്ടിന് വൈകിട്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ സിറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. 11-ന് വൈകിട്ട് ആറിന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. 14-ന് തിരുനാൾ ജാഗരദിനത്തിൽ വൈകിട്ട് 5.30-ന് കോഴിക്കോട് അതിരൂപതാ വികാരി ജനറാൾ ഡോ. ജൻസൻ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടാകും. ഏഴിന് അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. 15-ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ വിശ്വാസികളുടെ ഉരുൾനേർച്ചയായ ശയനപ്രദക്ഷിണം നടക്കും. രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം അഞ്ചിന് സ്നേഹസംഗമം. 22 വരെയുള്ള ദിവസങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലുമുള്ള ദിവ്യബലിയും നൊവേനയും നടക്കും. 16-ന് തമിഴിലും 17-ന് ഫ്രഞ്ചിലും 19-ന് കൊങ്കണിയിലും 21-ന് സിറോ മലബാർ റീത്തിലും ആഘോഷമായ ദിവ്യബലികൾ നടക്കും. 22-ന് ഉച്ചകഴിഞ്ഞ് വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.
കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും
മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിലെ തിരുനാളിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക ബസ് സർവീസ് നടത്തും. അഞ്ച് മുതൽ 22 വരെയാണ് സർവീസ് നടത്തുക. രാവിലെ എട്ടിന് പെരുമ്പടവിൽനിന്ന് തുടങ്ങുന്ന സർവീസ് ചപ്പാരപ്പടവ്, തളിപ്പറമ്പ്, മയ്യിൽ ചാലോട് വഴി മാഹിയിൽ എത്തിച്ചേരും.
ദർശനത്തിനുശേഷം തിരിച്ച് പെരുമ്പടവിൽ എത്തിച്ചേരുന്നരീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 630 രൂപയാണ് യാത്രാനിരക്ക്. ബുക്കിങ് ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സർവീസ് നടത്തുക. ബുക്കിങ് നമ്പർ: 9497007857, 8089463675. ഈ പ്രത്യേക സർവീസ് ടി.കെ. ഗോവിന്ദൻ എം.എൽ.എ.യുടെ ആവശ്യം പരിഗണിച്ചാണ് അനുവദിച്ചത്.
Published: 06 Oct 2026, 03:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented