കണ്ണൂർ : നഗരഹൃദയത്തിൽ പതിമൂന്നുനില ഫ്ളാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ തീപ്പിടിത്തം. പയ്യാമ്പലം റോഡിലെ റെയിൻബോ അപ്പാർട്ട്മെന്റിൽ സീ വിന്റ് ബ്ലോക്കിലാണ് തിങ്കളാഴ്ച രാവിലെ 11.30-ഓടെ തീപ്പിടിത്തമുണ്ടായത്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂരുകാരി റോസാ വിജയകുമാറിന്റെ സി-വൺ ഫ്ളാറ്റാണ് കത്തിനശിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമുൾപ്പെടെ മൂന്നുപേരാണ് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്നത്. രാവിലെ ഇവർ ജോലിക്ക് പോയി രണ്ടുമണിക്കൂറിനുള്ളിലാണ് ഫ്ളാറ്റിൽനിന്ന് പുകയുയരുന്നത് സുരക്ഷാജീവനക്കാരന്റെ ശ്രദ്ധയിൽപ്പട്ടത്. ഉടൻ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ചൂടും പുകയും കാരണം വാതിൽ തകർത്ത് ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. കണ്ണൂരിൽനിന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി പത്താംനിലയിൽനിന്ന് കയർ വഴിയിറങ്ങിയാണ് തീ അണച്ചത്. 33 ഫ്ളാറ്റുള്ള ബ്ലോക്കിൽ തീ മറ്റ് ഫ്ളാറ്റുകളിലേക്ക് പടരും മുൻപേ അണക്കാനായതിന്റെ ആശ്വാസത്തിലാണ് താമസക്കാരും അഗ്നിരക്ഷാസേനയും.
രണ്ടുകിടപ്പുമുറികളിൽ ഒന്ന് പൂർണമായും കത്തിനശിച്ചു. കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് അനുമാനം. ടൈലുകളെല്ലാം കനത്ത ചൂടിൽ പൊട്ടിത്തകർന്നു. ടെലിവിഷനും ഫാനും വിളക്കുകളും വയറിങ്ങും കത്തിനശിച്ചു. ചില്ലുവിളക്കുകളും ഫാനിന്റെ ലീഫും കൊടുംചൂടിൽ ഉരുകിയൊലിച്ചനിലയിലാണ്. ചുമരിലെ തേപ്പ് അടർന്നിട്ടുണ്ട്. പുക നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത നിലയിലായെങ്കിലും അടുക്കളയിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അതിനകത്തുണ്ടായിരുന്ന രണ്ട് പാചകവാതക സിലൻഡർ അഗ്നിരക്ഷാസേന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
റെയിൻബോ അപ്പാർട്ട്മെന്റിൽ മൂന്ന് ബ്ലോക്കിലുമായി 117 ഫ്ളാറ്റാണുള്ളത്. വർഷം തോറും നടത്തേണ്ടിയിരുന്ന സുരക്ഷാപരിശോധന 2024-ലാണ് അവസാനമായി നടത്തിയത്. ബാക്കി ഫ്ളാറ്റിലെ താമസക്കാർക്ക് തീപ്പിടിത്തം സംബന്ധിച്ച വിവരം നൽകുന്നതിനുള്ള മാനുവൽ കോൾ പോയിന്റ് അലാറം പ്രവർത്തിക്കുന്നുണ്ടായില്ലെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷസംബന്ധിച്ച എൻ.ഒ.സി. പുതുക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും ഇലക്ട്രിക്കൽ ഇൻസ്പക്ടർമാരുടെ പരിശോധനയ്ക്കുശേഷമേ തീപ്പിടിത്തത്തിന്റെ കാരണം പറയാനാകുകയുള്ളൂവെന്നും റീജണൽ ഫയർ ഓഫീസർ എം.ജി. രാജേഷും സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രനും പറഞ്ഞു. ഫ്ളാറ്റിലെ സുരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സുരക്ഷാഉപകരണങ്ങൾ ഉപയോഗയോഗ്യമല്ല. അത്യാവശ്യഘട്ടങ്ങളിലേക്ക് കരുതേണ്ടിയിരുന്ന സംഭരണിയിൽ ആവശ്യത്തിന് വെള്ളമില്ലായിരുന്നു. അഗ്നിരക്ഷാസേനയുടെ വാഹനം ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കയറ്റാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അത് കയറ്റി വെള്ളമടിച്ചാണ് തീ കെടുത്തിയതെന്നും അവർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി. ജോയി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സൂരജ് മണ്ടേൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. നിമ്നേഷ്, ഡ്രൈവർ മെക്കാനിക്ക് ടി.പി. പ്രകാശൻ, ഫയർ എൻജിൻ ഡ്രൈവർ ഷമിത്ത് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.
Published: 27 Oct 2026, 04:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented