വ്യാപാരികൾക്ക് ദുരിതം
അമ്പലവയൽ : ചെറിയൊരു മഴപെയ്താൽമതി, അമ്പലവയൽ-കൊളഗപ്പാറ റൂട്ടിലെ കച്ചവടക്കാരുടെ കാര്യം കഷ്ടത്തിലാകും. പ്രധാനറോഡിന്റെ വശങ്ങളിൽ കായൽപോലെ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് പ്രശ്നം. ഇന്റർലോക്ക് പതിച്ച ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതിയാണ്.
അമ്പലവയൽ മാർട്ടിൻ ആശുപത്രിക്കുമുൻവശം മുതൽ പെട്രോൾ പമ്പുവരെയുള്ള ഭാഗത്താണ് പ്രശ്നം രൂക്ഷം. മഴവെള്ളം ഒലിച്ചുപോകാനുള്ള സൗകര്യമൊരുക്കാത്തതാണ് കാരണം. രണ്ടുവർഷം മുൻപ് പാതയുടെ ഓരങ്ങളിൽ ഇന്റർലോക്ക് പതിച്ചിരുന്നു. പലയിടത്തും താഴ്ന്നരീതിയിലാണ് പതിച്ചത്. അന്നുതന്നെ സമീപത്തെ കച്ചവടക്കാർ പരാതിപറഞ്ഞെങ്കിലും കരാറുകാർ ചെവിക്കൊണ്ടില്ല. പൊതുമരാമത്ത് വകുപ്പിൽ പരാതിനൽകിയിട്ടും കാര്യമുണ്ടായില്ല. ഇപ്പോൾ മഴക്കാലമായാൽ കടകൾ അടച്ചിടേണ്ട ഗതികേടിലാണ് വ്യാപാരികൾ. മാസംതോറും വലിയ തുക നൽകി മുറി വാടകയ്ക്കെടുത്ത് കച്ചവടം ചെയ്യുന്നവരാണ് ഏറെയും. മഴക്കാലത്ത് പിടിച്ചുനിൽക്കാൻ പറ്റാതെ ബുദ്ധിമുട്ടുകയാണിവർ.
ധാരാളംപേർ വന്നുപോകുന്ന ലത്തീൻപള്ളിയും സെവൻത് ഡേ സ്കൂളും ഈ പരിസരത്താണ്. കൂടാതെ, സൗത്ത് ഇന്ത്യൻ ബാങ്കും ആശുപത്രിയുമുൾപ്പടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കെത്തുന്നവർക്ക് നടന്നുപോകാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്. അമ്പലവയൽ ട്രൈബൽ ഹോസ്റ്റലിലെ നൂറോളം വിദ്യാർഥികൾ നടന്നുപോകുന്ന പാതയാണിത്. വെള്ളക്കെട്ടായതിനാൽ കുട്ടികൾ റോഡിലിറങ്ങിയാണ് നടന്നുപോകുന്നത്. അതിവേഗത്തിൽ വാഹനങ്ങൾ പോകുന്ന പാതയായതിനാൽ അപകടസാധ്യതയേറെയാണ്.
തിരിഞ്ഞുനോക്കിയില്ല
പൊതുമരാമത്തുവകുപ്പ് അശാസ്ത്രീയമായി റോഡിന്റെ വശങ്ങളിൽ കല്ലുപാകിയതാണ് വെള്ളക്കെട്ടിനുകാരണം. മഴപെയ്താൽ സ്ഥാപനത്തിനുമുന്നിൽ വെള്ളംകെട്ടിക്കിടക്കുന്നതിനാൽ ആളുകൾ വരുന്നില്ല.
വാടകനൽകാൻപോലുമുള്ള കച്ചവടം കിട്ടാത്ത സ്ഥിതിയാണ്. ഒരുവർഷംമുൻപ് പൊതുമരാമത്തുവകുപ്പിന് രേഖാമൂലം പരാതിനൽകിയതാണ്. വന്നുനോക്കാൻപോലും അധികൃതർ തയ്യാറായില്ല. എത്രയുംവേഗം വെള്ളം വാർന്നുപോകാനുള്ള സൗകര്യമൊരുക്കണം.
നിമ്മി അജേഷ്
അമാരിസ് കളക്‌ഷൻസ് ഉടമ
Published: 28 Oct 2026, 04:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented