സർക്കാരിനെതിരേ രൂക്ഷ വിമർശനം
ചെന്നൈ : തേനി ജില്ലാ ജയിലിൽനിന്ന് 17 പേർ രക്ഷപ്പെട്ട സംഭവത്തെത്തുടർന്ന് ടി.വി.കെ. സർക്കാരിനെതിരേ രൂക്ഷ വിമർശനമുയർന്നു. ഡി.എം.കെ. ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഭരണസംവിധാനത്തിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്കു കാരണമെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാനനില മാത്രമല്ല, ജയിൽ സുരക്ഷയിലും വൻവീഴചകൾ സംഭവിക്കുകയാണെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.
ജനങ്ങളെ സംരക്ഷിക്കാൻ പറ്റാത്ത സർക്കാരിനു കീഴിൽ അവർക്ക് സ്വയംസുരക്ഷ ഉറപ്പാക്കേണ്ട ദയനീയാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ടി.വി.കെ. സർക്കാരിനെ നയിക്കുന്നത് കഴിവില്ലാത്തവരാണ്. 1995-ന് ശേഷം ആദ്യമായാണ് ഇത്രയധികം തടവുകാർ തമിഴ്നാട്ടിൽ ഒരേസമയം രക്ഷപ്പെടുന്നത്.
മികച്ച സുരക്ഷാസംവിധാനങ്ങളുണ്ടായിട്ടും 2026-ൽ എങ്ങനെയാണ് ഇതു സംഭവിച്ചത്. ജാമ്യത്തിലിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സർക്കാർ പരാജയപ്പെടുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ ജയിലിനുള്ളിലുള്ളവരെപ്പോലും രക്ഷപ്പെടാൻ അനുവദിക്കുന്ന അവസ്ഥയാണിപ്പോഴുളളതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
തടവുകാർ രക്ഷപ്പെട്ട സംഭവം തമിഴ്നാടിനെ 31 വർഷം പിന്നോട്ട് കൊണ്ടുപോയതായി അണ്ണാ ഡി.എം.കെ. ജനൽറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു. ഭരണത്തിലെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാരിന്റെ ഭരണപരാജയത്തിനു തെളിവാണ് തേനി സംഭവമെന്ന് ബി.ജെ.പി. സംസ്ഥാനവക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു.
തടവുകാർ രക്ഷപ്പെടുന്ന രംഗങ്ങൾ സിനിമയിൽ മാത്രമല്ല, ഇപ്പോൾ കൺമുന്നിലെ കാഴ്ചയുമായി മാറിയെന്ന് പി.എം.കെ. നേതാവ് അൻപുമണി രാംദാസ് പ്രതികരിച്ചു.
ക്രമസമാധാനം നിലനിർത്തേണ്ട പോലീസിന്റെയും ജയിലുകളുടെയും ഭരണസംവിധാനം ദുർബലമെന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാരുടെ രക്ഷപ്പെടൽ സംഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ കർശനമായ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ഡി.എം.ഡി.കെ. നേതാവ് പ്രേമലതാ വിജയകാന്ത് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ കൂട്ട ജയിൽച്ചാട്ടം രണ്ടാം തവണ: 1995 ൽ രക്ഷപ്പെട്ടത് 43 എൽ.ടി.ടി.ഇ. പ്രവർത്തകർ
ചെന്നൈ : തമിഴ്നാട്ടിൽ കൂട്ട ജയിൽച്ചാട്ടം ഇത് രണ്ടാം തവണയാണ്. 31 വർഷം മുൻപും തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയിരുന്നു. 1995-ൽ 43 എൽ.ടി.ടി.ഇ. തടവുകാർ വെല്ലൂർ ജയിലിലെ പ്രത്യേക ബ്ലോക്കിൽനിന്ന് ജയിൽ ചാടിയിരുന്നു. ഇവരെ താമസിപ്പിച്ച ബ്ലോക്ക് ‘ടിപ്പു മഹൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും ആസൂത്രിതമായ ജയിൽച്ചാട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. തടവുകാർ മാസങ്ങളോളം ഇവിടുത്തെ ശൗചാലയത്തിൽനിന്ന് 47 മീറ്റർ നീളമുള്ള വലിയ തുരങ്കം നിർമിച്ചാണ് 1995 ഓഗസ്റ്റ് 15-ന് ജയിൽ ചാടിയത്. തേനി ജയിലിൽനിന്ന് 17 തടവുകാർ ജയിൽ ചാടിയതിന് തൊട്ടുപിറകെയാണ് 1995-ലെ കൂട്ട ജയിൽച്ചാട്ടം വീണ്ടും ചർച്ചയായത്.
തടവുകാർ ജയിലിൽനിന്ന് ചാടാതിരിക്കാൻ ജയിലിന് ചുറ്റും നിർമിച്ച വെള്ളംനിറഞ്ഞ കിടങ്ങ് നീന്തിക്കടന്നാണ് രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവും വൈദ്യുതിതടസ്സവും മുതലെടുത്താണ് ഇവർ ജയിലിൽനിന്ന് പുറത്തുകടന്നത്.
ചെന്നൈയിൽവെച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ജയിൽച്ചാട്ട വിവരം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് കാറിലുണ്ടായിരുന്ന എൽ.ടി.ടി.ഇ.അംഗത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ അയാൾ കഴുത്തിൽക്കെട്ടിയിട്ടിരുന്ന സയനൈഡ് ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. തുടർന്ന് തമിഴ്നാട്ടിൽ വ്യാപകമായ പരിശോധനയിൽ തടവുചാടിയ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടു. വെല്ലൂർ ജയിലിൽനിന്ന് 43 എൽ.ടി.ടി.ഇ. തടവുകാർ ജയിൽ ചാടിയത് രാജ്യത്തെ വൻ സുരക്ഷാവീഴ്ചകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇരുമ്പുപൈപ്പുകൾ, ജനൽ കമ്പികൾ, സ്പൂണുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് അവർ ജയിലിന്റെ പാറക്കെട്ടുകൾ നിറഞ്ഞ അടിത്തറ തുരന്നത്. അഞ്ച് വാച്ച് ടവറുകളും തമിഴ്നാട് പോലീസിന് പുറമെ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്.) രണ്ട് കമ്പനികളും കാവലുണ്ടായിരുന്ന അതിസുരക്ഷാ ക്യാമ്പിൽനിന്നാണ് എൽ.ടി.ടി.ഇ. തടവുകാർ രക്ഷപ്പെട്ടത്. സ്വാതന്ത്ര്യദിനത്തിൽ തടവുകാർ രക്ഷപ്പെട്ടിട്ടും പിറ്റേന്ന് രാവിലെമാത്രമാണ് അധികൃതർ വിവരമറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വെല്ലൂർ ജയിലിൽനിന്നും എൽ.ടി.ടി.ഇ. തടവുകാർ രക്ഷപ്പെട്ടതിനുശേഷം സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.
എൽ.ടി.ടി.ഇ.തടവുകാരെയും മറ്റ് തീവ്രവാദ തടവുകാരെയും മാറ്റിത്താമസിപ്പിക്കാൻ ജയിലിൽ അതിസുരക്ഷാ സെല്ലുകൾ നിർമിച്ചു. ജയിൽമതിലുകളുടെ ഉയരം കൂട്ടുകയും അവയ്ക്കുമുകളിൽ കമ്പിവേലികളും നിർമിച്ചു. തടവുകാർ കമ്പിവേലികൾ സ്പർശിച്ചാൽ ഷോക്കേല്ക്കുന്ന ലൈവ് ഇലക്ട്രിക് ഫെൻസിങ്ങും സ്ഥാപിച്ചു. ജയിലിനുചുറ്റുമുള്ള വാച്ച് ടവറുകളിൽ കാവൽ ശക്തമാക്കുകയും ആധുനിക സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ജയിലുകൾക്കു ചുറ്റും തമിഴ്നാട് സ്പെഷ്യൽ പോലീസിലെ കൂടുതൽ അംഗങ്ങളെ നിയോഗിച്ചു. ഇന്റലിജൻസ് ശൃംഖലയും വിവരശേഖരണ സംവിധാനവും വിപുലീകരിക്കുകയും ചെയ്തിരുന്നു.
Published: 28 Oct 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented