ധർമശാല : പോലീസുകാരും പോലീസ് പരിശീലനാർഥികളും കാൽനൂറ്റാണ്ട് മുൻപ് മാസങ്ങളുടെ ശ്രമഫലമായി നിർമിച്ച മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ മൈതാനം വികസനത്തിന് കൊതിക്കുന്നു. 2002 മേയ് 30-ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് മൈതാനം നാടിന് സമർപ്പിച്ചത്. ഈ മൈതാനം ഉദ്ഘാടനംചെയ്യുമ്പോൾ ഇത് മാങ്ങാട്ടുപറമ്പിന്റെ മഹനീയ മാതൃകയാണെന്നും കേരളമാകെ വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കാൽനൂറ്റാണ്ട് മുൻപ് ഈ മൈതാനം നാടിന് സമർപ്പിച്ചപ്പോൾ പോലീസുകാർക്ക് മാത്രമല്ല, സമൂഹത്തിനാകെ അതൊരു വേറിട്ട അനുഭവമായിരുന്നു.
കല്ല് കൊത്തിയ കുഴികളും കാടും നിറഞ്ഞ പ്രദേശം മണ്ണിട്ട് നികത്തി അക്കാലത്തെ മികച്ച മൈതാനമാക്കി മാറ്റിയത് ദേശീയപാതയോരത്തെ മാതൃകാ കാഴ്ചയായിരുന്നു. നല്ലൊരു മൈതാനമില്ലാതെ വലഞ്ഞിരുന്ന പ്രദേശവാസികൾക്കും കായികപ്രേമികൾക്കും മൈതാനം വലിയ ആശ്വാസമായിരുന്നു.
400 മീറ്റർ നീളവും എട്ട് ട്രാക്കുകളുടെ സൗകര്യവുമുള്ള മൈതാനം ഒട്ടേറെ സംസ്ഥാന-ദേശീയ കായികമേളകൾക്ക് വേദിയായിട്ടുണ്ട്. ഇതോടൊപ്പം ലോങ് ജംപ്, ഹൈജംപ്, പിറ്റ് എന്നിവയുമുണ്ട്.
സംസ്ഥാന-ജില്ലാ സ്കൂൾ കായികമേളകൾ, പോലീസുകാരുടെ സംസ്ഥാന-ജില്ലാ മേളകൾ, സഹോദയ സ്കൂൾ കായികമേളകൾ, നിഫ്റ്റ് -എൻജിനീയറിങ് കോളേജ് മേളകൾ, പബ്ലിക് സർവീസ് കമ്മിഷന്റെ കായികക്ഷമതാ പരീക്ഷകൾ, വിവിധ സേനാവിഭാഗങ്ങളുടെ റിക്രൂട്ട്മെന്റ് റാലികൾ, സംസ്ഥാന-ജില്ലാ കേരളോത്സവം തുടങ്ങിയവയൊക്കെ പതിവായി നടക്കുന്ന മൈതാനമാണെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് മൈതാനത്തിലെത്തുന്നവർക്ക് വലിയ കല്ലുകടിയാണ്.
സിന്തറ്റിക് ട്രാക്ക് വേണമെന്ന ആവശ്യത്തിന് പഴക്കമേറേ
:നിരന്തരം കായികമേളകൾ നടക്കുന്ന പ്രധാന സ്ഥലത്തെ മൈതാനം അത്യാധുനികരീതിയിൽ വികസിപ്പിക്കണമെന്ന ആവശ്യം നിരവധി വർഷങ്ങളായി ഉയരുന്നതാണ്.
മൈതാനവും സ്പോർട്സ് സമുച്ചയവും ജംപിങ് പിറ്റുകളും അത്യാധുനിക സൗകര്യങ്ങളേടെ വികസിപ്പിച്ചാൽ ഉത്തരമലബാറിലെ കായികക്കുതിപ്പിന് ആക്കംകൂടുമെന്നാണ് പ്രതീക്ഷ.
ട്രാക്ക് സിന്തറ്റിക് ട്രാക്കാക്കിയാൽ ഏതുസമയത്തും മൈതാനം പ്രയോജനപ്പെടുത്താനാകും. മറ്റ് മൈതാനങ്ങൾ വലിയ വാടകയ്ക്ക് നൽകുമ്പോൾ മിതമായ നിരക്കിലാണ് ഈ മൈതാനം ഇന്നും കായികമേളകൾക്ക് വിട്ടുനൽകുന്നത്. ഉത്തരമലബാറിലെ കായികപ്രേമികൾക്ക് ഇത് വലിയ ആശ്വാസംകൂടിയാണ്.
മൈതാനത്തിന് സമീപം പോലീസുകാർ നിർമിച്ച മനോഹരമായ നീന്തൽക്കുളവും ചെറിയ ഇൻഡോർ സ്റ്റേഡിയവുമുണ്ട്. അവിടെയും കൂടുതൽ അടിസ്ഥാനസൗകര്യം ഒരുക്കിയാൽ ഒരു കേന്ദ്രത്തിൽത്തന്നെ എല്ലാവിധ കായിക മത്സരങ്ങളും കായികക്ഷമതാ പരീക്ഷകളും നടത്താനാകും.
ഇതോടൊപ്പം രാപകൽ ഭേദമില്ലാതെ ഫുട്ബോൾ ടൂർണമെന്റുകളും നടത്താൻ ഫ്ലഡ് ലിറ്റ് സൗകര്യം കൂടി ഒരുക്കിയാൽ സാധ്യമാകും.
Published: 27 Oct 2026, 04:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented