പയ്യന്നൂർ : നിർമാണം നടക്കുന്ന പയ്യന്നൂരിലെ ബസ് ടെർമിനൽ സമുച്ചയം നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എൻജിനീയർമാർ സന്ദർശിച്ചു. രണ്ടാംഘട്ട പദ്ധതി ചെയർമാനുമായി വിലയിരുത്തിയശേഷമായിരുന്നു സന്ദർശനം.
ഊരാളുങ്കൽ സൊസൈറ്റി ജനറൽ മാനേജർ (കെട്ടിടവിഭാഗം) ടി.പി. രാജീവൻ, ഡെപ്യൂട്ടി മാനേജർ ഷിനോജ് രാജൻ, അഞ്ജിത്, അർജുൻ വിശ്വനാഥൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച്് വിലയിരുത്തി. നഗരസഭാധ്യക്ഷൻ സരിൻശശി, വൈസ് ചെയർപേഴ്സൺ പി. ശ്യാമള, വി.പി. മോഹനൻ, എം. രാമകൃഷ്ണൻ, ടി.വി. ഷീബ, കൗൺസിലർമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
നാലരക്കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. സുരക്ഷാവേലിയുടെ പ്രവൃത്തിക്കുശേഷം രണ്ടാംഘട്ട പ്രവൃത്തി തുടങ്ങും. നേരത്തേ രണ്ടുകോടി രൂപ നീക്കിവെച്ചിരുന്നു. മൂന്നുകോടി രൂപ കൂടി ഉൾപ്പെടുത്തി പ്രവൃത്തി തുടരും.
പെരുമ്പപ്പാലവും റോഡും: എം.എൽ.എ. ഇടപെടണം
:പുതിയ ബസ്സ്റ്റാൻഡ് പദ്ധതി പൂർണമാകണമെങ്കിൽ പെരുമ്പപ്പുഴയ്ക്ക് പാലവും ബൈപ്പാസ് റോഡും വേണം. ഇതിനായി ആവിഷ്കരിച്ച പഴയ പദ്ധതി പുനരുജ്ജീവിപ്പിക്കണം. സി. കൃഷ്ണൻ എം.എൽ.എ.യുടെ ഭരണകാലത്ത് ഇതിന്റെ അടങ്കലും വിശദപദ്ധതിരേഖയും (ഡി.പി.ആർ.) പൊതുമരാമത്തുവകുപ്പ് തയ്യാറാക്കിയിരുന്നു.
എന്നാൽ, വലിയ തുക ചെലവുവരുമെന്നതിനാൽ കിഫ്ബിക്ക് നൽകണമെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ കാലത്തും ഈ വിഷയം ഉയർത്തിയിരുന്നു.
പദ്ധതിക്ക് എം.എൽ.എ. ഇടപെടണമെന്ന് നഗരസഭാധ്യക്ഷൻ സരിൻ ശശി ആവശ്യപ്പെട്ടു. പുതിയ ബസ്സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ബൈപ്പാസ് റോഡും പെരുമ്പപ്പുഴയ്ക്ക് പാലവും നിർമിക്കാൻ 2026-27 പുതുക്കിയ ബജറ്റിൽ തുക വകയിരുത്തിയതായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. അറിയിച്ചിരുന്നു.
വിവാദങ്ങൾ ഉണ്ടാക്കി വികസനം തടസ്സപ്പെടുത്തരുത്-നഗരസഭാധ്യക്ഷൻ
:പുതിയ ബസ്സ്റ്റാൻഡ് പദ്ധതിക്കുള്ള ബജറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കി വികസനത്തിന് എം.എൽ.എ. തടസ്സം നിൽക്കരുതെന്ന് നഗരസഭാധ്യക്ഷൻ സരിൻ ശശി പത്രസമ്മേളനത്തിൽ പറഞ്ഞു. ഫണ്ട് വേണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്താവന ഇതുവരെ നടത്തിയിട്ടില്ല. എം.എൽ.എ. ഫണ്ടിനോട് ഒരു അയിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തിന് ഏത് ഫണ്ടും സ്വീകരിക്കാൻ തയ്യാറാണ്. ബസ് സ്റ്റാൻഡിന് പുറമെ, പയ്യന്നുർ സെൻട്രൽ ബസാർ വികസനം ഉൾപ്പെടെ നടപ്പാക്കാനുണ്ട്. അല്ലാതെ വിവാദങ്ങളുണ്ടാക്കി വ്യക്തിഹത്യ നടത്തരുത്. നുണകൾ ആവർത്തിച്ചുള്ള രാഷ്ട്രീയനീക്കം അവസാനിപ്പിക്കണം. എം.എൽ.എ. രാജാവും നഗരസഭാധ്യക്ഷനും തദ്ദേശസ്ഥാപന പ്രസിഡന്റുമാരും സാമന്തൻമാരുമാണെന്ന ധാരണ തിരുത്തണം.
മണ്ഡലത്തിൽ പൂർത്തീകരിക്കാനുള്ള പദ്ധതികൾക്ക് എം.എൽ.എ. മുൻകൈയെടുക്കണം. പുതിയ ബസ് സ്റ്റാൻഡ് പദ്ധതിക്കുള്ള ബജറ്റ് ഫണ്ട് നഗരസഭയ്ക്ക് വേണ്ടെന്ന് കഴിഞ്ഞദിവസം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. പറഞ്ഞതിന് മറുപടി പറയുകയായിരുന്നു നഗരസഭാധ്യക്ഷൻ.
Published: 27 Oct 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented