പുള്ളി ഭഗവതി തെയ്യം | ഫോട്ടോ: മാതൃഭൂമി
ഉത്തരകേരളത്തില്‍ തെയ്യം തുടങ്ങുന്നത് തുലാം പത്തിന്, പത്താമുദയത്തോടുകൂടിയാണ്. പ്രത്യേകിച്ച് കോലത്തുനാട്ടില്‍. കോലത്തുനാട് എന്നുപറയുന്നത് കോഴിക്കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട് വരെ വരുന്നതാണ്. തെക്ക് കോരപ്പുഴ മുതല്‍ വടക്ക് കുമ്പളപ്പുഴ വരെയാണ് കോലത്തിരി സാമ്രാജ്യം പടര്‍ന്നുകിടന്നിരുന്നത്. വ്രതമെടുക്കുന്നതിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അടിസ്ഥാനപരമായി തുലാം പത്തോടുകൂടി തെയ്യം വരുന്നുണ്ടെങ്കിലും ഓരോ നാട്ടിലും ഓരോ കാലത്താണ് തെയ്യം തുടങ്ങുന്നത്. മകരത്തില്‍ തെയ്യം തുടങ്ങുന്ന പ്രദേശങ്ങളുണ്ട്.
ഓരോ നാട്ടിലും തെയ്യക്കാലം ആരംഭിക്കുന്ന ആ മാസംമുതലേ മനസുകൊണ്ടും ശരീരംകൊണ്ടും തെയ്യത്തിനുവേണ്ടി സജ്ജമാക്കപ്പെടുന്നു. പ്രത്യേകമായി വ്രതം എടുക്കേണ്ടുന്ന തെയ്യങ്ങളുമുണ്ട്. അല്ലാത്തവയുമുണ്ട്. തീച്ചാമുണ്ഡി, പൊട്ടന്‍തെയ്യം പോലെ തീയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തെയ്യങ്ങള്‍ക്കെല്ലാം വ്രതം അത്യാവശ്യമാണ്. അതല്ലാതെ നിത്യേനയുള്ള തെയ്യങ്ങളുണ്ട്. ഇവയ്ക്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായുള്ള ചില ശീലങ്ങളും മറ്റും തെയ്യത്തിനുവേണ്ടി ഉപേക്ഷിച്ചുകൊണ്ട് മാനസികമായും ശാരീരികമായും വ്രതം പോലെ സജ്ജമാവുന്നു. അതിനെ വ്രതം എന്ന് പറഞ്ഞുകൂടാ. ഉദാഹരണത്തിന് മുച്ചിലോട്ടുഭഗവതി എന്ന തെയ്യം കെട്ടാന്‍ ഒരു കലാകാരന്‍ തയ്യാറാണെങ്കില്‍ അതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് ഒമ്പത് ദിവസം വ്രതമിരിക്കുന്നത്. ഓരോ തെയ്യത്തിനും അതിന്റേതായ വ്രതം ഉണ്ട്. തെയ്യമാവാന്‍ സ്വയം സജ്ജീകരിക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ വ്രതം എന്നുദ്ദേശിക്കുന്നത്.

ചില തെയ്യങ്ങള്‍ക്ക് മാത്രമാണ് കഠിനമായ വ്രതമെടുക്കേണ്ടതുള്ളൂ. അതില്‍ ഭക്ഷണക്രമം, ശാരീരികമായ വ്യായാമം എന്നതെല്ലാം ഉള്‍പ്പെടും. ഭാര്യയുമായി അകന്നിരിക്കുക, മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുക എല്ലാം വ്രതത്തിന്റെ ഭാഗമാണ്. തിനക്കഞ്ഞി, ഗോതമ്പ് കഞ്ഞി, മല്ലി അരച്ചുചേര്‍ത്തിട്ടുള്ള കഞ്ഞി, നെയ് സേവിക്കുക തുടങ്ങിയവയാണ് ഭക്ഷണമായി ഉണ്ടാവുക.
തെയ്യങ്ങളെ പരിശോധിച്ചാല്‍ അതില്‍ കായികാധ്വാനം ഏറെ വേണ്ടിവരുന്ന തെയ്യങ്ങളുള്ളതായി കാണാം. ഉദാഹരണത്തിന് പെരുവണ്ണാന്‍ സമുദായക്കാര്‍ കെട്ടുന്ന കതിവനൂര്‍ വീരന്‍, മറ്റ് വീരന്‍ തെയ്യങ്ങള്‍, പുലി തെയ്യങ്ങള്‍, മലയ വിഭാഗക്കാര്‍ കെട്ടുന്ന തീച്ചാമുണ്ഡി, പൊട്ടന്‍ തെയ്യം, തെക്കന്‍ ഗുളികന്‍ പോലുള്ള തെയ്യങ്ങള്‍ക്ക് വളരെയധികം കായികപ്രധാന്യമുണ്ട്. വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരാളെ തെയ്യത്തിന്റെ തോറ്റങ്ങളും കലാശങ്ങളുമെല്ലാം പഠിപ്പിക്കും. സന്ധ്യാസമയത്തായിരിക്കും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. ദേഹത്ത് വെളിച്ചെണ്ണ തേച്ച് വീട്ടില്‍വെച്ചാണ് പരിശീലനം. പയറ്റ്, മലക്കം, ചാട്ടം, ഉറുമിയും വാളും പരിചയും പോലുള്ള ആയുധ പ്രയോഗങ്ങള്‍ എല്ലാം പരിശീലിപ്പിക്കും. വീട്ടില്‍ അച്ഛന്‍, അമ്മാവന്‍മാര്‍ എല്ലാം ചേര്‍ന്നുകൊണ്ടാണ് പരിശീലനം നല്‍കുന്നത്. ആദ്യകാലത്ത് കെട്ടിയാട്ട വിഷയവുമായി ബന്ധപ്പെട്ട ഒരാള്‍ ആദ്യം കെട്ടുക കര്‍ക്കിടകത്തില്‍ കെട്ടുന്ന ആടിവേടനാണ്. പത്ത് വയസുമുതല്‍ കുട്ടികളെ ഇതിന് പ്രാപ്തരാക്കിത്തുടങ്ങും. കുട്ടികളെ കിട്ടാനില്ലാത്തതുകൊണ്ടും ചെറുപ്പക്കാര്‍ മറ്റ് ജീവിതമേഖലകള്‍ കണ്ടെത്തിയതുകൊണ്ടും ഇത്തരം കാര്യങ്ങള്‍ കാലഹരണപ്പെട്ടുതുടങ്ങി. പക്ഷേ കാസര്‍കോട് ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും കര്‍ക്കിടകത്തെയ്യങ്ങള്‍ വ്യാപകമായുണ്ട്. തലപ്പാളി വെയ്ക്കുന്ന ചടങ്ങ് ഇതോടുകൂടിയാണ് ആരംഭിക്കുന്നത്. ചെറിയ രൂപങ്ങളിലുള്ള തെയ്യങ്ങള്‍ പതിനാല്-പതിനാറ് വയസുമുതല്‍ തുടങ്ങും. ഒരാളുടെ ശാരീരിക വളര്‍ച്ചയ്ക്ക് അനുസൃതമായിട്ടായിരിക്കും തെയ്യം കെട്ടുക.

തെയ്യങ്ങളുടെ പശ്ചാത്തലമായി വരുന്ന വാദ്യോപകരണങ്ങളുടെ പരിശീലനവും വളരെ ചെറുപ്പത്തില്‍ത്തന്നെ തുടങ്ങും. പതിനഞ്ച് വയസുമുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ കോലുവെച്ചാണ് പരിശീലനം തുടങ്ങുക. ചെണ്ടക്കോല്‍ ഉണ്ടാക്കിയിട്ട് പ്രത്യേകിച്ച് താളമൊന്നുമില്ലാതെ കൊട്ടിക്കുന്നതാണ് ആദ്യപടി. കൊട്ടിക്കൊട്ടി കൈ ഒന്ന് പാകമാവാന്‍ വേണ്ടിയാണിത്. അല്ലാതെ ശാസ്ത്രീയമായി ആദ്യം മുതലേ പഠിപ്പിക്കുകയല്ല. പലകയിലും കല്ലിലുമൊക്കെയായിരിക്കും കൊട്ടുന്നത്. രണ്ടാം ഘട്ടമായാണ് താളമിട്ട് പഠിപ്പിക്കുന്നത്. വായ്ത്താരി കൊണ്ടാണ് താളം പറഞ്ഞുകൊടുക്കുന്നത്. അല്ലാതെ ഒരിക്കലും കൊട്ടിക്കാണിക്കില്ല. മുതിര്‍ന്നവരുടെ വായ്ത്താരികേട്ട് കുട്ടി സ്വയം പഠിക്കുകയാണ് ചെയ്യുന്നത്. കൊട്ടാനുപയോഗിക്കുന്ന ചെണ്ടക്കോലിനും പ്രത്യേകതയുണ്ട്. പുളി, പാറപ്രദേശങ്ങളില്‍ക്കാണുന്ന ചേരിക്കൊട്ട, വലിയ ചെമ്പരത്തി എന്നിവയുടെ തടി ഉപയോഗിച്ചാണ് 'ചെണ്ടക്കോല്‍' നിര്‍മിക്കുന്നത്. നല്ല ഭംഗിയില്‍ വളഞ്ഞുകിട്ടുമെന്നതിനാലാണിവ ഉപയോഗിക്കുന്നത്. ചപ്പങ്ങ എന്ന ചുവന്ന നിറമുള്ള ഒരുതരം മരത്തിന്റെ ചില്ലയാണ് ശാസ്ത്രീയമായി ചെണ്ടക്കോലുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
തുടര്‍ച്ചയായി വീട്ടില്‍ നിന്ന് കൊട്ടിപ്പഠിക്കുന്ന, (കൈ സാധകം വരിക എന്നു പറയും) ഒരു കുട്ടിക്ക് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തെയ്യത്തിന് കൊട്ടാന്‍ പോകാം. ചെണ്ടയും കോലുമായി ഒരു പരിചയമായിക്കഴിഞ്ഞാല്‍ അവനെ പിന്നെ തെയ്യം നടക്കുമ്പോള്‍ കൂട്ടത്തില്‍ ഇരുത്തി കൊട്ടാന്‍ അനുവദിക്കും. ഇങ്ങനെ പതിയെ ഒരു വിദ്യാര്‍ത്ഥിയെ വിദഗ്ധനാക്കും. ഇതല്ലാതെ വാദ്യത്തില്‍ വേറെ പ്രത്യേകിച്ച് അരങ്ങേറ്റം ഒന്നും ഉണ്ടാവാറില്ല. വായ്ത്താരിയനുസരിച്ച് കൊട്ടി പാകമായിക്കഴിഞ്ഞാല്‍ അടുത്ത തലം ഓരോ തെയ്യത്തിനും അനുസരിച്ചുള്ള കൊട്ട് പഠിക്കലാണ്. ഒരു തെയ്യത്തിന്റെ അണിയറയില്‍ നിന്നുള്ള വരവ് ഇങ്ങനെയെല്ലാമാണ് എന്ന് മുതിര്‍ന്നവര്‍ വിദ്യാര്‍ത്ഥിക്ക് വായ്ത്താരി പറഞ്ഞുകൊടുക്കും. അങ്ങനെ ഘട്ടം ഘട്ടമായാണ് ഓരോ കുട്ടിയും ഈ രംഗത്ത് കഴിവുതെളിയിക്കുന്നത്.
തെയ്യത്തിനുമുണ്ട് ആദിയും മധ്യവും അവസാനവുമെല്ലാം. യഥാര്‍ത്ഥത്തില്‍ തെയ്യമെന്നത് ഒരു നാടന്‍ കലയുടെ വിഭാഗത്തില്‍പ്പെടുന്നതാണ്. ശാസ്ത്രീയമായി അഭ്യസിക്കുന്ന കലകള്‍ക്ക് എപ്പോഴും അതിരുണ്ടാവും. ഏത് രീതിയില്‍ ചെയ്യണമെന്നത് സംബന്ധിച്ച്. എന്നാല്‍ ഒരാളുടെ ഉള്ളില്‍ നിന്ന് വരേണ്ടുന്നതാണ് തെയ്യവും പ്രകടനവും. തന്മയീഭാവം എന്നുപറയും. കലാകാരന്റെ ഭാവനയില്‍ നിന്നാണത് വരുന്നത്. ഉദാഹരണത്തിന് പ്രഹ്ലാദചരിതം കഥകളിയില്‍ നരസിംഹം പ്രത്യക്ഷപ്പെട്ട് ഹിരണ്യകശിപുവിനെ വധിക്കുന്ന രംഗമുണ്ട്. അതേ നരസിംഹ വേഷമാണ് വിഷ്ണുമൂര്‍ത്തി എന്ന തെയ്യക്കോലവും. വിഷ്ണുമൂര്‍ത്തിയുടെ വേഷം അഞ്ചാള്‍ ചെയ്താല്‍ അഞ്ചിലും വ്യത്യസ്തതയുണ്ടാവും. ഒരുതരം സെല്‍ഫ് ഇംപ്രൊവൈസേഷന്‍ ഓരോ കലാകാരന്മാരും നടത്തുന്നു എന്ന് സാരം. അതുകൊണ്ട് തന്നെ കലാകാരന്മാര്‍ക്കിടയില്‍ സ്പര്‍ധയും മത്സരബുദ്ധിയും കാണാമെന്ന് തെയ്യം കലാകാരനായ മിനീഷ് പറയുന്നു.

തെയ്യത്തിന്റെ യഥാര്‍ത്ഥ രംഗപ്രവേശം തലേദിവസം മുതല്‍ക്കേ തുടങ്ങുന്നുണ്ട്. പിന്നെ കെട്ടിത്തോറ്റം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എല്ലാ വേഷവിധാനങ്ങളോടും കൂടി തെയ്യം കളത്തിലേക്കിറങ്ങുകയായി. മധ്യമത്തില്‍ ജ്വലിക്കുകയും ശേഷം ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ്, വരും വര്‍ഷത്തേക്കുള്ള എല്ലാ ഭാഗ്യങ്ങളും കൊടുത്ത് പിരിയുന്നു. ആംഗികവും വാചികവും ഒത്തിണങ്ങിയ കലാരൂപമാണ് തെയ്യം. കഥകളിയാവട്ടേ മോഹിനിയാട്ടമാവട്ടേ ആസ്വാദനം മാത്രമാണ് പ്രേക്ഷകന്‍ അവിടെ നടത്തുന്നത്. ഒരു ഭക്തന്‍ അവന്റെ ആവലാതികളും വേവലാതികളും തെയ്യത്തിനടുത്ത് നേരിട്ട് പറയുകയാണ്. അത് തെയ്യം നേരിട്ട് കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈയൊരു ബന്ധം തെയ്യത്തില്‍ മാത്രമല്ലാതെ വേറെവിടെയാണ് കാണാന്‍ സാധിക്കുക? ആദിയും മധ്യവും അന്ത്യവുമില്ലാത്ത കലാരൂപമാണ് തെയ്യം എന്നുവിശ്വസിക്കുന്നവരും ഏറെയാണ്.
തെയ്യങ്ങളേക്കുറിച്ച് പറയുമ്പോള്‍ അവരുടെ ഭാഷയേക്കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല. കണ്ണൂര്‍ ജില്ലയിലെ തെയ്യങ്ങള്‍ക്ക് പ്രത്യേകിച്ച് അങ്ങനെ ഒരു പ്രത്യേകഭാഷയില്ലെന്നാണ് വിദഗ്ധരുടേയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. എന്നാല്‍ കാസര്‍ഗോഡ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ പല ഭാഷകളാണ് തെയ്യങ്ങള്‍ സംസാരിക്കുന്നത്. ഉദാഹരണത്തിന് തുളു സംസാരിക്കുന്ന തെയ്യങ്ങളുണ്ട്. മലയാളവും കന്നഡയും സംസാരിക്കുന്നവരുണ്ട്. അത് പ്രാദേശികമായ ഭാഷാഭേദങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഇതൊന്നുമല്ലാതെ തെയ്യങ്ങള്‍ക്കനുസരിച്ചുള്ള ഭാഷാവ്യത്യാസവുമുണ്ട്. പൊട്ടന്‍തെയ്യം പണ്ടുകാലത്ത് പുലയ സമുദായത്തില്‍പ്പെട്ടവര്‍ ഉപയോഗിച്ചുവന്നിരുന്ന ഭാഷയിലാണ് സംസാരിക്കുന്നത്. പക്ഷേ കാലാനുസൃതമായ മാറ്റം അതിനും വന്നുകഴിഞ്ഞു. ഇതിനെ പ്രതികൂലിക്കുന്നവരുമുണ്ട്. ആഢ്യത്വമുള്ള തെയ്യങ്ങളും കൂട്ടത്തിലുണ്ട്. വേട്ടയ്‌ക്കൊരുമകന്‍ ഇതിനുദാഹരണമാണ്. രാജകീയമായ ശൈലിയാണ് ഇവര്‍ക്ക്. കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള തെയ്യങ്ങളാണ് വേറൊന്ന്. കുറത്തിയമ്മയാണ് ഇതിലൊന്ന്. കൃഷിയുമായി ബന്ധപ്പെട്ട ആയുധങ്ങളായിരിക്കും ഇവരേന്തുക. ചില പ്രത്യേക സമുദായങ്ങള്‍ക്കുള്ള തെയ്യങ്ങളുണ്ട്. കോപ്പാളന്മാരും വണ്ണാന്‍മാരും മലയന്മാരും മാവിലാ, വേട്ടുവാ, പുലയ സമുദായങ്ങള്‍ തുടങ്ങിയവരെല്ലാം അവരവര്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് തെയ്യം കെട്ടുമ്പോഴും ഉച്ചരിക്കുന്നത്.
തീര്‍ന്നില്ല ചില തെയ്യങ്ങള്‍ക്ക് അവരുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയുള്ള ഭാഷയാണ് സംസാരിക്കാറ്. ഉച്ചിട്ട ഭഗവതിയുടെ കാര്യമെടുക്കാം. സ്ത്രീശബ്ദത്തിലാണിവര്‍ സംസാരിക്കാറ്. പുതിയ ഭഗവതിക്കും സ്ത്രീശബ്ദമാണ്. പുലിത്തെയ്യങ്ങളായ പുലിയൂര്‍ കാളി, പുള്ളിക്കരിങ്കാളി, മുച്ചിലോട്ട് ഭഗവതി പോലുള്ളവയും സംസാരിക്കുന്നത് സ്ത്രീശബ്ദത്തില്‍ത്തന്നെ. ഏത് ജാതിവിഭാഗത്തില്‍പ്പെട്ടവരാണോ തെയ്യം അനുഷ്ഠിക്കുന്നത് അവരുടെ ഭാഷാരീതി സ്വീകരിക്കുന്ന തെയ്യക്കോലങ്ങളുമുണ്ട്. എല്ലാത്തിനും പുറമേ ഒരുവാക്കുപോലും സംസാരിക്കാത്ത തെയ്യങ്ങളുമുണ്ട്. പരാളിയമ്മ ഇതിനുദാഹരണമാണ്. നാവ് പുറത്തേക്ക് നീട്ടി കണ്ണുതുറിച്ചാണ് നില്‍ക്കുക. ഈ തെയ്യത്തിന്റെ പിന്നില്‍ നിന്ന് തെയ്യം എന്നപോലെ ഒരാള്‍ സംസാരിക്കുകയാണ് ചെയ്യാറ്. പുലപ്പൊട്ടന്‍ സംസാരിക്കാതെ ആംഗ്യം മാത്രം കാട്ടുന്ന തെയ്യമാണ്. വന്ന്, ഉറഞ്ഞാടി, അനുഗ്രഹം കൊടുത്ത്, ദക്ഷിണ സ്വീകരിച്ച് പെട്ടന്ന് മടങ്ങുന്ന തെങ്ങളുമുണ്ട്. കാട്ടുമടന്ത അഥവാ കാട്ടുമൂര്‍ത്തിയാണ് ഇതിനുദാഹരണം.

തെയ്യവും തിറയും തമ്മില്‍ വ്യത്യാസമുണ്ട്. പ്രധാനപ്പെട്ട കാര്യമെന്താണെന്ന് ചോദിച്ചാല്‍ കോലത്തുനാട്ടിലാണ് തെയ്യമുണ്ടാവുന്നത്. 39 തെയ്യങ്ങളാണ് ശരിക്കുള്ളത്. ഒന്ന് കുറയേ നാല്പത് എന്നാണ് പറയാറ്. അതായത് നാല്പതിന് ഒന്ന് കുറവ്. കോലത്തുനാട്ടിലെ കോലത്ത് ഉദയവര്‍മരാജാവ് കല്പിച്ചുനല്‍കിയതാണ് തെയ്യങ്ങളെ. പക്ഷേ കോലത്തുനാട്ടിലെ തെയ്യങ്ങളുടെ കണക്കെടുത്താല്‍ 39-ല്‍ നില്ക്കില്ല. വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് എല്ലാം തിറയാണ്. ഇവയുടെ രൂപത്തിലും ഭാവത്തിലും അനുഷ്ഠാനങ്ങളിലുമെല്ലാം വ്യത്യാസമുണ്ട്. കോലത്തുനാട്ടിലെ 39 എണ്ണം മാത്രമേ തെയ്യമുളളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബാക്കിയുളളതെല്ലാം തിറയാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
(തുടരും)
Content Highlights: theyyakkalam series part 2, starting of theyyams in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..