എല്ലാ കലകളുടേയും സങ്കലനം, തലമുറകളിലേക്കിറങ്ങിപ്പടർന്ന ലഹരി | തെയ്യക്കാലം -ഭാഗം 1


അഞ്ജയ് ദാസ്. എൻ.ടിതെയ്യക്കോലങ്ങളുടെ എണ്ണം എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും മുന്നൂറിനും നാനൂറിനും ഇടയിൽ തെയ്യങ്ങളുണ്ടെന്നാണ് കരുതുന്നത്.

​ഗുളികൻ തെയ്യത്തിന്റെ വരവ് | ഫോട്ടോ: വരുൺ അടുത്തില | മാതൃഭൂമി

തുലാമാസമെന്നാൽ ഉത്തര കേരളത്തിനെ സംബന്ധിച്ചിടത്തോളം തെയ്യാട്ടങ്ങളുടെ മാസമാണ്. ചമയങ്ങളണിഞ്ഞ്, മണികിലുക്കി, തെയ്യങ്ങൾ കാവുകളിലേക്കിറങ്ങാനാരംഭിക്കുന്ന മാസം. കലയാണോ അനുഷ്ഠാനമാണോ എന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരമില്ല. പക്ഷേ ഒന്നറിയാം. തെയ്യവും തെയ്യത്തിലെ ദേവതകളും ഒരു നാടിന്റെ, ഒരുപറ്റം മനുഷ്യരുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങിയതാണ്. തലമുറകളോളം ആ ലഹരി പടർന്നുകിടക്കുന്നു.

എല്ലാ കലകളുടേയും സങ്കലനം തെയ്യത്തിൽ കാണാനായി സാധിക്കും. നൃത്തം, സംഗീതം, ചിത്രകല, ശില്പകല, പുരാവൃത്തം തുടങ്ങിയവയെല്ലാം ഏത് തെയ്യത്തിൽ നോക്കിയാലും കാണാം. തെയ്യക്കോലങ്ങളുടെ എണ്ണം എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും മുന്നൂറിനും നാനൂറിനും ഇടയിൽ തെയ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. വടക്കേ മലബാറിൽ തെയ്യത്തിനാണ് പ്രചാരമെങ്കിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തിറയാണ് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. പാലക്കാടെത്തുമ്പോൾ അത് ഭൂതാരാധനയായി മാറുന്നു. പക്ഷേ ഇതിലെല്ലാത്തിലുമുള്ള പൊതുവായ കാര്യം മനുഷ്യൻ ദൈവക്കോലം കെട്ടിയാടി ദേവതയെ പ്രീതിപ്പെടുത്തുന്നു എന്നുള്ളതാണ്.

ഫോട്ടോ: എൻ.എം. പ്രദീപ്

കൃഷിക്ക്, പ്രത്യേകിച്ച് നെൽക്കൃഷിക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യത്തെ ഉൾക്കൊള്ളുന്ന കൂട്ടായ്മയുടെ പ്രധാന ഭക്ഷ്യധാന്യം അരിയാണ്. അരിക്ക് തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. കത്തിച്ചുവെച്ച തിരിയോടുകൂടിയ കൊടിയില നോമ്പ് നോറ്റിരിക്കുന്ന കോലധാരി പള്ളിയറയ്ക്ക് മുന്നിൽവെച്ച് കർമിയിൽ നിന്ന് സ്വീകരിക്കുന്നു. ഇതിനെ തുടങ്ങൽ എന്നാണ് പറയുന്നത്. കൊടിയില സ്വീകരിക്കുമ്പോൾ കോലക്കാരൻ പള്ളിപ്പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കും. മുടി താഴ്ത്തിയ ശേഷം, അതായത് തെയ്യം സമാപിച്ചശേഷം പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കുന്നതോടെ ദേവത അതേ സ്ഥാനത്ത് തിരിച്ചെത്തും എന്നാണ് വിശ്വാസം.

തെയ്യവും കൃഷിയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും നല്ല ഉദാഹരണം കുറത്തി തെയ്യമാണ്. കുറത്തി തെയ്യം കാവുമുറ്റത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത് കയ്യിൽ അരിവാളും മുറവുമായാണ്. ഈ തെയ്യത്തിന്റെ കൃഷിചെയ്യുന്ന ചുവടുകൾ കണ്ടാൽ നിറഞ്ഞുനിൽക്കുന്ന നെൽവയലും കൊയ്ത്തുമെല്ലാമാണ് കണ്മുന്നിൽ തെളിയുക. തുലാം പത്തിന് തെയ്യം തന്നെ വിത്തുവിതയ്ക്കുന്ന പതിവുണ്ട് ചില വയലുകളിൽ. ആദ്യത്തെ വിളവെടുപ്പിന് തുടക്കമിടുന്നതും തെയ്യങ്ങളായിരിക്കും. പുലയ സമുദായത്തിൽപ്പെട്ടവരായിരിക്കും ഈ തെയ്യം കെട്ടുന്നത്. പുലം എന്നാൽ വയൽ എന്നർഥം. പുലത്തിന്റെ അവകാശികൾ എന്ന അർഥത്തിലാണ് പുലയർ എന്ന വാക്കുതന്നെ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നു.

കൃഷി പോലെ തന്നെ, ഒന്നുകൂടി വ്യക്തമാക്കിയാൽ കാർഷികവൃത്തിക്ക് മുമ്പ് നായാട്ടായിരുന്നു ജീവിതവൃത്തി. ആ സ്വാധീനം തെയ്യക്കോലങ്ങളിലും കാണാം. വന്യജീവികളിൽ നിന്നുള്ള ആക്രമണം ചെറുക്കാനും മാംസാഹാരത്തിനുമായിരുന്നു ഈ നായാടൽ. ജനജീവിതത്തിന്റെ ഭാഗമായിത്തീർന്ന നായാട്ട് ക്രമേണ അനുഷ്ഠാനമായും രൂപംമാറി. നായാട്ടുദേവതകൾക്ക് ഉദാഹരണങ്ങളാണ് വയനാട്ടുകുലവൻ തെയ്യവും വിഷ്ണുമൂർത്തിയും. ഇതിൽ വയനാട്ടുകുലവൻ ശിവാംശമായും രണ്ടാമത്തേത് നരസിംഹാവതാര സങ്കൽപ്പത്തിലുമാണ്.

വിഷ്ണുമൂർത്തി തെയ്യം | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി

കാസർകോട് ജില്ലയിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് നടക്കുമ്പോൾ കാടുകയറിയുള്ള നായാട്ട് നിർബന്ധമാണ്. ഇന്നും അത് തുടർന്നുപോരുന്നുണ്ട്. നായാടിപ്പിടിച്ച മൃഗങ്ങളെ മെരുവം എന്നാണ് പറയാറ്. മെരുവത്തിന്റെ തല തെയ്യത്തിന് കാഴ്ചവെയ്ക്കും. ബാക്കിയുള്ള മാംസം കളിയാട്ട സ്ഥലത്തുതന്നെ പാകം ചെയ്ത് ഭക്തർക്ക് നൽകും. ബപ്പിടൽ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വയനാട്ടുകുലവന്റെ സന്തതസഹചാരിയായ കണ്ടനാർ കേളൻ തെയ്യമാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതേരീതിയിലുള്ള മറ്റൊരു ചടങ്ങുകൂടിയുണ്ട്. ബ്രാഹ്മണരുടെ വസതികളോട് അനുബന്ധമായി നടക്കുന്ന ഘണ്ടാകർണൻ, ചാത്തൻ, ധൂമാ ഭഗവതി പോലുള്ള തെയ്യങ്ങൾ ഇളവൻ (കുമ്പളങ്ങ) ആണ് മുറിച്ച് പ്രസാദ ഊട്ടിന് നല്കുക. വയനാട്ടുകുലവൻ തെയ്യത്തിന് ഒരിക്കലും ഇളവൻ മുറിക്കാറില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

തെയ്യങ്ങൾക്ക് വൃക്ഷങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മരങ്ങളിലും ദേവതാസാന്നിധ്യമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് കളിയാട്ടത്തിനും കോലത്തിന്റെ മുടിയുണ്ടാക്കലും പോലെ തെയ്യത്തിന്റെ ആവശ്യത്തിനായാൽപ്പോലും മരം മുറിക്കേണ്ടിവരുമ്പോൾ മരത്തിൽ നിന്ന് നീങ്ങിനിൽക്കാൻ ദേവതയോട് പ്രാർഥിക്കാറുണ്ട്. തെയ്യങ്ങളുടെ രൂപഘടനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രകൃതിയിൽ നിന്നുതന്നെയാണ്. മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്നവയും അണിയലങ്ങളും മുടികൾ അഥവാ ശിരോലങ്കാരങ്ങളും നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം പ്രകൃതിയിൽനിന്നുതന്നെ.

ഫോട്ടോ: പി. ജയേഷ്

മുഖത്തെഴുത്തിന് തേപ്പ്, എഴുത്ത് എന്നീ ഘട്ടങ്ങളാണുള്ളത്. മുത്തപ്പൻ, കുറുന്തിനി ഭഗവതി, കുറുന്തിനി കാമൻ, കക്കര ഭഗവതി, പുതിച്ചോൻ, മുന്നായീശ്വരൻ, കർക്കടോത്തി എന്നീ തെയ്യങ്ങൾക്ക് തേപ്പ് മാത്രമേ അലങ്കാരമായുള്ളൂ. മറ്റുള്ളവയ്‌ക്കെല്ലാം എഴുത്തുമുണ്ടാവും. ഓരോ തെയ്യത്തിന്റെ മുഖത്തെഴുത്തിനും അതാത് തെയ്യത്തിന്റെ പുരാവൃത്തവുമായും അനുഷ്ഠാനത്തിലെ പ്രത്യേകതകളുമായും ബന്ധം കാണും. മുഖത്തെഴുത്ത് നടത്തുന്നതിനും ചില രീതികളുണ്ട്. തോറ്റം കഴിഞ്ഞശേഷമായിരിക്കും കോലക്കാരൻ മുഖത്തഴുത്തിനിരിക്കുക. അണിയറയിൽ കിടക്കുന്ന കോലക്കാരന്റെ തലയുടെ എതിർവശത്തിരുന്നാണ് മുഖത്തെഴുത്ത് നടത്തുന്നത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ തലതിരിഞ്ഞാണ് എഴുത്ത്. പ്രത്യേക സാമർത്ഥ്യം വേണ്ട ഈ എഴുത്തിന് വെള്ള, ചുവപ്പ്, കറുപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ് ഉപയോഗിക്കാറ്.

പച്ച തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ് ബ്രഷ് ഉണ്ടാക്കുക. ആവശ്യത്തിന് കൈവിരലുകളും ഉപയോഗിക്കും. വെള്ളനിറത്തിന് അരി അരയ്ക്കും. ഇതിൽ അല്പം മഞ്ഞൾ ചേർത്ത് മെയ്യെഴുത്തിനുള്ള മഞ്ഞരിച്ചാന്ത് ഉണ്ടാക്കും. വിളക്കിന്റെ കരി വെളിച്ചെണ്ണയിൽ ചാലിച്ചാൽ കറുപ്പുനിറം തയ്യാർ. കണ്ണെഴുതാനാണിത്. ചുവപ്പ് നിറത്തിന് കല്ല് പൊടിച്ചതും ചായില്യവും മഞ്ഞയ്ക്ക് മനോലയും ഉപയോഗിക്കുന്നവരുണ്ട്. മനോല ചേർത്ത് പൊടിച്ച അരിയും പൊൻകാരവും കൂട്ടിയരച്ചാണ് പച്ചനിറം തയ്യാറാക്കുന്നത്. ചില തെയ്യങ്ങൾക്ക് മുഖത്തെഴുത്തിന് പകരം മുഖം മറച്ചുകൊണ്ടുള്ള പൊയ്മുഖം അല്ലെങ്കിൽ മാസ്‌ക് ഉപയോഗിക്കാറുണ്ട്. കമുകിൻ പാളയിൽ നിർമിക്കുന്ന ഇത്തരം മുഖംമൂടികൾ 'മോപ്പാള' അല്ലെങ്കിൽ മുഖപ്പാള എന്നാണ് അറിയപ്പെടുന്നത്. പൊട്ടൻ തെയ്യം, ഗുളികൻ തെയ്യം, എളേടത്ത് പോതി എന്നിവയാണ് ഇതിനുദാഹരണങ്ങൾ.

തെയ്യം മുഖത്തെഴുത്ത് | ഫോട്ടോ: വരുൺ അടുത്തില \ മാതൃഭൂമി

കോലധാരിയുടെ ശരീരത്തിൽ ചായം തേച്ചുപിടിപ്പിച്ചാണ് മെയ്യെഴുത്ത് നടത്തുന്നത്. ചില തെയ്യങ്ങൾക്ക് തേപ്പിന് മേൽ ചിത്രങ്ങളും വരയ്ക്കും. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെയാണ് മെയ്യെഴുത്തിനും ഉപയോഗിക്കുന്നത്. തെയ്യങ്ങളുടെ വൈവിധ്യമാർന്ന വേഷഭൂഷാദികളെ അണിയലങ്ങൾ എന്നാണ് വിളിക്കുന്നത്. ഒരു തെയ്യത്തിന് ശരാശരി 25 അണിയലങ്ങളെങ്കിലും ആവശ്യമാണ്. ശരീരാവയവങ്ങളെ അടിസ്ഥാനമാക്കി അണിയലങ്ങളെ നാലായി തിരിച്ചിരിക്കുന്നു. കാക്കരു- കാലിൽ അണിയുന്നത്, അരച്ചമയം- ഉടലിൽ അണിയുന്നത്, കൈക്കരു- കൈയിൽ അണിയാൻ, തലച്ചമയം - തലയിൽ അണിയുന്നത് എന്നിവയാണവ.

കാക്കരുവിൽ ഏറ്റവും പ്രധാന ചിലമ്പാണ്. എല്ലാ തെയ്യങ്ങൾക്കും കാൽച്ചിലമ്പ് നിർബന്ധമാണ്. പറ്റുപാടകം, മണിക്കയൽ എന്നിവയാണ് മറ്റ് കാക്കരുക്കൾ. കാൽമുട്ടിന് താഴെ അണിയുന്ന ഇത് മൂന്നും ലോഹംകൊണ്ട് മൂശാരിമാരാണ് നിർമിക്കുന്നത്. കൈക്കരുവിൽപ്പെട്ട കൈവള മിക്കവാറും എല്ലാ തെയ്യങ്ങളും അണിയാറുണ്ട്. മുരിക്കിൻ തടിയിൽ കൊത്തിയുണ്ടാക്കി ലോഹത്തകിടിൽ പൊതിഞ്ഞാണിത് നിർമിക്കുന്നത്. ചൂഡകം, കടകം എന്നിവയും മിക്ക തെയ്യങ്ങൾക്കുമുണ്ട്. ഭഗവതിക്കോലങ്ങൾ ഭൂരിഭാഗവും കൈയുറ ധരിക്കാറുമുണ്ട്. അരച്ചമയത്തിലേക്ക് വന്നാൽ ഇവ ഏകദേശം 32 എണ്ണം കാണും. അരയിൽച്ചുറ്റുന്ന വസ്ത്രത്തിന് ഒട എന്നാണ് പേര്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്കും തീക്കോലങ്ങൾക്കുമുള്ളത് കുരുത്തോല കൊണ്ടുള്ള ഒടയായിരിക്കും. ഒലിയുടുപ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്. തലച്ചമയത്തിൽ ഏറ്റവും പ്രാധാന്യം മുടിക്കാണ്. മുടി അണിയുന്നതോടെയാണ് കോലക്കാരന്റെയുള്ളിലെ തെയ്യം പരിപൂർണതയിലെത്തുന്നതെന്നും പറയാം. വൃക്ഷങ്ങളുമായി ചേർത്തും മുടിയെ പറയാം. ആകാശം ലക്ഷ്യമാക്കിയാണ് വൃക്ഷങ്ങൾ വളരുന്നത്. മുടിയും അഭിമുഖീകരിക്കുന്നത് ഇതേ ആകാശം തന്നെ.

മുടികളിൽത്തന്നെ പലതരമുണ്ട്. മുള, കവുങ്ങ്, പട്ട്, കുരുത്തോല എന്നിവയാണ് വലിയമുടി നിർമിക്കാൻ ഉപയോഗിക്കുന്നത്. നല്ല വലുപ്പവും ഭാരവുമുണ്ടാവും ഇവയ്ക്ക്. ഭഗവതിമാരിൽ മിക്കവയും വട്ടമുടിയാണ് ഉപയോഗിക്കാറ്. കുരുത്തോലകൊണ്ടുള്ള അലങ്കാരമാണ് ഇവയുടെ പ്രത്യേകത. ചിലവയിൽ ചെറു തീപ്പന്തങ്ങളും കത്തിച്ചുവെയ്ക്കാറുണ്ട്. പൂക്കുട്ടിമുടിയാണ് വീരപുരുഷന്മാർക്ക്. കതിവനൂർ വീരനും തുളുവീരനും കണ്ടനാർ കേളൻ എന്നിവയെല്ലാം ഇതിനുദാഹരണം. മലയർ വിഭാഗം കെട്ടുന്ന എല്ലാ തെയ്യങ്ങൾക്കും പുറത്തട്ട് മുടിയാണ്. കോലക്കാരന്റെ പിൻഭാഗത്തായി വൃത്താകൃതിയിൽക്കിടക്കുന്നു ഇത്. രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, രക്തേശ്വരി, മൂവാളംകുഴി ചാമുണ്ഡി എന്നിവ ഉദാഹരണം.

രക്ത ചാമുണ്ഡി തെയ്യം | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി

തലച്ചമയങ്ങളിൽ മുടിക്ക് പുറമേ എകിറ്, പൊയ്ക്കണ്ണ്, താടിമീശ എന്നിവയുമുണ്ട്. കുട്ടിച്ചാത്തൻ, ഭൈരവൻ, കാലിച്ചേകോൻ, വയനാട്ടുകുലവൻ എന്നിവയാണ് പൊയ്ക്കണ്ണ് ധരിക്കുന്ന തെയ്യങ്ങൾ. ചില ഭഗവതി തെയ്യങ്ങൾക്ക് എകിറുണ്ടാവും. ഇത് രണ്ടും ലോഹനിർമിതമാണ്. കറുത്ത താടിയും വെളുത്ത താടിയും ധരിക്കുന്ന തെയ്യങ്ങളുണ്ട്. മുത്തപ്പൻ, കണ്ടനാർ കേളൻ, പൂക്കുട്ടിച്ചാത്തൻ, നാഗകണ്ഠൻ മുതലായവയ്ക്കാണ് വെളുത്തതാടി. കറുത്ത താടിയാകട്ടെ പൂമാരുതൻ, കതിവന്നൂർ വീരൻ, കരിവേടൻ, മുന്നായീശ്വരൻ എന്നിവയ്ക്കും. ക്ഷേത്രപാലൻ, കരിങ്കുട്ടിച്ചാത്തൻ, ഘണ്ടാകർണൻ എന്നിവയ്ക്കാകട്ടെ അധികം കടുപ്പമില്ലാത്ത മുരിക്കിൻതടി കൊണ്ടുള്ള തൂക്കുതാടിയും.

തെങ്ങിൻ കുരുത്തോലയ്ക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യങ്ങളുടെ ഉടയാടകളിലും അനുഷ്ഠാനങ്ങളിലും കുരുത്തോലയ്ക്ക് ഇടമുണ്ട്. കുരുത്തോല ഭംഗിയായി മുറിച്ച് ചമയമുണ്ടാക്കുന്നത് ഒരു കലതന്നെയാണ്. എല്ലാ തെയ്യംകെട്ട് കലാകാരന്മാരും ഈ വിദ്യയിൽ പ്രഗത്ഭരാണെങ്കിലും മലയ സമുദായത്തിൽപ്പെട്ടവർ ഇതിൽ പ്രത്യേകം സാമർത്ഥ്യമുള്ളവരാണ്.

കണ്ടനാർകേളൻ തെയ്യം | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി

അണിയലങ്ങളിൽ കോലധാരികൾ ഏറ്റവും പ്രാധാന്യം നൽകുന്നത് തലപ്പാളിക്കാണ്. കോലക്കാരൻ ശരീരത്തിൽ ആദ്യം അണിയുന്ന ആഭരണം ഇതാണ് എന്നതുതന്നെ ഇതിനുകാരണം. തലയിൽ ചുവന്ന തുണികെട്ടി, നെറ്റിയിലാണ് തലപ്പാളി അണിയുക. കോലധാരികൾ അത്രയേറെ വിശുദ്ധമായി കാണുന്ന തലപ്പാളി വെള്ളിയോ വെള്ളോടോ ഉപയോഗിച്ചാണ് നിർമിക്കുന്നത്. അണിയറയിൽ പ്രത്യേകം സ്ഥാനംതന്നെയുണ്ട് തലപ്പാളി സൂക്ഷിക്കാൻ. 21 ആരങ്ങളാണ് തലപ്പാളിയിലുള്ളത്. 21 ഗുരുക്കന്മാരാണിതെന്നാണ് സങ്കല്പം. തെയ്യം കെട്ടുന്ന എല്ലാ സമുദായങ്ങൾക്കും തലപ്പാളി ഒരുപോലെയാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.

(തുടരും)

Content Highlights: theyyam season in kerala, theyyam and agriculture relation, theyyam make up

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented