തെയ്യങ്ങള്‍ ഉറയുമ്പോള്‍
വര്‍ണശബളമായതൊന്ന് ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ല. ദൈവമെന്നതിന്റെ ഗ്രാമ്യരൂപമാണ് തെയ്യം. തുലാപ്പത്ത് മുതല്‍ എടവപ്പാതി വരെ ഉത്തരദേശത്ത് തെയ്യക്കാലമാണ്. വടക്കന്‍ ഗ്രാമങ്ങളുടെ ഉള്ളറകളിലെല്ലാം തുയിലുണരാന്‍ ഒരുങ്ങി നില്‍ക്കുകയാണ് തെയ്യങ്ങള്‍. 'തെയ്യപ്രപഞ്ച'ത്തിന്റെ ഗ്രന്ഥകാരനായ ഡോ. ആര്‍.സി.കരിപ്പത്തും തെയ്യം കഥകളാല്‍ മലയാള ഭാഷയെ സമ്പന്നമാക്കിയ ഡോ. അംബികാസുതന്‍ മാങ്ങാടും പത്താമുദയത്തലേന്ന് 'മാതൃഭൂമി'ക്ക് വേണ്ടി ഒന്നിച്ചിരുന്നപ്പോള്‍
?കാവുകളുടെയും അനുഷ്ഠാനങ്ങളുടെയും മാറ്റം കാലങ്ങളില്‍
=ആര്‍.സി.കരിപ്പത്ത്
: തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിന്റെ തനിമയും മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാവുകളുടെ തനിമ നഷ്ടപ്പെടുന്നു. മാഹി മുതല്‍ കുമ്പള വരെ സഞ്ചരിച്ചാല്‍ കാവുകള്‍ക്ക് വരുന്ന മാറ്റം കാണാം. തെയ്യം എന്നത് വന്നുകൂടുന്ന സങ്കല്‍പ്പമാണ്. ഓരോ കാവിലും തെയ്യം കൂടുകയാണ്. അതിനെ പ്രതിഷ്ഠിക്കാന്‍ സാധ്യമല്ല, പ്രതിഷ്ഠിച്ചാല്‍ തൊട്ടടുത്ത കാവില്‍ ചെണ്ടയുടെ ശബ്ദം കേട്ട് എഴുന്നേറ്റ് വരാന്‍ ദൈവത്തിന് സാധിക്കില്ല. തെയ്യങ്ങളുടെ വേഷത്തിലും രൂപത്തിലും നല്ലതല്ലാത്ത മാറ്റങ്ങള്‍ വരുകയാണ്. പ്ലാസ്റ്റിക്കിന്റെയും കൃത്രിമ വസ്തുക്കളുടെയും കടന്നുകയറ്റം ഉണ്ടായി. മുഖത്തെഴുത്തിലും മേലെഴുത്തിലും ശ്രദ്ധ കുറയുന്നു. തോറ്റംപാട്ട് പകുതിയില്‍ അവസാനിപ്പിക്കുന്നത് പതിവായി. കേള്‍ക്കാന്‍ ആളില്ലെങ്കില്‍ പാടാന്‍ താല്പര്യമില്ലാത്ത അവസ്ഥയുമുണ്ട്. ഒരു ഭാഗത്ത് തോറ്റംപാട്ട് പാടുമ്പോള്‍ മറുഭാഗത്ത് തട്ടുപൊളിപ്പന്‍ നാടന്‍പാട്ട് എന്ന അവസ്ഥ സങ്കടകരമാണ്.
=അംബികാസുതന്‍
:പണ്ട് തെയ്യങ്ങള്‍ക്ക് ചുറ്റും ഭക്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് കാണികളും കലാകാരനും എന്ന നിലയില്‍ വളരുകയാണ്. സാമൂഹിക മാധ്യമങ്ങളാണ് അതിന് പിന്നില്‍. വീഡിയോ ദൃശ്യങ്ങള്‍ക്കുള്ളതല്ല കോലധാരണം. ഫോട്ടോ എടുക്കാനും പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ തെയ്യത്തിന്റെ തനിമ ചോര്‍ന്ന് പോകുന്നുണ്ട്. അനുഷ്ഠാന കലാരൂപത്തെ ജാഥയിലോ വേദികളിലോ പ്രദര്‍ശിപ്പിക്കരുത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി തെയ്യത്തെ കൊണ്ടുപോകുന്നതും അവരെ ഗുഡ്‌മോണിങ് പറഞ്ഞ് സ്വീകരിക്കാന്‍ നിര്‍ത്തുന്നതും വേദനാജനകമാണ്. സിനിമയ്ക്ക് വേണ്ടിയായാല്‍ പോലും തെയ്യം അവതരിപ്പിക്കുന്നത് അനുഷ്ഠാനങ്ങള്‍ പാലിച്ചാകണം. തെയ്യം കാണാനും ആ സൗന്ദര്യം ആസ്വദിക്കാനും താത്പര്യപ്പെടുന്നവര്‍ അനുഷ്ഠാനക്രമങ്ങളോടുകൂടി അത് കാണാനായി ഉത്തരകേരളത്തിലെ കാവുകളില്‍ എത്തണം.
?കോലധാരികള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച്
=അംബികാസുതന്‍
:കോലധാരികള്‍ ശാരീരികവും മാനസീകവുമായി വലിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുന്നുണ്ട്. അതു ചര്‍ച്ച ചെയ്യപ്പെടണം. തിരുത്തേണ്ടത് തിരുത്തണം. അനാവശ്യമെന്ന് തോന്നുന്നത് ഒഴിവാക്കണം. രോഗബാധിതരാകുന്നവരുണ്ട്. ചികിത്സയ്ക്കു പണമില്ലാത്തവരുണ്ട്. ഉണങ്ങാത്ത മുറിവുകളുണ്ടാകുന്നവരുണ്ട്. തെയ്യക്കാരന്‍ ചാടുന്നത് അനിശ്ചിതത്വത്തിലേക്കാണ്. അവിടെ എന്തും സംഭവിക്കാം. അപകടകരമായ അനുഷ്ഠാനങ്ങള്‍ക്കു മാറ്റമുണ്ടാകണം.
=ആര്‍.സി.കരിപ്പത്ത്
: തെയ്യക്കാലം വളരെ ചെറിയ കാലമാണ്. മറ്റു സമയങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. കനലാടിമാരുടെ സങ്കടങ്ങള്‍ക്ക് പലരും ചെവി കൊടുക്കാറില്ല. തെയ്യത്തിന്റയകത്ത് ഒരു മനുഷ്യനുണ്ടെന്ന കാര്യം മറക്കരുത്. മനുഷ്യനെയാണ് കനല്‍ കൂനയിലേക്ക് എടുത്തെറിയുന്നതെന്ന ഓര്‍മയുണ്ടാകണം. അപകടരമായ രീതിയില്‍ തെയ്യം കെട്ടിയാടുന്ന, മേലേരിയില്‍ വീഴുന്ന തീപ്പന്തങ്ങള്‍ക്കിടയില്‍ ചുവട് വയ്ക്കുന്ന കോലധാരികള്‍ക്ക് പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം. അത് കാവധികാരികള്‍ ഉറപ്പ് വരുത്തണം. വെടിക്കെട്ടിനും കലാപരിപാടികള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംഘാടകര്‍ക്ക് തെയ്യക്കാരന്റെ കോള് (ദക്ഷിണ) വര്‍ധിപ്പിക്കാന്‍ മടിയാണ്.
?മതമൈത്രിയും സാമൂഹിക പ്രാധാന്യവും തെയ്യത്തില്‍
=ആര്‍.സി.കരിപ്പത്ത്
:നൂറ്റാണ്ടുകള്‍ മുന്‍പേ മതമൈത്രിയുടെ വലിയൊരു ലോകം തെയ്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. പെരുങ്കളിയാട്ടങ്ങളും വയനാട്ടുകുലവന്‍ തെയ്യംകെട്ടും മതം മറന്നുള്ള മനസുകളുടെ സംഗമമാണ്. മാപ്പിള തെയ്യം, ഉമ്മച്ചി തെയ്യം, ബപ്പൂരന്‍ തെയ്യം തുടങ്ങിയ മാപ്പിള തെയ്യങ്ങള്‍ ഉദാഹരണമാണ്. മുസ്‌ലിം പള്ളിയിലേക്ക് പോകുന്ന വിഷ്ണുമൂര്‍ത്തിയെ മുസ്‌ലിം സഹോദരങ്ങള്‍ അരിയെറിഞ്ഞ് എതിരേല്‍ക്കുന്ന നാടാണിത്. ഒടപ്പറപ്പേ... എന്ന വിഷ്ണുമൂര്‍ത്തിയുടെ വിളിയില്‍ മതമൈത്രിയുടെ മനോഹരസ്വരം കേള്‍ക്കാം. അഞ്ചുനേരം നിസ്‌കാരത്തിനും നോമ്പിനും ഊനം കൂടാതെ ഞാന്‍ കാത്തുപോന്നില്ലേ എന്ന് തെയ്യം ചോദിക്കുമ്പോള്‍, അത് നല്‍കുന്ന സന്ദേശത്തിന്റെ വ്യാപ്തി വലുതാണ്. ജാതീയതക്കെതിരായ ഏറ്റവും ശക്തമായ മലയാള കവിതയാണ് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം. 'നീങ്കളെ കൊത്ത്യാലും ചോരയല്ലേ ചോവറെ, നാങ്കളെ കൊത്ത്യാലും ചോരയല്ലേ ചോവറെ' എന്ന കൂര്‍മല്‍ എഴുത്തച്ഛന്റെ വരികള്‍ സാഹോദര്യത്തിന്റെ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു സാന്ത്വന ഔഷധമാണ് തെയ്യം. സങ്കടപ്പെടുന്നവന്റെ തലയില്‍ തൊട്ട് '96 മഹാവ്യാധിക്ക് 108 ഔഷധമായിട്ടും ധന്വന്തരിയായി ഞാന്‍ നിലനിന്നുപോരാ' എന്ന് തെയ്യം പറയുമ്പോള്‍ ഉള്ളില്‍ കരുത്താണ് നിറയുന്നത്.
=അംബികാസുതന്‍
: മനുഷ്യനെ ധര്‍മനിരതനാക്കുന്ന ഒരു ബോധം കൂടി തെയ്യം നല്‍കുന്നു. തെയ്യത്തിന്റെ തോറ്റങ്ങളിലും ഉരിയാട്ടങ്ങളിലും പഴയകാല ചരിത്രത്തിന്റെ പടലങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പോലുള്ളവ മലയാള കവിതയുടെ സിലബസില്‍ ഉള്‍പ്പെടുത്തണം. മാക്കം തോറ്റം കണ്ണുനനയിക്കുന്നതാണ്. പഴയ ഭാഷയും പഴയ കാലവും മനസിലാകാന്‍ അത് ഉപകരിക്കും. രത്‌നങ്ങളെപ്പോലെ ശോഭിക്കുന്ന പഴയ വാക്കുകള്‍ കണ്ടെത്താന്‍ അത് സഹായകമാകും. വേദനിച്ചവന്റെയും ചവിട്ടി മെതിക്കപ്പെട്ടവന്റെയും നിലവിളിയാണ് തോറ്റങ്ങള്‍.
?വേണോ വെടിക്കെട്ട്
=അംബികാസുതന്‍
: ചെണ്ട കേളികൊട്ടിനുള്ളതാണ്. വരവിളി നേരത്തും അതിന്റെ ശബ്ദം മതിയാകും. ആ സ്ഥാനത്ത് വന്‍തുക ചെലവഴിച്ചുള്ള വെടിക്കെട്ട് അനാവശ്യമാണ്. കാവുകളിലെ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നതാണത്. നിരോധിക്കേണ്ടതാണ്. ആഘോഷങ്ങള്‍ ദുരന്തങ്ങളാകുന്നത് നാടിനു നാണക്കേടാണ്.
=ആര്‍.സി.കരിപ്പത്ത്
: പേരുതന്നെ കാവെന്നാണ്. ആ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതാണ്. മഴയും വെയിലും കൊള്ളേണ്ടിടങ്ങളാണ് കാവുകള്‍. അത് മനുഷ്യന് മാത്രം അവകാശപ്പെട്ടിടങ്ങളല്ല. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങള്‍ക്കും അഭയകേന്ദ്രമാണവിടം. കൃഷ്ണമണിപോലെ കാക്കേണ്ടിടം. കരിമരുന്നിന്റെ വിഷം തീണ്ടാനുള്ളിടമല്ലത്.
?തെയ്യമെന്ന അനുഷ്ഠാനത്തിന് ഭംഗംവരുന്നുണ്ടോ
=അംബികാസുതന്‍
:കാഴ്ചക്കാര്‍ കുറയുമ്പോള്‍ കോലധാരി തെയ്യത്തിന്റെതായ അനുഷ്ഠാനങ്ങളും കുറക്കുന്നു. തോറ്റംപാട്ടിലും നടനത്തിലുമെല്ലാം സ്വയം കുറവ് വരുത്തി വേഗത്തില്‍ തിരുമടിയഴിക്കുന്നു. ചായമെഴുത്തില്‍ പോലും കുറവ് വരുത്താന്‍ നോക്കുന്നു. പ്രകൃതിയില്‍ നിന്നുള്ള പലതരം കൂട്ടുകളായിരുന്നു മുഖത്തെഴുത്തിന്റെ ചായില്യം. അത് രാസവസ്തുക്കള്‍ക്ക് വഴിമാറുന്നു.
=ആര്‍.സി.കരിപ്പത്ത്
:ദൈവ വിശ്വാസത്തിന്റെയും സൗന്ദര്യ സങ്കല്‍പത്തിന്റെയും സമൂര്‍ത്ത രൂപമാണ് തെയ്യം. അതിനെ പ്രച്ഛനവേഷമായി കാണരുത്. ലളിതകലകള്‍ ഒരുപാട് അതില്‍ അടങ്ങിയിട്ടുണ്ട്. നാടിന്റെ ഹൃദതാളമാണത്. ഭക്തനും തെയ്യവും എന്നത് മാറി കാണിയും കലാകാരനുമെന്നതിലേക്കെത്തിയതാണ് പ്രശ്നം. വെറും കാഴ്ചക്കാരന്‍ മാത്രമായി ആളുകള്‍ മാറുമ്പോള്‍ അവിടെ അനുഷ്ഠാനത്തിനെന്ത് പ്രസക്തിയെന്ന് കോലധാരിയും ചിന്തിക്കുന്നു. അനുസ്ഥാനമാണ് അനുഷ്ഠാനമായത്. പണ്ടേ ചെയ്തുവെച്ചത് ഒന്നു കാണിക്കുന്നു എന്നു മാത്രം. അതുള്‍ക്കൊള്ളാന്‍ പുതിയ തലമുറയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ തെയ്യം ഒരു കാഴ്ച വസ്തുവായി മാത്രമൊതുങ്ങും.
?സിനിമയ്ക്കായി തെയ്യം അവതരിപ്പിച്ചാല്‍ കോലധാരിക്ക് 'ഭ്രഷ്ട്' കല്പ്പിക്കുന്ന പ്രവണതയെക്കുറിച്ച്
=അംബികാസുതന്‍
: അനുഷ്ഠാനമില്ലാതെ ഒരു തെയ്യവും കെട്ടിയാടാന്‍ പാടില്ല. സിനിമാ ഷൂട്ടിങ്ങിന് വേണമെങ്കില്‍ അവിടെയും അനുഷ്ഠാനമുണ്ടാകണം.
=ആര്‍.സി.കരിപ്പത്ത്
:ഭക്തിയോടെ കാണുന്ന വിശ്വാസത്തിന്റെ ഭാഗമാണ് തെയ്യം. അരയ്ക്കു ചുറ്റിലും തീപ്പന്തവുമേന്തി നില്‍ക്കുന്ന പുതിയ ഭഗവതിയോട് ആക്ഷന്‍ എന്നു പറഞ്ഞ് മുന്നോട്ട് വരാന്‍ പറയുകയാണ് ഷൂട്ടിങ് ലൊക്കേഷനില്‍. നടന്നു വരുമ്പോള്‍ തീ മുഖത്തേക്ക് ആളുകയാണ്. കളിയാട്ടത്തില്‍ കെട്ടുമ്പോള്‍ അങ്ങനെ തീ ആളാതെ അരികിലേക്ക് ചുവട് വയ്ക്കാന്‍ കോലധാരിക്കാകും.
Content Highlights: Explore the vibrant world of Theyyam, its rituals, the challenges faced by performers and artists, and its profound cultural and social significance.
Published: 26 Oct 2025, 08:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented