കാഞ്ഞങ്ങാട്: പൈതങ്ങളേയെന്നുള്ള വിളി. മഞ്ഞൾക്കുറി നൽകി ഗുണംവരുമെന്ന് പറഞ്ഞ് അനുഗ്രഹിക്കൽ. വിശ്വാസപ്പെരുമയിൽ നിറയുന്ന കളിയാട്ടക്കാലത്തിന്റെ തുടക്കമായി തുലാപ്പത്ത് ദിവസമായ തിങ്കളാഴ്ച അനുഷ്ഠാനങ്ങൾ നടക്കും. കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും ഈ വർഷം തെയ്യാട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പത്താമുദയച്ചടങ്ങ് നിർബന്ധമാണ്. തുലാം ഒന്നിന് തന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങിയിരുന്നു. എന്നാൽ കളിയാട്ടക്കാലത്തിന്റെ വരവറിയിക്കുന്ന അനുഷ്ഠാനം നടക്കുന്നത് തുലാം പിറന്ന് പത്താംദിവസമാണ്.
വിശ്വാസത്തേയും കാർഷിക സംസ്കാരത്തേയും ജന മനസുകളിൽ നിറയ്ക്കുന്ന പുണ്യ ദിവസമെന്നാണ് തുലാപ്പത്ത് അഥവാ പത്താമുദയത്തെ പറയുന്നത്. വിശ്വാസികൾക്ക് മനക്കരുത്താണ് ഓരോ തെയ്യക്കോലവും. കൃഷി സമൃദ്ധിയെ കാണാൻ പുഴകടന്നെത്തിയും വയലിലിറങ്ങിയും കാർഷിക സംസ്കൃതിയുടെ പെരുമയറിക്കുന്നു തെയ്യങ്ങൾ. അണിഞ്ഞൊരുക്കത്തിൽ, മിക്കതും കാർഷിക വിളകളിൽ നിന്നുള്ളതാണ്.
തെങ്ങോലയും വാഴത്തണ്ടുകളും തുടങ്ങി ചെക്കിപ്പൂവരെയുണ്ടതിൽ. പത്താമുദയ ദിവസവും കാർഷിക സംസ്കാരത്തിന് വലിയ പ്രാധന്യം കൽപ്പിക്കുന്നു. കിണ്ടിയിൽ വെള്ളം നിറച്ച് തുളസിയിലയിട്ട് സൂര്യനെ പ്രാർഥിക്കുന്നതിൽ തുടങ്ങി മൺമറഞ്ഞ കാരണവർക്ക് അകത്തു വച്ചുകൊടുക്കുന്നതിലേക്കു വരെ നീളുന്ന അനുഷ്ഠാനങ്ങളാണ് തറവാട്ടുകളിൽ. സംക്രമ ദിവസങ്ങളിൽ നടക്കുന്ന അനുഷ്ഠാനങ്ങൾ അതുപോലെയോ അതിൽ കൂടുതലോ ആയി പത്താമുദയ നാളിൽ കാവുകളിൽ ചടങ്ങുകൾ നടക്കും. തറവാട്ടിലെ പൂജാമുറിയിൽ നിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയിൽ അടുപ്പുകൂട്ടും. വെള്ളോട്ടുരുളിയിൽ ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചാൻ (കാലിച്ചേകവൻ) ദൈവത്തിന് നിവേദിക്കും. കോലധാരികൾ, ആചാര സ്ഥാനികർ എന്നിവർക്കു കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലും. കന്നുകാലികളും വയലും വിതപ്പാട്ടുമായുള്ള നാട്ടുനന്മയേയും പത്താമുദയം ഓർമിപ്പിക്കുന്നു.
കോലധാരികളും ക്ഷേത്ര സ്ഥാനികരുമായിട്ട് മൂവായിരത്തിലേറെപ്പേരുണ്ട് കണ്ണൂർ കാസർകോട് ജില്ലകളിൽ. മാനസികമായും ശാരീരികമായും തെയ്യാട്ടക്കാലത്തിലേക്കുള്ള ഇവരുടെ പ്രവേശനം കൂടിയാണ് ഈ ദിവസം. മനസും ശരീരവും ദൈവത്തിലലിഞ്ഞു ചേർന്നുള്ള പരകായ പ്രവേശത്തിനായി ഓരോ കോലധാരികളും പ്രാർഥനയിൽ മുഴുകുന്ന ദിവസം. കാവുകളിലെ ശ്രീകോവിലിനുള്ളിലും തറവാട്ടുകളിലെ പടിഞ്ഞാറ്റയിലുമെല്ലാം തിരുവായുധമെടുത്ത് പ്രാർഥിച്ചു വയ്ക്കും.മുന്നൊരുക്കമായി തേച്ചും മിനുക്കിയും പുതിയത് വാങ്ങിയുമൊക്കെ തയ്യാറാക്കി വച്ച കാൽച്ചിലമ്പും കൈവളയും തൊട്ട് ഉടയാടകൾ വരെ തൊട്ട് പ്രാർഥിക്കുന്നു ഓരോ കോലധാരികളും പത്താമുദയ ദിനത്തിൽ. ഓരോ കളിയാട്ടക്കാലത്തും ഒരു രാപ്പകലിൽ തീരുന്നത് മുതൽ ദിവസങ്ങൾ നീളുന്ന പെരുങ്കളിയാട്ടങ്ങൾ വരെയുണ്ട്. വടക്കേ മലബാറുകാർക്ക് ഗൃഹാതുരത്വം കൂടിയാണ് കളിയാട്ടക്കാലം. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവർ അവരവുടെ നാട്ടിലെ കളിയാട്ടക്കാലത്തെത്തും. വിശ്വാസത്തിനൊപ്പം കൂട്ടായ്മയുടെയും സംഘബലത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹകൈമാറ്റത്തിന്റെയുമൊക്കെ ദിനരാത്രങ്ങളാണ് തെയ്യക്കാലം.
Published: 26 Oct 2025, 09:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented