കേരളം മറന്നിട്ടില്ല ഈ വാക്കുകൾ

"രാവിലെ മുതൽ വൈകുന്നേരം വരെ കോടതിയിൽ ഇരിക്കേണ്ടി വന്ന ആ പതിനഞ്ചു ദിവസങ്ങൾ... ഏഴ് അഭിഭാഷകരെ അഭിമുഖീകരിക്കുക, അവരുടെ ചോദ്യങ്ങൾ, ക്രോസ് വിസ്താരങ്ങൾ, ശാരീരിക പരിശോധന... ആ നിമിഷങ്ങളിൽ തികച്ചും ഒറ്റയ്ക്കായതുപോലെ എനിക്കു തോന്നി. സംഭവിച്ചതിലൂടെ വീണ്ടും വീണ്ടും കടന്നുപോകുക. കോടതിയിലിരിക്കുന്ന ഓരോ സെക്കൻഡും തെറ്റൊന്നും ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് ആവർത്തിച്ചാവർത്തിച്ച് തെളിയിക്കേണ്ടി വരിക. ഞാൻ തകർന്നു പോയിരുന്നു. ആ ദിവസങ്ങളിൽ ഇതെന്റെ പോരാട്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കു വേണ്ടി കോടതിയിൽ ഞാൻ തന്നെ പോരാടിയേ മതിയാകൂ എന്ന് മനസ്സിലാക്കി. നടന്നുകൊണ്ടിരിക്കുന്നത് ഞാനും ലോകവും തമ്മിലുള്ള യുദ്ധമാണെന്ന് പോലും തോന്നിപ്പോയി" - ആക്രമിക്കപ്പെട്ട നടി

To advertise here,

"കേസെടുത്ത് വർഷങ്ങൾക്കു ശേഷമാണ് വിചാരണയ്ക്ക് വിളിക്കുന്നത്. ധൈര്യത്തോടെയും മനക്കട്ടിയോടെയും അനുഭവിച്ചതിനെല്ലാം നീതി കിട്ടുമെന്ന് കരുതി വല്ലാത്തൊരു മാനസികാവസ്ഥയിലാണ് കോടതിയിൽ പോകുന്നത്. കൈയും കാലും വിറച്ചിരുന്നു. കോടതിയും പോലീസുമെല്ലാം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്. എന്നാൽപ്പോലും നമ്മുടെ ദേഹത്തെയും മനസ്സിനെയും ക്രൂരമായി ദ്രോഹിച്ചവരുടെ മുഖത്തു നോക്കി സത്യങ്ങൾ വിളിച്ചു പറയാനുള്ള ആഗ്രഹത്തോടെയാണ് ഞാൻ പോയത്. ആ വ്യക്തിയുടെ മുഖത്തു നോക്കി സത്യം വിളിച്ചു പറയുമ്പോൾ ചെയ്ത ക്രൂരതയുടെ ആഴം അവർക്ക് അപ്പോഴെങ്കിലും മനസ്സിലാകുമെന്ന്, അവരുടെ മനസ്സിനെ അതു മുറിവേൽപ്പിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, കോടതിയിൽ ചെന്നു നിന്നപ്പോൾ അഭിമുഖീകരിക്കേണ്ടി വന്ന പ്രതികളുടെ വക്കീലന്മാരുടെ ചോദ്യം കേട്ടാൽ ജന്മത്തിൽ പിന്നെ കോടതി കയറാൻ തോന്നില്ല. ഓടിക്കളയും... അവരുടെ ചോദ്യങ്ങൾക്ക് ആദ്യമെല്ലാം പതറാതെ മറുപടി പറഞ്ഞതോടെ എന്റെ മനസ്സിനെ എങ്ങനെയെല്ലാം മടുപ്പിക്കാൻ കഴിയുമോ, ഒന്നും പറയാതാക്കാൻ പറ്റുമോ എന്ന ശ്രമമായി. ശാരീരികമായി ബന്ധപ്പെട്ടപ്പോൾ പുറത്തുവന്ന ദ്രാവകത്തിന്റെ നിറമെന്തായിരുന്നെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും അതാലോചിക്കുമ്പോൾ എനിക്ക് ശരീരം മുഴുവൻ പെരുത്തു കയറും. അതോടെ കോടതിയിൽപ്പോക്ക് ഞാൻ വെറുത്തു...'' - മുഖമില്ലാതെ സ്ഥലനാമത്തിൽ ഒതുങ്ങിപ്പോയ അതിജീവിത

'എന്താണ് സംഭവിച്ചതെന്ന് പച്ചയ്ക്ക് ചോദിക്കുകയാണ്... എല്ലാം എങ്ങനെയെങ്കിലും മറന്നാൽ മതിയെന്ന് കരുതിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അപ്പോഴാണ് വർഷങ്ങൾക്കു ശേഷം നടക്കുന്ന വിചാരണയിൽ എവിടെയാണ് ആദ്യം തൊട്ടത്, എങ്ങനെയാണ് സംഭവിച്ചത് എന്നൊക്കെ ചോദിക്കുന്നത്. പരാതി കൊടുക്കാൻ തോന്നിയ നിമിഷത്തെപ്പോലും ഞാൻ ശപിച്ചുപോയി.'- ഒരു അതിജീവിത  

പരാതി മുതൽ വിചാരണയിലേക്കും അവിടെനിന്ന് നീതിയിലേക്കുമുള്ള ദൂരം, ഇരയിൽനിന്ന് അതിജീവിതയിലേക്കുള്ള മനക്കരുത്തിന്റെ ദൂരം...  യാത്ര എത്രമേൽ കഠിനമെന്ന് വെളിവാക്കുന്നതാണ് പല കാലങ്ങളിലുള്ള ഇവരുടെഅനുഭവങ്ങൾ. ബലാത്സംഗം നേരിടുന്നവർ കോടതിമുറികളിൽ ഒരർഥത്തിൽ വെർബൽ റേപ്പിനുകൂടി ഇരയാകുന്നു, ജീവിതകാലം മുഴുവൻ 'ഞാൻ തെറ്റുകാരിയല്ല എന്റെ അനുവാദത്തോടെയല്ല ഇത് സംഭവിച്ചതെന്ന്'  തെളിയിക്കേണ്ടി വരുന്നു.

  • വിക്ടിം ഷെയ്മിങ്, കടുത്ത മാനസികാഘാതങ്ങൾ... 
  • മുഖവും വ്യക്തിത്വവും നഷ്ടപ്പെട്ട് ഒരു സ്ഥലനാമത്തിലേക്ക് അവൾ ചുരുങ്ങുന്നു. എളുപ്പമല്ല, മുന്നോട്ടുള്ള ഓരോ ചുവടുമെന്ന് ഈ വഴി നടന്നവരും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവരും ഒരുപോലെ ആവർത്തിക്കുമ്പോൾ തിരുത്തേണ്ടത് എവിടെയാണ് എന്ന വലിയൊരു ചോദ്യം ഉയരുകയാണ്. 
  • കാലോചിതമായ നവനിർമിതികൾ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന, 'ന്യൂ നോർമലി'ലേക്കുള്ള സാമൂഹികപരിവർത്തനങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് കോടതികൾ അപരിഷ്‌കൃതരീതികൾ തുടരണോ? 
  • നമ്മുടെ കോടതിമുറികൾ അതിജീവിത സൗഹൃദം (സർവൈവർ ഫ്രണ്ട്‌ലി) ആകേണ്ടതില്ലേ?

അന്വേഷണം-നമുക്ക് വേണ്ടേ അതിജീവിത സൗഹാർദ കോടതിമുറികൾ?

"അതിജീവിതമാരെ നമ്മൾ പത്തു കൈകൾകൊണ്ട് തൊഴണം. പരാതി കൊടുക്കാൻ ഒരു സ്ത്രീ തീരുമാനിക്കുന്നതു മുതൽ വിസ്താരം വരെയുള്ള അവരുടെ യാത്ര ഭീകരമാണ്. വിസ്താരം വരെ അവർ എത്തിയിട്ടുണ്ടെങ്കിൽ അതവരുടെ ആത്മധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മാത്രം പുറത്താണ്. അത്രയും മുറിവേൽക്കുമ്പോഴാണ് അവർ അതിന് തയ്യാറാകുക. വിട്ടുകൊടുക്കരുത് എന്ന ഒറ്റ തീരുമാനത്തിൽ പോരാടാൻ വരുന്ന സ്ത്രീകളാണ് അവർ." -പ്രോസിക്യൂട്ടറും പുനർജനി വനിതാ അഭിഭാഷക ഇനിഷ്യേറ്റീവിന്റെ സ്ഥാപകാംഗവുമായ അഡ്വ. സപ്ന പരമേശ്വരത്ത് പറയുന്നു. 

പരാതി നൽകി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നതു വരെയുള്ള കാലഘട്ടം അതിജീവിതമാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടേതാണ്. സമൂഹത്തിൽനിന്നും പ്രതിയുടെ ഭാഗത്തുനിന്നും വലിയ സമ്മർദങ്ങൾ നേരിടേണ്ടിവരും. വിക്ടിം ഷെയ്മിങ്ങിന് ഇരയാകേണ്ടി വരും. ഇതിനെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിയുമ്പോഴാകും പലപ്പോഴും വിചാരണ ആരംഭിക്കുന്നത്. പോക്‌സോ കേസുകൾ പോലെ മുതിർന്നവർ ഇരയാകുന്ന ബലാത്സംഗക്കേസുകളിൽ വേഗത്തിൽ തീർപ്പാകാറില്ല. മൂന്നോ നാലോ വർഷം മുമ്പ് നടന്ന സംഭവങ്ങളിലേക്ക് വിചാരണസമയത്ത് വീണ്ടും എത്തപ്പെടുന്നു എന്നുള്ളതാണ് അതിജീവിതമാർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ മാനസികാഘാതം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അത് എത്രയും വേഗം വിചാരണ നടപടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് അവർക്കുവേണ്ടി നാം ആദ്യം ചെയ്യേണ്ടത്.

പോക്‌സോ കേസുകൾ അതിവേഗ കോടതികളിലേക്ക് മാറിയതോടെ കുട്ടികളുടെ കേസുകൾ തീർപ്പാക്കുന്നതിൽ വേഗം കൈവന്നിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തിയാണ് അതിവേഗ കോടതികൾ എന്ന നിർദേശം ഉയർന്നത്. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ അതിവേഗത്തിലുള്ള വിചാരണ സാധ്യമാകാറില്ല.

'കോടതിയിൽ ഒരു പെൺകുട്ടി പരാതിയുമായി ചെല്ലുമ്പോൾ സ്‌റ്റേറ്റാണ് വാദി അല്ലാതെ കുട്ടിയല്ല. അപ്പോൾ കോടതിയിൽ പെൺകുട്ടി നേരിടുന്നത് സ്‌റ്റേറ്റിന് ഏറ്റിട്ടുളള അപമാനവും പീഡനവുമാണ്. സ്റ്റേറ്റിനെയാണ് വാസ്തവത്തിൽ കോടതിമുറികൾ അപമാനിക്കുന്നത്. സൂര്യനെല്ലി കേസിൽ 2005ലുണ്ടായ കുപ്രസിദ്ധമായ ഹൈക്കോടതി വിധി വന്നപ്പോൾ പെൺകുട്ടി പറഞ്ഞത് ഞാൻ നേരിട്ട് മേൽക്കോടതിയിൽ പോയി സംഭവിച്ചത് പറയാമെന്നാണ്. അത് ഒരു പൊളിറ്റിക്കൽ നിലപാടാണ്. എന്റെ നാടിന്റെ അഭിമാനത്തിന് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്റെ നാടിന്റെ അഭിമാനത്തിന് വേണ്ടിയാണ് ഞാൻ കേസ് കൊടുത്തിരക്കുന്നത്, എനിക്ക് അനുകൂലമായി വിധി വരിക എന്നതിന് അർഥം എന്റെ നാട് സംരക്ഷിക്കപ്പെടുക എന്ന് തിരിച്ചറിയുന്ന ഒരാൾക്ക് മാത്രം പറയാൻ സാധിക്കുന്ന വാചകം.' - ഡോ.പി.ഗീത

placeholder
.

വെർബൽ റേപ്പാകുന്നോ വിസ്താരങ്ങൾ?

സാഹചര്യത്തെളിവുകളാണ് ബലാത്സംഗക്കേസിൽ ഉണ്ടാവുക. പിന്നെയുള്ള തെളിവ് വൈദ്യപരിശോധനാ റിപ്പോർട്ടും. ബലാത്സംഗം നേരിട്ട സ്ത്രീയുടെ കോടതി മുമ്പാകെയുള്ള മൊഴിമാത്രം മതി പ്രതിയെ ശിക്ഷിക്കാൻ. പക്ഷേ, പരാതിക്കാരി വിശ്വാസയോഗ്യയാണെന്ന് കോടതിക്ക് ഉത്തമബോധ്യം വരണം. അവിടെയാണ് അതിജീവിതയുടെ സമ്മതം നിർണായകമാകുന്നത്. ഇവിടെ, സമ്മതം നൽകിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് പരാതിക്കാരിയാണ്. ബലാത്സംഗശ്രമത്തിനിടയിൽ എതിർത്തോ, എതിർത്തെങ്കിൽ എങ്ങനെ, പ്രതിരോധിക്കുന്നതിനിടയിൽ മുറിവു പറ്റിയോ തുടങ്ങിയ കാര്യങ്ങൾ പ്രതിഭാഗം ഉന്നയിക്കും. സമ്മതത്തോടെയായിരുന്നു എന്ന് സ്ഥാപിക്കാനായിരിക്കും പ്രതിഭാഗത്തിന്റെ ശ്രമം. അതുകൊണ്ടുതന്നെ നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അത്തരത്തിലുള്ളതായിരിക്കും.

പല രീതിയിലാണ് അതിജീവിതമാർ പ്രതികരിക്കുക. ചിലർ കരയും, ചിലർ അസ്വസ്ഥരാകും, ചിലർ പൊട്ടിത്തെറിക്കും. ചോദ്യം കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസത്തിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാൻ തോന്നിപ്പിക്കുന്ന രീതിയിലേക്ക് അതിജീവിതയെ എത്തിക്കുകയാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്. ചോദ്യങ്ങൾ നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യങ്ങൾ ജഡ്ജിക്ക് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ, അത് തങ്ങളുടെ നേർക്കുള്ള കടന്നുകയറ്റമാണെന്ന രീതിയിൽ പ്രതിഭാഗം എതിർത്തേക്കാം. പ്രതിഭാഗത്തിന്റെ ചോദ്യങ്ങളെ പ്രോസിക്യൂട്ടർക്കും എതിർക്കാം. ചോദ്യം പൂർണമായി ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിൽക്കൂടി പ്രോസിക്യൂട്ടർ ശബ്ദമുയർത്തുമ്പോൾ അതിജീവിതയ്ക്ക്‌ ധൈര്യം ലഭിക്കും. ആ ഇടപെടലിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്. അതേസമയം, ഒന്നും ചെയ്യാത്ത കോടതികളുമുണ്ട്. ഈ ചോദ്യം കോടതി അനുവദിച്ചു എന്നുപറഞ്ഞ് കോടതിക്കെതിരേ ഒന്നും ചെയ്യാനാകില്ലല്ലോ. എവിഡൻസ് ആക്ടിലെ സെക്ഷൻ 151, 152 പ്രകാരം ചോദ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടതിക്കാവും. പക്ഷേ, അതിനൊരു അതിർവരമ്പിടുക കോടതിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

ഇതു സംബന്ധിച്ച് നിപുൺ സക്‌സേന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ(2018) കേസിൽ സുപ്രീം കോടതിയുടെ വിധിയുള്ളതാണ്.  'കോടതിയിൽ അതിജീവിത നേരിടേണ്ടിവരുന്നത് വളരെ നിഷ്ഠൂരമായ ക്രോസ് വിസ്താരമാണ്. അതിജീവിതയുടെ സദാചാരത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചോദ്യമുയരുന്നു. നിശ്ശബ്ദരായ കാണികളെപ്പോലെ നിലകൊള്ളുന്ന പ്രിസൈഡിങ് ജഡ്ജിമാർ പലപ്പോഴും അനാവശ്യമായ അപകീർത്തികരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പ്രതിഭാഗത്തെ തടയാറില്ല. അതിജീവിതയെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രതിഭാഗത്തിന്റെ അവകാശങ്ങൾ ഒരു തരത്തിലും കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനൊപ്പംതന്നെ വിസ്താരം മാന്യതയോടെയും സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടും വേണമെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്'. എന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ആ ദൂരം... പരാതി മുതൽ വിചാരണ വരെ

ബലാത്സംഗം നേരിട്ട സ്ത്രീ ആദ്യം പോലീസിൽ പരാതി നൽകുന്നു. തനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം വിവരിക്കുന്ന ആദ്യമൊഴി വായിച്ചുകേട്ട് അവർ ഒപ്പിടണം. തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. സംഭവിച്ച ദുരനുഭവത്തിന്റെ മാനസികാഘാതത്തോടെയായിരിക്കും പലപ്പോഴും അതിജീവിത ആദ്യമൊഴി നൽകുക. അത് മൊഴിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടാകാം. ആദ്യം നൽകിയ മൊഴിയിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ രണ്ടാമത്  മൊഴി(161) നൽകാം. ബലാത്സംഗം നടന്ന സ്ഥലം, ധരിച്ചിരുന്ന വസ്ത്രങ്ങൾ, സംഭവം നടന്ന സമയത്ത് നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അത് തുടങ്ങിയ കാര്യങ്ങളെല്ലാം 161-ൽ രേഖപ്പെടുത്തുന്നു. ഇതിൽ അതിജീവിത ഒപ്പുവെക്കേണ്ട. 24 മണിക്കൂറിനുള്ളിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന അതിജീവിത നടന്നതെല്ലാം ഡോക്ടറെ വിവരം ധരിപ്പിക്കണം. തെളിവിലേക്കുള്ള വിലപ്പെട്ട രേഖയാണ് മെഡിക്കൽ റിപ്പോർട്ട്. തുടർന്ന് മജിസ്ട്രേറ്റിന്റെ മുമ്പാകെ മൊഴി (164) രേഖപ്പെടുത്തും. ബലാത്സംഗം നടന്ന് മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ് പരാതി നൽകുന്നതെങ്കിൽ തീയതിയിലോ വർഷത്തിലോ തെറ്റുകൾ പറ്റാം. അങ്ങനെ വരുന്ന കേസിൽ അഡീഷണൽ സ്റ്റേറ്റ്മെന്റ് എടുക്കും. ഇതെല്ലാം കഴിഞ്ഞാണ് കോടതിയിൽ വിചാരണയ്ക്കായി എത്തുന്നത്. ആദ്യം ചീഫ് എക്‌സാമിനേഷൻ ആണ് ഉണ്ടാവുക. എന്താണോ ഉണ്ടായത്, അതായത് നേരത്തേ പറഞ്ഞ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ കോടതിയിൽ വീണ്ടും പറയണം. ഇതിനുപുറമേയാണ് ക്രോസ് വിസ്താരം. കേസിൽ എത്ര പ്രതികളുണ്ടോ അവരുടെ അഭിഭാഷകരുടെയെല്ലാം ക്രോസ് വിസ്താരങ്ങൾ അതിജീവിത അഭിമുഖീകരിക്കേണ്ടി വരും.

(തുടരും)