
ലഖ്നൗ: സിവിൽ സർവീസിൽനിന്ന് രാജിവെച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു പ്രഖ്യാപനം. ‘ജൻ നീതി ഭാരത് പാർട്ടി’ എന്നാണ് തന്റെ രാഷ്ട്രീയസംഘടനയുടെ പേരെന്നും അടുത്തകൊല്ലം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും അവർ വ്യക്തമാക്കി.
രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു കുറവുമില്ലെന്നും എന്നാൽ, നയരൂപീകരണത്തിൽ സാധാരണക്കാർക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നും ദിവ്യ പറഞ്ഞു. നയങ്ങൾ രൂപവത്കരിക്കുന്നതിൽ സാധാരണ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ തങ്ങളുടെ പാർട്ടി പ്രവർത്തിക്കും, അവർ കൂട്ടിച്ചേർത്തു. 2013 യുപി കേഡർ ഉദ്യോഗസ്ഥയായിരുന്ന ദിവ്യ, ഇക്കൊല്ലം ഓഗസ്റ്റ് അവസാനമാണ് സർവീസിൽനിന്ന് രാജിവെച്ചത്. തന്റെ സേവനകാലത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു അവർ.
ഹരിയാണയിലെ രേവാരിയിൽ ജനിച്ച ദിവ്യ, ഐഐടി ഡൽഹിയിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ഐഐഎം ബെംഗളൂരുവിൽനിന്ന് എംബിഎയും നേടി. ഭർത്താവ് ഗഗൻദീപ് സിങ്ങിനൊപ്പം ലണ്ടനിലേക്ക് പോയ ദിവ്യ കുറച്ചുകാലം കോർപറേറ്റ് മേഖലയിൽ ജോലിചെയ്തു. പിന്നീട് ഇരുവരും അവിടുത്തെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. തിരികെയെത്തിയ ദിവ്യ യുപിഎസ്സി പരീക്ഷ എഴുതുകയും 2012-ൽ ഐപിഎസ് നേടുകയും ചെയ്തു. രണ്ടാംശ്രമത്തിൽ ഐഎഎസും സ്വന്തമാക്കി.
യുപിയിലെ മിർസാപുർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ ലഹൂരിയയിൽ പൈപ്പ് വഴി കുടിവെള്ളമെത്തിച്ചതിലൂടെ ശ്രദ്ധ നേടി. സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം75 കൊല്ലത്തിന് ശേഷം ആദ്യമായാണ് 2023-ൽ ലഹൂരിയയിൽ പൈപ്പിൽ കുടിവെള്ളമെത്തിയത്. മുൻപ് ടാങ്കറിൽ വന്നിരുന്ന ജലത്തെ ആയിരുന്നു അവർ ആശ്രയിച്ചിരുന്നത്. 'ഹർ ഘർ ജൽ' എന്ന പദ്ധതിയിലൂടെ ദിവ്യ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ദിവ്യ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
വൈകാരികമായ സാമൂഹികമാധ്യമക്കുറിപ്പിലൂടെയായയിരുന്നു ദിവ്യയുടെ രാജിപ്രഖ്യാപനം നടത്തിയത്. സാധാരണ പശ്ചാത്തലത്തിൽ വളർന്നകാര്യവുംഐഐടി ഡൽഹിയിലും ഐഐഎം ബെംഗളൂരുവിലും പഠിച്ച്, ലണ്ടനിൽ ജോലിചെയ്തശേഷം ഇന്ത്യയിൽ മടങ്ങിയെത്തി സിവിൽസർവീസസ് പരീക്ഷ പാസായതുമെല്ലാംഎക്സിൽ പങ്കുവെച്ച കുറിപ്പിൽ ദിവ്യ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, രാജിക്ക് എന്താണ് കാരണമെന്ന് കുറിപ്പിൽ പറഞ്ഞിരുന്നില്ല. ദിവ്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അന്നുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെ മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു ദിവ്യ. ആ സമയത്ത് ദിവ്യക്കും കേന്ദ്രസഹമന്ത്രി അനുപ്രിയാ പട്ടേലിനുമിടയിൽ ചില അസ്വാരസ്യങ്ങൾനിലനിന്നിരുന്നു. ലഹൂരിയ ഗ്രാമത്തിൽ പൈപ്പിൽ ജലം എത്തിക്കാനുള്ള പദ്ധതി ദിവ്യ നടപ്പാക്കിയതിന് പിന്നാലെ ഇത് കടുത്തു. പിന്നാലെ ദിവ്യയെ മിർസാപുറിൽനിന്ന് സ്ഥലംമാറ്റി. പദ്ധതിയുടെ പൂജാചടങ്ങിന് അനുപ്രിയയെ ക്ഷണിച്ചില്ലെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥലംമാറിപ്പോയ ദിവ്യക്ക് പുഷ്പവൃഷ്ടി നടത്തിയായിരുന്നു മിർസാപുർ നിവാസികൾ യാത്രയയപ്പ് നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
Content Highlights: Former IAS officer Divya Mittal launched the Jan Niti Bharat Party., She announced her party will contest the upcoming Uttar Pradesh assembly elections., The party aims to ensure public participation in policy-making., Divya Mittal resigned from civil services in August and is a 2013 batch UP cadre officer.
Published: 15 Oct 2026, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented