തിരുവനന്തപുരം: കിഫ്ബിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവെച്ചത്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങളാണ് ഉള്ളത്. ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടാണ് നടന്നത്. സർക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നു. സർക്കാർ നൽകുന്ന തുക മുഴുവൻ വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. സർക്കാർ നൽകിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും, സതീശൻ പറഞ്ഞു.
മസാല ബോണ്ടിൽ 181.73 കോടി രൂപയാണ് നഷ്ടം. ഭൂമി ഏറ്റെടുത്തതിലും ദുരൂഹതയുണ്ട്. ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി. വൻ ധൂർത്ത് ആണ് നടന്നത്. കോടികളാണ് പരസ്യത്തിന് ചെലവഴിച്ചത്. കിഫ്ബി വഴി 13103 കോടി രൂപയാണ് അധിക ചെലവ്. കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? 5366 ഏക്കർ ഭൂമിയാണ് കണ്ണൂരും പാലക്കാടുമായി കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അംഗീകാരം നൽകിയത്. കഴിഞ്ഞ അഞ്ചു വർഷമായി ആകെ 50 ഏക്കർ വ്യവസായ പാർക്ക് തുടങ്ങാനും മറ്റും എടുത്തു. ബാക്കിയൊക്കെ വെറുതെ കിടക്കുന്നു. എന്തിനാണ് എടുത്തതെന്ന് അറിയില്ല. 3829 ഏക്കർ നോട്ടിഫിക്കേഷനും ഇട്ടിട്ടുണ്ട്. ഭൂമിയുടെ യഥാർഥ വിലയുടെ അഞ്ചിരട്ടി തുകയാണ് മുടക്കിയിരിക്കുന്നത്. വ്യാപകമായ ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
‘കിഫ്ബിയുടെ ആകെ പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചു. 52.9 ശതമാനമാണ് കണ്ണൂർ ജില്ലയിലെ മാത്രം വിഹിതം. എന്തൊരു വിവേചനമാണ്. 203.72 കോടിയാണ് കിഫ്ബി പരസ്യത്തിനായി ചെലവഴിച്ചത്. കണക്കിൽ കാണിച്ചിരിക്കുന്നത്, 21.16 കോടിയാണ്. 498 പേർക്കാണ് അനുമതി ഇല്ലാതെ നിയമനം നൽകിയത്’, മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
അടിയന്തര സാഹചര്യം നേരിടാൻ കളക്ടർമാർക്ക് ഒരു കോടി രൂപ പ്രത്യേക ഫണ്ട് അനുവദിച്ചു. ദുരിതാശ്വാസനിധി സഹായത്തിനുള്ള വാർഷിക വരുമാന പരിധി ഉയർത്തി. രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കിയാണ് ഉയർത്തിയത്. സ്റ്റേറ്റ് ഡാറ്റാ പോളിസി കരടിന് മന്ത്രിസഭ അംഗീകാരം നൽകി. റവന്യൂ വകുപ്പിൽ പുതിയ 152 വാഹനങ്ങൾ വാങ്ങാൻ പണം അനുവദിച്ചു.
Content Highlights: Expert committee report reveals massive financial irregularities in KIIFB., 99.4% of government funds used solely for loan repayments., Masala bond losses amounted to Rs 181.73 crore with severe land acquisition discrepancies., Kerala cabinet allocates Rs 1 crore emergency fund for district collectors and raises disaster relief income limit to Rs 3 lakh.
Published: 15 Oct 2026, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented