വാഷിങ്ടൺ: ഇറാനെതിരേ യുദ്ധം പുനഃരാരംഭിക്കാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിടുന്നപക്ഷം പ്രയോഗിക്കേണ്ട ആയുധങ്ങൾ ഉൾപ്പെടെയുള്ള ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിക്കഴിഞ്ഞതായി റിപ്പോർട്ട്.

To advertise here,

ഇറാന്റെ ആണവ സംവിധാനങ്ങളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതിനായി ‘മദർ ഓഫ് ഓൾ ബോംബ്‌സ്’ എന്ന് അറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് ബോംബ് (എംഒഎബി) ഉൾപ്പെടെയുള്ളവ പ്രയോഗിക്കാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ ആണവേതര ബോംബായ എംഒഎബിയെ, ഇറാനെതിരേയുള്ള യുദ്ധത്തിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻനീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കാനാണ് സാധ്യത. അതേസമയം, അമേരിക്കൻലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് ഈ നീക്കം പ്രയോജനകരമാകുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇറാനെതിരേയുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനുമേൽ കടുത്ത സമ്മർദം നിലനിൽക്കുന്നതിനിടെയാണ് സൈനികപദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

ഇറാന്റെ ഊർജ സംവിധാനങ്ങൾ, പിക്ക് ആക്‌സ് മലനിരകളിലേതുപോലുള്ള ആണവകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കുനേരെയുള്ള ആക്രമണപദ്ധതികളും യുഎസ് സൈന്യം തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് വിവരം. ആക്രമണം, നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപു വേണോ അതോ അതിന് ശേഷം വേണോ എന്ന് ട്രംപ് തീരുമാനിക്കുന്നപക്ഷം അതിന് അനനസൃതമായി ആക്രണപദ്ധതിയും പരിഗണിക്കും.

അനവധി ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ആക്രമണ പദ്ധതികളും എംഒഎബി വിന്യസിക്കാനുള്ള സാധ്യതയും ഉൾപ്പെടുന്ന ആക്രമണപദ്ധതികൾ തയ്യാറാക്കാൻ ട്രംപ് സൈന്യത്തിന് നിർദേശം നൽകിയിരുന്നെന്നാണ് വിവരം.