'അതാലോചിക്കുമ്പോള്‍ എനിക്ക് ശരീരം മുഴുവന്‍ പെരുത്തു കയറും,കോടതിയില്‍പ്പോക്ക് ഞാന്‍ വെറുത്തു '


രമ്യ ഹരികുമാര്‍ | remyaharikumar@mpp.co.inകാലോചിതമായ നവനിര്‍മിതികള്‍ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന, 'ന്യൂ നോര്‍മലി'ലേക്കുള്ള സാമൂഹികപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് കോടതികള്‍ അപരിഷ്‌കൃതരീതികള്‍ തുടരണോ? നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം (സര്‍വൈവര്‍ ഫ്രണ്ട്ലി) ആകേണ്ടതില്ലേ? ഒരന്വേഷണം- നമുക്ക് വേണ്ടേ അതിജീവിത സൗഹാര്‍ദ കോടതിമുറികള്‍. ഭാഗം 01

.

കേരളം മറന്നിട്ടില്ല ഈ വാക്കുകള്‍

"രാവിലെ മുതല്‍ വൈകുന്നേരം വരെ കോടതിയില്‍ ഇരിക്കേണ്ടി വന്ന ആ പതിനഞ്ചു ദിവസങ്ങള്‍... ഏഴ് അഭിഭാഷകരെ അഭിമുഖീകരിക്കുക, അവരുടെ ചോദ്യങ്ങള്‍, ക്രോസ് വിസ്താരങ്ങള്‍, ശാരീരിക പരിശോധന... ആ നിമിഷങ്ങളില്‍ തികച്ചും ഒറ്റയ്ക്കായതുപോലെ എനിക്കു തോന്നി. സംഭവിച്ചതിലൂടെ വീണ്ടും വീണ്ടും കടന്നുപോകുക. കോടതിയിലിരിക്കുന്ന ഓരോ സെക്കന്‍ഡും തെറ്റൊന്നും ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കേണ്ടി വരിക. ഞാന്‍ തകര്‍ന്നു പോയിരുന്നു. ആ ദിവസങ്ങളില്‍ ഇതെന്റെ പോരാട്ടമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്കു വേണ്ടി കോടതിയില്‍ ഞാന്‍ തന്നെ പോരാടിയേ മതിയാകൂ എന്ന് മനസ്സിലാക്കി. നടന്നുകൊണ്ടിരിക്കുന്നത് ഞാനും ലോകവും തമ്മിലുള്ള യുദ്ധമാണെന്ന് പോലും തോന്നിപ്പോയി" - ആക്രമിക്കപ്പെട്ട നടി

"കേസെടുത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിചാരണയ്ക്ക് വിളിക്കുന്നത്. ധൈര്യത്തോടെയും മനക്കട്ടിയോടെയും അനുഭവിച്ചതിനെല്ലാം നീതി കിട്ടുമെന്ന് കരുതി വല്ലാത്തൊരു മാനസികാവസ്ഥയിലാണ് കോടതിയില്‍ പോകുന്നത്. കൈയും കാലും വിറച്ചിരുന്നു. കോടതിയും പോലീസുമെല്ലാം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ്. എന്നാല്‍പ്പോലും നമ്മുടെ ദേഹത്തെയും മനസ്സിനെയും ക്രൂരമായി ദ്രോഹിച്ചവരുടെ മുഖത്തു നോക്കി സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ആഗ്രഹത്തോടെയാണ് ഞാന്‍ പോയത്. ആ വ്യക്തിയുടെ മുഖത്തു നോക്കി സത്യം വിളിച്ചു പറയുമ്പോള്‍ ചെയ്ത ക്രൂരതയുടെ ആഴം അവര്‍ക്ക് അപ്പോഴെങ്കിലും മനസ്സിലാകുമെന്ന്, അവരുടെ മനസ്സിനെ അതു മുറിവേല്‍പ്പിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ, കോടതിയില്‍ ചെന്നു നിന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതികളുടെ വക്കീലന്മാരുടെ ചോദ്യം കേട്ടാല്‍ ജന്മത്തില്‍ പിന്നെ കോടതി കയറാന്‍ തോന്നില്ല. ഓടിക്കളയും... അവരുടെ ചോദ്യങ്ങള്‍ക്ക് ആദ്യമെല്ലാം പതറാതെ മറുപടി പറഞ്ഞതോടെ എന്റെ മനസ്സിനെ എങ്ങനെയെല്ലാം മടുപ്പിക്കാന്‍ കഴിയുമോ, ഒന്നും പറയാതാക്കാന്‍ പറ്റുമോ എന്ന ശ്രമമായി. ശാരീരികമായി ബന്ധപ്പെട്ടപ്പോള്‍ പുറത്തുവന്ന ദ്രാവകത്തിന്റെ നിറമെന്തായിരുന്നെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും അതാലോചിക്കുമ്പോള്‍ എനിക്ക് ശരീരം മുഴുവന്‍ പെരുത്തു കയറും. അതോടെ കോടതിയില്‍പ്പോക്ക് ഞാന്‍ വെറുത്തു...'' - മുഖമില്ലാതെ സ്ഥലനാമത്തില്‍ ഒതുങ്ങിപ്പോയ അതിജീവിത

'എന്താണ് സംഭവിച്ചതെന്ന് പച്ചയ്ക്ക് ചോദിക്കുകയാണ്... എല്ലാം എങ്ങനെയെങ്കിലും മറന്നാല്‍ മതിയെന്ന് കരുതിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അപ്പോഴാണ് വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന വിചാരണയില്‍ എവിടെയാണ് ആദ്യം തൊട്ടത്, എങ്ങനെയാണ് സംഭവിച്ചത് എന്നൊക്കെ ചോദിക്കുന്നത്. പരാതി കൊടുക്കാന്‍ തോന്നിയ നിമിഷത്തെപ്പോലും ഞാന്‍ ശപിച്ചുപോയി.'- ഒരു അതിജീവിത

രാതി മുതല്‍ വിചാരണയിലേക്കും അവിടെനിന്ന് നീതിയിലേക്കുമുള്ള ദൂരം, ഇരയില്‍നിന്ന് അതിജീവിതയിലേക്കുള്ള മനക്കരുത്തിന്റെ ദൂരം... യാത്ര എത്രമേല്‍ കഠിനമെന്ന് വെളിവാക്കുന്നതാണ് പല കാലങ്ങളിലുള്ള ഇവരുടെഅനുഭവങ്ങള്‍. ബലാത്സംഗം നേരിടുന്നവർ കോടതിമുറികളില്‍ ഒരര്‍ഥത്തില്‍ വെര്‍ബല്‍ റേപ്പിനുകൂടി ഇരയാകുന്നു, ജീവിതകാലം മുഴുവന്‍ 'ഞാന്‍ തെറ്റുകാരിയല്ല എന്റെ അനുവാദത്തോടെയല്ല ഇത് സംഭവിച്ചതെന്ന്' തെളിയിക്കേണ്ടി വരുന്നു.

  • വിക്ടിം ഷെയ്മിങ്, കടുത്ത മാനസികാഘാതങ്ങൾ...
  • മുഖവും വ്യക്തിത്വവും നഷ്ടപ്പെട്ട് ഒരു സ്ഥലനാമത്തിലേക്ക് അവൾ ചുരുങ്ങുന്നു. എളുപ്പമല്ല, മുന്നോട്ടുള്ള ഓരോ ചുവടുമെന്ന് ഈ വഴി നടന്നവരും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവരും ഒരുപോലെ ആവർത്തിക്കുമ്പോൾ തിരുത്തേണ്ടത് എവിടെയാണ് എന്ന വലിയൊരു ചോദ്യം ഉയരുകയാണ്.
  • കാലോചിതമായ നവനിർമിതികൾ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന, 'ന്യൂ നോർമലി'ലേക്കുള്ള സാമൂഹികപരിവർത്തനങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് കോടതികൾ അപരിഷ്‌കൃതരീതികൾ തുടരണോ?
  • നമ്മുടെ കോടതിമുറികൾ അതിജീവിത സൗഹൃദം (സർവൈവർ ഫ്രണ്ട്‌ലി) ആകേണ്ടതില്ലേ?
അന്വേഷണം-നമുക്ക് വേണ്ടേ അതിജീവിത സൗഹാർദ കോടതിമുറികൾ?

"തിജീവിതമാരെ നമ്മള്‍ പത്തു കൈകള്‍കൊണ്ട് തൊഴണം. പരാതി കൊടുക്കാന്‍ ഒരു സ്ത്രീ തീരുമാനിക്കുന്നതു മുതല്‍ വിസ്താരം വരെയുള്ള അവരുടെ യാത്ര ഭീകരമാണ്. വിസ്താരം വരെ അവര്‍ എത്തിയിട്ടുണ്ടെങ്കില്‍ അതവരുടെ ആത്മധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മാത്രം പുറത്താണ്. അത്രയും മുറിവേല്‍ക്കുമ്പോഴാണ് അവര്‍ അതിന് തയ്യാറാകുക. വിട്ടുകൊടുക്കരുത് എന്ന ഒറ്റ തീരുമാനത്തില്‍ പോരാടാന്‍ വരുന്ന സ്ത്രീകളാണ് അവര്‍." -പ്രോസിക്യൂട്ടറും പുനര്‍ജനി വനിതാ അഭിഭാഷക ഇനിഷ്യേറ്റീവിന്റെ സ്ഥാപകാംഗവുമായ അഡ്വ. സപ്ന പരമേശ്വരത്ത് പറയുന്നു.

പരാതി നല്‍കി വിചാരണയ്ക്കായി കോടതിയില്‍ എത്തുന്നതു വരെയുള്ള കാലഘട്ടം അതിജീവിതമാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടേതാണ്. സമൂഹത്തില്‍നിന്നും പ്രതിയുടെ ഭാഗത്തുനിന്നും വലിയ സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവരും. വിക്ടിം ഷെയ്മിങ്ങിന് ഇരയാകേണ്ടി വരും. ഇതിനെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിയുമ്പോഴാകും പലപ്പോഴും വിചാരണ ആരംഭിക്കുന്നത്. പോക്‌സോ കേസുകള്‍ പോലെ മുതിര്‍ന്നവര്‍ ഇരയാകുന്ന ബലാത്സംഗക്കേസുകളില്‍ വേഗത്തില്‍ തീര്‍പ്പാകാറില്ല. മൂന്നോ നാലോ വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളിലേക്ക് വിചാരണസമയത്ത് വീണ്ടും എത്തപ്പെടുന്നു എന്നുള്ളതാണ് അതിജീവിതമാര്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ മാനസികാഘാതം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അത് എത്രയും വേഗം വിചാരണ നടപടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് അവര്‍ക്കുവേണ്ടി നാം ആദ്യം ചെയ്യേണ്ടത്.

പോക്‌സോ കേസുകള്‍ അതിവേഗ കോടതികളിലേക്ക് മാറിയതോടെ കുട്ടികളുടെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗം കൈവന്നിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അതിവേഗ കോടതികള്‍ എന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ അതിവേഗത്തിലുള്ള വിചാരണ സാധ്യമാകാറില്ല.

സ്‌റ്റേറ്റാണ് വാദി

'കോടതിയില്‍ ഒരു പെണ്‍കുട്ടി പരാതിയുമായി ചെല്ലുമ്പോള്‍ സ്‌റ്റേറ്റാണ് വാദി അല്ലാതെ കുട്ടിയല്ല. അപ്പോള്‍ കോടതിയില്‍ പെണ്‍കുട്ടി നേരിടുന്നത് സ്‌റ്റേറ്റിന് ഏറ്റിട്ടുളള അപമാനവും പീഡനവുമാണ്. സ്റ്റേറ്റിനെയാണ് വാസ്തവത്തില്‍ കോടതിമുറികള്‍ അപമാനിക്കുന്നത്. സൂര്യനെല്ലി കേസില്‍ 2005ലുണ്ടായ കുപ്രസിദ്ധമായ ഹൈക്കോടതി വിധി വന്നപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് ഞാന്‍ നേരിട്ട് മേല്‍ക്കോടതിയില്‍ പോയി സംഭവിച്ചത് പറയാമെന്നാണ്. അത് ഒരു പൊളിറ്റിക്കല്‍ നിലപാടാണ്. എന്റെ നാടിന്റെ അഭിമാനത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്റെ നാടിന്റെ അഭിമാനത്തിന് വേണ്ടിയാണ് ഞാന്‍ കേസ് കൊടുത്തിരക്കുന്നത്, എനിക്ക് അനുകൂലമായി വിധി വരിക എന്നതിന് അര്‍ഥം എന്റെ നാട് സംരക്ഷിക്കപ്പെടുക എന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക് മാത്രം പറയാന്‍ സാധിക്കുന്ന വാചകം.' - ഡോ.പി.ഗീത

വെര്‍ബല്‍ റേപ്പാകുന്നോ വിസ്താരങ്ങള്‍?

സാഹചര്യത്തെളിവുകളാണ് ബലാത്സംഗക്കേസില്‍ ഉണ്ടാവുക. പിന്നെയുള്ള തെളിവ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടും. ബലാത്സംഗം നേരിട്ട സ്ത്രീയുടെ കോടതി മുമ്പാകെയുള്ള മൊഴിമാത്രം മതി പ്രതിയെ ശിക്ഷിക്കാന്‍. പക്ഷേ, പരാതിക്കാരി വിശ്വാസയോഗ്യയാണെന്ന് കോടതിക്ക് ഉത്തമബോധ്യം വരണം. അവിടെയാണ് അതിജീവിതയുടെ സമ്മതം നിര്‍ണായകമാകുന്നത്. ഇവിടെ, സമ്മതം നല്‍കിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് പരാതിക്കാരിയാണ്. ബലാത്സംഗശ്രമത്തിനിടയില്‍ എതിര്‍ത്തോ, എതിര്‍ത്തെങ്കില്‍ എങ്ങനെ, പ്രതിരോധിക്കുന്നതിനിടയില്‍ മുറിവു പറ്റിയോ തുടങ്ങിയ കാര്യങ്ങള്‍ പ്രതിഭാഗം ഉന്നയിക്കും. സമ്മതത്തോടെയായിരുന്നു എന്ന് സ്ഥാപിക്കാനായിരിക്കും പ്രതിഭാഗത്തിന്റെ ശ്രമം. അതുകൊണ്ടുതന്നെ നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അത്തരത്തിലുള്ളതായിരിക്കും.

പല രീതിയിലാണ് അതിജീവിതമാര്‍ പ്രതികരിക്കുക. ചിലര്‍ കരയും, ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ പൊട്ടിത്തെറിക്കും. ചോദ്യം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രയാസത്തില്‍ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാന്‍ തോന്നിപ്പിക്കുന്ന രീതിയിലേക്ക് അതിജീവിതയെ എത്തിക്കുകയാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്. ചോദ്യങ്ങള്‍ നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യങ്ങള്‍ ജഡ്ജിക്ക് നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍, അത് തങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന രീതിയില്‍ പ്രതിഭാഗം എതിര്‍ത്തേക്കാം. പ്രതിഭാഗത്തിന്റെ ചോദ്യങ്ങളെ പ്രോസിക്യൂട്ടര്‍ക്കും എതിര്‍ക്കാം. ചോദ്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി പ്രോസിക്യൂട്ടര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിജീവിതയ്ക്ക്‌ ധൈര്യം ലഭിക്കും. ആ ഇടപെടലിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്. അതേസമയം, ഒന്നും ചെയ്യാത്ത കോടതികളുമുണ്ട്. ഈ ചോദ്യം കോടതി അനുവദിച്ചു എന്നുപറഞ്ഞ് കോടതിക്കെതിരേ ഒന്നും ചെയ്യാനാകില്ലല്ലോ. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 151, 152 പ്രകാരം ചോദ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതിക്കാവും. പക്ഷേ, അതിനൊരു അതിര്‍വരമ്പിടുക കോടതിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

ഇതു സംബന്ധിച്ച്നിപുണ്‍ സക്‌സേന വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ(2018) കേസില്‍ സുപ്രീം കോടതിയുടെ വിധിയുള്ളതാണ്. 'കോടതിയില്‍ അതിജീവിത നേരിടേണ്ടിവരുന്നത് വളരെ നിഷ്ഠൂരമായ ക്രോസ് വിസ്താരമാണ്. അതിജീവിതയുടെ സദാചാരത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചോദ്യമുയരുന്നു. നിശ്ശബ്ദരായ കാണികളെപ്പോലെ നിലകൊള്ളുന്ന പ്രിസൈഡിങ് ജഡ്ജിമാര്‍ പലപ്പോഴും അനാവശ്യമായ അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് പ്രതിഭാഗത്തെ തടയാറില്ല. അതിജീവിതയെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രതിഭാഗത്തിന്റെ അവകാശങ്ങള്‍ ഒരു തരത്തിലും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനൊപ്പംതന്നെ വിസ്താരം മാന്യതയോടെയും സ്ത്രീകളോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടും വേണമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്'. എന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ആ ദൂരം... പരാതി മുതല്‍ വിചാരണ വരെ

ബലാത്സംഗം നേരിട്ട സ്ത്രീ ആദ്യം പോലീസില്‍ പരാതി നല്‍കുന്നു. തനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം വിവരിക്കുന്ന ആദ്യമൊഴി വായിച്ചുകേട്ട് അവര്‍ ഒപ്പിടണം. തുടര്‍ന്നാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവിച്ച ദുരനുഭവത്തിന്റെ മാനസികാഘാതത്തോടെയായിരിക്കും പലപ്പോഴും അതിജീവിത ആദ്യമൊഴി നല്‍കുക. അത് മൊഴിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടാകാം. ആദ്യം നല്‍കിയ മൊഴിയില്‍ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ രണ്ടാമത് മൊഴി(161) നല്‍കാം. ബലാത്സംഗം നടന്ന സ്ഥലം, ധരിച്ചിരുന്ന വസ്ത്രങ്ങള്‍, സംഭവം നടന്ന സമയത്ത് നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് തുടങ്ങിയ കാര്യങ്ങളെല്ലാം 161-ല്‍ രേഖപ്പെടുത്തുന്നു. ഇതില്‍ അതിജീവിത ഒപ്പുവെക്കേണ്ട. 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന അതിജീവിത നടന്നതെല്ലാം ഡോക്ടറെ വിവരം ധരിപ്പിക്കണം. തെളിവിലേക്കുള്ള വിലപ്പെട്ട രേഖയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മുമ്പാകെ മൊഴി (164) രേഖപ്പെടുത്തും. ബലാത്സംഗം നടന്ന് മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷമാണ് പരാതി നല്‍കുന്നതെങ്കില്‍ തീയതിയിലോ വര്‍ഷത്തിലോ തെറ്റുകള്‍ പറ്റാം. അങ്ങനെ വരുന്ന കേസില്‍ അഡീഷണല്‍ സ്റ്റേറ്റ്മെന്റ് എടുക്കും. ഇതെല്ലാം കഴിഞ്ഞാണ് കോടതിയില്‍ വിചാരണയ്ക്കായി എത്തുന്നത്. ആദ്യം ചീഫ് എക്‌സാമിനേഷന്‍ ആണ് ഉണ്ടാവുക. എന്താണോ ഉണ്ടായത്, അതായത് നേരത്തേ പറഞ്ഞ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ കോടതിയില്‍ വീണ്ടും പറയണം. ഇതിനുപുറമേയാണ് ക്രോസ് വിസ്താരം. കേസില്‍ എത്ര പ്രതികളുണ്ടോ അവരുടെ അഭിഭാഷകരുടെയെല്ലാം ക്രോസ് വിസ്താരങ്ങള്‍ അതിജീവിത അഭിമുഖീകരിക്കേണ്ടി വരും.

(തുടരും)

Content Highlights: Shouldn't our courts be survivor friendly? Mathrubhumi series on survivor friendly court rooms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented