തിനാലു വര്‍ഷങ്ങള്‍ക്ക്(2009 ജനുവരി 28ന്) മുമ്പ് മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോയ മകന്‍ ജോബിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇടുക്കി സ്വദേശി തങ്കച്ചനും ഭാര്യ പ്രഭയും. അച്ഛന്റെ കൈയില്‍നിന്ന് 100 രൂപയുമായാണ് ജോബിന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും മകന്‍ തിരിച്ചുവരുന്നത് കാണാതായതോടെ തങ്കച്ചന്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് മകനെ അന്വേഷിച്ചു. അപ്പോഴാണ് ജോബിന്‍ അവിടെ എത്തിയിരുന്നില്ലെന്ന് അറിയുന്നത്. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും നാട്ടിലാകെ അന്വേഷണം നടത്തി. കൊച്ചറ എന്ന സ്ഥലത്തുനിന്ന് പുറ്റടിയിലേക്ക് ജോബിന്‍ ജീപ്പില്‍ കയറിപ്പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അവിടെനിന്ന് ജോബിന്‍ എവിടെപ്പോയെന്ന് കണ്ടെത്താനായില്ല. ഇതോടെ തങ്കച്ചന്‍ പോലീസില്‍ പരാതി നല്‍കി. 

To advertise here,
placeholder
ജോബിന്‍

മൂന്നു മാസങ്ങള്‍ക്ക് ശേഷം തങ്കച്ചനയെും പ്രഭയെയും തിരഞ്ഞ് കോയമ്പത്തൂരില്‍നിന്ന് ഒരു കോളെത്തി. ജോബിനായിരുന്നു മറുതലയ്ക്കല്‍. തന്നെ അന്വേഷിക്കേണ്ടെന്നും ജോലി ചെയ്ത് പണം സമ്പാദിച്ച് വീട്ടിലേക്ക് മടങ്ങിവരാമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. കോയിന്‍ബോക്സില്‍ നിന്നുവന്ന ഫോൺ നമ്പർ വഴി മകനെ തേടി കോയമ്പത്തൂരിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കോയമ്പത്തൂരില്‍ ജോലി ചെയ്തുകൊണ്ട് തന്നെ ആ അച്ഛന്‍  ഓരോ വൈകുന്നേരങ്ങളിലും മകനെ തേടി അലഞ്ഞു. അന്വേഷണം മൂന്ന് വര്‍ഷത്തോളം നീണ്ടു. ആരോഗ്യം വില്ലനായപ്പോള്‍ തങ്കച്ചന്‍ തിരികെ ഇടുക്കിയിലെത്തി. കാണാതാകുമ്പോള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജോബിന്‍. മകന്‍ ജീവനോടെ എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ഇന്നും മാതാപിതാക്കള്‍. 

placeholder
താഹിര്‍

* 27 വര്‍ഷമായി താഹിര്‍ അപ്രത്യക്ഷനായിട്ട്. കാഞ്ഞിരപ്പള്ളി ആനക്കല്ല് പാറയില്‍ പരേതനായ ജലീലിന്റെയും റഷീദയുടെയും മകനായ താഹിറിനെ കാണാതാകുന്നത് 1996 സെപ്റ്റംബര്‍ 26-നാണ്. അന്ന് രണ്ടര വയസ്സായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു താഹിര്‍. വൈകുന്നേരം രണ്ടിനും മൂന്നിനും ഇടയിലാണ് താഹിര്‍ വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷനാകുന്നത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ കിട്ടിയില്ല. ഫലമില്ലാതായതോടെ പോലീസില്‍ പരാതി നല്‍കി. പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ചിനും താഹിറിന്റെ തിരോധാനത്തില്‍ തുമ്പുണ്ടാക്കാനായില്ല. മൂന്ന് വര്‍ഷം മുമ്പ്  താഹിറിന്റെ പിതാവ് മരണമടഞ്ഞിരുന്നു. 

മിഠായി മുതൽ ലഹരിമരുന്ന് വരെ പ്രലോഭനങ്ങൾ; പതിവാകുന്ന വീടുപേക്ഷിക്കൽ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 01
 
*2014 ഓഗസ്റ്റ് ഒന്നിലെ  മഴ പെയ്തൊഴിഞ്ഞ ഒരു പ്രഭാതം. അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. ഇരിട്ടി കീഴ്പള്ളി കോഴിയോട്ട് പാറക്കണ്ണിവീട്ടില്‍ സുഹൈല്‍- ഫാത്തിമത്ത് സുഹ്‌റ ദമ്പതിമാരുടെ മകള്‍ രണ്ടു വയസ്സുകാരി ദിയ ഫാത്തിമ ഈ സമയം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.  കുഞ്ഞിന് ഭക്ഷണം നല്‍കിയ ശേഷം സുഹൈല്‍ വീടിന് പിറകിലെ കുളിമുറിയില്‍ കുളിയ്ക്കാന്‍ പോയി. പത്ത് മിനിട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ദിയയെ വീട്ടുമുറ്റത്ത് കാണാനില്ലായിരുന്നു. വീടിനടുത്തുള്ള കൈത്തോട്ടിലെ വെള്ളത്തില്‍ കുട്ടി ഒഴുകിപോയെന്നാണ് കരുതിയത്. നാട്ടുകാരും പോലീസും പ്രദേശത്തും കീഴ്പ്പള്ളി മേഖലയിലെ തോടുകളും വളപട്ടണം പുഴയിലും തീരദേശ മേഖലകളിലുമെല്ലാം ആഴ്ചകളോളം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല.പിച്ചവെച്ചുനടക്കാന്‍ പഠിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു ദിയ. അങ്ങനെയുള്ള കുട്ടിയെങ്ങനെ 85 മീറ്ററോളം ദൂരെയുള്ള കൈത്തോടുവരെ നടന്നുപോയി എന്ന് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നു.   കാണാതാകുമ്പോള്‍ കുട്ടി രണ്ടര പവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണം ധരിച്ചിരുന്നു. മാത്രമല്ല, ഈ സമയങ്ങളില്‍ കമ്പളിപ്പുതപ്പ് വില്‍ക്കാനും മറ്റുമായി എത്തിയ നാടോടികളുടെ സാന്നിധ്യവും പ്രദേശത്തുണ്ടായിരുന്നു. 

placeholder
ദിയ ഫാത്തിമ

അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പി. പി. സുകുമാരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ദിയയ്ക്ക് വേണ്ടി 2016-ല്‍ സുഹൈല്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2017 ഓഗസ്റ്റില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അന്നത്തെ ക്രൈം ബ്രാഞ്ച് ഐ.ജി. ദിനേശ് കശ്യപിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. പ്രേമരാജും സംഘവും അന്വേഷണം നടത്തിയെങ്കിലും ദിയ ഫാത്തിമ ഇന്നും കാണാമറയത്ത് തന്നെ. മകളുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാണിച്ച് ഏതാനും മാസം മുന്‍പ് രക്ഷിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

 

 

placeholder
 പ്രതീകാത്മ ചിത്രം | വര: വിജേഷ് വിശ്വം

ആദ്യമെത്തുന്നത് റെയില്‍വേ സ്റ്റേഷനുകളില്‍

രാജ്യത്ത് ഒരു വര്‍ഷം ട്രെയിന്‍ വഴി ഒളിച്ചോടുന്നത് എണ്ണായിരത്തിലേറെ കുട്ടികളാണ്. ടിക്കറ്റെടുക്കാതെ പിടിക്കപ്പെടും വരെ ഏറെ ദൂരം യാത്ര ചെയ്യാന്‍ കഴിയമെന്നതിനാലാണ് കുട്ടികള്‍ ഒളിച്ചോടാന്‍ ട്രെയിനുകള്‍ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 30 ശതമാനത്തോളം കുട്ടികള്‍ ചെന്നെത്തുന്നത് റെയില്‍വേ സ്റ്റേഷനുകളിലാണ്. സംസ്ഥാനത്തെ നാലു പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രം രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയത് 557 കുട്ടികളെയാണ്. ചൈല്‍ഡ് ലൈനിന്റെ കണക്കുപ്രകാരം 2020 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ തിരുവനന്തപുരം സ്റ്റേഷനില്‍ നിന്നുമാത്രം 137 കുട്ടികളെ കണ്ടെത്തിയിരുന്നു. 

പോരായ്മകളുണ്ട് 

ഓടിപ്പോയ കുട്ടികളെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും റെയില്‍വേ ചൈല്‍ഡ് ലൈന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. 'മിഷന്‍ വാല്‍സല്യ' പ്രകാരം, ഓരോ യൂണിറ്റിലെയും അംഗങ്ങളുടെയും എണ്ണം 1പന്ത്രണ്ടിൽനിന്ന്‌ ആറായി കുറയ്ക്കുകയും മൂന്ന് ഷിഫ്റ്റുകളായി മാറ്റുകയും ചെയ്തു. ഇതുമൂലം ഒരേ സമയത്ത് രണ്ടു പേര്‍ മാത്രമേ ഡ്യൂട്ടിയില്‍ ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ ആറില്‍ അധികം പ്ലാറ്റ്ഫോമുകളുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍  റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി ഏകോപിപ്പിക്കാനാകില്ല. പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുള്ളു.  റെയില്‍വേ സ്റ്റേഷനുകളില്‍ ചൈല്‍ഡ് ലൈന്‍ ഇല്ലാത്ത സാഹചര്യം കുട്ടിക്കടത്ത് വര്‍ദ്ധിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെ കാണാതാകുന്നവരെ കണ്ടെത്തുന്നതിന് സാധിക്കാതെ വരികയും ചെയ്യും. 

placeholder
 പ്രതീകാത്മ ചിത്രം

കേരളം Vs ഇന്ത്യ

കേരളത്തില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. നമ്മുടെ കുട്ടികള്‍ വീട് വിട്ട് ഇറങ്ങിപ്പോകുന്ന സംഭവങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇറങ്ങിപ്പോകുന്ന കുട്ടികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിലും കേരളം തന്നെയാണ് മികച്ചത്. ഇത്തരത്തില്‍  നമ്മുടെ സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചില സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കുട്ടികളുടെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നിട്ടും ഇവിടെ ആലുവ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. എന്നാല്‍, കുട്ടികളെ കാണാതാകുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് തികച്ചും വിഭിന്നമായ ചിത്രമാണ് രാജ്യത്തിന്റേത്. മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

കേരളത്തിലെ സംവിധാനങ്ങള്‍ എത്ര വേഗമാണ് പ്രതികരിക്കുന്നതെന്നു വ്യക്തമാക്കുന്നതിനായി ബി.ബി.എ. കോര്‍ഡിനേറ്റര്‍ പ്രസ്രീന്‍ ഒരുദാഹരണം പങ്കുവെച്ചു. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഒരു കുട്ടിയെ കേരളത്തില്‍നിന്ന് കിട്ടുന്നു. കുട്ടിയുടെ കൈയില്‍ സ്ഥലത്തിന്റെ പേര് പച്ചകുത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ബി.ബി.എ. യൂണിറ്റുകളിലേക്ക് ഈ വിവരം കൈമാറ്റം ചെയ്യപ്പെടുന്നു. വെറും നാല് മണിക്കൂറിനുള്ളില്‍ കുട്ടിയുടെ ഉറവിടം കണ്ടെത്താന്‍ പറ്റി. പിറ്റേ ദിവസം തന്നെ മാതാപിതാക്കളെ വരുത്തി കുട്ടിയെ കൈമാറി. മാതാപിതാക്കളെത്തിയപ്പോഴാണ് ഒന്നരവര്‍ഷമായിട്ട് കുട്ടിയെ കാണാനില്ലായിരുന്നു എന്ന് മനസിലാകുന്നത്.  

ഒരു കാരണവുമില്ലാതെ കുട്ടികൾ വീട് വിടാറില്ല; അറിയണം കുട്ടികളെ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 02

ഒളിച്ചോടി കേരളത്തിലെത്തുന്നവര്‍

ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കേരളത്തില്‍ എത്തുന്നവരില്‍ ഏറെയും. താമസിക്കുന്ന ചുറ്റുപാടില്‍നിന്ന് രക്ഷപ്പെടാനും സാമ്പത്തിക പ്രശ്‌നങ്ങള്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍, അല്ലെങ്കില്‍ പഠനം അവസാനിപ്പിക്കുക എന്നിവയാണ് പലപ്പോഴും അവരുടെ 'മിസ്സിങ്ങി'നുള്ള പ്രധാന കാരണങ്ങള്‍. ജോലി കണ്ടെത്താനോ തങ്ങള്‍ക്ക് പരിചയമുള്ള വ്യക്തികളെ കാണാനോ ആയി ട്രെയിന്‍ കയറി പോകുന്ന കുട്ടികളും ഉണ്ട്. അപൂര്‍വ്വം കുട്ടികളെ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കുട്ടിക്കടത്ത് സംഘം കെണിയില്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ട്. കേരളത്തിലെത്തുന്ന കുട്ടികളെ ആര് സ്വീകരിക്കാന്‍ എത്തുന്നു എന്നതും പ്രധാനമാണ്. തൊഴില്‍ കൊടുക്കുന്ന ആളുകളുടെ കൈകളിലേക്കാണോ അതോ തെറ്റായ മാര്‍ഗത്തിലേക്ക് കുട്ടികളെ എത്തിക്കുന്നവരുടെ അടുത്തേക്കാണോ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നവരുടെ കൈകളിലേക്കാണോ  എത്തിച്ചേരുന്നതെന്ന് പറയാനാകില്ല.

placeholder
പ്രതീകാത്മ ചിത്രം | വര: വിജേഷ് വിശ്വം

കാണാതായ കുട്ടിയെ കണ്ടെത്തിയാല്‍ കുടുംബത്തെ തിരികെ ഏല്‍പ്പിച്ച് ആ കുട്ടിയുടെ തുടര്‍ജീവിതം സുഖമമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ അവരെ കണ്ടെത്തിയാല്‍ പോലും ബന്ധുക്കളെ ഏല്‍പ്പിക്കുക എന്നത് വളരെ സങ്കീര്‍ണമായ  ഒന്നാണ്. ഡി.സി.പി.യുവിന്റെ മേല്‍നോട്ടത്തില്‍ കുട്ടിയുടെ ഉറവിടം കണ്ടെത്തിയാല്‍ ഉടന്‍ ടീമിനെ സംഘടിപ്പിച്ച് കുട്ടിയെ മാതൃ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കണം. ഇക്കാര്യത്തില്‍ നിരന്തരമായ മേല്‍നോട്ടം അനിവാര്യമാണ്. കുട്ടിയെ കണ്ടെത്തിയതിന് ശേഷമുള്ള പുനരധിവാസത്തിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. 

കുട്ടിയെ കിട്ടിയാല്‍ ചെയ്യേണ്ടത് 

1. കാണാതായ ഏതൊരു കുട്ടിയെയും തിരികെ ലഭിച്ചാല്‍ ഉടനെ ബാലാവകാശ കമ്മിറ്റികള്‍ക്ക് മുമ്പില്‍ ഹാജരാക്കണം. കുട്ടിയെ കാണാതായത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കൃത്യമായി അന്വേഷിച്ചതിന് ശേഷം കൗണ്‍സലിംഗ് നല്‍കുകയും മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ അവരെ കൈമാറുകയും വേണം.  കുട്ടിയെ കാണാതായ സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കി തുടര്‍കൗണ്‍സിലിങ് ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇറങ്ങിപ്പോക്ക് വീണ്ടും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഭയത്തില്‍നിന്നും ദുര്‍ബലതയില്‍നിന്നും പുറത്തുകടക്കാതിരിക്കുകയും ഇത്തരം സാഹചര്യങ്ങള്‍ മൂലം കുട്ടി അപകടകരമായ തീരുമാനങ്ങളില്‍ എത്തുകയും ചെയ്യും. 

2. ഇത്തരം സാഹചര്യങ്ങളില്‍ പിന്തുണ നല്‍കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും അതാത് ജില്ലകളിലെ സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിന്  നിര്‍ണായക പങ്കാണുള്ളത് (എസ്.ജെ.പി.യു.) പ്രത്യേകിച്ച് കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ എപ്പോഴും ലഭ്യമായിക്കൊള്ളണമെന്നില്ല. 

3. ഇത്തരം കുട്ടികള്‍ക്ക് മാനസികമായി പിന്തുണ കൊടുക്കാന്‍ സ്‌കൂളിലെ കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

4. കുട്ടിയെ കണ്ടെത്തി ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയാല്‍ കുട്ടിയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഏറ്റവും ഉചിതമായ തീരുമാനം ബാലവാകാശ കമ്മീഷന്‍ കൈകൊള്ളും. മിസിങ്ങുമായി ബന്ധപ്പെട്ടുള്ള പോലീസ്  കേസ് അവസാനിപ്പിക്കാന്‍ ബാലാവകാശ കമ്മിറ്റിയുടെ കത്ത് മതിയാകും. ഇതിനായി മാതാപിതാക്കളോ കുട്ടിയൊ കോടതിയെ സമീപിക്കേണ്ട കാര്യമില്ല.

(അവസാനിച്ചു)

മിഠായി മുതൽ ലഹരിമരുന്ന് വരെ പ്രലോഭനങ്ങൾ; പതിവാകുന്ന വീടുപേക്ഷിക്കൽ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 01

ഒരു കാരണവുമില്ലാതെ കുട്ടികൾ വീട് വിടാറില്ല; അറിയണം കുട്ടികളെ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 02