ഫിലോമിനയെ കണ്ടെത്തുന്നതിന് ഇടപെടണമെന്ന് സർക്കാരിനോട് മാതാപിതാക്കൾ അഭ്യർഥിച്ചു

കല്പറ്റ: റിയാദിലേക്ക് യാത്രതിരിച്ച നഴ്സിനെ കാണാനില്ലെന്ന് കുടുംബം. ഒക്ടോബർ പത്തിന് തന്റെ ഒന്നരമാസത്തെ അവധികഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ സുൽത്താൻബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് കാണാതായത്. ബെംഗളൂരുവിൽനിന്ന് യാത്രപുറപ്പെട്ട ഫിലോമിന ജിദ്ദയിൽ ഇറങ്ങി മറ്റൊരുവിമാനത്തിലാണ് റിയാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ജിദ്ദയിൽ വിമാനമിറങ്ങിയ ഫിലോമിനയ്ക്ക് എന്തുസംഭവിച്ചെന്ന് അറിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ജിദ്ദയിൽ വിമാനമിറങ്ങിയ തന്നെ എയർപോർട്ട് ജീവനക്കാർ പിടിച്ചുവെച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ചു എന്നുമാണ് ഫിലോമിനയുടേതായി കുടുംബത്തിന് അവസാനമായി ലഭിച്ച ഫോൺസന്ദേശം. കുടുംബത്തിനയച്ച വാട്സാപ്പ് സന്ദേശത്തിൽ തന്റെ ബാഗുകളും മറ്റും കൊണ്ടുപോകാൻ മറ്റാരോടെങ്കിലും പറയണമെന്ന് എയർപോർട്ട് ജീവനക്കാർ ആവശ്യപ്പെട്ടതായും പറയുന്നു.
റിയാദിൽ കിങ് ഫഹദ് ആശുപത്രിയിൽ മൂന്നുവർഷമായി നഴ്സായി ജോലിചെയ്തുവരുകയാണ് ഫിലോമിന. കുടുംബം സഹപ്രവർത്തകരോട് വിവരം തിരക്കിയെങ്കിലും ആശുപത്രിയിലോ താമസസ്ഥലത്തോ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. സൗദി എംബസിയുമായും നോർക്കയുമായും ഇ-മെയിൽ മുഖാന്തരം ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ഭർത്താവ് ജോൺ പറയുന്നു. ജിദ്ദയിൽ വിമാനമിറങ്ങിയതിനുശേഷം ഒട്ടേറെത്തവണ ഫിലോമിനയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ മറുപടിയൊന്നുമില്ല.
അനന്ത് നിവാസിൽ രവിയുടെയും സെൽവിയുടെയും മകളാണ് 32 വയസ്സുള്ള ഫിലോമിന. ഫിലോമിനയെ കണ്ടെത്തുന്നതിന് സർക്കാർ ഇടപെടണമെന്ന് മാതാപിതാക്കളായ സെൽവിയും രവിയും അഭ്യർഥിച്ചു.
Content Highlights: Thirty-two-year-old Philomina from Wayanad, working as a nurse in Riyadh, went missing after landing at Jeddah airport from Bengaluru, with her family receiving a final WhatsApp message that airport staff held her.
Published: 14 Oct 2026, 09:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented