ര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട്ടുനിന്ന് വീടു വിട്ടിറങ്ങിയ ഒരു സംഘമുണ്ട്. സംഘത്തിലുള്ള ഒരാളുടെ അച്ഛന് നല്‍കാന്‍ ഏല്‍പ്പിച്ച 150 രൂപയുമായി വീടു വിട്ടിറങ്ങുകയായിരുന്നു സഹോദരങ്ങളായ രണ്ടു പേരുള്‍പ്പെടുന്ന നാല്‍വര്‍ സംഘം. ഒരാള്‍ ഏഴിലും രണ്ടു പേര്‍ ആറിലും ഒരാള്‍ മൂന്നിലുമാണ് പഠിച്ചിരുന്നത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ആദ്യദിനം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നാലു കുട്ടികള്‍ പോകുന്നത് കണ്ടെന്ന് സൂചിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് കോളെത്തുന്നത്. പോലീസെത്തി കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിച്ചു. പിന്നീട് കൗണ്‍സിലിങ് നല്‍കി ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കയച്ചു.കൂട്ടത്തിലെ രണ്ടു പേര്‍ ഇത് രണ്ടാമത്തെ തവണയാണ് വീടു വിട്ടിറങ്ങുന്നത്. എന്തിനായിരുന്നു ഇറങ്ങിപ്പോക്കെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലെന്നാണ്. കുട്ടികള്‍ക്ക് ഒന്നിച്ച് ഹോസ്റ്റലില്‍ താമസിക്കണം. പക്ഷേ, ഹോസ്റ്റലില്‍ താമസിക്കാന്‍ വീട്ടുകാര്‍ അനുവാദം നല്‍കുന്നില്ല. അതുകൊണ്ട് വീടുതന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 

To advertise here,
placeholder
പ്രതീകാത്മ ചിത്രം | വര വിജേഷ് വിശ്വം

സംസ്ഥാനത്ത് സ്വയം വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ കണക്കാണ് കൂടുതല്‍. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന്റെ പുറത്താണ് പലരും വീട് ഉപേക്ഷിക്കുന്നത്. ഇത് തടയാന്‍ ആകെ ചെയ്യാവുന്നത് കുട്ടികളെ ഉത്തരവാദിത്വമുള്ള പൗരന്മായി വീട്ടില്‍നിന്നുതന്നെ വളര്‍ത്തിയെടുക്കണം. ഏറ്റവും സുരക്ഷിതമായ ഇടമാണ് തന്റെ വീടെന്നും വീട്ടിലുള്ളവര്‍ ഏറെ പ്രിയപ്പെട്ടവരാണെന്നുള്ള തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടാകണം. സുരക്ഷിതത്വബോധം കുട്ടികളിലുണ്ടാക്കുകയാണ് ഏറ്റവും പ്രധാനം. കുടുംബം പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ അധ്യാപകരുമായി പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ കുട്ടികള്‍ക്ക് സാഹചര്യം ഉണ്ടാകണം. സുരക്ഷിതബാല്യം കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. 

placeholder

കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ മൂന്നായി തരംതിരിക്കാം: കുടുംബത്തിനുള്ളില്‍ തന്നെ ഉണ്ടാകുന്ന തട്ടിക്കൊണ്ടുപോകലുകള്‍, കുടുംബത്തിന് പുറത്തുനിന്നുള്ള ആളുകള്‍ നടത്തുന്ന തട്ടിക്കൊണ്ടുപോകലുകള്‍, ഒളിച്ചോടിയ അല്ലെങ്കില്‍ കാണാതായ കുട്ടി. (Lyman, M. D., 2011) പ്രകാരം, കുട്ടികളെ കാണാതാകുന്ന സംഭവങ്ങളും കാരണങ്ങളും വളരെ വ്യത്യസ്തമാണ്.  കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 98% പേരെയും തിരിച്ചെത്തിക്കുന്നുണ്ട്. അത് നമ്മുടെ വേഗത്തിലുള്ള ഇടപെടലുകള്‍ മൂലമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. 

ഇത്തരത്തില്‍ 12 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെയാണ് കേരളത്തില്‍നിന്ന് കാണാതാകുന്നത്. കുട്ടികളെ കാണാതാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.  മാതാപിതാക്കളെ ഭയപ്പെടുത്താനോ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവരെ ഭീഷണിപ്പെടുത്താനോ കുട്ടികള്‍ വീട് വിട്ടിറങ്ങുന്ന സംഭവങ്ങള്‍ ആണ് കൂടുതലും.  ചിലര്‍  കുടുംബത്തെ ഭയന്നോ അക്കാദമിക്ക് സ്ഥാപനങ്ങളെയോ തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെയോ ഭയന്ന് ഓടിപ്പോകുന്ന സാഹചര്യങ്ങളുണ്ട്. ചിലര്‍ വിനോദയാത്രകള്‍ക്കായി മാതാപിതാക്കന്മാര്‍ അറിയാതെ പോകുന്നു. പ്രണയബന്ധങ്ങളെ തുടര്‍ന്ന് വീട് ഉപേക്ഷിച്ചുപോകുന്ന കുട്ടികളും കേരളത്തിലുണ്ട്. 

ആദ്യം ചെയ്യേണ്ടത് 

1. പരാതി ലഭിച്ചാല്‍ ഉടനെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉടന്‍ തന്നെ ആര്‍.പി.എഫ്., ലോക്കല്‍ പോലീസ് തുടങ്ങിവര്‍ക്ക് കാണാതായ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക.  
2. കാണാതായ കുട്ടിയുടെ ഫോട്ടോഗ്രാഫ് 'ഖോയ പായ മിസിങ് ചൈല്‍ഡ് പോര്‍ട്ടലി'ല്‍ രജിസ്റ്റര്‍ ചെയ്യുക. പ്രാദേശികമായ എല്ലാ ഭാഗങ്ങളിലേക്കും കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയും വേണം. കൂടാതെ സി.ഡബ്ല്യൂ.സിയും സി.സി.ഐയും ഇടയ്ക്കിടെ വെബ്സൈറ്റ് പരിശോധിക്കുകയും കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചോയെന്ന് ഉറപ്പുവരുത്തുകയും വേണം. 
3. കുട്ടിയുടെ ഫോട്ടോ ആവശ്യമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കുട്ടികളുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഇത് ചെയ്യുന്നതാണ് ഉചിതം. ബാലാവകാശ കമ്മിഷന്റെ അനുവാദത്തോടെ പോലീസിന് ഇത്തരത്തില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാവുന്നതാണ്. കുട്ടിയെ കാണാതായി ആദ്യത്തെ മണിക്കൂറുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടിയെ തിരിച്ചറിയാനും രക്ഷപ്പെടുത്താനും കഴിയണമെങ്കില്‍ വിവരങ്ങള്‍ എത്രയും വേഗം പ്രസിദ്ധീകരിക്കുക എന്നത് അനിവാര്യമാണ്. ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ മുഖേന പ്രസിദ്ധീകരിക്കണം. കുട്ടിയെ തിരികെ ലഭിച്ചാല്‍ സൈബറിടത്തില്‍ നിന്ന് ഇവ നീക്കാന്‍ സംവിധാനം ഉണ്ടാകണം.  
4. ഇപ്പോള്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും കാമറകള്‍ സുലഭമാണ്.അതിനാല്‍ തന്നെ കാണാതാകുന്ന കുട്ടികളെ കണ്ടുപിടിക്കാനും തിരിച്ചറിയാനുമായി എ.ഐ. സാങ്കേതിക വിദ്യയുടെ പ്രയോജനം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. 
5. കുട്ടികളെ കാണാതായി എന്നൊരു പരാതി ലഭിച്ചാല്‍  എത്രയും പെട്ടെന്ന് ഒരു നടപടി എങ്ങനെ കൈകൊള്ളണം എന്നതിന് ഒരു മാനദണ്ഡം ഉണ്ടായിരിക്കണം. 
6. ഏറ്റവും നിര്‍ണായകമായത് മാസങ്ങളായി കാണാതായ കുട്ടികളുടെ കാര്യത്തില്‍ ആണ്. ഇത്തരം കേസുകളില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ജാഗ്രത പുലര്‍ത്തുകയും അന്തര്‍സംസ്ഥാന അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.


ഇറങ്ങിപ്പോക്കിന് കാരണങ്ങളെന്ത്? 

റിപ്പോര്‍ട്ടുകള്‍ പ്രകാരം  കുട്ടികള്‍ സ്വമേധയ വീട് വിട്ടുപോകുന്നതായും അപരിചിതരുടെ കൂടെ, പ്രത്യേകിച്ച് ബലപ്രയോഗം ഒന്നുമില്ലാതെ തന്നെ കൂടെ ഇറങ്ങിപ്പോകുന്നതായും കണ്ടുവരുന്നു. കുട്ടികളുടെ ഈ പെരുമാറ്റത്തിന് കാരണം എന്താണ്? വന്നു വിളിക്കുന്നവര്‍ മിഠായിയോ മറ്റോ കാണിച്ച് പ്രലോഭിപ്പിക്കുന്നതാണോ കുട്ടിയെ ആകര്‍ഷിക്കുന്നത്? അതോ വീട്ടിലെ മോശമായ സാഹചര്യങ്ങളില്‍നിന്ന് കുട്ടി രക്ഷപ്പെടാനാണോ ശ്രമിക്കുന്നത്? പരിശോധിക്കാം.

കുട്ടികളുടെ പെരുമാറ്റത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. അതു കഴിഞ്ഞേ അധ്യാപകരും സഹപാഠികളും സമൂഹവും വരുന്നുള്ളു. അതുകൊണ്ട് കുട്ടികളുടെ പരിപാലനം മികച്ച രീതിയില്‍ ആണെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. ഏറ്റവും ആദ്യം തന്നെ മനസിലാക്കേണ്ട കാര്യം നമ്മുടെ മാതാപിതാക്കള്‍ നമ്മളെ വളര്‍ത്തിയ അതേ രീതിയില്‍ ഇന്നത്തെ തലമുറയെ വളര്‍ത്താന്‍ കഴിയില്ല. അന്നത്തെ കുടുംബ വ്യവസ്ഥയും സാമൂഹ്യ വ്യവസ്ഥയും അല്ല ഇന്നുള്ളത്. നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണെങ്കില്‍, നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ തല്ലിയാണ് വളര്‍ത്തിയതെങ്കിൽ തീര്‍ച്ചയായും അതേ രീതി നിങ്ങളും പിന്തുടരാന്‍ സാധ്യത ഉണ്ട്.  പക്ഷേ, അത് നല്ല വളര്‍ത്തല്‍ രീതിയല്ല. മോശമായ ഒരു പ്രവൃത്തിക്ക് ശിക്ഷ എന്ന രീതിയില്‍ തല്ലുന്നത് കുട്ടികളുടെ പെരുമാറ്റത്തെ വീണ്ടും വഷളാക്കുന്നു. കുട്ടികള്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടമാണ് സ്വന്തം വീട്. അവിടെ അവര്‍ക്ക് ഭീതിജനകമായ കാര്യങ്ങളാണ് ഉള്ളതെങ്കില്‍ കുട്ടി അവിടെനിന്നു രക്ഷപ്പെടാന്‍ പല വഴികളും നോക്കും. ചിലപ്പോള്‍ മാനസികമായുള്ള രക്ഷപ്പെടലാകും നടത്തുക. അതായത് കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുക, തെറ്റായ കൂട്ടുകെട്ടുകളില്‍ ചെന്നുപെടുക, ലഹരി ഉപയോഗിക്കുക അല്ലെങ്കില്‍ വീട്ടില്‍നിന്നു ഇറങ്ങിപ്പോകാനായി നോക്കുക, ഇങ്ങനെയുള്ള പ്രവൃത്തികള്‍ കുട്ടികള്‍ കാണിക്കുന്നു.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത കാണിക്കുക,  വളര്‍ത്തുരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തുക. 

മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത് പല രീതിയില്‍ ആണ്. ചിലര്‍ അമിതമായി ചിട്ടകളും ശിക്ഷകളും കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വളര്‍ത്തുന്നു.  അമിതമായി എല്ലാ കാര്യങ്ങളിലും ഇടപെട്ട് സ്വന്തം തീരുമാനം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു. മറ്റുചിലര്‍ ഒട്ടും തന്നെ കുട്ടികളെ ശ്രദ്ധിക്കില്ല. അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കില്ല, ചിലര്‍ മക്കളുടെ എന്ത് ആവശ്യവും, അത് അനാവശ്യമാണെങ്കില്‍ പോലും സാധിപ്പിച്ച് കൊടുക്കും. ഇവയെല്ലാം പല രീതിയിലും കുട്ടികളുടെ മാനസിക, സാമൂഹിക, വൈകാരിക വികാസത്തെ ബാധിക്കുന്നു. അമിത ചിട്ടയും ശിക്ഷണവും കുട്ടിയ്ക്ക് എല്ലാത്തിനോടും പേടിയും സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പറ്റാതാവുകയും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. 

കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 01 
മിഠായി മുതല്‍ ലഹരിമരുന്ന് വരെ പ്രലോഭനങ്ങള്‍; പതിവാകുന്ന വീടുപേക്ഷിക്കല്‍ 

കുട്ടികളെ ഒട്ടും ശ്രദ്ധിക്കാതെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് കിട്ടേണ്ട സ്‌നേഹവും ലാളനയും കിട്ടാതെ വരികയും അത് അവരെ സ്‌നേഹം കിട്ടുന്ന ഇടത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെ അച്ഛനമമ്മമാര്‍ ആവശ്യങ്ങള്‍ നടത്തികൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക്  നല്ലതും തെറ്റും തിരിച്ചറിയാന്‍ കഴിയാതെയാകുന്നു.  ആവശ്യത്തിന് നിയന്ത്രണങ്ങള്‍, കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, അവരോടൊത്ത് സമയം ചെലവഴിക്കുക, സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ അത് അത്ര പ്രധാന്യമുള്ളത് അല്ലെങ്കിലും കേള്‍ക്കുക, കുട്ടികള്‍ക്ക് എന്തും തുറന്ന് സംസാരിക്കാന്‍ പറ്റുന്ന ആളുകളായി മാതാപിതാക്കള്‍ മാറുക.  കുട്ടികള്‍ മാതാപിതാക്കളെ അനുകരിച്ചാണ് ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ആദ്യം സ്വയം വിലയിരുത്തല്‍ നടത്തുക. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഉണ്ടോയെന്ന്. അവ തിരുത്താം മുന്നോട്ട് പോകാം.

placeholder
 പ്രതീകാത്മ ചിത്രം | ഫോട്ടോ: ആകാശ്

പേരന്റിങ് ആദ്യമായി ചെയ്യുന്നവര്‍ അത് ചെയ്ത് തന്നേയാണ് പഠിക്കേണ്ടത്. ആരും എല്ലാം തികഞ്ഞവര്‍ അല്ല. തെറ്റുകള്‍ സ്വഭാവികമാണ്‌. അവ ആവര്‍ത്തിക്കാതെ നോക്കണമെന്ന് മാത്രം.  മാതാപിതാക്കള്‍ സ്വയം തങ്ങളുടെ തെറ്റുകള്‍ മനസിലാക്കേണ്ടതും അതുകൊണ്ട് കുട്ടികളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മനസിലാക്കേണ്ടത് ആണ്. വീട്ടിലെ സാഹചര്യം മാത്രമല്ല സ്‌കൂളിലെ അന്തരീക്ഷവും സഹപാഠികളില്‍ നിന്നുള്ള പെരുമാറ്റം ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ കുട്ടികളെ ബാധിക്കും. അവര്‍ മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കാന്‍ അവരിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുക.

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളുടെ ചില ലക്ഷണങ്ങള്‍

* പെട്ടെന്നുള്ള സ്വഭാവത്തിലെ മാറ്റം
*ആരോടും എന്ത് കാര്യത്തിനും എതിര്‍ത്ത് സംസാരിക്കുക
*മറ്റുള്ളവരെ അപായപ്പെടുത്താന്‍ നോക്കുക
*സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത
*പെട്ടെന്നുള്ള മോശം അക്കാദമിക് പ്രകടം
*കുടുംബത്തില്‍നിന്നും കൂട്ടുകാരില്‍നിന്നും പിന്‍വലിയുക 
*കൂടുതലും ഒറ്റയ്ക്കിരിക്കുക
*എപ്പോഴും ഭയം തോന്നുക
*വിശപ്പില്ലായ്മ അല്ലെങ്കില്‍ കൂടുതലായി വിശപ്പ് തോന്നുക
*ഉറക്ക കൂടുതല്‍ അല്ലെങ്കില്‍ ഉറക്ക കുറവ്
*നേരത്തെ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍  താല്‍പര്യം തോന്നാതിരിക്കുക 

placeholder
നികിത എസ്.വി.

മുകളില്‍ പറഞ്ഞവ കുട്ടികള്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുടെ ചില ലക്ഷണങ്ങളാണ്.  ഈ പറയുന്ന ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ കുട്ടി കാണിക്കുന്നുവെങ്കിൽ പെട്ടെന്ന് തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കേണ്ടതാണ്. വളരെ പ്രധാന്യമുള്ള വേറൊരു കാര്യം മാതാപിതാക്കള്‍ സ്വയം മാനസികാരോഗ്യം പരിപാലിക്കുക എന്നതാണ്‌.

ഇപ്പോഴും നമ്മുടെ സമൂഹത്തിന് മാനസികാരോഗ്യത്തെ കുറിച്ചുള്ള അറിവ് വളരെ കുറവാണ്. ആളുകള്‍ മാനസിക പ്രശ്‌നങ്ങളെ  തെറ്റായ കാര്യം പോലെ കാണുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടിയാല്‍ ഭേതമാകുന്നതാണ് മാനസിക രോഗങ്ങള്‍,  ശരീരത്തിന് രോഗം വന്നാല്‍ ചികിത്സിക്കുന്ന അതേപോലെ തന്നെ മാനസിക രോഗത്തിനും ചികിത്സ വേണം. ഇവയെല്ലാം സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍, അങ്കണവാടി,കുടുംബശ്രീ എന്നിവയിലൂടെ കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കേണ്ടതുണ്ട്. നിലവില്‍ പല പദ്ധതികള്‍ ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തവും ഫലപ്രദവുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.  ബോധവത്കരണ പരിപാടികള്‍,കൗണ്‍സലിംഗ് സേവനങ്ങള്‍ ഇവ എല്ലാ പ്രായക്കാര്‍ക്കും പ്രയോജനം ചെയ്യണം.  (നികിത എസ്.വി., ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)


കുട്ടി അപ്രത്യക്ഷനായാല്‍ 

കുട്ടികളെ കാണാതായാല്‍ പൊതുവേ വീടിനകത്തും ചുറ്റുവട്ടത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലും അന്വേഷിക്കുകയാണ് പതിവ്. 
പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷവും കുട്ടിയെ കണ്ടെത്താനാകാതെ വരുമ്പോഴാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അപ്പോഴേക്കും മണിക്കൂറുകള്‍ പിന്നിട്ടിരിക്കും. ഈ സമയത്തിനുള്ളില്‍ കുട്ടിയ്ക്ക് അപകടം വരാനുള്ള സാധ്യത ഏറെയാണ്.  കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കില്‍ ഇവര്‍ക്കും കുട്ടിയുമായി രക്ഷപ്പെടാനുള്ള സാധ്യത ഈ മണിക്കൂറുകള്‍ക്കുള്ളില്‍  കിട്ടും. ആലുവ സംഭവത്തില്‍ പോലീസില്‍ പരാതി ലഭിക്കുമ്പോഴേക്കും പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരാതിപ്പെടാന്‍ വൈകാതിരിക്കുകയാണ് ഏറ്റവും പ്രധാനം. 

1098  മാറി ഇപ്പോള്‍ 112
1098 ആയിരുന്നു നേരത്തെ ചൈല്‍ഡ് ലൈന്‍ നമ്പര്‍. ഇത് മാറി 112 എന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറാണ് നിലവില്‍ കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം 'മിഷന്‍ വാത്സല്യ' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചത്.  കുട്ടികള്‍ക്കെതിരേ നടന്ന പല പീഡനങ്ങളും ലൈംഗിക ദുരുപയോഗങ്ങളില്‍ ഭൂരിഭാഗവും പുറത്ത് കൊണ്ടുവന്നത് 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പര്‍ വഴിയിരുന്നു

ഒരു കുട്ടിയെ കാണാതായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും തിരികെ ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും സുപ്രീം കോടതി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായ ബാല്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിരന്തര ഇടപെടലുകളാണ് ഇതിന് കാരണമായത്. അതില്‍ എടുത്തുപറയേണ്ടതാണ് നോബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥിയുടെ ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍(ബി.ബി.എ.). കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ബി.ബി.എ. കുട്ടിക്കടത്തിന് ഇരയാകുന്നവരെ രക്ഷപ്പെടുത്തുകയും അവരെ പുനരധിവസിപ്പിക്കുകയും അവര്‍ക്ക് നിയമസഹായം ഉറപ്പുവരുത്തുകയും ചെയ്യുന്നു. 

placeholder

ബി.ബി.എയുടെ നിയമപരമായ ഇടപെടല്‍ 2013-ലെ സുപ്രധാനമായ ഒരു സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയിരുന്നു. BBA Bachpan Bachao Andolan v--s. Union of India and Others [WP (Crl) 75 of 2012 ബിബിഎ ചൈല്‍ഡ് മിസിങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് വിധി വരുന്നത്. 
വിധിയിലെ സുപ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. ഒരു കുട്ടിയെ കാണാതായതായി പരാതി ലഭിച്ചാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വേണം അനുമാനിക്കാന്‍. അന്വേഷണത്തില്‍ അതല്ലെന്ന് ബോധ്യപ്പെടുന്നത് വരെ. 

2.കുട്ടിയെ കാണ്മാനില്ല എന്നൊരു പരാതി പോലീസ് സ്റ്റേഷനില്‍ ലഭിച്ചാല്‍  സെക്ഷന്‍ 154 സി.ആര്‍.പി.സി. പ്രകാരം എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. 

3. ഒരോ പോലീസ് സ്റ്റേഷനിലും കുട്ടികളുടെ കേസ് കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരിക്കണമെന്ന്‌ ബാലനീതിനിയമത്തിന്റെ സെക്ഷന്‍ 63-ല്‍ അനുശാസിക്കുന്നു.

4. ഉത്തരവിലെ എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.

5. കുട്ടികളെ കാണാതാകുന്ന പരാതികളും കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാന്‍ ഒരു  ഷിഫ്റ്റില്‍ ഒരു പാരാ ലീഗല്‍ വളണ്ടിയര്‍ എങ്കിലും പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഉറപ്പുവരുത്തണം. 

6. സമ്പൂര്‍ണ ബഹ്‌റ v/s യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ പോലീസിന്റെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണം. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായി കണ്ടെത്തിയ അല്ലെങ്കില്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നത് ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ അധിക ഉത്തരവാദിത്വമാണ്. 

7. ഒരു കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് നാല് മാസത്തിനുള്ളില്‍ ഈ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ആന്റി ട്രാഫിക്കിങ് യൂണിറ്റിന് പോലീസ് കേസ് കൈമാറേണ്ടതാണ്. 

8. പ്രഥമവിവര റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല, കുട്ടിയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല എങ്കില്‍ ഈ ഉത്തരവ് കൈമാറിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം.

9. കാണാതായ കുട്ടിയെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സംഭവത്തില്‍ ഏതെങ്കിലും കുട്ടിക്കടത്തുകാര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്. അത്തരത്തില്‍ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളണം. 

10. ഒരു കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് കുട്ടിയെ കണ്ടെത്തുകയും ചെയ്ത് കഴിഞ്ഞാല്‍ അന്വേഷണത്തിനിടയില്‍ ആ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തതാണെന്ന് ബോധ്യപ്പെട്ടാല്‍ പോലീസ് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരേണ്ടതാണ്.

11. കാണാതാകുന്ന കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംരക്ഷിത ഭവനങ്ങള്‍ സജീകരിക്കണം. കുട്ടികളെ തിരികെ ലഭിക്കുകയും അവര്‍ക്ക് പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാതാവുകയും ചെയ്താല്‍ ഈ ഭവനങ്ങളില്‍ പാര്‍പ്പിക്കാം. അവയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ടും മറ്റു ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കണം. 

12. കാണാതായ കുട്ടിയെ തിരികെ ലഭിച്ചാല്‍ ശിശുക്ഷേമ സമിതിയ്ക്ക് കുട്ടിയെ കൈമാറിയില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരക്ഷിത ഭവനങ്ങള്‍ക്കോ കുട്ടികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കോ കുട്ടിയെ കൈമാറാവുന്നതാണ്. വ്യവസ്ഥകള്‍ പാലിക്കാത്ത പക്ഷം ഇവര്‍ക്ക് കുട്ടിയെ സ്വീകരിക്കുവാന്‍ അര്‍ഹതയില്ല. 

കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.

കുട്ടിക്കത്തിനെതിരേ ബില്‍  

മനുഷ്യക്കടത്ത് തടയുക, പ്രത്യേകിച്ചു സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ളത്, മനുഷ്യക്കടത്തിന്റെ ഇരകളായവരുടെ സംരക്ഷണവും പരിചരണവും പുനരധിവാസവും ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം അവരെ പിന്തുണയ്ക്കുന്ന നിയമ, സാമ്പത്തിക, സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചെടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് മനുഷ്യക്കടത്ത് (തടയല്‍,സംരക്ഷണം,പുനരധിവാസം) ബില്‍ 2021. മനുഷ്യക്കടത്തിന്റെ വിവിധ വശങ്ങളെ ബില്‍ അഭിസംബോധന ചെയ്യുന്നുണ്ട് - മനുഷ്യക്കടത്ത് തടയല്‍, മനുഷ്യക്കടത്തിന് ഇരയായവരെ വീണ്ടും മനുഷ്യക്കടത്തിന് വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുക. അന്വേഷണത്തിനായി ഏജന്‍സികളെ നിയമിക്കുക, വിചാരണയ്ക്കായി പ്രത്യേക കോടതികള്‍, ഇരകളുടെ പുനരധിവാസം, വളരെ ഫലപ്രദമായും സമഗ്രമായും മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ തടയാന്‍ ഈ ബില്ലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. 

നാളെ: കാണാതായ കുട്ടിയെ കണ്ടെത്തിയാൽ ചെയ്യേണ്ടതെന്ത്? അവർ വീണ്ടും വീട് വിടാതിരിക്കാൻ എന്തു ചെയ്യണം?

മിഠായി മുതൽ ലഹരിമരുന്ന് വരെ പ്രലോഭനങ്ങൾ; പതിവാകുന്ന വീടുപേക്ഷിക്കൽ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 01

ഇനിയും തിരിച്ചുവരാത്തവരും ഒളിച്ചോടി ഇവിടെ എത്തുന്നവരും | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 03