കോട്ടയം നഗരപരിധിയിൽനിന്ന് മൂന്ന് ദമ്പതിമാരെയാണ് ഇതിനകം കാണാതായത്

കോട്ടയം: വീടുവിട്ടുപോയ പനച്ചിക്കാട്ടെ കുടുംബം കാണാമറയത്തായതോടെ കോട്ടയം നഗരപരിധിയിൽനിന്ന് ദമ്പതിമാരെ കാണാതെപോകുന്ന സംഭവം മൂന്നായി. കോട്ടയം പനച്ചിക്കാട് പാലമുറ്റത്ത് വീട്ടിൽ റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരാണ് ആഴ്ചകൾക്കുമുമ്പ് വീടുവിട്ടുപോയത്.
കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ ( 37), കോട്ടയം മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കാണാതായ രണ്ട് കേസുകളിലും തിരച്ചിൽ വഴിമുട്ടി.
പനച്ചിക്കാട്ടെ കുടുംബത്തിന്റെ തിരോധാനത്തെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും സൂചനകൾ ലഭിക്കാതെവന്നതോടെ മറ്റ് രണ്ട് തിരോധാന കേസുകൾ പോലതന്നെ ഇതും മാറുമോയെന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നാട്ടുകാർ.
സെപ്റ്റംബർ 26-നാണ് പാലമുറ്റത്ത് റെജി (62)യെയും കുടുംബത്തെയും കാണാതാകുന്നത്. വാടകയ്ക്കെടുത്ത KL-26-F-4374 രജിസ്റ്റർ നമ്പരിലുള്ള കാറിലാണ് ഇവർ പനച്ചിക്കാട്ടെ വീട്ടിൽനിന്ന് പുറപ്പെട്ടത്. പോലീസ് അന്വേഷണത്തിൽ കാർ വാഗമൺ, ഏലപ്പാറ, കട്ടപ്പന, കുട്ടിക്കാനം വഴി പാഞ്ചാലിമേട്ടിലെത്തിയതായി നിരീക്ഷണ ക്യാമറകളിൽ കണ്ടെത്തി.
എന്നാൽ, പിന്നീട് എങ്ങോട്ട് പോയെന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. കേസെടുത്ത കോട്ടയം ഈസ്റ്റ് പോലീസ് എസ്.ഐ. നവീൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിൽ നാല് തവണ പാഞ്ചാലിമേട്ടിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. കെട്ടിടനിർമ്മാണം, പെയിന്റിങ് കരാറുകാരനായിരുന്നു റെജി. മകൻ ജോമിറ്റും അച്ഛനൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഏറ്റെടുത്ത കരാർ ജോലികളിൽനിന്ന് വൻതോതിൽ പണം കിട്ടാനുണ്ടെന്നും പണികൾക്കായി മറ്റ് പലരിൽനിന്ന് വാങ്ങിയ തുക മടക്കിനൽകാനുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇവർ വീടുവിട്ടുപോകുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഞാലിയാകുഴിയിൽ വീടുപണിക്ക് കരാറെടുത്ത് നാല് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് കുടുംബത്തിന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകളാകാം തിരോധാനത്തിനുപിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അമ്പരപ്പിൽ നാട്ടുകാർ
റെജിയെയും കുടുംബത്തെയും കാണാതായ വാർത്ത നാട്ടുകാരിലും അമ്പരപ്പുണ്ടാക്കി. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന കുടുംബം ഇവർക്ക് പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കുമുമ്പ് പനച്ചിക്കാട്ട് സ്ഥലംവാങ്ങി വീടുവച്ച് താമസംതുടങ്ങിയതാണ് ഇവർ. സാമ്പത്തിക ബാധ്യതകളുള്ളതായി നാട്ടുകാർക്ക് അറിയില്ല. വിവിധ സ്ഥലങ്ങളിൽ നിർമ്മാണം ഏറ്റെടുത്ത് ചെയ്തിരുന്നതായി സമീപവാസികൾക്കറിയാം. കുടുംബത്തെ കാണാനില്ലന്ന വാർത്ത പരന്നശേഷമാണ് പണം ലഭിക്കാനുള്ള വിവരം ദൂരെസ്ഥലത്തുള്ള ചിലർ വിളിച്ചുപറഞ്ഞതെന്നും സമീപവാസികൾക്കെല്ലാം നല്ല അഭിപ്രായം മാത്രമാണെന്നും നാട്ടിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ സിബി കൊല്ലാട് പറഞ്ഞു. ഇവർ ആവശ്യപ്പെട്ടതിനെതുടർന്ന് സുഹൃത്തിന്റെ കാർ വാടകയ്ക്ക് തരപ്പെടുത്തിനൽകുകയായിരുന്നുവെന്നും എന്തെങ്കിലും പ്രയാസങ്ങളുള്ളതായി ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലന്നും അയൽവാസിയായ ഗോകുലം വീട്ടിൽ ഗോപകുമാർ പറഞ്ഞു. എല്ലാവരുമായും നല്ല ഇടപെടലുകളായിരുന്നു. കാണാതായശേഷമാണ് കടബാധ്യതകളുള്ളതായി കേട്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലന്ന് അയൽവാസി ചന്ദ്രവിലാസം വീട്ടിൽ പ്രദീപ് പറഞ്ഞു.
അറുപറയിൽനിന്ന് പോയവർ കാണാമറയത്ത്
2017 ഏപ്രിൽ ആറിന് വൈകുന്നേരത്തോടെയായിരുന്നു കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42) , ഭാര്യ ഹബീബ ( 37) എന്നിവരെ കാണാതാകുന്നത്. മക്കൾക്ക് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് കാറിൽ യാത്രതിരിച്ച ദമ്പതിമാരെ പിന്നീട് ആരും കണ്ടിട്ടില്ല. മാരുതി വാഗൺ ആർ കാറിലാണ് ഇവർ വീട്ടിൽനിന്ന് പോയത്. മണിക്കൂറുകൾ കഴിഞ്ഞും തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇവരെ കണ്ടെത്തിയില്ല. പീരുമേട്, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലും വിവിധ പുഴകളിലും ജലാശയങ്ങളിലും വെള്ളംവറ്റിച്ച് അന്വേഷണസംഘം പരിശോധന നടത്തി. കോട്ടയം മറിയപ്പള്ളിയിലെ മുട്ടം പാറക്കുളത്തിൽ തിരഞ്ഞെങ്കിലും സൂചന ലഭിച്ചില്ല. എറണാകുളത്തുനിന്ന് കോട്ടയത്തേയ്ക്ക് തീവണ്ടിയിൽവന്ന യാത്രക്കാരായ ദമ്പതിമാർ ഇവരെ കണ്ടതായി അറയിച്ചതിനെ തുടർന്ന് പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു.
കോട്ടയത്ത് ഇറങ്ങുമെന്ന് ഹബീബ ഇവരോട് യാത്രയ്കിടയിൽ പറഞ്ഞിരുന്നു. എന്നാൽ കോട്ടയത്തെത്തിയപ്പോൾ കൊല്ലത്തെ ഇറങ്ങുവെന്ന് പറഞ്ഞുവെന്ന് ദമ്പതിമാർ മൊഴിനൽകിയിരുന്നു. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഹാഷിമിന്റെ പിതാവ് അബ്ദുൾ ഖാദർ 2025-ൽ അന്തരിച്ചു.
മാങ്ങാനത്തെ തിരോധാനം
കെ.എസ്.ഇ.ബി. റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കോട്ടയം മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് 2017 നവംബർ മുതൽ കാണാതായത്. പോലീസ് അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ കോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽനിന്ന് കണ്ടെത്തി. വീട്ടുകാരുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും സൂചന ലഭിച്ചിരുന്നില്ല. രക്ഷിതാക്കളുടെ തിരോധാനത്തെതുടർന്ന് ഇവരുടെ ഒരു മകൻ മനംനൊന്ത് ജീവനൊടുക്കിയിരുന്നു. മകന്റെ മരണവാർത്തയറിഞ്ഞ് ഇവരെത്തുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ മൃതദേഹം മോർച്ചെറിയിൽ സൂക്ഷിച്ചെങ്കിലും എത്തിയില്ല. വീട്ടിലുപേക്ഷിച്ചുപോയ ഫോണിൽ വിളിക്കുമെന്ന് പ്രതീക്ഷ അന്വേഷണ സംഘത്തിനുണ്ടായിരുന്നെങ്കിലും വിളിയുമെത്തിയില്ല. ഈ കേസിലും അന്വേഷണം നിലച്ചമട്ടാണ്.
Content Highlights: Kottayam police are facing dead ends in three separate mysterious disappearance cases involving couples and families, including a Panachikkadu family, amid financial burden suspicions and stalled probes.
Published: 15 Oct 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented