വീട്ടിലേക്ക് അടുക്കുന്ന ഓരോ കാലൊച്ചയിലേക്കും പ്രതീക്ഷയോടെ അവര്‍ കാതോര്‍ക്കും, പരിചിതമല്ലാത്ത ഓരോ നമ്പറില്‍ നിന്നുമുള്ള കോളുകള്‍ തിരക്കിട്ട് അറ്റന്‍ഡ് ചെയ്യും, അര്‍ധരാത്രിയില്‍ ആരോ മുട്ടുന്നതുപോലെ തോന്നി ഓടിച്ചെന്ന് വാതില്‍ തുറക്കും...ഇന്നല്ലെങ്കില്‍ നാളെ എന്ന ശ്വാസംമുട്ടിക്കുന്ന പ്രതീക്ഷയില്‍ ഓരോ നിമിഷവും തള്ളിനീക്കുന്ന നിരവധി മാതാപിതാക്കളുണ്ട് കേരളത്തില്‍. ഒരു പിണക്കത്തിന് അല്ലെങ്കില്‍ കാരണമൊന്നുമറിയാതെ വീടു വിട്ടിറങ്ങിപ്പോയ മക്കള്‍ ഉണ്ടോ ഉറങ്ങിയോ, എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ നീറിനീറി ഒടുങ്ങുകയാണ് അവരുടെ ആയുസ്സ്. അച്ഛാ, അമ്മേ എന്നുവിളിച്ച് എന്നെങ്കിലും ഇവര്‍ മടങ്ങിവരുമെന്ന പ്രതീക്ഷ മാത്രമാണ് ഇനിയും മടങ്ങിവരാത്ത കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ജീവിപ്പിക്കുന്നത്.
To advertise here,
പ്രതീകാത്മ ചിത്രം
കുട്ടികളുമായി ബന്ധപ്പെട്ട തിരോധാനക്കേസുകളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ആലപ്പുഴ സ്വദേശിയായ രാഹുലിന്റെ തിരോധാനം. ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ എ.ആര്‍. രാജുവിന്റെയും മിനിയുടെയും മകനായ ഏഴു വയസുകാരന്‍ രാഹുലിനെ 2005 മെയ് 18-നാണ് കാണാതാകുന്നത്. വീടിനടുത്തുള്ള മൈതാനത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയ രാഹുല്‍ ഇതുവരെ തിരിച്ചെത്തിയിട്ടിയില്ല. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പരിസര പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വൈകാതെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒരു വര്‍ഷത്തിലധികം, പത്തൊമ്പതു മാസത്തോളം ഏഴു വയസ്സുകാരന് വേണ്ടി പോലീസ് തിരഞ്ഞുനടന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. സി.ബി.ഐയുടെ കൊച്ചി തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകള്‍ വിപുലമായ അന്വേഷണം തന്നെ നടത്തിയെങ്കിലും ഒരു തുമ്പുപോലും കിട്ടിയില്ല. ഇരുട്ടില്‍ തപ്പിയ സി.ബി.ഐ. 2013-ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതു ചോദ്യംചെയ്ത് ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഒരു തവണ കൂടി സി.ബി.ഐ. രാഹുലിനെ തിരഞ്ഞിറങ്ങി. രാഹുല്‍ തിരോധാനവുമായി ബന്ധപ്പെട്ട് ഇനി ഒരു അന്വേഷണവും ബാക്കിയില്ലെന്ന് 2015-ല്‍ സി.ബി.ഐ. കോടതിയെ ബോധിപ്പിച്ചു. ഇത് കോടതി ശരിവെച്ചതോടെ അന്വേഷണത്തിന് തിരശ്ശീല വീണു.
രാഹുല്‍ രാജ്
രാഹുലിനെ കാണാതാവുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. മകനെ കാണാതായതോടെ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. മകന് വേണ്ടി ആ പിതാവ് സ്വന്തം നിലയില്‍ അന്വേഷണം നടത്തി. ശാരീരികമായും മാനസികമായും തളര്‍ന്നുപോയ അദ്ദേഹം 2022-ല്‍ ജീവിതം തന്നെ അവസാനിപ്പിച്ചു. രാഹുല്‍ ഇതുവരെ കാണാത്ത അനുജത്തി ശിവാനിയും അമ്മ മിനിയും ഇപ്പോഴും രാഹുലിനെ കാത്തിരിപ്പാണ്. മടങ്ങിവരും, വരാതിരിക്കില്ലെന്ന് മനസ്സില്‍ ആവര്‍ത്തിച്ചുകൊണ്ട്..
ഒരോ എട്ടു മിനിറ്റിലും ഒരു കുട്ടി അപ്രത്യക്ഷനാകുന്നു
എല്ലാ ദിവസവും, വര്‍ഷം മുഴുവനും കുട്ടികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അവരില്‍ ചിലരെ കുറച്ചു നേരത്തേക്കുമാത്രം കാണാതാകും, ഉടന്‍ തിരിച്ചെത്തുകയും ചെയ്യും. ചൂഷണം, മനുഷ്യക്കടത്ത്, കെണിയില്‍ വീഴല്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ആത്മഹത്യ തുടങ്ങി കാണാതാവുന്ന കുട്ടികളെ കാത്തിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. കാണാതാകുന്ന മറ്റു കുട്ടികളെ അപകടങ്ങള്‍ എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കിലും കണ്ടെത്താനാകാത്ത കുട്ടികളുടെ എണ്ണവും ആശങ്കാജനകമാണ്.
representational image (file image)
കുട്ടികളെ കാണാതാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ കുടുംബ സാഹചര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികളെ അവഗണിക്കുന്നതോ അകാരണമായി ശിക്ഷിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ കുടുംബാംന്തരീക്ഷത്തില്‍നിന്നും ഓടിപ്പോകാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, വിവിധ മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി നിരവധി സാഹചര്യങ്ങളില്‍ കുട്ടികളെ കാണാതാകുന്നുണ്ടെന്ന് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററായ പ്രസ്രീന്‍ കുന്നംപള്ളി പറയുന്നു.
ഓരോ എട്ടു മിനിട്ടിലും ഒരു കുട്ടിയെ കാണാതാകുന്നുവെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പറയുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 40,000 കുട്ടികളാണ് ഇന്ത്യയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നത്. ഇതില്‍ 11,000 കുട്ടികളെ തിരികെ കിട്ടിയില്ല. എന്‍.ജി.ഒകളുടെ കണക്കുപ്രകാരം 12000 മുതല്‍ 50,000 വരെ സ്ത്രീകളും കുട്ടികളും അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്. ലൈംഗിക വ്യാപാരത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടക്കുന്നത്. (സത്യാര്‍ത്ഥി ഒ.ആര്‍.ജി)
കുട്ടികളെ കാണാതാകുന്നതുള്‍പ്പടെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കൂടിവരികയാണ്. കേരള പോലീസിന്റെ കൈവശമുള്ള കുറ്റകൃത്യങ്ങളുടെ 2016 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികളെ തട്ടികൊണ്ടുപോയതോ കാണാതായതോ ആയ 1628 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 269 കേസുകള്‍ 2022-ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. 2023-ല്‍ ഇതുവരെ 77 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2019-ലെ കണക്കുകള്‍ പ്രകാരം 73,138 മിസ്സിങ് കേസുകളാണ് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ 8.9% വര്‍ധന 2019-ല്‍ രേഖപ്പെടുത്തിയിരുന്നു.
സമാധാന നൊബേല്‍ ജേതാവായ കൈലാഷ് സത്യാര്‍ഥിയുടെ സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍(കെ.എസ്.സി.എഫ്.) ഗെയിംസ് 24X7 എന്ന സംഘടനയുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2016 മുതല്‍ 2022 വരെയുള്ള കേസുകളെ വിലയിരുത്തുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ തിരോധാനം റിപ്പോര്‍ട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശിലാണ്. ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രാജ്യതലസ്ഥാനത്തേക്ക് വരുമ്പോള്‍ തിരോധാനക്കേസുകളില്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 68% വര്‍ധനവാണ് കോവിഡിന് ശേഷമുണ്ടായത്. നഗരങ്ങളില്‍ ജയ്പുരാണ് മുമ്പില്‍. 2016-2022 കാലയളവില്‍ 13,549 കുട്ടികളെ രക്ഷപ്പെടുത്താനായിട്ടുണ്ട്. ഇതില്‍ 80 ശതമാനവും 13-18 പ്രായക്കാരാണ്.
കുട്ടികള്‍ എവിടെ പോകുന്നു?
'മിസ്സിങ്' എന്നുപറയാമെങ്കിലും കുട്ടികള്‍ കാണാതാകുന്നതിന് കാരണങ്ങള്‍ പലതാണ്. സാഹചര്യങ്ങള്‍, അവരെ കാണാതാകുന്ന രീതികള്‍, അവര്‍ ചെന്നെത്തിപ്പെടുന്ന ഇടങ്ങള്‍ എല്ലാം വ്യത്യസ്തമാണ്.
മിഠായി മുതല്‍ പ്രണയം വരെ നീളുന്ന പ്രലോഭനങ്ങള്‍
പത്തനംതിട്ടയില്‍ ജോലിക്കെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ആറു വയസ്സുള്ള മകളെ കാണാതായി. അവര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ ഭിക്ഷാടനം നടത്തുന്ന സ്ത്രീയുടെ ഒപ്പം ഒരു കുട്ടിയുള്ളത് തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടു. കുട്ടിയെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് സ്വന്തം കുഞ്ഞാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. പക്ഷേ, സ്ത്രീയുടെ മറുപടിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഇവര്‍ CWC മുഖേന കുട്ടിയെ സംരക്ഷിതഭവനത്തിലേക്ക് മാറ്റി. കുട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍, തെളിവുമായി വരാമെന്ന് പറഞ്ഞ് പോയ 'അമ്മ'യെ പിന്നീട് ആ വഴിയ്ക്ക് കണ്ടില്ല. ഈ സമയത്താണ് അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട പോലീസ് തിരുവനന്തപുരത്തെ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുന്നത്. അവര്‍ കുട്ടിയുടെ വിവരങ്ങള്‍ പോലീസിന് കൈമാറി, അത് ആന്ധ്ര സ്വദേശികളുടെ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞു. ഈ കുടുംബവുമായി അടുപ്പമുള്ള സ്ത്രീ തന്നെയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ആലുവയിലെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലം അഞ്ചു വയസ്സുകാരിയെ മിഠായി വാഗ്ദാനം ചെയ്താണ് കൂടെക്കൂട്ടിയത്. ചെറിയ കുട്ടികളുടെ കാര്യത്തില്‍ ഇത് മിഠായിയോ കളിപ്പാട്ടമോ ആണെങ്കില്‍ വലിയ കുട്ടികളെ വീഴ്ത്തുന്നത് ലഹരിയാണ്. കൗമാരപ്രണയത്തിന്റെ പ്രലോഭനത്തില്‍ വീടു വിട്ടിറങ്ങുന്നവരും കുറവല്ല.
കാസര്‍കോഡ് ജില്ലയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന് പതിന്നാലുകാരിയെ കാണാതായെന്ന വിവരം ലഭിക്കുന്നു. രാവിലെ വീട്ടില്‍നിന്ന് മദ്രസയിലേക്ക് പോയ പെണ്‍കുട്ടി പിന്നെ തിരിച്ചുവന്നില്ല. കുട്ടിയെ കാണാതായ സമയം ബന്ധുക്കള്‍ സൂചിപ്പിച്ചപ്പോള്‍ ഇതേസമയത്ത് കൈകൊണ്ട് മുഖം മറച്ച് ഒരു പെണ്‍കുട്ടി ബൈക്കില്‍ പോയതായി വിവരം ലഭിച്ചു. ബേക്കല്‍ ഭാഗത്തേക്കാണ് കുട്ടി പോയത്. ഇവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈകുന്നേരം സ്‌കൂളില്‍ ചെന്നുനിന്ന ബന്ധുക്കള്‍ക്ക് മുന്നിലേക്ക് ഒരു യുവാവിനൊപ്പം കുട്ടി വന്നിറങ്ങി. പോലീസ് അന്വേഷണത്തിനൊടുവില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണം മുതല്‍ മയക്കുമരുന്ന് മാഫിയയുടെ പിടിയിലകപ്പെടുന്നതുള്‍പ്പടെ വലിയ ചതിക്കുഴികളാണ് പ്രണയത്തിന്റെ മറവില്‍ കുട്ടികളെ കാത്തിരിക്കുന്നത്.
'കുട്ടികള്‍ക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അപരിചിതരോടുള്ള ഇടപെടലുകള്‍ എത്രത്തോളമാകാമെന്ന് അവര്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. സുന്ദരമായ ഈ ലോകത്ത് ചില മനുഷ്യര്‍ മോശമാണെന്നും നമ്മളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും കുട്ടികള്‍ അറിയണം. അപരിചിതരില്‍നിന്ന് ഒരിക്കലും മിഠായിയോ സമ്മാനങ്ങളോ സ്വീകരിക്കരുത്. അപരിചിതനായ ഒരാളുമായി
ഒരിക്കലും എവിടെയും പോകരുത്. തട്ടിക്കൊണ്ടു പോകലില്‍നിന്നും ചൂഷണത്തില്‍നിന്നും സ്വയം രക്ഷിക്കുന്നത് എങ്ങനെയാണ് തുടങ്ങി അപകടകരമായ സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കണമെന്നും അതില്‍നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നുമുള്ള അടിസ്ഥാനകാര്യങ്ങള്‍ അവരെ പഠിപ്പിക്കുക. കണ്ടു പരിചയം ഇല്ലാത്ത ഒരാള്‍ കൂടെ വരണം എന്നുപറഞ്ഞാല്‍ 'ഇല്ല' എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെങ്കില്‍ സഹായത്തിനായി ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് കഴിയുന്നത്ര വേഗത്തില്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടണം എന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കണം. ഏറ്റവും പ്രധാനമായി നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും ഇടമായി വീടിനെ മാറ്റണം.' -
പിണങ്ങിപ്പോകുന്നവര്‍
സമയം അര്‍ധ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ടുണ്ട്. റോഡിലൂടെ സ്‌കൂള്‍ ബാഗും തൂക്കി നടക്കുന്ന പത്തു വയസ്സുകാരനെ അതുവഴി കാറില്‍ പോവുകയായിരുന്ന ഒരു കുടുംബമാണ് കണ്ടത്. അര്‍ധരാത്രി ഒരു കുട്ടിയെ തനിച്ച് നടുറോഡില്‍ കണ്ട ആ കുടുംബം സ്വാഭാവികമായും കാര്‍ നിര്‍ത്തി. കുട്ടി ഓടി കുറ്റിക്കാട്ടിലൊളിച്ചു. കുട്ടിയെ അത്തരമൊരു സാഹചര്യത്തില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നാതിരുന്ന കുടുംബം പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തുംവരെ കുട്ടിക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു. പോലീസ് എത്തിയ ആശ്വാസത്തില്‍ കുടുംബം മടങ്ങിയെങ്കിലും കുട്ടിയെ പിടികൂടാന്‍ പോലീസിനും സാധിച്ചില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഒരു കടയുടെ വരാന്തയില്‍ കിടന്ന് ഉറങ്ങുന്ന നിലയിലാണ് അവര്‍ കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഉപയോഗത്തിന് രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതായിരുന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്.
വീട്ടില്‍നിന്ന് ഇറങ്ങിയോടി ഒരു നാടിന്റെ ഉറക്കം കളഞ്ഞ വികൃതിയൊപ്പിച്ച കുട്ടിയുമുണ്ട്. കുട്ടി കാണിച്ച കുറുമ്പ് അല്പം അതിരുവിട്ടത് അയല്‍ക്കാര്‍ വീട്ടില്‍ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതിഷ്ടപ്പെടാതിരുന്ന കുട്ടി സ്ഥിരമായി അവര്‍ അലക്കിയിടുന്ന വസ്ത്രങ്ങളെടുത്ത് ഒളിപ്പിച്ചുവെക്കുന്നത് പതിവായി. തുണി കാണാവുന്നത് പതിവായതോടെ ആരാണ് ചെയ്യുന്നതെന്നറിയാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. നിരന്തര നിരീക്ഷണത്തിനൊടുവില്‍ അവര്‍ കുട്ടിയെ കൈയോടെ പിടികൂടി. സംഭവം തന്റെ അച്ഛന്‍ അറിയുമെന്ന് ഉറപ്പായതോടെ കുട്ടി രാത്രി പെരുംമഴയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയോടി. ടോര്‍ച്ചും കുടയുമായി വീട്ടുകാരും അയല്‍ക്കാരും കുട്ടിയെ തിരഞ്ഞിറങ്ങി... മണിക്കൂറുകളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ കിലോ മീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് കുട്ടിയെ അവര്‍ കണ്ടെത്തിയത്.
.
പ്രതീകാത്മക ചിത്രം
മുകളില്‍ സൂചിപ്പിച്ച സംഭവങ്ങളില്‍ കുട്ടികള്‍ സ്വയം വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഉചിതമായ ഇടപെടലുകളിലൂടെ അവരെ കണ്ടെത്താനായെന്നതാണ് ആശ്വാസം. മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളുടെ പേരിലാണ് കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത്. പരീക്ഷാപ്പേടി മുതല്‍ പ്രണയവും ഫോണ്‍ നോക്കിയതിന് വഴക്കുപറഞ്ഞതുമൊക്കെ വീട് ഉപേക്ഷിക്കാനുള്ള കാരണങ്ങളാണ്. ഇത്തരം ഇറങ്ങിപ്പോകലുകളാകട്ടേ കുട്ടികളെ എത്തിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കും. ഇന്ന് സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെയും മറ്റും കുട്ടികളെ തിരികെയെത്തിക്കാന്‍ പോലീസിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുടെ അധികൃതര്‍ക്കും ഒരു പരിധിവരെ സാധിക്കുന്നുണ്ട് എന്നുള്ളതാണ് ആശ്വാസം.
പക്ഷേ, അവിടെയുമുണ്ട് അപകടം
കുട്ടികളെ കാണാതായി, തട്ടിക്കൊണ്ട് പോയി എന്ന രീതിയില്‍ ഭീതിപടര്‍ത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയടക്കം പ്രചരിക്കാറുണ്ട്. ചിലത് കുട്ടികളെ കണ്ടുകിട്ടിയിട്ടും വര്‍ഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ ആയേക്കാം. കാണുന്നവര്‍ കാണുന്നവര്‍ സംഗതിയുടെ സത്യാസ്ഥ മനസ്സിലാക്കാതെ അത് ഷെയര്‍ ചെയ്യാറുമുണ്ട്. ഇത്തരം പോസ്റ്റുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ നമുക്ക് സംവിധാനങ്ങളൊന്നും ഇല്ല.
കുട്ടികള്‍ ഇറങ്ങിപ്പോകുന്നതിനുള്ള കാരണങ്ങള്‍
1. ശിഥിലമായ കുടുംബങ്ങളില്‍ വേണ്ടത്ര ശ്രദ്ധയും സംരക്ഷണവും കിട്ടാതെ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍. 2. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം. 3. കൗമാരപ്രയാക്കാരായ പെണ്‍കുട്ടികള്‍ പ്രേമബന്ധങ്ങളിലും പ്രലോഭനങ്ങളിലും ഉള്‍പെട്ട് വീട് വിട്ട് ഇറങ്ങി പോകുന്ന അവസ്ഥ. 4. അനാഥായങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ കഴിയാതെ മാനസിക പിരിമുറുക്കം മൂലം അനാഥാലയങ്ങളില്‍നിന്നും ചാടിപ്പോകുന്ന പ്രവണത. ഇത്തരത്തില്‍ ചാടിപ്പോകുന്ന കുട്ടികള്‍ കൂട്ടുകാരെയും അതിന് പ്രേരിപ്പിക്കുന്നു. 5. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ 6. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍. 7. പരീക്ഷാഫലം മുന്നില്‍കണ്ട് ഇറങ്ങിപ്പോകുന്നവര്‍
കുട്ടികള്‍ പോകുന്നതെങ്ങോട്ട്?
വീട്ടില്‍നിന്ന് ഇറങ്ങിപ്പോയവരോ തട്ടിക്കൊണ്ടുപോകപ്പെട്ടവരോ ആയ കുട്ടികള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? ഇതു സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റ് സി.കെ. നാസര്‍ കാഞ്ഞങ്ങാട് ബാലവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. 2019-2020-2021 വര്‍ഷങ്ങളില്‍ ആകെ കാണാതായ കുട്ടികളില്‍ രണ്ടു പേരെ മാത്രമാണ് തിരികെ കിട്ടാനുള്ളതെന്നാണ് ബാലവകാശ കമ്മിഷന്‍ നല്‍കിയ മറുപടി. അതില്‍ ഒരു കുട്ടി പളളുരുത്തി സ്റ്റേഷന്‍ പരിധിയില്‍നിന്ന് അമ്മയ്‌ക്കൊപ്പം കാണാതായ സച്ചിന്‍ ചന്ദ്രശേഖരനാണ്. ക്രൈംനമ്പര്‍ 328/2019/u/s 57of kp act കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബാലവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
മറ്റൊന്ന് ഫറോക്ക് പോലീസ് സ്റ്റേഷനിലെ കേസാണ്(ക്രൈം നമ്പര്‍ 661/2021/ u/s 57 kp act ) ഈ കേസില്‍ കാണാതായ അശ്വിന്‍ എന്ന കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്ന് 2022 ഒക്ടോബര്‍വരെ ലഭിച്ച കണക്കുകള്‍ പ്രകാരം ഏഴ് ആണ്‍കുട്ടികളെയും നാല് പെണ്‍കുട്ടികളെയും മാത്രമാണ് ഇനി കണ്ടുകിട്ടാനുള്ളതെന്നും ബാലാവകാശകമ്മീഷന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented