'ഇരുപതിനായിരം ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്, വേട്ടയാടലും നിയന്ത്രണവുമൊന്നുമില്ലാതെ ജര്‍മന്‍കാരും ആനകള്‍ക്കൊപ്പം ജീവിക്കാന്‍ പഠിക്കട്ടെ..' ആഫ്രിക്കയിലെ വേട്ടയാടലിന് ശേഷം മൃഗങ്ങളുടെ തലഭാഗങ്ങളോ മറ്റോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് (ട്രോഫി ഹണ്ടിങ്) നിരോധിക്കാനൊരുങ്ങുന്ന ജര്‍മനിയോടായിരുന്നു ബോട്‌സ്വാന പ്രസിഡന്റ് മോഗ്വീസി മസീസിയുടെ ഭീഷണി. നിരോധന നടപടികളുമായി മുന്നോട്ടു നീങ്ങുന്ന ജര്‍മന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യമാണ് ആനകളെ കൊണ്ട് പൊറുതിമുട്ടിയ ബോട്‌സ്വാനയെ ചൊടിപ്പിച്ചത്. ട്രോഫി ഹണ്ടിങ്ങിന് നിയന്ത്രണം നടപ്പിലാക്കുന്നതില്‍ രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് മസീസി പറഞ്ഞു. അല്ലെങ്കില്‍ ഞങ്ങള്‍ ആനകളെ അയക്കാം, വേട്ടയാടലുകളില്ലാതെ ആനകള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്നത് ജര്‍മനി കാണിച്ചുതരണമെന്നും മസീസ് കൂട്ടിച്ചേര്‍ത്തു. ബെര്‍ലിനിലിരുന്ന് ആര്‍ക്കും എന്തും പറയാം, ഞങ്ങളുടെ ദുരിതം ലോകത്തിനറിയില്ലെന്ന് മസീസി പറഞ്ഞു. ബോട്സ്വാന പ്രസിഡന്‍റിന്‍റെ ഭീഷണിയില്‍ വീണില്ലെങ്കിലും സാഹചര്യം അനുവദിക്കുമെങ്കില്‍ ആനകളെ സ്വീകരിക്കാമെന്നാണ് ജര്‍മനി പറയുന്നത്. ആനത്തര്‍ക്കം ജര്‍മനിയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും പുകയുകയാണ്. 

To advertise here,

എന്താണ് ട്രോഫി ഹണ്ടിങ്

വന്യമൃഗങ്ങളെ വേട്ടയാടിക്കൊന്ന് അവയുടെ തലയോ കൊമ്പോ തൊലിയോ തുടങ്ങിയ ശരീരഭാഗങ്ങളെടുത്ത് പ്രദര്‍ശിപ്പിക്കുന്നതിനെയാണ് ചെയ്യുന്നതാണ് ട്രോഫി ഹണ്ടിങ് എന്നുപറയുന്നത്. ഇതിനെ ഒരു കായിക ഇനമായി പോലും കണക്കാക്കുന്നുണ്ട്. സിംഹം, ആന, മാന്‍ തുടങ്ങി ട്രോഫികള്‍ ശേഖരിക്കാന്‍ പറ്റുന്ന മൃഗങ്ങളെല്ലാം ട്രോഫി ഹണ്ടിങ്ങിന് ഇരകളാവാറുണ്ട്. ചര്‍മമോ തലയോ ശേഖരിച്ച് ഇവ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന രീതി ഒട്ടുമിക്ക രാജ്യങ്ങളിലും പിന്തുടരുന്നുണ്ടെങ്കിലും ട്രോഫി ഹണ്ടിങ്ങിനെതിരേ വ്യാപകവിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളിലും ട്രോഫി ഹണ്ടിങ് നിയമപരമാണ്. കോസ്റ്റാറിക, കെനിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ ട്രോഫി ഹണ്ടിങ്ങിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളുടെ എണ്ണം, കാലാവസ്ഥ, വേട്ടയാടലിന് ഉപയോഗിക്കുന്ന ആയുധം, വേട്ടയാടലിന്റെ രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രോഫി ഹണ്ടിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വന്യമൃഗ, പരിസ്ഥിതി ആശങ്കകള്‍ കണക്കിലെടുത്താണ് രാജ്യങ്ങള്‍ ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തുകയോ വേട്ടയാടല്‍ നിയന്ത്രിക്കുകയോ ചെയ്യുന്നത്. ട്രോഫി ഹണ്ടിങ്ങിലൂടെ ലഭിക്കുന്ന വരുമാനം, വന്യമൃഗങ്ങളുടെ നിയന്ത്രണം തുടങ്ങിയവയാണ് ട്രോഫി ഹണ്ടിങ് നിയമപരമാക്കാനുള്ള പ്രധാനകാരണങ്ങളില്‍ ചിലത്. അമേരിക്കയില്‍ സിംബാബ്‌വേ, ടാന്‍സാനിയ എന്നിവടങ്ങളില്‍ നിന്നുള്ള ആനകളുടെ ട്രോഫി ഹണ്ടിങ്ങിന് 2014ല്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിച്ചു. കാനഡ, ദക്ഷിണാഫ്രിക്ക, നമീബിയ, മെക്‌സിക്കോ, ന്യൂസീലാന്‍ഡ്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ട്രോഫി ഹണ്ടിങ് നിയമപരമാണ്.

ബോട്‌സ്വാനയും ട്രോഫി ഹണ്ടിങ്ങും

ട്രോഫി ഹണ്ടിങ് ഏറ്റവും കൂടുതല്‍ നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് ബോട്‌സ്വാന. ആനകളേയും സിംഹങ്ങളേയും ട്രോഫികള്‍ക്ക് വേണ്ടി വേട്ടയാടുന്നത് വളരെ വ്യാപകമാണ്. 2001ല്‍ സിംഹത്തിന്റെ ട്രോഫി ഹണ്ടിങ്ങിന് ഒരു വര്‍ഷം നിരോധനമേര്‍പ്പെടുത്തിയിരുന്നു. പ്രതിവര്‍ഷം 50 സിംഹങ്ങളും വേട്ടയാടാനായിരുന്നു ബോട്‌സ്വാനയിലെ ഹണ്ടിങ് നിയമം. നായാട്ടുകാര്‍ ലക്ഷ്യം വെയ്ക്കുന്ന ആണ്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെ നിരോധനമേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. 2014ല്‍ ബോട്‌സ്വാന വീണ്ടും ട്രോഫി ഹണ്ടിങ് നിരോധിച്ചു. എന്നാല്‍ ഗ്രാമവാസികള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന ഹണ്ടിങ്ങിന് നിരോധനം വന്നതോടെ വരുമാനത്തില്‍ കുറവ് വന്നതായും വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായും കാടിറങ്ങിവരുന്ന ആനയും സിംഹങ്ങളും കാട്ടുപോത്തുകളും കന്നുകാലികളെ ആക്രമിക്കുന്നതായും ജനങ്ങളും പരാതി പറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണമൊഴിവാക്കി. 

26 ലക്ഷം മാത്രമാണ് ജനസംഖ്യയെങ്കിലും ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യം ബോട്‌സ്വാനയാണ്. ഈ ആനപ്പെരുപ്പം തന്നെയാണ് ബോട്‌സ്വാനയെ വലയ്ക്കുന്നതും. 1960കളില്‍ ഏതാണ്ട് പതിനായിരം ആനകള്‍ മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്നുള്ള ആനകളുടെ എണ്ണം ഒരുലക്ഷത്തിനും മുകളിലാണ്. 2003ല്‍ ബോട്‌സ്വാനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വൈല്‍ഡ്‌ലൈഫ് ആന്റ് നാഷണല്‍ പാര്‍ക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 1.10 ലക്ഷമായിരുന്നു ആനകളുടെ എണ്ണം, 2010ല്‍ നടത്തിയ ആകാശസര്‍വേയില്‍ ആനകളുടെ എണ്ണം 1.28 ലക്ഷമായും 2012ല്‍ നടത്തിയ സര്‍വേയില്‍ ഇത് 1.51 ലക്ഷമായും കണക്കാക്കുന്നു. 2018ല്‍ നടത്തിയ സര്‍വേയിലെ കണക്കുകളാണ് ഏറ്റവും ഒടുവിലത്തെ കണക്കുകളായി ലഭ്യമായിട്ടുള്ളത്. 1.30 ലക്ഷമായിരുന്നു ആനകളുടെ എണ്ണം. അഞ്ച് വര്‍ഷത്തോളമുള്ള നിരോധനം ആനകളുടെ എണ്ണം പെരുക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. കാട്ടില്‍ മാത്രമല്ല, നാട്ടിലും ആനകള്‍ സ്വൈര്യവിഹാരം നടത്തുന്ന സ്ഥിതിയാണുള്ളത്. കൂടാതെ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന സംഭവങ്ങളും വളരെ വ്യാപകമാണ്. ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയാണ്. മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവിഭവങ്ങള്‍ കുറയും. ഒപ്പം വലിയ അളവില്‍ വെള്ളം കുടിക്കുന്ന ആനകള്‍ ജലസ്രോതസ്സുകളേയും ദുര്‍ബലമാക്കുന്നു. ഇത്തരം സംഭവങ്ങളേറിയതോടെയാണ് നിരോധനം പിന്‍വലിച്ചത്. കാട്ടാനയുടെ ആക്രമണം കുറയ്ക്കാനുള്ള വഴി കൂടിയാണ് ബോട്‌സ്വാനയ്ക്ക് ട്രോഫി ഹണ്ടിങ്. 

ആനപ്പെരുപ്പത്തിന് പേരുകേട്ട ബോട്‌സ്വാനയില്‍ യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് വേട്ടയാടലിനായി എത്തുന്നത്. ട്രോഫി ഹണ്ടിങ് നടത്തണമെങ്കില്‍ ഒരു ആനയ്ക്ക് ചുരുങ്ങിയത് 50,000 ഡോളര്‍ എങ്കിലും സര്‍ക്കാരിന് നല്‍കണം. 2019ല്‍ ഹണ്ടിങ്ങിനുള്ള നിയന്ത്രണം പിന്‍വലിച്ചതോടെ പ്രാദേശികവാസികള്‍ക്ക് പ്രതിവര്‍ഷം വലിയ തോതില്‍ വരുമാനം ലഭിക്കുന്നതായി സര്‍ക്കാരും പറയുന്നുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടാനുള്ള അവകാശം വില്‍പന നടത്തിക്കൊണ്ടാണ് പ്രദേശവാസികള്‍ പ്രധാനമായും വരുമാനമുണ്ടാക്കുന്നത്. ഇതിന് പുറമേ വേട്ടയാടലിന് എത്തുന്ന വിദേശികള്‍ക്ക് സഹായത്തിന് നിന്നും ഉപകരണങ്ങളും ഗതാഗതസേവനങ്ങളും നല്‍കിക്കൊണ്ടും അവര്‍ പണം സമ്പാദിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 250 മില്ല്യണ്‍ ഡോളറാണ് ട്രോഫി ഹണ്ടിങ് വ്യവസായം സംഭാവന ചെയ്യുന്നത്. ഒപ്പം ഇരുപതിനായിരത്തോളം തൊഴിലവസരങ്ങളും. 

ട്രോഫിക്ക് വേണ്ടിയുള്ള വേട്ടയാടലിനെ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. പൊതുവേ കരുത്തുറ്റ, ആഗോളതലത്തില്‍ എണ്ണത്തില്‍ താരതമ്യേനെ കുറവായ മൃഗങ്ങളെയാണ് പൊതുവേ ട്രോഫിക്കായി വേട്ടയാടുന്നത്. ഇതിലൂടെ ഇത്തരം മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ വാദിക്കുന്നുണ്ട്. ട്രോഫി ഹണ്ടിങ്ങില്‍ നിന്നുള്ള വരുമാനം വളരെ വലുതാണെന്നത് വ്യാജ അവകാശവാദമാണെന്നാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പറയുന്നു. എട്ട് പ്രധാന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ട്രോഫി വേട്ടക്കാര്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 0.03 ശതമാനവും മൊത്തത്തിലുള്ള ടൂറിസം ജോലികളില്‍ 0.76 ശതമാനവും മാത്രമേ സംഭവന ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകള്‍. എന്നാല്‍ പലപ്പോഴും ഇത് പെരുപ്പിച്ച് കാണിക്കുകയാണ്. വ്യാപകമായ അഴിമതി കാരണം പ്രാദേശിക സമൂഹത്തിന് ട്രോഫി വേട്ടയില്‍ നിന്ന് പ്രയോജനം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. 

അതേസമയം ആനപ്പെരുപ്പം നിയന്ത്രിക്കാന്‍ ട്രോഫി ഹണ്ടിങ് മാത്രമല്ല ഫലപ്രദമായ വഴിയെന്ന് വാദിക്കുന്ന വന്യജീവി സ്‌നേഹികള്‍ ലോകത്തെങ്ങും ഉള്ളതുപോലെ ബോട്‌സ്വാനയിലുമുണ്ട്. ഈ വഴികള്‍ ബോട്‌സ്വാന പലപ്പോഴായി പ്രയോഗിച്ചിട്ടുമുണ്ട്. ആനകളെ കൈമാറ്റം ചെയ്യലാണ് അതില്‍ പ്രധാനം. 2023ല്‍ 8000 ആനകളെ ബോട്‌സ്വാന അയല്‍രാജ്യമായ അംഗോളയ്ക്ക് നല്‍കിയിരുന്നു. 2022ല്‍ മൊസംബിക്കിനും അഞ്ഞൂറ് ആനകളെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അവര്‍ ഇതുവരെ ആനകളെ കൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ അഗ്രോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം ആനകളെ കൃഷിക്കാരായ ഗ്രാമവാസികള്‍ക്കും നല്‍കിയിട്ടുണ്ട്. 

placeholder
സ്റ്റെഫി ലെംകെ

ട്രോഫി ഇറക്കുമതി നിരോധിക്കാന്‍ ജര്‍മനി 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ട്രോഫി ഹണ്ടിങ്ങില്‍ ആശങ്ക രേഖപ്പെടുത്തി ജര്‍മനിയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവും പരിസ്ഥിതി മന്ത്രിയുമായ സ്റ്റെഫി ലെംകെ രംഗത്തെത്തിയത്. സംരക്ഷിത മൃഗങ്ങളെ വേട്ടയാടി അവയുടെ ശരീരഭാഗങ്ങള്‍ വിജയചിഹ്നമായി ജര്‍മനയിലേക്ക് കൊണ്ടുവരുന്നതില്‍ തനിക്ക് എതിര്‍പ്പും ആശങ്കയും ഉണ്ടെന്നായിരുന്നു ലെംകെയുടെ അഭിപ്രായം. അതിനാല്‍ ട്രോഫി ഹണ്ടിങ്ങില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും അവര്‍ വ്യക്തമാക്കി. 

ഹ്യൂമന്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 2014നും 2020നും ഇടയില്‍ സംരക്ഷിതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട മൃഗങ്ങളുടെ ഏതാണ്ട് 2400 ട്രോഫികള്‍ ജര്‍മനിയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ഈ ഇറക്കുമതിയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ജര്‍മനിയാണ്. ആഗോളതലത്തില്‍ രണ്ടാമതാണ് ജര്‍മനി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഹ്യൂമന്‍ സൊസൈറ്റി 2021ല്‍ നടത്തിയ സര്‍വേയില്‍ ജര്‍മനിയിലെ 90 ശതമാനം ആളുകളും ട്രോഫി ഹണ്ടിങ്ങിനെ എതിര്‍ക്കുന്നവരാണ്. 

അതേസമയം ഈ വിഷയം ഔദ്യോഗികമായി ബോട്‌സ്വാന ജര്‍മന്‍ സര്‍ക്കാരുമായി പങ്കുവെച്ചിട്ടില്ല. അതേസമയം ട്രോഫി ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് ബാധിച്ചേക്കാവുന്ന രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ജര്‍മനിയിലെ പരിസ്ഥിതി മന്ത്രാലയം വക്താവ് ഐറിസ് ത്രോം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തന്നെ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ജര്‍മനി. നിലവിലെ നിയമപ്രകാരം ആഫ്രിക്കയില്‍ നിന്നുള്ള ട്രോഫികള്‍ ഇറക്കുമതി ചെയ്യാന്‍ നിയമപരമായ നടപടികളുണ്ട്. ജര്‍മനിയുടെ ഫെഡറല്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2023ല്‍ 650 ട്രോഫികളാണ് ജര്‍മനിയിലേക്ക് ഇറക്കുമതിചെയ്തത്. ഇതില്‍ 26 ട്രോഫികള്‍ ആഫ്രിക്കന്‍ ആനകളുടേതാണ്. ട്രോഫി ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ജര്‍മനി ചര്‍ച്ചയിലാണെന്നും കര്‍ശനമായി സംരക്ഷിക്കേണ്ട മൃഗങ്ങളുടെ പട്ടിക വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഐറിസ് ത്രോം പറഞ്ഞു. 

ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരോധനമേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ്  2022ല്‍ പ്രഖ്യാപിച്ചിരുന്നു. നിരന്തരമായ വേട്ടയാടല്‍ വന്യജീവികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും വേട്ടയാടലിലൂടേയും ആവാസവ്യവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഇതിനോടകം തന്നെ പലയിടത്തും വന്യജീവികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി പരിസ്ഥിതിവാദികള്‍ പറയുന്നു.  യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് മുന്‍ ബോട്‌സ്വാന പ്രസിഡന്റ് ഇയാന്‍ ഖാമയും ഇംഗ്ലണ്ട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഖാമയ്‌ക്കെതിരെ ബോട്‌സ്വാനയില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. 

ട്രോഫി ഹണ്ടിങ് ഇറക്കുമതി നിരോധിക്കാനുള്ള ഗ്രീന്‍ പാര്‍ട്ടി നീക്കത്തിനെതിരേ സഖ്യസര്‍ക്കാരിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്പിലായിരിക്കുന്നതിന്റെ പേരില്‍, യൂണിയന്റെ നിലപാടിനൊപ്പം എത്താന്‍ വേണ്ടി ജര്‍മനി അവരുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയാണ്. ന്യായമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നവകൊളോണിയല്‍ നിലപാടുകള്‍ സ്വീകരിക്കുന്നതായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നതെന്ന് എഫ്.ഡി.പി (ഫ്രീ ഡെമോക്രോറ്റിക് പാര്‍ട്ടി) നേതാവ് ക്രിസ്റ്റോഫ് ഹോഫ്മാന്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്ന ത്രികക്ഷികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം വന്നത് പ്രതിപക്ഷവും മുതലെടുക്കാനൊരുങ്ങുകയാണ്. നേരത്തെ യുക്രൈന് സൈനിക സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് രാഷ്ട്രീയപാര്‍ട്ടികളും (സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ദി ഗ്രീന്‍സ്, ലിബറല്‍ എഫ്.ഡി.പി) തമ്മില്‍ ആശയഭിന്നത നിലനിന്നിരുന്നു. പണ്ട് ഉണ്ടായിരുന്നത് പോലെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയല്ല ഇന്ന് യൂറോപ്പ്, എന്നാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ജര്‍മനിയിലെ പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങളിലും ആസൂത്രണത്തിന്റെ കുറവാണുള്ളത്. എല്ലാത്തിനേയും വിമര്‍ശിക്കുന്ന രീതിയില്‍ നിന്ന് പിന്മാറാനും മറ്റ് രാജ്യങ്ങളിലെ രീതികളെ അതേപടി അംഗീകരിക്കാനും ജര്‍മനി തയ്യാറാവണമെന്നും ഹോഫ്മാന്‍ പറഞ്ഞു. 

placeholder
ബോട്‌സ്വാന പ്രസിഡന്റ് മസീസി

ഇരുപതിനായിരം ആനകളെ ഓഫര്‍ ചെയ്ത് മസീസി

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജര്‍മനി മന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ച് ബോട്‌സ്വാന പ്രസിഡന്റ് കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. ബെര്‍ലിനില്‍ ഇരുന്ന് ബോട്‌സ്വാനയുടെ പ്രശ്‌നത്തെ കുറിച്ച് പറയാന്‍ വളരെ എളുപ്പമാണെന്ന് മസീസി പറഞ്ഞു. ലോകത്തിന് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്ന ലെംകെയുടെ ഗ്രീന്‍ പാര്‍ട്ടിക്ക് വേണ്ടിയും ഈ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ അനനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് ഞങ്ങളാണ്. മൃഗങ്ങള്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കുന്നത് എങ്ങനെയാണെന്ന് ജര്‍മനി ഞങ്ങള്‍ക്ക് കാണിച്ചുതരണം, വേണമെങ്കില്‍ ഇരുപതിനായിരം ആനകളെ ഞങ്ങള്‍ ജര്‍മനിയിലേക്ക് അയക്കാം. തമാശയല്ല..വേണ്ട എന്നൊരു മറുപടി ഞങ്ങള്‍ സ്വീകരിക്കില്ല - മസീസി പറഞ്ഞു. 

സംരക്ഷണം ആനകളുടെ പെരുപ്പത്തിലേക്ക് നയിച്ചിരിക്കുന്നത്. അതിനെ നിയന്ത്രിക്കാനുള്ള വഴിയാണ് വേട്ടയാടല്‍. ആനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞങ്ങള്‍. വേട്ടയാടല്‍ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുക. വന്യജീവി സംരക്ഷണത്തിനായി ലോകത്തെ മറ്റേത് രാജ്യങ്ങളേക്കാളും നിരവധി കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഞങ്ങള്‍. ട്രോഫികള്‍ക്കായി ആനകളെ വേട്ടയാടുന്നത് ആനകളുടെ ആകെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് ഉണ്ടാക്കില്ലെന്നാണ് മസീസി പറഞ്ഞത്. പ്രതിവര്‍ഷം 400 ആനകളെയാണ് വേട്ടയാടാന്‍ അനുവദിക്കുന്നത്. അതിലിരട്ടി ആനകള്‍ പ്രതിവര്‍ഷം പുതിയതായി ജനിക്കുന്നുണ്ടെന്നും മസീസി വ്യക്തമാക്കുന്നു. ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ പാര്‍ലമെന്റിലും സംവാദങ്ങള്‍ നടന്നിരുന്നു. നിരോധനത്തിനുള്ള പ്രമേയം പാസായാല്‍ അത് കോളോണിയല്‍ അധിനിവേശം തിരിച്ചുവരുന്നതിന്റെ സൂചനയായിരിക്കുമെന്നായിരുന്നു മസീസ് അഭിപ്രായപ്പെട്ടത്. പിന്നാലെയാണ് ബൈല്‍ഡിന് നല്‍കിയ അഭിമുഖത്തിലെ ഭീഷണി.  എന്നാല്‍ മസീസിയുടെ വാഗ്ദാനം സ്വീകരിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ജര്‍മനി വ്യക്തത നല്‍കിയിട്ടില്ല. അതേസമയം ദി ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ 'സാഹചര്യം അനുവദിക്കുകയാണെങ്കില്‍ ആനകളെ സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകി പറഞ്ഞു.

ജര്‍മനി ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ ട്രോഫി ഇറക്കുമതിച്ച് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ബോട്‌സ്വാനയ്ക്ക് സാമ്പത്തികമായും സാമൂഹികമായും തിരിച്ചടിയാവുമെന്നുറപ്പാണ്. നിരോധനത്തെ മറികടക്കാന്‍ ബോട്‌സ്വാന വഴികാണുമോ അതോ ബോട്‌സ്വാനയുടെ സമ്മര്‍ദത്താല്‍ നിരോധനം ഒഴിവാക്കപ്പെടുമോ എന്നാണ് അറിയാനുള്ളത്. 

  • 2016ല്‍ സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെട്ട 200 മൃഗങ്ങളുടെ ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്നത് നെതര്‍ലന്‍ഡ്‌സ് നിരോധിച്ചിരുന്നു. 
  • 2015ല്‍ സിംഹങ്ങളുടെ ട്രോഫി ഇറക്കുമതി ചെയ്യുന്നത് ഫ്രാന്‍സ് നിരോധിച്ചു. 
  • ലോകത്ത് ട്രോഫി ഇറക്കുമതിക്ക് ഏറ്റവും കര്‍ശനവും വിപുലവുമായ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലണ്ട് ആണ്. 7000 വിഭാഗത്തില്‍പെട്ട ജീവിവര്‍ഗങ്ങളുടെ ട്രോഫി ഇറക്കുമതിക്കാണ് നിരോധനുമുള്ളത്. 
  • ബെല്‍ജിയം, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം ഇറക്കുമതികളെ നിരോധിച്ചുകൊണ്ടുള്ള കടുത്ത നിയമങ്ങളുണ്ട്. 
  • സിംഗപ്പൂര്‍ 2017 മുതല്‍ എല്ലാതരത്തിലുമുള്ള വേട്ടയാടല്‍ നിരോധിച്ചിട്ടുണ്ട്. 
  • 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നു. കായിക വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്, എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇത് നിയമപരമാണ്.
  • കാനഡ, ദക്ഷിണാഫ്രിക്ക, നമീബിയ, മെക്‌സിക്കോ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ട്രോഫി ഹണ്ടിങ് നിയമപരമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ട്രോഫി ഹണ്ടിങ് നടക്കുന്നത് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലാണ്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ട്രോഫികള്‍ ഇറക്കുമതി ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്.