നിയമജ്ഞന്‍, സാമ്പത്തിക വിദഗ്ദ്ധന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് ഇതിലെല്ലാമുപരി ഭരണഘടനാ ശില്പി എന്നീ നിലകളില്‍ രക്തരഹിത വിപ്ലവങ്ങളുടെ വലിയൊരേട് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരഗാഥയില്‍ എഴുതിച്ചേര്‍ത്ത ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ സ്വജീവിതംകൊണ്ട് ലോകത്തിനും വരും തലമുറകള്‍ക്കും നല്‍കിയ ആ മഹത്തായ സന്ദേശമെന്താണ്? അദ്ദേഹമുയര്‍ത്തിയ ദളിത് സമരാവേശങ്ങളുടെ വിശാലമായ ലക്ഷ്യം എങ്ങനെയുള്ളതായിരുന്നു? അദ്ദേഹത്തിന്റെ സമരങ്ങള്‍ക്കും വിപ്ലവത്തിനും വിശാലഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ ഇന്നുമുള്ള പ്രസക്തിയെന്താണ്?
വ്യവസ്ഥാപിത സാമൂഹികഘടന അതിന്റെ വിവിധ തട്ടുകളില്‍ ആവശ്യമുള്ള ദാസദാസ്യരെ സ്വാഭാവികമായി രൂപപ്പെടുത്തുകയും അവരുടെ ചിന്തകളെ കാലങ്ങളോളം ചങ്ങലയ്ക്കിട്ടുവെയ്ക്കുകയും ചെയ്‌തൊരു കാലഘട്ടത്തില്‍, ബ്രിട്ടീഷ് ആര്‍മിയില്‍ സുബേദാറായിരുന്ന രാംജി മാലോജി സക്പാലിന്റെയും ഭീമാഭായിയുടെയും മകനായി 1891 ഏപ്രില്‍ 14ന് മധ്യപ്രദേശിലെ മഹോയിലാണ് ബാബാസാഹബിന്റെ ജനനം. 

To advertise here,

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ വിദ്യാഭ്യാസരംഗത്ത് കാതലായ മുന്നേറ്റമുണ്ടാവുകയും അപ്രകാരം ബോധവത്കരിക്കപ്പെട്ട ഒരു ചെറുസമൂഹം അനാചാരങ്ങള്‍ക്കെതിരെ നവലോകചിന്തകള്‍കൊണ്ട് രണഭേരിമുഴക്കാന്‍ തുടങ്ങുകയും ചെയ്തെങ്കിലും ജാതിമത വര്‍ഗ്ഗീകരണങ്ങള്‍ ഭാരതത്തിലാകമാനം അഴിവും ച്യുതിയുമില്ലാതെ പിന്തുടര്‍ന്നുവന്നിരുന്നു. വിവേചനങ്ങള്‍ക്ക് ഇരയായവര്‍ അങ്ങനെതന്നെ തുടര്‍ന്നു. സാമ്പത്തികമായി താരതമ്യേന ഭേദപ്പെട്ട ജീവിതസാഹചര്യങ്ങളില്‍നിന്നുവന്ന അംബേദ്കറിനുപോലും വിവേചനങ്ങളുടെ ഇരുമ്പുകോട്ടകള്‍ ഭേദിക്കേണ്ടിവന്നിരുന്നു. സാമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നും, അസമത്വത്തിന്റെ പ്രതിഫലനങ്ങള്‍ എത്രത്തോളമുണ്ടാകുന്നുവെന്നും അദ്ദേഹം മാനസ്സിലാക്കിയത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുതന്നെയാണ്. അവകാശലംഘനങ്ങളെന്ന് തിരിച്ചറിയാതെ അരാചകത്വങ്ങള്‍ക്ക് ജീവിതം അടിയറവുവെച്ചൊരു മഹാജനതയുടെ അവസ്ഥകള്‍ സമാനതകള്‍ക്കപ്പുറമെന്ന തിരിച്ചറിവിലാവണം അദ്ദേഹം സാമൂഹികവും രാഷ്ട്രീയവുമായ കടുംപിടുത്തങ്ങളോട് സന്ധിയില്ലാസമരത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുന്നത്.

'വാളല്ലെന്‍ സമരായുധം...'! അംബേദ്കറും അതുതന്നെ പറഞ്ഞു. വിമോചനം അറിവിലൂടെയെന്ന്! വിദ്യാഭ്യാസത്തിലൂടെയും സ്വയംനവീകരണത്തിലൂടെയുമെന്ന്! തുല്യനീതിയ്ക്കുവേണ്ടിയുള്ള ഇടപെടലുകള്‍ എങ്ങനെയാവണമെന്നതിനുള്ള കാലോചിതമായ മാതൃകകള്‍ അദ്ദേഹം കാണിച്ചുകൊടുത്തു. രാഷ്ട്രീയസമത്വത്തിന്റെ സമവാക്യങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായ സമത്വങ്ങള്‍കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് ഉദ്ബോധനം നടത്തി. എന്നിട്ടും ബാബാസാഹബിന്റെ വിമോചനസമരപാത ഇപ്പോഴും ലക്ഷ്യമെത്താതെ നീളുന്നതെന്തുകൊണ്ടാണ്? ഡോക്ടര്‍ അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിലെ ഇടപെടലുകളും പ്രധാനമായും ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഈ ആശയങ്ങള്‍ രാജ്യത്തിന്റെ പൊതുവായ പുരോഗതിയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഊന്നല്‍നല്കിക്കൊണ്ടുള്ളതുതന്നെയായിരുന്നു. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമൂഹികസാമ്പത്തിക സമത്വം എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ച ബൃഹത്തായ സമരപരിപാടിയായിരുന്നു ആ ജീവിതം. നീതിനിഷേധങ്ങള്‍ക്കെതിരെ സമരോന്മുഖരായിരിക്കുക, അറിവുകൊണ്ട് ശക്തരായിരിക്കുക, വിഭാഗീയതകള്‍ക്കെതിരെ സംഘടിക്കുക എന്നദ്ദേഹം പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം ജനങ്ങളോട് സംവേദനംചെയ്തുകൊണ്ടിരുന്നു. 

പൊതുകിണറുകള്‍ ഉപയോഗിക്കുവാനുള്ള അവകാശത്തിനുവേണ്ടി ബോംബെയിലെ കൊളാബയില്‍ നടത്തിയ മഹാദ് സത്യാഗ്രഹം, ക്ഷേത്രപ്രവേശനത്തിനായി കലാറാം ക്ഷേത്രത്തില്‍ നടത്തിയ സമരം, അതിനനുബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും, വട്ടമേശ സമ്മേളനങ്ങളിലെ നിലപാടുകള്‍, ദുര്‍ബലവിഭാഗങ്ങള്‍ക്ക് പ്രത്യേക നിയമപരിരക്ഷയും നിയോജകമണ്ഡലങ്ങളും അനുവദിച്ച കമ്മ്യൂണല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ഗാന്ധിജിയുമായുണ്ടായ വിയോജിപ്പുകള്‍, പിന്നീട് വന്ന പൂനാ ഉടമ്പടി, ഇങ്ങനെ പലതും ഭാരതത്തിന്റെ സാമൂഹികഘടനയെ പുനര്‍നിര്‍ണയിച്ച ഘടകങ്ങളായിമാറി. വിദേശശക്തികളോട് മാത്രമല്ല നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള വിരുദ്ധശക്തികളോടും കൂടി യുദ്ധംചെയ്ത് വിജയിച്ചാലേ സ്വാതന്ത്ര്യം പരിപൂര്‍ണമാവുന്നുള്ളൂ എന്നൊരുതോന്നല്‍ അത് ജനങ്ങളിലുണ്ടാക്കി. അടിമത്വത്തെ അതിസ്വാഭാവികമായി സ്വീകരിച്ചുകഴിഞ്ഞൊരു ജനതയെ സാമൂഹികബോധവും രാഷ്ട്രീയബോധവുമുള്ളവരാക്കി മാറ്റാന്‍ ഇത്തരത്തിലുള്ള വിവിധ സമരങ്ങള്‍ സഹായിച്ചു. അങ്ങനെയാണ് അംബേദ്കറൈറ്റ് തത്വങ്ങള്‍ രാഷ്ട്രപുരോഗതിയുടെ ചാലകശക്തികള്‍കൂടിയായി പരിണമിച്ചത്.
എന്നാല്‍ സ്വാതന്ത്യലബ്ധിയ്ക്കു ശേഷമുള്ള ദശാബ്ദങ്ങളില്‍ വ്യക്തമായ പദ്ധതികളില്ലാതെ ആ വിചാരധാര ചിതറിപ്പോവുകയാണ് ചെയ്തത്. അക്കാലങ്ങളില്‍ ഇന്ത്യയുടെ സാമൂഹികവ്യവസ്ഥ എങ്ങനെയൊക്കെ പരിണമിച്ചു എന്നുനോക്കിയാല്‍ ഈ അംബേദ്കറൈറ്റ് ആശയങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ക്കിടയില്‍ അത്രവലിയവേരോട്ടം കിട്ടിയില്ലെന്ന് മനസ്സിലാക്കാം. സാമൂഹികപരിഷ്‌കരണത്തിന്റെ ചുമതല സമൂഹത്തിന് ഒന്നായുള്ളതാണെന്ന വസ്തുത അറിഞ്ഞോ അറിയാതെയോ തമസ്‌കരിക്കപ്പെട്ടുപോയി. അപ്പോഴും സര്‍വ്വകലാശാലകളിലും മറ്റ് ധൈഷണികവ്യവഹാരങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങളിലുമായി അംബേദ്കറൈറ്റുകള്‍ നിലനിന്നു. തീര്‍ത്തും ശോഷിച്ച, തീരെ പ്രഹരശേഷിയില്ലാത്ത ഒരു പഴഞ്ചന്‍ ആശയമായി അതുമാറി. ഒരുവശത്ത് രക്തരൂക്ഷിതവിപ്ലവങ്ങളുടെ അര്‍ത്ഥശൂന്യതയും മറുവശത്ത് പുരോഗതിയിലേക്കുള്ള കുതിച്ചോട്ടവും. സ്വര്‍ഗ്ഗാരോഹണവഴിയില്‍ വീണുപോയവരെ തിരിഞ്ഞുനോക്കരുതെന്നുറച്ച ഒരു 'മഹാപ്രസ്ഥാനം'! 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ നിലവില്‍വന്ന നവലിബറല്‍ സാമ്പത്തികനയങ്ങളുണ്ടാക്കിയ മാറ്റങ്ങളോടുകൂടിയാണ് പിന്നെയും സമത്വത്തിന്റെ ആശയങ്ങളിലേയ്ക്കും ഭരണഘടനയിലേയ്ക്കും ചര്‍ച്ചകളിലേയ്ക്കും നമ്മള്‍ മടങ്ങിവന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമത്വവാദത്തിന്റെ ഏറ്റവും വലിയ അപോസ്തലനായ ഡോക്ടര്‍ അംബേദ്കറില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ എല്ലാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രഹേളികകള്‍ക്കും ഉത്തരമുണ്ടെന്ന് പറയാം. എന്നാല്‍ ഈ ഉത്തരങ്ങളെ ദളിത് വിഷയങ്ങള്‍ക്കുള്ള മറുപടി മാത്രമായി വിഭാവനം ചെയ്യുന്നതുകൊണ്ടും ദളിത് പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന് പുറത്തുനില്‍ക്കുന്ന കമ്മ്യൂണിറ്റി-സ്‌പെസിഫിക് (community-specific) പ്രശ്‌നങ്ങളായി മാത്രം കാണുന്നതുകൊണ്ടും ഉത്തരങ്ങളിലേക്കെത്തുവാനാകാതെ നമ്മള്‍ അമ്പേ പരാജയപ്പെടുകയാണ്. അതോടൊപ്പം തന്നെ, ഈ ദുര്‍ബലവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യപുരോഗതിയെയും സമൂല സാമ്പത്തികവളര്‍ച്ചയെയും ബാധിക്കുന്ന വിഷയങ്ങളാകാത്തത് ഒരുതരം ഹെഗേമണി കണ്ടീഷനിങ് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടുമാണ്.

കാലാകാലങ്ങളില്‍ ഭാരതത്തില്‍ അങ്ങിങ്ങായി ഉയര്‍ന്നുവന്ന ദളിത് സമരങ്ങളും മുന്നേറ്റങ്ങളും എത്രത്തോളം ഫലവത്തായി എന്നൊരവലോകനം നടത്തിയാല്‍, അവയുടെ അമ്പരപ്പിക്കുന്ന അപൂര്‍ണത കാണാന്‍ കഴിയും. ചെറിയ കൂട്ടങ്ങളില്‍നിന്ന് പകര്‍ന്നുവരുന്ന ചില തീത്തുണ്ടുകളുണ്ട്. സമത്വത്തിന്റെ അംബേദ്കറൈറ്റ് ഭൂമികയിലേയ്ക്ക് വഴിതെളിയ്ക്കുന്ന തീപ്പന്തങ്ങളായി അവമാറുമെന്ന് കരുതുമെങ്കിലും, ഏറെയും അകാലത്തില്‍ത്തന്നെ കെട്ടുപോവുകയാണ് പതിവ്. ചിന്തയുടെയും വിവേകത്തിന്റെയും ആ തീപകര്‍ന്നെടുക്കാന്‍ കഴിയാത്തവിധം സമൂഹത്തിന്റെ പാളികളില്‍ അദൃശ്യമായ വിടവുകളുള്ളതുകൊണ്ടാണ്, ഒരു നവോത്ഥാനത്തിനായി പടര്‍ന്നുപിടിക്കുവാനാകാതെ അവ കെട്ടുപോകുന്നത്. വീണ്ടും പറയാം, വളരെ സിസ്റ്റമിക് ആയിട്ടുള്ള പൊതുബോധത്തിന്റെ പരുവപ്പെടുത്തലാണ് ഇതിന് കാരണം. ആ വിടവുകള്‍ മനഃപൂര്‍വം ഉണ്ടാക്കിയെടുത്ത പ്രതിരോധങ്ങളെന്ന് പറയാം. അംബേദ്കര്‍ മുന്നോട്ട് നടന്ന അത്രയും തന്നെ ദൂരം ഇന്നത്തെ സമൂഹം പിന്നോക്കം നടക്കുകയാണ്. അത്രയും ഗോപ്യമായി മനസ്സുകൊണ്ടും ആശയങ്ങള്‍കൊണ്ടും.
ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിവിധികള്‍ വഴി പിന്നോക്കാവസ്ഥയിലുള്ള സമൂഹങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാവുന്നുണ്ടെങ്കിലും അവ സമൂലവും സമ്പൂര്‍ണ്ണവുമായ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമല്ല. അവസരങ്ങള്‍ കിട്ടിയവരും സാമ്പത്തിക സ്ഥിരത ഉള്ളവരും വിഭവങ്ങളുടെ ഉടമകളായിരിക്കുന്നവരുമൊക്കെ സമ്പൂര്‍ണ്ണ സമത്വം ആസ്വദിക്കുന്നവരുമല്ല. അവിടെ നിയമനിര്‍മ്മാണത്തിനതീതമായ മറ്റൊന്നുണ്ട്! പ്രശ്‌നങ്ങളുടെ ശരിയായ കാതല്‍! അതാണ് സോഷ്യല്‍ സ്റ്റിഗ്മ (Social stigma) എന്ന മഹാകടമ്പ!

അമേരിക്കന്‍ സോഷ്യോളജിസ്റ്റായ എര്‍വിങ് ഗോഫ്മാന്റെ (Erving Goffman) സിദ്ധാന്തമനുസരിച്ച് ഒരു പ്രത്യേക രീതിയില്‍ വ്യക്തികളെയോ സമൂഹങ്ങളെയോ വര്‍ഗ്ഗങ്ങളെയോ സാമൂഹികനിന്ദയ്ക്ക് പാത്രമാക്കുന്ന സ്വഭാവമോ, പെരുമാറ്റമോ, അഭിപ്രായമോ ആണ് സോഷ്യല്‍ സ്റ്റിഗ്മ. ഇതിനിരയാകുന്നവരെ പൊതുസമൂഹം സ്വീകാര്യതയില്ലാത്തവരും അനഭിമതരുമായി മനസ്സില്‍ തരംതിരിച്ചുമാറ്റുകയാണ് ചെയ്യുന്നത്. വാര്‍പ്പുമാതൃക, മുന്‍വിധി, വിവേചനം എന്നീ മൂന്ന് ഘടകങ്ങളിലൂടെയാണ് സ്റ്റിഗ്മയെ തിരിച്ചറിയാന്‍ കഴിയുന്നത്. മുമ്പുപറഞ്ഞ നവലിബറല്‍ സാമ്പത്തികനയാനന്തര കാലത്തിന്റെ മുഖമുദ്രയായ ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ ഈ സ്റ്റിഗ്മകളെ സമൂഹമനസ്സില്‍ ഉറയ്ക്കാന്‍ പാകത്തില്‍ യഥേഷ്ടം പ്രക്ഷേപണം ചെയ്യുന്നുണ്ട്. സത്യാനന്തരകാലം എന്ന വസ്തുത അനാവൃതമാകുന്നതിവിടെയാണ്. 

പ്രാചീനകാലം മുതല്‍ നാം ശീലിച്ചും പരിചയിച്ചും വന്ന വിവേചനമനോഭാവം ഒരു പൈതൃകസ്വത്തെന്നപോലെ വരും തലമുറകളിലേയ്ക്കും കൈമാറ്റം ചെയ്യപ്പെടാന്‍ ഇത് സഹായിക്കും. ഇതിനെ ഒരുതരം സോഷ്യല്‍ കണ്ടീഷനിംഗ് (Social conditioning) ആയിക്കാണാം. ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ക്ക് ഇങ്ങനെയുള്ള പൊതുബോധത്തെ എങ്ങനെയാണ് ഭേദ്യം ചെയ്യാന്‍ കഴിയുക? സോഷ്യല്‍ സ്റ്റിഗ്മയെ തകര്‍ത്തെറിയാന്‍ മൂര്‍ത്തമായ എന്ത് നിയമമാണ് നമുക്കുള്ളത്? ഇതുവഴി സാമൂഹികമായ ഒറ്റപ്പെടല്‍ (Social Isolation) അനുഭവിക്കുന്ന ജനതയ്ക്ക് കൊടുക്കാന്‍ എന്ത് മറുപടിയാണ് ജനാധിപത്യത്തിന്റെ കയ്യിലുള്ളത്? 

സാമ്പത്തികമായ മുന്നേറ്റമുണ്ടായാലും വിഭവങ്ങളുടെമേല്‍ അധികാരം ലഭിച്ചാലും പിന്നെയും ബാക്കിയായി അസ്പഷ്ടവും അവ്യക്തവുമായ എന്തോ ഒന്നുണ്ട്. ലിംഗവിവേചനത്തിന്റെ കാര്യത്തിലും, വര്‍ണ്ണ/വര്‍ഗ്ഗ വിവേചനത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ രീതിയാണ് സമൂഹം പിന്തുടരുന്നത്. പ്രത്യക്ഷമായ കാര്യങ്ങളില്‍ ഇടപെടാന്‍ 'സ്റ്റേറ്റ്' ശ്രമിക്കുന്നുണ്ടെങ്കിലും പരോക്ഷവും ദുര്‍ഗ്രഹവുമായ ഇത്തരം പ്രശ്‌നങ്ങളില്‍ കാര്യമായൊരു ഇടപെടല്‍ നടന്നിട്ടില്ല എന്നുതന്നെ പറയാം.

നേരത്തേ പ്രതിപാദിച്ച, സമൂഹത്തിന്റെ പാളികള്‍ക്കിടയിലെ ആ അനിഷേധ്യമായ വിടവുകള്‍! മനുഷ്യനെ മനുഷ്യനില്‍ നിന്ന് വേര്‍തിരിക്കുന്ന സ്റ്റിഗ്മ! ഇതിനെ തിരിച്ചറിയുകയും ഈ സാമൂഹികാവസ്ഥകളോട് പൊരുതുകയും ചെയ്യാത്തപക്ഷം അംബേദ്കര്‍ ജയന്തികള്‍ പരിപൂര്‍ണ്ണമാവുന്നതെങ്ങനെയാണ്?