സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിനും നിർമിതബുദ്ധിയുടെ കടന്നുകയറ്റത്തിനുമൊപ്പം ആഗോളതലത്തിൽ തൊഴിൽനഷ്ടവും തൊഴിൽലാഭവും ഉണ്ടാകുന്നുണ്ട്. ഇത് മുന്നിൽകണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് സ്വന്തം നാട്ടിൽനിന്നുതന്നെ ജോലി ചെയ്ത് ഭേദപ്പെട്ട വരുമാനമുണ്ടാക്കാനുള്ള സാഹചര്യം ഇന്നുണ്ട്. അത് കാര്യക്ഷമമായി ഉപയോഗിക്കാൻതക്ക നൈപുണ്യമുള്ളവരായി അവരെ വളർത്തിയെടുക്കാനുള്ള പരിശീലന പദ്ധതികൾക്കും സംസ്ഥാനം രൂപംകൊടുത്തുകഴിഞ്ഞു. കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ ധ്രുതഗതിയിലുള്ള വളർച്ചയുണ്ടായതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ ടാലന്റ് പൂൾ 172 ശതമാനം വളർച്ച കൈവരിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ കൂടുതൽ പ്രൊഫഷണലുകളും സോഫ്‌റ്റ്വെയർ എഞ്ചിനീയർ, അക്കൗണ്ടന്റ്, അധ്യാപന മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

To advertise here,

 

ഇന്ത്യയിലെ സോഫ്റ്റ്വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപ്പറേഷൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം തുറന്നത് കഴിഞ്ഞവർഷമാണ്. കേരളത്തിലങ്ങോളമിങ്ങോളം ഗ്രാമീണ മേഖലകളിലേക്കുപോലും വൻകിട സ്ഥാപനങ്ങൾ എത്തുകയാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസിന്റെ കൈവശമുണ്ടായിരുന്ന സ്ഥലത്ത് കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ ഇലക്ട്രോണിക്‌സ് രംഗത്തെ ആഗോളമുൻനിരക്കാരായ കെയ്ൻസ് ടെക്‌നോളജി തങ്ങളുടെ ഉൽപാദന യൂണിറ്റ് സ്ഥാപിക്കുകയാണ്. 100 ജീവനക്കാരുമായി ഇതിന്റെ ആദ്യ ഘട്ടം പ്രവർത്തനം ആരംഭിച്ചപ്പോൾ ഗവേഷണവിഭാഗത്തിലേക്ക് ജോലിക്കായി എത്തിയവരിൽ നാലുപേർ അമേരിക്കയിൽ നിന്ന് തിരികെ കേരളത്തിലേക്കു വന്ന പ്രൊഫഷണലുകളായിരുന്നു3. കെയ്ൻസ് ടെക്‌നോളജി പെരുമ്പാവൂരിൽ ഒന്നര വർഷംകൊണ്ട് പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ സാങ്കേതിക- സാങ്കേതികേതര വിഭാഗങ്ങളിലായി 1500 പേർക്കാണ് തൊഴിൽ ലഭ്യമാകുക. വ്യവസായ വകുപ്പിനു കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി തുറന്ന ക്യാംപസിൽ ഇലക്ട്രിക്കൽ- ഇലക്ട്രോണിക്‌സ് മേഖലയിൽ 400 തൊഴിലവസരങ്ങളാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്4. കിൻഫ്രയ്ക്ക് കീഴിലുള്ള വിവിധ വ്യവസായ പാർക്കുകളിൽ കൊണ്ടുവന്ന വൻകിട നിക്ഷേപപദ്ധതികളിലൂടെ 2024 ജൂൺ വരെയുള്ള മൂന്നുവർഷംകൊണ്ടുമാത്രം സംസ്ഥാനത്ത് 27,335 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കിൻഫ്ര രൂപീകരിച്ച് മൂന്നു പതിറ്റാണ്ടിനുള്ളിൽ കൊണ്ടുവന്ന ആകെ തൊഴിലവസരങ്ങളിൽ 40 ശതമാനം വരുമിത്

 

സേവനാധിഷ്ഠിത തൊഴിൽവിപണിയിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനമായി കേരളം തുടരുന്ന കാര്യം നിതി ആയോഗിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്2. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ (PLFS) പ്രകാരം 2011-12 കാലഘട്ടത്തിൽ കേരളത്തിലെ തൊഴിൽ ശക്തിയുടെ 42.6 ശതമാനമാണ് സേവനമേഖലയിലുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 48.5 ശതമാനമാണ്. ദേശീയ ശരാശരി 29.7 ശതമാനംമാത്രമാണ്. മിക്കവാറും സംസ്ഥാനങ്ങൾ നഗരകേന്ദ്രീകൃതമായാണ് തൊഴിൽ ലഭ്യമാക്കുന്നതെങ്കിൽ കേരളത്തിലിത് നഗര-ഗ്രാമഭേദമില്ലാതെ വ്യാപിച്ചുകിടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സേവനമേഖലയിലെ തൊഴിൽസാധ്യതകൾ ഉള്ളത്.

 

അധികമാരും ശ്രദ്ധിക്കാത്തതും തൊഴിൽസാധ്യതയേറിയതുമായ മേഖലകളുടെ സാധ്യതകൾ കേരളത്തിൽ ഉപയോഗിക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്‌സേഷൻ, ബുക് കീപ്പിംഗ് മുതലായ മേഖലകളിലെ തൊഴിലുകൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളെ നൈപുണ്യ പരിശീലനം നൽകി പ്രാപ്തരാക്കുകയും നിയമനം ലഭിക്കുന്നവർക്ക് ഇവിടെയിരുന്നുതന്നെ ജോലി ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി അസാപ്പും കേരള സ്റ്റാർട്ടപ് മിഷനും ചേർന്ന് സജ്ജമാക്കിയ ലീപ് സെന്റർ ഇതിനൊരു ഉദാഹരണമാണ്6. എന്റോൾഡ് ഏജന്റുമാർ വഴി അമേരിക്കയിൽ നികുതി പിരിക്കുന്നതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുന്നതും ഫെഡറൽ ഏജൻസിയായ ഇന്റേണൽ റവന്യു സർവീസ് ആണ്. എന്റോൾഡ് ഏജന്റുമാരെ അമേരിക്ക കണ്ടെത്തുന്നത് പുറംരാജ്യങ്ങളിൽനിന്നാണ്. തുടക്കത്തിൽ പ്രതിവർഷം 4.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന ഈ ജോലിയിൽ അഞ്ചെട്ടു വർഷത്തെ അനുഭവപരിചയം നേടിയെടുത്താൽ വരുമാനം 20 ലക്ഷം രൂപവരെയായി ഉയരും. എന്റോൾഡ് ഏജന്റുമാരാകുന്നതിനാവശ്യമായ പരിശീലനം നൽകാൻ അസാപ് മുൻകൈ എടുത്തത് ഈ സാധ്യത മുന്നിൽകണ്ടാണ്.

 

വ്യത്യസ്തമായ മേഖലകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്നതിനും നൈപുണ്യവർധനവിനുമായി സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ അസാപ്, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, ഐസിടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൊഴിലന്വേഷകരേയും തൊഴിൽദാതാക്കളേയും സ്‌കില്ലിംഗ് ഏജൻസികളേയും ഏകോപിപ്പിച്ച് 'വിജ്ഞാനകേരളം' പദ്ധതിയുടെ കീഴിൽ വിശാലമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനും സർക്കാർ രൂപംകൊടുത്തിട്ടുണ്ട്. വിദേശസ്ഥാപനങ്ങളിൽ ജോലി ലഭിക്കുകയും റിമോട്ടായി അവരവരുടെ ഇടങ്ങളിൽതന്നെ ഇരുന്ന് ജോലിചെയ്യാൻ അവസരം ലഭിക്കുകയും ചെയ്യുന്നവർക്കായി തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വർക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപംകൊടുത്തുകഴിഞ്ഞു

 

കേരളത്തിലെ പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തങ്ങളുടെ ജന്മനാട്ടിൽതന്നെ മികച്ച ഭാവി പടുത്തുയർത്താൻ അവസരമൊരുക്കുന്നതിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) അതിപ്രധാനമായ പങ്കാണ് വഹിക്കുന്നത്. അയ്യായിരത്തോളം സ്റ്റാർട്ടപ് കമ്പനികളാണ് സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ പ്രവർത്തിക്കുന്നത്8. വിദ്യാർത്ഥികളിൽ തുടക്കം മുതൽ തന്നെ ശക്തമായ സംരംഭകത്വ താല്പര്യം വളർത്തുന്നതിന് സംസ്ഥാനത്തെ കോളേജുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകൾ (IEDCs) വലിയ പങ്കുവഹിക്കുന്നു. നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് 'ഐഡിയ ഫെസ്റ്റ്', ഇന്നൊവേഷൻ ഗ്രാന്റുകൾ, സീഡ് ലോണുകൾ എന്നിവയിലൂടെ മികച്ച സാമ്പത്തിക പിന്തുണയും മിഷൻ ഉറപ്പാക്കുന്നു. ബാഹ്യ നിക്ഷേപകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ഫണ്ട് ഓഫ് ഫണ്ട്‌സ്' (Fund of Funds) പോലെയുള്ള പദ്ധതികൾ പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് വലിയ തോതിൽ മൂലധനം ലഭ്യമാക്കാൻ സഹായിക്കുന്നു. സംരംഭകർക്ക് തങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിന് ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും അത്യാധുനിക ഇൻകുബേറ്ററുകളും കെഎസ്യുഎം ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരുടെ മെന്റർഷിപ്പും ആഗോള വിപണിയിലേക്കുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കും.

 

സാമ്പത്തിക പിന്തുണ, അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാർഗ്ഗനിർദ്ദേശം എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രമായ പദ്ധതികളിലൂടെ, കേരളത്തിലെ ചെറുപ്പക്കാർക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറാതെന്നെ തങ്ങളുടെ സ്വന്തം നാട്ടിൽ നിന്നുകൊണ്ട് ആഗോളതലത്തിൽ വിജയിക്കുന്ന സംരംഭങ്ങൾ കെട്ടിപ്പടുക്കാനും തൊഴിൽകണ്ടെത്താനുമുള്ള അവസരങ്ങളും സാഹചര്യവുമൊരുക്കി പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് (brain drain) തടയുകയും സംസ്ഥാനത്തിന്റെ വളർച്ച ഉറപ്പാക്കുകയുമാണ് ഇതിലൂടെയൊക്കെ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്.