ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഒരു ടൂർണമെന്റിന് യുറഗ്വായ് റഗ്ബി ടീമായ ഓള്‍ഡ് ക്രിസ്റ്റ്യൻ ക്ലബിന് ക്ഷണം ലഭിച്ചു. മത്സരത്തിന് പോകാന്‍ ക്ലബ് പ്രസിഡന്റ് ഡാനിയേല്‍ ജുവാന്‍ ഫെയര്‍ചൈല്‍ഡ് എഫ്എച്ച് 227 ഡി എന്നൊരു  വിമാനം ചാര്‍ട്ട് ചെയ്തു നല്‍കി. കമേഷ്യൽ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ സാമ്പത്തികച്ചെലവ്  കുറവാണ് എന്നതായിരുന്നു ചാർട്ടർ ചെയ്ത വിമാനം ഒരുക്കാനുള്ള കാരണം. നാല് വര്‍ഷം പഴക്കമുള്ള, 792 മണിക്കൂര്‍ സഞ്ചരിച്ച യുറഗ്വായ് എയര്‍ഫോഴ്സിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായിരുന്നു അത്. 52 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനത്തിന്റെ കപ്പാസിറ്റി 56 ആയി ഉയര്‍ത്തുകയും കോക്ക്പിറ്റിനും പാസഞ്ചര്‍ ക്യാബിനുമിടയില്‍ ചരക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കി നവീകരിച്ച ഒന്നായിരുന്നു ആ വിമാനം. 5117 മണിക്കൂര്‍ വിമാനം പറത്തി അനുഭവസമ്പത്തുള്ള എയര്‍ഫോഴ്സ് പൈലറ്റ് കേണൽ ജൂലിയോ സീസര്‍ ഫെറാദസായിരുന്നു ക്യാപ്റ്റന്‍. സഹപൈലറ്റായി ലെഫ്റ്റനെന്റ് കേണല്‍ ഡാന്‍ഡെ ഹെക്റ്റര്‍ ലഗുറാരയും ഉണ്ടായിരുന്നു. 1972 ഓക്ടോബര്‍ 12 ന് വിമാനം യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡിയോയില്‍ നിന്ന് ചിലിയിലേയ്ക്കു യാത്രതിരിച്ചു. 19 ടീമംഗങ്ങളും അവരുടെ ബന്ധുക്കളും സംഘാടകരുമായി 45 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. അഞ്ച് ക്രൂവും.

To advertise here,

അര്‍ജന്റീനയിലും ചിലിയിലുമായി സ്ഥിതി ചെയ്യുന്ന ദക്ഷിണ ആൻഡീസ് പര്‍വതനിരകളുടെ മുകളിലൂടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യേണ്ടത്. ഭൗമോപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും നീളം കൂടിയ പര്‍വതനിരയാണ് ഇത്. ഈ ഭാഗത്ത് എപ്പോഴും കനത്ത മഞ്ഞും കൊടും തണുപ്പുമാണ്. റഗ്ബി അംഗങ്ങള്‍ യാത്ര തുടങ്ങിയപ്പോള്‍ ആൻഡീസിൽ കടുത്ത മഞ്ഞ് വീഴ്ചയായിരുന്നു. ഒപ്പം കൊടുംങ്കാറ്റും. അതുകൊണ്ട് തന്നെ അര്‍ജന്റീനയിലെ മെന്റോസയെന്ന സ്ഥലത്ത് ഒരു രാത്രി തങ്ങാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായി. 29 തവണ ആൻഡീസ് പര്‍വതനിരകളിലൂടെ പറന്ന അനുഭവ പരിചയമുള്ളയാളായിരുന്നു ക്യാപ്റ്റന്‍ ഫെറാദസ്. കാലാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ പിറ്റേ ദിവസം 2.15 ന് അവര്‍ യാത്ര തുടങ്ങി. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു, ഇപ്പോള്‍ വിമാനം നിയന്ത്രിക്കുന്നത് സഹപൈലറ്റ് ലഗുറാരയാണ്. ഉച്ചകഴിഞ്ഞ് 3.21 ഓടെ 8251 അടി ഉയരമുള്ള പ്ലാന്‍ചോണ്‍ ചുരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഹപൈലറ്റ് ലഗുറാര, മലര്‍ഗു എയര്‍പോര്‍ട്ടിലേയ്ക്ക് സന്ദേശമയച്ചു. ഈ സമയം ആൻഡീസ് പൂര്‍ണമായും മഞ്ഞുമുടപ്പെട്ടതിനാല്‍ വിമാനം സഞ്ചരിക്കുന്ന വഴി പൈലറ്റിന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ചുറ്റുവട്ടം വിലയിരുത്തി വിമാനം പറത്താന്‍ പൈലറ്റിനെ സഹായിക്കുന്ന ഇന്‍സ്ട്രമെന്റല്‍ മെട്രോളജിക്കല്‍ കണ്ടീഷനിലായിരുന്നു വിമാനം. നാവിഗേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെ വിമാനം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാന്‍ചോണ്‍ ചുരം കടക്കുമെന്ന് സഹപൈലറ്റ് മലര്‍ഗു എയര്‍പോര്‍ട്ടിലേയ്ക്ക് സന്ദേശമയക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ചുരം എത്താന്‍ 70 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ടായിരുന്നു. നാവിഗേഷന്‍ സംവിധാനം പരാജയപ്പെട്ട വിവരം സഹപൈലറ്റ് ലഗുറാര അറിഞ്ഞിരുന്നില്ല. ഇതോടെ വിമാനവും സ്റ്റേഷനും തമ്മിലുള്ള അകലം കണക്കുകൂട്ടുന്നതില്‍ പൈലറ്റിന് വലിയ പിഴവ് സംഭവിച്ചു.

placeholder
ഓള്‍ഡ് ക്രിസ്റ്റ്യൻ ക്ലബിലെ റഗ്ബി യൂണിയന്‍ അംഗങ്ങള്‍

സന്ദേശമയച്ചിടത്തു നിന്ന് പ്ലാന്‍ചോണ്‍ ചുരത്തിലേയ്ക്ക് എത്തിച്ചേരാന്‍ വിമാനത്തിന് 11 മിനിറ്റുകൂടി ആവശ്യമുണ്ടെന്ന് അറിയാതെ കോ-പൈലറ്റ് സന്ദേശമയച്ച് മൂന്നു മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി തേടി. എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍ അനുമതി നല്‍കി. ലാന്‍ഡിങ്ങിന് അനുമതി നല്‍കുമ്പോള്‍ വിമാനം ആന്‍ഡീസ് പര്‍വതത്തിന് മുകളിലൂടെ പറക്കുകയാണെന്ന് എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍ അറിഞ്ഞില്ല. നാവിഗേഷന്‍ സംവിധാനം പരാജയപ്പെട്ട വിവരം പൈലറ്റും സഹപൈലറ്റും ശ്രദ്ധിച്ചതുമില്ല. ഈ സമയം വിമാനത്തിനുള്ളിലെ യാത്രക്കാര്‍ പരസ്പരം സൗഹൃദ സംഭാഷണത്തിലായിരുന്നു. പെട്ടന്ന് ഭീകരമായ കുലുക്കമുണ്ടായി, നൂറുകണക്കിന് അടി താഴ്ചയിലേയ്ക്ക് വിമാനം കൂപ്പുകുത്തുന്നതുപോലെയുള്ള അനുഭവം, അപ്പോഴും അവര്‍ തങ്ങളുടെ തമാശകള്‍ തുടര്‍ന്നു. വിമാനം അസാധാരണമായരീതിയില്‍ പര്‍വതങ്ങള്‍ക്കിടയിലൂടെ പറക്കുന്നതു കണ്ടതോടെ തമാശകള്‍ നിലവിളികൾക്ക് വഴിമാറി. തങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചെന്ന് തിരിച്ചറിഞ്ഞ കോ-പൈലറ്റ് 4200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന പര്‍വതത്തില്‍ നിന്ന് രക്ഷപ്പെടാൻ  വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചു. മുന്‍വശം പര്‍വതത്തിന് മുകളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മലമുകളില്‍ ഇടിച്ച് വിമാനത്തിന്റെ വലത് ചിറക് മുറിഞ്ഞു. അപായസൂചന കേട്ട് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ഇതിനിടയില്‍ വിമാനത്തിന്റെ വാല്‍ ഭാഗം മലയില്‍ ഇടിച്ച് മുറിഞ്ഞുവീണു. രണ്ട് സീറ്റുകളും മൂന്ന് യാത്രക്കാരും ഫൈ്ളറ്റ് ക്രൂ അംഗങ്ങളും ബാഗേജ് ഹോള്‍ഡറും അടക്കം വാല്‍ഭാഗം മുറിഞ്ഞ് വീണിട്ടും നില്‍ക്കാതെ വിമാനം മറ്റൊരു മഞ്ഞുമലയുടെ മുകളില്‍ എത്തുകയും രണ്ട് കിലോമീറ്റര്‍ ദൂരം അതിവേഗം മലയിലൂടെ താഴേയ്ക്ക് പാഞ്ഞുപോവുകയും ചെയ്തു. തുടര്‍ന്ന് ഒരു മഞ്ഞുകൂനയില്‍ ഇടിച്ചു നിന്നു. ഇതിനിടയില്‍ ഇരിപ്പിടങ്ങള്‍ പലതും പുറത്തേയ്ക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പൈലറ്റുമാരുടെ ശരീരത്തില്‍ കോക്​പിറ്റിലെ ഉപകരണങ്ങള്‍ തറച്ചുകയറി. സംഭവസമയത്തു തന്നെ പൈലറ്റ് ഫെറാദസ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് കോക്​പിറ്റിൽ കുടുങ്ങി. തന്റെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് അയാള്‍ യാത്രക്കാരെ അറിയിക്കുകയും തന്നെ വെടിവച്ച് കൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യാത്രക്കാര്‍ അതിന് തയ്യാറായില്ല. പിറ്റേദിവസം അയാള്‍ മരണപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന 45 പേരില്‍ മുറിഞ്ഞു പോയ വാല്‍ഭാഗത്തുണ്ടായിരുന്ന അഞ്ചുയാത്രക്കാരും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു. വിമാനം മഞ്ഞുമലയിലിടിച്ച് രണ്ടായി പിളരുകയും ആളുകള്‍ തെറിച്ചു പോകുകയും ചെയ്തിട്ടും 45 പേരില്‍ 33 പേര്‍ അപകടശേഷവും ജീവനോടെ അവശേഷിച്ചു. എന്നാല്‍, അവരില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. സീറ്റുകള്‍ ഒടിഞ്ഞ് കുത്തിക്കയറി പലര്‍ക്കും മുറിവേറ്റു. ചിലരുടെ കാലുകള്‍ പലതവണ ഒടിഞ്ഞിരുന്നു. റഗ്ബി ടീം അംഗങ്ങളായ റോബോര്‍ട്ടോ കനീസയും ഗുസ്താവോയും സെര്‍ബിനോയും മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. അവര്‍ ആളുകളെ പരിശോധിച്ചു. മറ്റൊരു ടീം അംഗമായ നാന്‍ഡോ പറാഡോയ്ക്ക് തലയോട്ടിയില്‍ ഗുരുതരമായ പൊട്ടലുണ്ടായിരുന്നു. 

placeholder
റോബോര്‍ട്ടോ കനീസ

വിമാനം കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ ചിലിയന്‍ എയര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അന്വേഷണം ആരംഭിച്ചു. അവസാനമായി വിമാനം റിപ്പോര്‍ട്ട് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആംഗോസ്റ്റിയൂറ മുതല്‍ സാന്റിയാഗോവരെ തിരച്ചില്‍ നടത്തി. വിപുലമായ തിരച്ചിലിലും വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ആൻഡസ് പര്‍വതനിരയില്‍ ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരിടത്ത് വിമാനം തകര്‍ന്നുവീണു എന്ന അനുമാനത്തില്‍ അന്വേഷണസംഘം എത്തി. ചിലിയന്‍ എയര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും ആന്‍ഡീസ് റെസ്‌ക്യൂ ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചിലി കടക്കുന്നതിന് മുമ്പ് വിമാനം തകര്‍ന്നു വീണിരിക്കാം എന്ന നിഗമനത്തില്‍ അന്വേഷണ സംഘം ഒടുവില്‍ എത്തിച്ചേര്‍ന്നത്. രണ്ടാം ദിവസം അര്‍ജന്റീന, ചിലി, യുറഗ്വായ് എന്നിവിടങ്ങളില്‍ നിന്നുള്ള 11 വിമാനങ്ങള്‍ തിരച്ചിലിന്റെ ഭാഗമായി. ഇതിനിടയില്‍ തിരച്ചില്‍ നടത്തിയ സംഘം അപകടം നടന്ന സ്ഥലത്തിനു മുകളിലൂടെ പലതവണ പറന്നു. തങ്ങളെ അന്വേഷിച്ച് വരുന്ന വിമാനം കണ്ട് താഴെ നിന്ന് അപകടത്തില്‍പെട്ടവര്‍ കൂട്ടത്തോടെ ബഹളം വയ്ക്കുകയും കൈവീശി കാണിക്കുകയും അലമുറയിടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി അവര്‍ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക്ക് ഉപേയാഗിച്ച് തകര്‍ന്നു കിടന്ന വിമാനത്തിന്റെ മുകളില്‍ ഒരു സന്ദേശമെഴുതാന്‍ ശ്രമിച്ചു. എന്നാല്‍ എഴുതാനാവശ്യമായ ലിപ്സ്റ്റിക്ക് അവരുടെ കൈവശമുണ്ടായിരുന്നില്ല. ലഗ്ഗേജ് ഉപയോഗിച്ച് ഒരു കുരിശുരൂപം ഉണ്ടാക്കി രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയുണ്ടായതു കൊണ്ട് അപകടം നടന്ന സ്ഥലത്ത് അവശേഷിച്ച ആളുകളെയോ അപകടത്തില്‍ പെട്ട വിമാനമോ കാണ്ടെത്താന്‍ തിരച്ചില്‍ നടത്തിയവര്‍ക്കായില്ല. അപകടത്തിന്റെ സ്വഭാവവും കടുത്ത മഞ്ഞും ഒന്നിക്കുമ്പോള്‍ ആരും ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലില്‍ അപകടം നടന്ന് എട്ടാം ദിവസം ഒക്ടോബര്‍ 21-ന് 142 മണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു.

placeholder
നാന്‍ഡോ പറാഡോ

മഞ്ഞ് ഉരുകിയ ശേഷം ഡിസംബറില്‍ നിര്‍ത്തിവച്ച തിരച്ചില്‍ വീണ്ടും തുടരാനായിരുന്നു തീരുമാനം. അപകടത്തിനു ശേഷം ജീവനോടെ ബാക്കിയായ 33 പേരില്‍ അഞ്ച് പേര്‍ ആദ്യത്തെ രാത്രിയില്‍ തന്നെ മരിച്ചു. ബാക്കിയായ 28 പേര്‍ തകര്‍ന്നു കിടക്കുന്ന വിമാനത്തിന്റെ ഉള്ളില്‍ നിന്ന് സീറ്റുകള്‍ നീക്കം ചെയ്ത് അതിന്റെ പ്രധാന ബോഡി ഒരു ചെറിയ ഒരു ഷെഡ്ഡാക്കി മാറ്റി. മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ഇത് അവരെ സഹായിച്ചു. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ സീറ്റ് കവറുകളും തലയിണയുമൊക്കെ ഷൂ ആയി ഉപയോഗിച്ചു. കോക്ക്പിറ്റിനുള്ളിലെ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ മുറിച്ച് ഇലക്ട്രിക്ക് വയറും ബ്രാസ്ട്രാപ്പും ഉപയോഗിച്ച് വെളിച്ചം കടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി. ടീം ക്യാപ്റ്റന്‍ മാര്‍സെലോ പെരസ് തന്നെയായിരുന്നു തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടം നടന്ന് നാലരദിവസത്തിനു ശേഷം ഗുരുതരമായി പരിക്കേറ്റ നാന്‍ഡോ പറാഡോയ്ക്ക് ബോധം വീണ്ടുകിട്ടി. നാന്‍ഡോയുടെ ജീവന്‍ നിലനിര്‍ത്തിയത് കടുത്ത തണുപ്പ് തന്നെയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ വിമാനം തകര്‍ന്നുവീണ വിവരം ബാക്കിയുള്ളവര്‍ നാന്‍ഡോയെ അറിയിച്ചു. മത്സരം നടക്കുമ്പോള്‍ തനിക്ക് പ്രോത്സാഹനം നല്‍കാന്‍ ഒപ്പം കൂട്ടിയ അമ്മയും സഹോദരിയും മരിച്ചെന്ന വിവരം ഞെട്ടലോടെ നാന്‍ഡോ തിരിച്ചറിഞ്ഞു. അയാളുടെ രണ്ട് സുഹൃത്തുക്കള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അവശേഷിച്ചവര്‍ക്കു ചുറ്റും കിലോമീറ്റര്‍ ദൂരത്തില്‍ മഞ്ഞ് മാത്രം, എല്ലാവരും കടല്‍ത്തീരത്ത് ജീവിച്ച് പരിചയമുള്ളവരായിരുന്നു. അവര്‍ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു മഞ്ഞ് കാണുന്നതും മഞ്ഞില്‍ തൊടുന്നതും. സാധാരണ വസ്ത്രങ്ങള്‍ അല്ലാതെ കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് ചുറ്റും ഒന്നുമില്ല. ആ 28 പേര്‍ക്ക് വിശപ്പടക്കാനായി ആകെയുണ്ടായിരുന്നത് എട്ടു ചോക്ലേറ്റ് ബാറുകളും മൂന്ന് ചെറിയ ജാം ജാറുകളും കുറച്ചു മിഠായിയും ഒരു ടിന്‍ ബദാമും കുറച്ച് ഈന്തപ്പഴങ്ങളും മാത്രമായിരുന്നു. അത് എല്ലാം കൂടി അവരുടെ ഒരുനേരത്തെ വിശപ്പടക്കാന്‍ തികയുമായിരുന്നില്ല. ഈ അപകടത്തിന് മുമ്പ് അവര്‍ മലകളും മഞ്ഞും കണ്ടിട്ടില്ലായിരുന്നതു കൊണ്ട് തന്നെ ഇങ്ങനെ ഒരു ഭൂപ്രദേശത്ത് എങ്ങനെ അതിജീവിക്കണമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

placeholder
അപകടത്തില്‍പെട്ടവര്‍

രക്ഷപ്പെടുത്താന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ കൈവശമുണ്ടായിരുന്ന ചോക്ലേറ്റും ബദാമും കഴിച്ച് അവര്‍ ദിവസങ്ങള്‍ മുമ്പോട്ട് നീക്കി. നാന്‍ഡോ പറാഡോ തനിക്ക് ലഭിച്ച ചോക്ലേറ്റില്‍ പൊതിഞ്ഞ ഒരു കടല കഴിച്ചത് മൂന്നു ദിവസങ്ങള്‍ കൊണ്ടായിരുന്നു. അപകടം നടന്ന് പത്താം ദിവസം തകര്‍ന്ന എയര്‍ക്രാഫ്റ്റില്‍ നിന്ന് അവര്‍ക്ക് ഒരു റേഡിയോ ലഭിച്ചു. ഒരു വയര്‍ കണ്ടെത്തി ആന്റിന ഉണ്ടാക്കി അവര്‍ ആ റേഡിയോ പ്രവര്‍ത്തിപ്പിച്ചു. അപകടത്തിന് ശേഷം പുറംലോകവുമായുള്ള ആദ്യത്തെ ബന്ധം. പ്രതീക്ഷയോടെ വാര്‍ത്ത കേട്ടവര്‍ നിരാശയുടെ പടുകുഴിയിലേയ്ക്ക് തള്ളപ്പെട്ടു. തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് എല്ലാവരും മരണപ്പെട്ടെന്ന് കരുതി റാഗ്ബി ടീം സഞ്ചരിച്ച വിമാന അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നു എന്നതായിരുന്നു അത്. വാര്‍ത്ത കേട്ടവര്‍ കൂട്ടത്തോടെ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കടുത്ത നിസ്സഹായതയില്‍ അവരുടെ ഹൃദയങ്ങളില്‍ സങ്കടം അണപൊട്ടി. ഭക്ഷണമില്ലാതെ വെള്ളമില്ലാതെ മരുന്നില്ലാതെ മൈനസ് 35 ഡിഗ്രി തണുപ്പില്‍ പ്രതിരോധമാര്‍ഗങ്ങളൊന്നുമില്ലാതെ അവര്‍ പൂര്‍ണമായും ഒറ്റപ്പെട്ടുപോയിരിക്കുന്നു. ആരെങ്കിലും രക്ഷപ്പെടുത്താന്‍ എത്തുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ മുന്നോട്ട് നയിച്ചത്. ഇപ്പോള്‍ ഇതാ ആ പ്രതീക്ഷയും അവസാനിച്ചിരിക്കുന്നു. ലോകം ജീവിച്ചിരിക്കുന്ന ആ 27 പേരേ മരിച്ചവരുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നു. ആയുസ്സ് ബാക്കിയാകുകയും ജീവന്‍ നിലനിര്‍ത്താന്‍ മാര്‍ഗമൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന ദയനീയവസ്ഥയിലേയ്ക്ക് അവര്‍ പൊടുന്നനെ വീണുപോയി. പക്ഷേ ഒരാള്‍, ഒരാള്‍ മാത്രം ഈ അവസ്ഥയില്‍ ദുഃഖിച്ചില്ല. അത് 21 കാരനായിരുന്ന റാഗ്ബി ടിം അംഗം നാന്‍ഡോ പറാഡോ ആയിരുന്നു. അയാള്‍ മാത്രം ഉറക്കെ ഉറക്കെ ചിരിച്ചു. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ആഴം യഥാര്‍ഥത്തില്‍ അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. രക്ഷിക്കാന്‍ ആരും വരില്ലെന്നും സ്വയം രക്ഷപ്പെടണമെന്നും അതിജീവിച്ചവരോടായി അയാള്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന ചോക്ലേറ്റും ബദാമും വളരെ നിയന്ത്രിച്ച് ഉപയോഗിച്ചെങ്കിലും ഒരാഴ്ചയില്‍ കൂടുതല്‍ അത് അവശേഷിച്ചില്ല. ഭക്ഷണം തീര്‍ന്നപ്പോള്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ അവര്‍ വിമാനത്തിന്റെ ഇരിപ്പിടങ്ങളിലെ പഞ്ഞിയും ഷൂവിലേയും ബല്‍റ്റിലേയും ലെതറും ഭക്ഷണമാക്കി. ഇത് അവരെ രോഗികളും അവശരുമാക്കിത്തീർത്തു. ദാഹം കൊണ്ട് തൊണ്ട വരണ്ടപ്പോള്‍ അവര്‍ മഞ്ഞുകട്ടകള്‍ വയിലിട്ട് അലിയിച്ച് കഴിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി ഇങ്ങനെ ചെയ്തതു മൂലം അവരുടെ വായില്‍ വലിയ മുറിവുകളുണ്ടായി. വിശപ്പെന്ന യാഥാര്‍ഥ്യം ഓരോ നിമിഷവും തീക്ഷ്ണമായി  വന്നു. തണുപ്പ് കൂടുന്നതനുസരിച്ച് വിശപ്പും കൂടി.

ജീവനുള്ളതും കഴിക്കാന്‍ പറ്റുന്നതുമായ ഒരു വസ്തുവും ചുറ്റുമില്ല. ഒരു രാത്രിയില്‍ നാന്‍ഡോ കലിത്തോസിനോട് പറഞ്ഞു ഞാന്‍ പൈലറ്റിനെ തിന്നാന്‍ പോകുന്നു. കലിത്തോസ് അമ്പരപ്പെട്ടു, അപകടമുണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് നാന്‍ഡോ അത് പറഞ്ഞതെന്നായിരുന്നു കലിത്തോസ് കരുതിയത്. അതിജീവിക്കാന്‍ ഇത് മാത്രമാണ് മാര്‍ഗമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ സഹജീവികളുടെ ജഡം ഭക്ഷിക്കാൻ അവർ തീരുമാനിച്ചു. ബഹുഭൂരിപക്ഷത്തിനും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്. ഏതു സാഹചര്യത്തിലാണെങ്കിലും ഇങ്ങനൊരു പ്രവൃത്തി ചെയ്യില്ലെന്ന് പലരും വാശി പിടിച്ചു. വിയോജിപ്പുകളെ മറികടന്ന്, തകര്‍ന്ന വിന്‍ഡ്ഷീല്‍ഡ് ഉപയോഗിച്ച് റോബോര്‍ട്ടോ കനീസ ഒരു കഷ്ണം മനുഷ്യമാംസം മുറിച്ചെടുത്തു. കഴിക്കാന്‍ മടിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും മുമ്പില്‍ അയാൾ ആ മാംസത്തുണ്ട് വിഴുങ്ങി.

പ്രിയപ്പെട്ടവരുടെ ശരീരം ആഹാരമാക്കുന്നതിനെ അതിജീവിച്ചവര്‍ രണ്ട് രീതിയിലായിരുന്നു സമീപിച്ചത്.  മനുഷ്യമാംസം കഴിക്കുന്നത് നാശത്തിന് കാരണമാകുമെന്ന് ഭയെപ്പട്ടവരായിരുന്നു ഒരു കൂട്ടര്‍. മറ്റൊരു വിഭാഗം ഈ പ്രക്രിയയെ യേശുക്രിസ്തു തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി രക്തവും മാംസവും പങ്കുവച്ച് നല്‍കിയതിനോട് ഉപമിച്ചു. അതിനായി അവര്‍ യോഹന്നാന്റെ വാക്കുകള്‍ ഉദ്ധരിച്ചു. 'അവന്‍ തന്റെ സുഹൃത്തുക്കള്‍ വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നു. ഇതിലും വലിയ ഒരു സ്നേഹം മനുഷ്യനില്ല' എന്നായിരുന്നു അത്. ഏതാനും  ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും പ്രിയപ്പെട്ടവരുടെ ശരീരം ഭക്ഷിച്ചു തുടങ്ങി. രണ്ടുപേര്‍ ഒഴികെ, നുമ്മ തുര്‍ക്കാട്ടിയും പിന്നെ സംഘത്തില്‍ അവശേഷിച്ചിരുന്ന ഓരേയൊരു വനിതയായ ലിലിയാനയും. അവസാനം മനസില്ലാമനസോടെ ലിലിയാനയും മൃതദേഹം ഭക്ഷിച്ചു. എന്നാല്‍ നുമ്മ മനുഷ്യമാംസം അതിന് തയ്യാറായില്ല. 

placeholder
ഓള്‍ഡ് ക്രിസ്റ്റ്യൻ ക്ലബിലെ റഗ്ബി യൂണിയന്‍ അംഗങ്ങള്‍

അതിജീവനത്തിന്റെ 18-ാം ദിവസം 1972 ഒക്ടോബര്‍ 29 ന് അര്‍ദ്ധരാത്രിയില്‍, ഉറങ്ങിക്കിടന്ന ആ സംഘത്തിനു മുകളിലേയ്ക്ക് ശക്തമായ ഒരു ഹിമപാതമുണ്ടായി. മഞ്ഞിനെ പ്രതിരോധിക്കാന്‍ അവര്‍ ഒരുക്കിയ വിമാനഷെഡ്ഡിന് മുകളില്‍ മൂന്നടി കനത്തില്‍ മഞ്ഞുമൂടി. വായുവും വെളിച്ചവും കടക്കാതെ 27 മനുഷ്യരടങ്ങുന്ന ഷെഡ്ഡ് മഞ്ഞില്‍ കുഴിച്ചുമൂടപ്പെട്ടു. അവര്‍ക്ക് ശക്തമായ ശ്വാസമുട്ടല്‍ ഉണ്ടായി. നിമിഷങ്ങള്‍ക്കുള്ളില്‍ അവരില്‍ എട്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ബാക്കിയുള്ളവര്‍ക്കൂടി മരിക്കുമെന്ന് തിരിച്ചറിഞ്ഞ നാന്‍ഡോ കൈയില്‍ കിട്ടിയ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യാന്‍ തുടങ്ങി. തുടര്‍ച്ചയായി മൂന്ന് ദിവസം അവര്‍ വിമാനഷെഡ്ഡിനുള്ളിലിരുന്നു മഞ്ഞ് നീക്കാന്‍ ശ്രമിച്ചു. ഒക്ടോബര്‍ 31 ആയപ്പോള്‍ മൂന്നടി കനത്തില്‍ മൂടിയ മഞ്ഞ് നീക്കം ചെയ്ത് പുറത്തേയ്ക്ക് ഒരു ദ്വാരമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കടുത്ത ഹിമപാതത്തോടെ അവര്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു രക്ഷപ്പെടാനുള്ള ഓരേ ഒരു മാര്‍ഗം ഈ മഞ്ഞുമലകളിലൂടെ നടന്ന് മനുഷ്യവാസമുള്ളിടത്ത് എത്തുക മാത്രമാണ്. നാന്‍ഡോ പാറാഡോയായിരുന്നു ആ ആശയം മുന്നോട്ട് വച്ചത്. ഇനി ഇവിടെ നില്‍ക്കുന്ന ഒരോനിമിഷവും കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമെന്നും അതുകൊണ്ട് മഞ്ഞുമല താണ്ടണമെന്നും ആയാള്‍ കൂടെയുള്ളവരെ ബോധ്യപ്പെടുത്തി. പക്ഷേ, നാന്‍ഡോയെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇനി തുടര്‍ന്നാല്‍ അമ്മയുടെയും സഹോദരിയുടെയും മൃതശരീരം ഭക്ഷിക്കേണ്ടി വരുമെന്ന് ഭയന്നിട്ടാണ് നാന്‍ഡോ ഇങ്ങനെ പറയുന്നതെന്ന് ബാക്കിയുള്ളവര്‍ തമാശയായി പറഞ്ഞു.

മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കപ്പുറം മനുഷ്യവാസമുള്ള സ്ഥലം വളരെ അടുത്താണെന്നായിരുന്നു അവരില്‍ പലരും കുരുതിയിരുന്നത്. തങ്ങളെ തേടി ഇനി ആരും വരില്ലെന്ന തിരിച്ചറിവില്‍ മഞ്ഞുമലകള്‍ താണ്ടി മനുഷ്യരുള്ളയിടത്ത് എത്തി അപകടവിവരം അറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. യാത്രയ്ക്കായി റോബര്‍ട്ടോ കനീസയും നാന്‍ഡോ പറാഡോയും തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തില്‍ ഏറ്റവും കായികക്ഷമതയുള്ള ആളുകള്‍ ഇവരായിരുന്നു. തങ്ങള്‍ കഴിക്കുന്ന മാംസത്തിന്റെ വലിയ പങ്ക് കനീസയ്ക്കും പറാഡോയ്ക്കും നല്‍കി അവരുടെ ആരോഗ്യം കൂടുതല്‍ വര്‍ധിപ്പിച്ച് സംഘത്തിലുള്ളവര്‍ ഇരുവരേയും യാത്രയ്ക്കായി ഒരുക്കി. രാത്രികാലങ്ങളില്‍ മഞ്ഞിനെ പ്രതിരോധിക്കാന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്ലീപ്പിങ് ബാഗ് നിര്‍മിച്ചു. ആ ബാഗ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത് കാര്‍ലോസ് ആയിരുന്നു. കാര്‍ലോസ് മറ്റുള്ളവരെയും തയ്ക്കാന്‍ പഠിപ്പിച്ചു. എല്ലാവരും ചേര്‍ന്ന് യാത്ര പോകുന്നവര്‍ക്ക് ഉപയോഗിക്കാനായി സ്ലീപ്പിങ് ബാഗ് തയ്യാറാക്കി സ്ലീപ്പിങ്ങ് ബാഗ് പൂര്‍ത്തിയായ അന്ന്, അപകടം നടന്ന്  60-ാം ദിവസമായിരുന്നു നുമ്മ തുര്‍ക്കാട്ടി മരിക്കുന്നത്. മരണം വരെ നുമ്മ മനുഷ്യമാംസം ഭക്ഷിച്ചിക്കാന്‍ തയ്യാറായിരുന്നില്ല. മരിക്കുമ്പോള്‍ നുമ്മയുടെ ശരീരഭാരം 25 കിലോയോളം മാത്രമായിരുന്നു. നുമ്മയുടെ മരണം ബാക്കിയുളളവരെ കൂടുതല്‍ ഭയചകിതരാക്കി. സഹായമന്വേഷിച്ച് ഇനിയും പോയില്ലെങ്കില്‍ തങ്ങള്‍ എല്ലാവരും ഇവിടെ കിടന്ന് മരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 

എല്ലാവരും കൂടി തിരഞ്ഞെടുത്തെങ്കിലും റോബര്‍ട്ടോ കനീസയ്ക്ക് ഈ യാത്രയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ദിക്കറിയാതെ ഇത്രയും ദൂരം താണ്ടി പുറംലോകത്തെത്തി വിവരമറിയിക്കുക എന്നത് പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു പദ്ധതിയായി അവരില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും തോന്നി. യഥാര്‍ത്ഥത്തില്‍ ഈ യാത്രയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നത് നാന്‍ഡോ പറാഡോയ്ക്കായിരുന്നു. ഇതല്ലാതെ രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗമില്ലെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു. സ്ലീപ്പിങ് ബാഗ് പൂര്‍ത്തിയായെങ്കിലും ഇത്രയും ദൂരം ആര് നടക്കും എന്ന കാര്യത്തില്‍ അപ്പോഴും തര്‍ക്കങ്ങള്‍ തുടര്‍ന്നു. യാത്രയില്‍ തനിക്കൊപ്പം വരാന്‍ നാന്‍ഡോ പറാഡോ സുഹൃത്തുക്കളെ നിര്‍ബന്ധിച്ചു. ആരും ക്ഷണം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പറാഡോ യാ്രതയ്ക്കിറങ്ങി. പറാഡോ മുന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍ കനീസ ഒപ്പം എത്തി. ഇരുവര്‍ക്കുമൊപ്പം വിന്‍സന്റും ഇറങ്ങി. യാത്രമധ്യേ കഴിക്കാനായി സോക്സില്‍ പൊതിഞ്ഞ് അവര്‍ കുറച്ച് മനുഷ്യമാംസം എടുത്തു. യാത്ര തുടങ്ങിയ മൂവര്‍ സംഘം വിമാനഷെഡ്ഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ വിമാനം തകര്‍ന്നയിടത്ത് എത്തി. അതിനുള്ളില്‍ ഒരു പെട്ടി ചോക്ലേറ്റ്, മൂന്ന് ഇറച്ചിപ്പെട്ടികള്‍, ഒരു കുപ്പി റം, സിഗരറ്റ് എന്നിവ കണ്ടെത്തി. അന്നു രാത്രി അവര്‍ വിമാനത്തിന്റെ വാല്‍ഭാഗത്ത് അഭയം തേടി. വിമാനം തകര്‍ന്നയിടത്തുനിന്ന് പിറ്റേന്ന് അവര്‍ യാത്ര തുടര്‍ന്നു. അപകടം ഉണ്ടായി 62-ാം ദിവസം 1972- ഡിസംബര്‍ 12-നായിരുന്നു പറാഡോയും സംഘവും മല കയറിത്തുടങ്ങിയത്. മലകയറി പരിചയം ഉണ്ടായിരുന്നില്ല എങ്കിലും പര്‍വതം കുത്തനെ കയറാതെ ചെരുവുകള്‍ പിന്തുടര്‍ന്നായിരുന്നു അവരുടെ യാത്ര. യാത്രയിലുടനീളം ഓക്സിജന്റെ കുറവ് അവരെ ബുദ്ധിമുട്ടിച്ചു. സ്ലീപ്പിങ് ബാഗുകള്‍ രാത്രിയില്‍ അവര്‍ക്ക് രക്ഷയായി. വിമാന ഷെഡ്ഡിലുള്ളവര്‍ക്ക് മൂന്നുദിവസം സംഘത്തിന്റെ യാത്രകാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കാലിന് ഗുരുതരമായ മുറിവ് ഉണ്ടായതിനാല്‍ വിന്‍സന്റിന് യാത്ര തുടരാന്‍ കഴിഞ്ഞില്ല. അയാള്‍ തിരിച്ച് വിമാനഷെഡ്ഡിലേക്ക് മടങ്ങി. കനീസയും പറാഡോയും തങ്ങളുടെ യാത്ര തുടര്‍ന്നു. വിചാരിച്ചതില്‍ നിന്ന് എത്രയോ ദുഷ്‌കരമാണ് ഈ യാത്രയെന്ന് ദിവസങ്ങള്‍ കഴിയുംതോറും അവര്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. നടക്കുന്തോറും കനീസയ്ക്കും പറാഡോയ്ക്കും മുന്നില്‍ മഞ്ഞുമൂടിയ മലകള്‍ കൂടുതല്‍ ദൃശ്യമായി തുടങ്ങി. കടുത്ത നിരാശയില്‍ നിന്ന് പറാഡോ പറഞ്ഞു ഒരുപക്ഷേ നമ്മള്‍ നടന്നടക്കുന്നത് മരണത്തിലേക്കായിരിക്കാം. എന്നാല്‍ മരണം എന്നിലേക്ക് എത്തും വരെ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല. മറുപടിയായി കനീസ പറഞ്ഞു നാന്‍ഡോ നമ്മള്‍ സുഹൃത്തുക്കളാണ് നമുക്ക് ഒരുമിച്ച് മരിക്കാം. അപ്പോഴേക്കും പറാഡോയും കനീസയും തങ്ങളുടെ യാത്ര തുടങ്ങിയിട്ട് ഏഴുദിവസം പിന്നിട്ടിരുന്നു. തലേദിവസം മഞ്ഞുമലയുടെ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ കണ്ട താഴ്വാരം ലക്ഷ്യമാക്കി അവര്‍ നടന്നു. ക്രമേണ അവര്‍ക്കു മുമ്പില്‍ മനുഷ്യജീവിതത്തിന്റെ അടയാളങ്ങള്‍ ഒരോന്നായി കണ്ടുതുടങ്ങി.

ഒടുവില്‍ ഒമ്പതാം ദിവസം അവര്‍ കുറച്ചു പശുക്കളെക്കണ്ടു. അപ്പോഴേയ്ക്കും ഒരടികൂടി മുന്നോട്ട് വയ്ക്കാന്‍ കഴിയാത്തതരത്തില്‍ കനീസ തളര്‍ന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ ഉള്ളത് ഒരു നദിക്കരയിലാണ്. നദിയുടെ മറുകരയില്‍ കുതിരപ്പുറത്ത് ഒരാള്‍. കനീസയാണ് അയാളെ ആദ്യം കണ്ടത്. പത്തു ദിവസമെടുത്ത് 70 കിലോമീറ്റര്‍ നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇതാ അവര്‍ മനുഷ്യവാസമുള്ളൊരിടത്ത് എത്തിയിരിക്കുന്നു. അവശതയുടെയും ദൈന്യതയുടെയും ഏറ്റവും അങ്ങേയറ്റത്തു നിന്ന് അവരുടെ ഹൃദയം ആവേശം കൊണ്ട് തുടിച്ചു, ആശ്വാസം കൊണ്ട് ശാന്തമായി. മറുകരയിലുള്ളവരോട് പറാഡോ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നദിയിലെ ശബ്ദം അവരുടെ ആശയവിനിമയം അസാധ്യമാക്കി. എന്നാല്‍ മറുകരയിലുണ്ടായിരുന്നയാള്‍ തന്റെ കൈവശമുണ്ടായിരുന്ന പെന്‍സിലും പേപ്പറും ഒരു കല്ലില്‍ കെട്ടി പറാഡോയ്ക്കും കനീസയ്ക്കും എറിഞ്ഞു കൊടുത്തു. ആ പേപ്പറില്‍ പറാഡോ ഇങ്ങനെ കുറിച്ചു. 'ഞാന്‍ ഒരു യുറഗ്വായ്ക്കാരനാണ്. മലനിരകളില്‍ തകര്‍ന്നു വീണ ഒരു വിമാനത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്, പത്തു ദിവസമായി ഞങ്ങള്‍ യാത്ര ചെയ്യുന്നു, മുറിവേറ്റ 14 സുഹൃത്തുക്കള്‍ അവിടെയുണ്ട്, ഞങ്ങള്‍ക്ക് രക്ഷപെടണം പക്ഷേ എങ്ങനെയെന്ന് അറിയില്ല. ഞങ്ങള്‍ക്ക് വിശക്കുന്നു, ഭക്ഷണമില്ല, ഞങ്ങള്‍ വളരെ ദുര്‍ബലരാണ് നടക്കാന്‍ പോലും കഴിയില്ല, നിങ്ങള്‍ എപ്പോഴാണ് ഞങ്ങളെ കൂട്ടികൊണ്ടു പോകാന്‍ വരുന്നത്'. കത്ത് വായിച്ചപ്പോള്‍ കഴുതയേ പരിപാലിക്കുന്ന ജോലി ചെയ്യുന്ന സെര്‍ജിയോ കാറ്റലന്‍ ആഴ്ചകള്‍ക്കുമുമ്പ് തന്റെ സുഹൃത്ത് ആന്‍ഡിസില്‍ തകര്‍ന്നു വീണ വിമാനത്തെക്കുറിച്ച് സംസാരിച്ചത് ഓര്‍ത്തു. തന്റെ സുഹൃത്ത് പറഞ്ഞ വിമാനാപകടത്തെ അതിജീവിച്ചവരാണ് ഇവരെങ്കില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. വിമാനം തകര്‍ന്നയിടത്ത് നിന്ന് 14,774 അടി ഉയരത്തിലുള്ള പര്‍വതം കയറി 10 ദിവസം കൊണ്ട് 70 കിലോമീറ്ററോളം മഞ്ഞിലൂടെ യാത്ര ചെയ്തിരുന്നു അവര്‍ ഒരു മനുഷ്യനെ സഹായത്തിനായി കണ്ടെത്തിയത്. സെര്‍ജിയോ കാറ്റലന്‍ അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണവും കുളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവും നല്‍കി. അന്നേയ്ക്ക് അവര്‍ കുളിച്ചിട്ട് 72 ദിവസം പിന്നിട്ടിരുന്നു. കനീസയും പറാഡോയും പുറംലോകത്ത് എത്തിയതോടെ അകടത്തില്‍ പെട്ടവര്‍ ജീവനോടെ ബാക്കിയുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ചിലിയന്‍ എയര്‍ഫോഴ്സിന്റെ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷപ്രവര്‍ത്തനത്തിനായി അപകടം നടന്നയിടത്തേയ്ക്ക് പറന്നു. പറാഡോ വഴികാട്ടി.

1972 ഡിസംബര്‍ 22 ന് ഉച്ചകഴിഞ്ഞ് രണ്ട് ഹെലികോപ്റ്ററുകള്‍ അപകടസ്ഥലത്ത് എത്തി. ആ ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ മനോഹരമായ രണ്ട് പക്ഷികളെപ്പോലെയാണ് തനിക്ക് തോന്നിയത് എന്ന് കലിത്തോസ് പറഞ്ഞു. ഉയരവും ഭാരവും കണക്കിലെടുത്ത് രണ്ടു ഹെലികോപ്റ്ററുകളിലായി അതിജീവിച്ചവരില്‍ പകുതിപേരെ മാത്രമായിരുന്നു ആദ്യദിനം പുറംലോകത്ത് എത്തിക്കാന്‍ സാധിച്ചത്. ബാക്കിയുള്ളവര്‍ക്ക് ഒരു രാത്രി കൂടി അവിടെ കഴിയേണ്ടി വന്നു. രണ്ടാമത്തെ ഹെലികോപ്റ്റര്‍ പിറ്റേ ദിവസമെത്തി അവശേഷിച്ചിരുന്നവരെക്കൂടി രക്ഷപ്പെടത്തി. മഞ്ഞിനോടും പ്രകൃതിയോടും ജീവിതത്തോടും മല്ലടിച്ച് 45 പേരില്‍ ബാക്കിയായ 14 പേരെ 72 ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 23ന് രക്ഷപ്പെടുത്തി. മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കേണ്ടത് അര്‍ജന്റീനയുടെ മണ്ണില്‍ നിന്നായതിനാല്‍ അര്‍ജന്റീനയുടെ തീരുമാനം വരുംവരെ മൃതദേഹങ്ങള്‍ അവിടെ ഉപേക്ഷിക്കാന്‍ ചിലിയന്‍ രക്ഷപ്രവര്‍ത്തകര്‍ തീരുമാനിച്ചു. മടങ്ങിപ്പോകും മുമ്പ് അവര്‍ മൃതദേഹങ്ങള്‍ ചിത്രീകരിക്കുകയും അപകടസ്ഥലം മാപ്പ് ചെയ്യുകയും ചെയ്തു. മൃതദേഹം ഭക്ഷിച്ച വിവരം കുടുംബാംഗങ്ങളെ മാത്രം അറിയിക്കാമെന്നായിരുന്നു രക്ഷപ്പെട്ടവർ തീരുമാനിച്ചത്. ജീവിതം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചു വന്ന സന്തോഷത്തില്‍ തങ്ങളുടെ അതിജീവന കഥ പറയാന്‍ ഡിസംബര്‍ 26 ന് രക്ഷപെട്ട 16 പേര്‍ ചേര്‍ന്ന് ഒരു പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തിനിടയ്ക്ക് ശക്തമായ ചോദ്യങ്ങള്‍ അവര്‍ക്കു നേരിടേണ്ടി വന്നു. അതില്‍ ഏറ്റവും നിര്‍ണായകമായത് കഴിഞ്ഞ 72 ദിവസം നിങ്ങള്‍ എന്ത് ഭക്ഷിച്ചു എന്നതായിരുന്നു. കനീസ മറുപടി പറഞ്ഞു തുടങ്ങിയെങ്കിലും ഞങ്ങള്‍ അതിന് ഉത്തരം പറയാന്‍ പോകുന്നില്ലെന്നായിരുന്നു നാന്‍ഡോയുടെ മറുപടി. ഇതോടെ അതിജീവിതര്‍ എന്ത് ഭക്ഷിച്ചു എന്നത് സംശയാസ്പദമായി ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. അതിജീവിക്കാനായി അവര്‍ സുഹൃത്തുക്കളെ കൊന്നുതിന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാതി തിന്ന മനുഷ്യന്റെ രണ്ട് കാലുകളുടെ ചിത്രങ്ങള്‍ ചിലിയന്‍ പത്രങ്ങളുടെ മുന്‍ പേജില്‍ അച്ചടിച്ചു വന്നു. അതോടെ അതിജീവനത്തിന് പിന്നിലെ ഭീതിപ്പെടുത്തുന്ന വിവരങ്ങളെന്ന നിലയില്‍ നരഭോജന വാര്‍ത്ത സജീവ ചര്‍ച്ചയായി. തങ്ങള്‍ക്കിടയില്‍ പരസ്പരം ഭക്ഷിക്കാന്‍ അനുവദിച്ചിരുന്ന അലിഖിത ഉടമ്പടിയെക്കുറിച്ച് അതിജീവിച്ചവര്‍ക്ക് ഒടുവില്‍ വ്യക്തമാക്കേണ്ടി വന്നു. ഇതോടെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അവരുടെ പ്രവൃത്തിയെ ലോകം ഉള്‍ക്കൊണ്ടു. മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ വിമാനം തകര്‍ന്നയിടത്ത് ഒരു പൊതുശവക്കുഴിയില്‍ അടക്കം ചെയ്യാന്‍ അധികാരികളും ബന്ധുക്കളും തീരുമാനിച്ചു. 15 പേരുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണരൂപത്തില്‍ ഉണ്ടായിരുന്നു. 1973 ജനുവരി 18 ന് പുരോഹിതന്മാരും മറ്റ് 12 പേരും അപകടസ്ഥലത്ത് എത്തി, എന്നാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അവര്‍ താമസിച്ചയിടത്ത് നീളത്തിലും വീതിയിലും വലിയൊരു കുഴിമാടം ഉണ്ടാക്കി അവിടെ അവരെ അടക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആ സ്ഥലത്ത് കല്ലുകൊണ്ട് ഒരു ബലിപീഠം നിര്‍മിച്ച് അതിന്റെ മുകളില്‍ അവര്‍ ഒരു ശിലാഫലകം സ്ഥാപിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അവര്‍ കത്തിച്ചുകളഞ്ഞു.

ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയവര്‍ തുടക്കത്തില്‍ കടുത്ത നിരാശയിലേയ്ക്ക് വീണുപോയി. പ്രത്യേകിച്ച് അമ്മയേയും സഹോദരിയേയും നഷ്ടപ്പെട്ട നാന്‍ഡോ പറാഡോ, താന്‍ ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ച് കടുത്ത വിഷാദത്തിലായി. എന്നാല്‍ തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണെന്ന് തിരിച്ചറിഞ്ഞ് അയാള്‍ കൂടുതല്‍ ഉത്തരവാദിത്തത്തേടെ കാര്യങ്ങള്‍ ചെയ്തു. ജീവിതത്തെ കൂടുതല്‍ വാശിയോടെ കാണാന്‍, പോരാടി നില്‍ക്കാന്‍ ആ 72 ദിവസം തന്നെ സഹായിച്ചു എന്ന് പിന്നീട് നാന്‍ഡോ പറാഡോ പറഞ്ഞിരുന്നു. രക്ഷപെട്ടെത്തിയ നാന്‍ഡോ ഒരു റെയിസിങ് കാര്‍ ഡ്രൈവറായി. ഇപ്പോള്‍ അയാള്‍ ഒരു ബിസിനസുകാരന്‍ കൂടിയാണ്. 72 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്താനായി ഹെലികോപ്റ്റര്‍ വരുന്നത് കണ്ടപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ മുഖത്ത് ഉണ്ടായ ആഹ്ളാദത്തോളം മനോഹരമായി മാറ്റൊന്നും താന്‍ പിന്നീട് ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ഇത്ര വര്‍ഷങ്ങളായി അത് വിവരിക്കാനുള്ള വാക്കുകള്‍ തനിക്കറിയില്ലെന്നും നാന്‍ഡോ പറയുന്നു. റോബേര്‍ട്ടോ കനീസ തന്റെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുറഗ്വായ് കേന്ദ്രീകരിച്ച് കുട്ടികളുടെ ഹൃദ്രോഗവിദഗ്ധനായി പ്രവര്‍ത്തനം തുടങ്ങി. കാര്‍ലോസ് ലോകയാത്രയിലാണ്. ജീവിതത്തില്‍ എപ്പോഴും ഒരു പ്ലെയിന്‍ ക്രാഷിന് തയ്യാറായിരിക്കണമെന്ന് കനീസ പറയുന്നു. ജീവിതം വളരെ ലളിതമാണ് എന്നാല്‍ നമ്മള്‍ അത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു എന്ന് അയാള്‍ പറയുന്നു. 

2009-ല്‍ യുറഗ്വായിലെ ഒരു മാധ്യമപ്രവർത്തകൻ ഇവരുടെ അനുഭവം സൊസൈറ്റി ഓഫ് ദി സ്നോ എന്ന പേരില്‍ പുസ്തകമാക്കി. പിന്നീട് 2023-ല്‍ ഇതേ പേരില്‍ ഇവരുടെ കഥ സിനിമയായി. ഇന്ന് വിമാനം തകര്‍ന്ന സ്ഥലം ഓരോവര്‍ഷവും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നയിടമായി മാറിയിരിക്കുന്നു. അവിടേയ്ക്ക് ഇപ്പോള്‍ ടൂര്‍ കമ്പനികള്‍ ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു. ഇന്നായിരുന്നെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു എന്നും കൂടുതല്‍ ആളുകളെ രക്ഷിക്കാന്‍ സാധിക്കുകമായിരുന്നുവെന്നാണ് നാന്‍ഡോ പറയുന്നത്. എന്നിരുന്നാലും ലോക അതിജീവനകഥകളില്‍ ഉറുഗ്വന്‍ വിമാനപകടവും 72 ദിവസം നീണ്ടുനിന്ന അവരുടെ അതിജീവനവും എല്ലാക്കാലവും ഓര്‍മിക്കപ്പെടും. കാരണം കനത്ത മഞ്ഞിനെ പ്രതിരോധിക്കാന്‍ വസ്ത്രങ്ങളില്ലാതെ വെള്ളവും ആഹാരവുമില്ലാതെ കൃത്യമായ മെഡിക്കല്‍ സഹായങ്ങളില്ലാതെ വിമാനം തകര്‍ന്നു വീണപ്പോള്‍ ഉണ്ടായ ഒടിവുകളോടെയും മുറിവുകളോടെയും 16 മനുഷ്യര്‍ 72 ദിവസം ആന്‍ന്റിസ് പര്‍വതനിരയില്‍ അതിജീവിച്ചിരുന്നു എന്നത്, വിശപ്പടക്കാന്‍ അവര്‍ തങ്ങളുടെ സൃഹൃത്തക്കളെയും സഹപ്രവര്‍ത്തകരേയും പ്രിയപ്പെട്ടവരേയും ഭക്ഷിച്ചിരുന്നു എന്നത് ഒരു കെട്ടുകഥയ്ക്ക് സമാനമാം വിധം അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒന്നാണ്. അതുകൊണ്ട് തന്നെ മനുഷ്യ അതിജീവന കഥകളില്‍ ആ 16 പേരുടെ കഥ എക്കാലവും വേറിട്ട് തന്നെ നില്‍ക്കും.